ഛത്തീസ്‌ഗഢിലെ കുപ്രസിദ്ധമായ ബസ്തർ മേഖലയിലെ ബിജാപുർ ജില്ലയിൽ ഈ മാസം ആദ്യംനടന്ന ആക്രമണത്തിലൂടെ മാവോവാദികൾ വീണ്ടും ദേശീയമാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞിരിക്കുന്നു. തരേം പോലീസ് സ്റ്റേഷൻ പരിധിയിൽ മാവോവാദികളുമായിനടന്ന ഏറ്റുമുട്ടലിൽ 24 ജവാന്മാർ വീരമൃത്യുവരിച്ചു. 31 പേർക്ക് പരിക്കേറ്റു. ഒരാളെ ബന്ദിയാക്കുകയും ചെയ്തു. ബന്ദിയാക്കപ്പെട്ട സൈനികനെ പിന്നീട് വിട്ടയച്ചു. ഏറ്റുമുട്ടലിൽ മാവോവാദികൾക്കും ആൾനാശമുണ്ടായി.   200 പേരുൾപ്പെടുന്ന സൈനികസംഘത്തെ വളഞ്ഞാക്രമിച്ചത് 400 മാവോവാദികളാണെന്നാണ് റിപ്പോർട്ട്. പ്രമുഖ മാവോവാദി നേതാവ് മാദ്വി ഹിദ്മയെ വധിക്കാനും ദണ്ഡകാരണ്യത്തെ മാവോവാദികളിൽനിന്ന് തിരിച്ചുപിടിക്കാനുമായി രണ്ടായിരം സൈനികരുൾപ്പെടുന്ന സംയുക്ത ടാസ്ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു വീരമൃത്യുവരിച്ച സൈനികർ.

ഇരുതലമൂർച്ചയുള്ള വാൾ
ബസ്തറിലെ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും മാവോവാദികളുടെ നിയന്ത്രണത്തിലുള്ള മേഖല പിടിച്ചെടുക്കുകയും ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള  കാര്യമല്ല. ഇരുതലമൂർച്ചയുള്ള വാളാണ്  ബസ്തറിലെ വരണ്ട ഇലപൊഴിയും കാടുകൾ. വേനൽക്കാലത്ത് കനാലുകൾ വറ്റിവരളുകയും ഇടതൂർന്നുവളരുന്ന വൃക്ഷങ്ങളുടെ ഇലകൾ കൊഴിയുകയും ചെയ്യുന്നതോടെ വനമേഖലയുടെ കുറെക്കൂടി ഉൾഭാഗങ്ങളിലേക്ക് കടന്നെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്കാകും.  അതേസമയം, കുന്നുകളുടെ ഉച്ചിയിലോ വൃക്ഷങ്ങൾക്കുമുകളിലോ ഇരിപ്പുറപ്പിച്ചിട്ടുള്ള മാവോവാദികളുടെ മുന്നിൽപ്പെട്ടുപോകാനുള്ള സാധ്യതയുമേറെ. ഉയർന്ന പ്രദേശങ്ങളിൽ സദാ ജാഗരൂകരായി ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന മാവോവാദികൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കംവളരെ ദൂരെനിന്നേ മനസ്സിലാക്കാനാകും. അതുകൊണ്ടുതന്നെ മിന്നൽവേഗത്തിൽ രക്ഷപ്പെടാനോ അല്ലെങ്കിൽ പ്രത്യാക്രമണം നടത്താനോ അവർക്ക്‌ എളുപ്പമാണ്‌. വേനൽ തെളിക്കുന്ന വഴികളിൽ മൈനുകളും സ്ഫോടനസംവിധാനങ്ങളുംവെച്ച്‌ പ്രതിരോധംതീർക്കാനും അവർക്കറിയാം. 

മാവോവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടാകുന്ന മിക്ക ഏറ്റുമുട്ടലുകളും നടക്കുന്നത് പുലർച്ചെയായിരിക്കും. രാത്രി വിശ്രമത്തിനുശേഷം മുഖാമുഖംകാണുന്നത് മിക്കവാറും ആ സമയത്തായിരിക്കുമെന്ന് ഒരു ഗ്രേഹൗണ്ട് കമാൻഡോ പറഞ്ഞതോർക്കുന്നു. ആദ്യം ആരാണോ മറുഭാഗത്തെ കാണുന്നത് അവർ ആദ്യം വെടിയുതിർക്കാൻ തുടങ്ങും.  ഇടതൂർന്ന നിത്യഹരിതവനങ്ങളെപ്പോലെയല്ല, ഇലപൊഴിയും കാടുകളിലെ അവസ്ഥ. ഏറ്റുമുട്ടലിനിടയിൽ ഒളിയിടം കണ്ടെത്തുകയെന്നത് ഇവിടെ ഏറക്കുറെ അസാധ്യമാണ്. എന്നിരുന്നാലും മാവോവാദികളെ തുരത്താനായി സുരക്ഷാ ഉദ്യോഗസ്ഥർ ഈ സാഹസത്തിനൊരുങ്ങിയേ പറ്റൂ. മഴക്കാലത്ത് വനത്തിനുള്ളിലെ ദൂരക്കാഴ്ചയും ചലനസ്വാതന്ത്ര്യവും സ്വാഭാവികമായും കുറയും. അതിലുമുപരി, ഉൾവനമേഖലയിൽ മൊബൈൽ കണക്ടിവിറ്റിയില്ലാതാകുന്നതോടെ വനത്തിനുള്ളിലെ നീക്കങ്ങൾ അറിയിക്കുന്ന പ്രദേശവാസികളിൽനിന്നുള്ള (ഹ്യൂമൻ ഇന്റലിജൻസ്) വിവരങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കും. തത്സമയവിവരങ്ങൾ കിട്ടാതാകുന്നത് ഏറ്റുമുട്ടൽ സമയങ്ങളിൽ തിരിച്ചടിയാകുകയും ചെയ്യും. തെകൽഗുഡ ഗ്രാമത്തിൽ മാവോവാദികൾ സംഘംചേരുന്നുണ്ടെന്ന വിവരം യഥാസമയം അറിവുസംഘത്തിൽനിന്ന് ലഭിച്ചിരുന്നെങ്കിൽ ഏപ്രിൽ മൂന്നിലെ അത്യാഹിതം ഒരുപക്ഷേ ഒഴിവാകുമായിരുന്നു.

മാവോവാദഭീഷണി അകന്നിട്ടില്ല
ഹിദ്മയുടെ സാന്നിധ്യത്തെക്കുറിച്ചു ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ വിശ്വാസ്യതയിലും സംശയിക്കേണ്ടിയിരിക്കുന്നു. ഹിദ്മയെ പിടികൂടുകയോ വധിക്കുകയോ ആയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.  അപകടകരമായ ഈ പോരാട്ടത്തിൽ ആസൂത്രണത്തിലും നടത്തിപ്പിലും വീഴ്ചയ്ക്കുള്ള ഒരു പഴുതുമുണ്ടാവാൻ പാടില്ല. അങ്ങനെയല്ലെങ്കിൽ ഇത്തരത്തിലുള്ള തിരിച്ചടികൾ ഇനിയുമുണ്ടാകും.മാവോവാദഭീഷണി കുറഞ്ഞുവരു​െന്നന്ന അമിത ആത്മവിശ്വാസവും തിരിച്ചടിക്ക്‌ കാരണമായി. ഇതാണ് ഏറ്റവും വലിയ പിഴവ്. രണ്ടുതലങ്ങളിൽ മാവോവാദം ഇന്നും നിലനിൽക്കുന്നുണ്ട്. പ്രാദേശികമായും ആശയപരമായും. മാവോവാദിമേഖലകൾ പിടിച്ചെടുത്ത് അവരെ നിർവീര്യമാക്കാനുള്ള സൈനികനടപടികൾ പ്രാദേശികമായ മാവോവാദത്തിനെതിരേ മാത്രമുള്ളതാണ്. മാവോവാദികൾ തങ്ങളുടെ പ്രദേശങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും. വടക്കൻ തെലങ്കാനയിൽനിന്ന് അവർ ഛത്തീഡ്ഗഢിലേക്ക് നീങ്ങി. ഭാവിയിലിത് പശ്ചിമഘട്ടങ്ങളിലേക്കുമാകാം.

പരിഹാരം അടിത്തറയിൽനിന്ന്
എന്തായാലും, മാവോവാദം ആശയപരമായി പടരുന്നതുകൂടി മനസ്സിലാക്കി അതിനെ നേരിടേണ്ടതും പ്രധാനമാണ്. ‘ജൽ, ജംഗൽ, ജമീൻ, ഇസ്സത്’ (ജലം, വനം, മണ്ണ്, അഭിമാനം) എന്നിവയ്ക്കായി പൊരുതുന്ന ‘യഥാർഥ ദേശീയവാദികൾ’ തങ്ങളാണെന്നാണ് മാവോവാദികൾ അവകാശപ്പെടുന്നത്. ഭൂപടത്തിൽപ്പോലുമില്ലാത്ത ഈ പ്രദേശങ്ങളിലെ അധഃസ്ഥിതരുടെ പരിദേവനങ്ങൾക്കും പരാതികൾക്കും പരിഹാരംകാണുകയാണ് നാം ആദ്യം ചെയ്യേണ്ടത്. പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദരിദ്രജനവിഭാഗങ്ങളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള സ്ഥാപനാധിഷ്ഠിത സംവിധാനങ്ങളിലൂടെ വേണം മാവോവാദത്തെ നേരിടാൻ. അങ്ങനെയൊരു അന്തരീക്ഷം ഉണ്ടാവാത്തിടത്തോളം, കൊല്ലപ്പെടുന്ന ഓരോ മാവോവാദിക്കും പകരക്കാരെ കണ്ടെത്താൻ വിഭജിക്കപ്പെട്ട, പലതട്ടുകളായി പിരിഞ്ഞുകിടക്കുന്ന നമ്മുടെ രാജ്യത്ത് പ്രയാസമുണ്ടാവില്ല.

അബൂജ്മാഢ് എന്ന തമോഗർത്തം

രാജ്യത്ത് മാവോവാദികളുടെ പ്രധാന ശക്തികേന്ദ്രമാണ് ഛത്തീസ്ഗഢിന്റെ തെക്കേയറ്റത്തുള്ള ബസ്തർ മേഖലയിലെ അബൂജ്മാഢ് ഉൾപ്പെടുന്ന നാലായിരം ചതുരശ്രകിലോമീറ്റർ ഭൂപ്രകൃതി. അബൂജ്മാഢ് എന്ന വാക്കിന്റെ ഗോണ്ഡി ഭാഷയിലുള്ള അർഥംതന്നെ അറിയപ്പെടാത്ത കുന്നുകൾ എന്നത്രെ.  ഏകദേശം ഗോവയുടെ വലുപ്പമുള്ള പ്രദേശം. സുരക്ഷാവിദഗ്ധരുടെ അഭിപ്രായത്തിൽ മാവോവാദിനേതാക്കളുടെ, 'ലാൽ ആതംഗിന്റെ' സുരക്ഷിതതാവളം. 'ലിബറേറ്റഡ് സോൺ' എന്ന മാവോവാദികൾ പ്രഖ്യാപിച്ച വന്യമേഖല.  ഗോണ്ട്, മുരിയ (ഈ ഗോത്രവിഭാഗത്തെപ്പറ്റിയുള്ള കാര്യമായ കണക്കുകൾ സർക്കാരിന്റെ കൈവശംപോലുമില്ലത്രെ), അബൂദ് മാരിയ, മാഡിയ, ഹൽബാസ് ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന, ധാതുസമ്പുഷ്ടമായ  ആരുമെത്താത്ത വനമേഖല. ഈ മേഖലയിലെ മാവോവാദി കേന്ദ്രങ്ങളെ ഉന്മൂലനംചെയ്യുന്നത് ലക്ഷ്യമിട്ടാണ് തെക്കൻ ഛത്തീസ്‌ഗഢിലെയും വടക്കുകിഴക്കൻ തെലങ്കാനയിലെയും സുരക്ഷാക്യാമ്പുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ബസ്തറിലെ ഗ്രാമങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഭൂപ്രകൃതിയെയും കൃത്യമായി അടയാളപ്പെടുത്തുന്ന പ്രാദേശികഭൂപടം ഇവിടത്തെ ജില്ലാഭരണകൂടത്തിന്റെ പക്കൽപോലുമില്ലെന്നാണ് അഭ്യൂഹം. ഇൗ പ്രദേശത്തെ ഗ്രാമങ്ങൾ അടയാളപ്പെടുത്താൻ ഐ.എസ്‌.ആർ.ഒ. 2009-ൽ സാറ്റലൈറ്റ് മാപ്പിങ് നടത്തിയതൊഴിച്ചാൽ ഈ മേഖലയുടെ ഭൂപടം തയ്യാറാക്കാൻ ഒരു സർക്കാർ സംവിധാനത്തിനും അടുത്തിടെയൊന്നും കഴിഞ്ഞിട്ടില്ല. ബസ്തറിൽ അധിവസിക്കുന്ന ജനതയും പ്രകൃതിയും കാട്ടുപാതകളും കുന്നുകളുമെല്ലാം തമോഗർത്തംപോലെ ദുരൂഹമായിത്തുടരുന്നു. ഇത്തരം അജ്ഞാതപ്രദേശങ്ങളിൽ അതുകൊണ്ടുതന്നെ  മിന്നലാക്രമണങ്ങൾ അസാധ്യമാകുന്നു.

മാവോവാദികളുടെ സ്വതന്ത്രവിഹാരകേന്ദ്രമായ ഇവിടം വൈദ്യുതി, ആശയവിനിമയസംവിധാനങ്ങൾ, റോഡുകൾ എന്നീ ‘ആഡംബര’ങ്ങളിൽനിന്നെല്ലാം എത്രയോ പ്രകാശവർഷം അകലെയാണ്. റോഡുനിർമാണത്തിനെത്തുന്ന കോൺട്രാക്ടർമാരെയും തൊഴിലാളികളുടെയും നിർമാണോപകരണങ്ങളുടെയും സംരക്ഷണച്ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും മാവോവാദികൾ ആക്രമിക്കുന്നത് സാധാരണവാർത്തകൾ. മാർച്ച് 22-ന് ബസ്തർ മേഖലയുടെ ഭാഗമായ നാരായൺപുർ ജില്ലയിൽ മാവോവാദികൾ നടത്തിയ സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡിലെ അഞ്ചുജവാന്മാർ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ റോഡുനിർമാണത്തിന് സുരക്ഷാച്ചുമതല വഹിച്ചശേഷമുള്ള മടക്കയാത്രയിലായിരുന്നു അവർ വീരമൃത്യുവരിച്ചത്.

 

(തെക്കൻ ദണ്ഡകാരണ്യമേഖലയിലെ മാവോവാദത്തെക്കുറിച്ച് ഗവേഷണംനടത്തുന്ന ലേഖകൻ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്റ്റോറിക്കൽ സോഷ്യോളജിസ്റ്റാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)