mannam jayanthiവാക്കും പ്രവൃത്തിയും ഒന്നാക്കിയ മഹാനാണ് മന്നത്തു പദ്‌മനാഭൻ. നായർസമുദായത്തിന്റെ സർവസ്വവുമായ അദ്ദേഹം സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി തന്റെ ജീവിതാവസാനം വരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയാണ്. അദൃശ്യസാന്നിധ്യം കൊണ്ട് സർവീസ് സൊസൈറ്റിക്ക് മാർഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി 1, 2 തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരുകയായിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജന്മദിനാഘോഷം വേണ്ടെന്നുെവക്കാൻ തീരുമാനിക്കുകയാണുണ്ടായത്. പകരം പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻ.എസ്.എസ്. സ്ഥാപനങ്ങളിലും മന്നംജയന്തി ആചരണം നടത്തുകയാണ്.

കർമയോഗി
പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയം. അഞ്ചാമത്തെ വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തികപരാധീനതകളാൽ പഠനം തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് അദ്ദേഹം സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. 

ചങ്ങനാശ്ശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാധ്യാപകൻ എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകൻ ആയി ജോലിനോക്കി. 27-ാമത്തെ വയസ്സിൽ മിഡിൽ സ്കൂൾ അധ്യാപകൻ ആയിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. ഇതിനു രണ്ടുവർഷംമുമ്പ് തുറവൂർ സ്കൂളിൽ അധ്യാപകനായിരിക്കുമ്പോൾ മജിസ്‌ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജരൂപവത്‌കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം - ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം വിപുലമായി. 1914 ഒക്ടോബർ 31-ന് നായർസമുദായ ഭൃത്യജനസംഘം രൂപവത്‌കരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

കർമസേനാനി
ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവർണജാഥ’, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ ആ സംഘടനാചാതുരിയും നേതൃപാടവവും പ്രക്ഷോഭണവൈദഗ്‌ധ്യവും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31 മുതൽ 1945 ഓഗസ്റ്റ് 17 വരെ 31 വർഷം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. മുതുകുളത്തുചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെത്തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം ജയിൽമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ഓഗസ്റ്റിൽ ആദ്യമായി രൂപവത്‌കരിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹികപ്രവർത്തനങ്ങളിലും എൻ.എസ്.എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുകൊച്ചി സംസ്ഥാനവും അനന്തരം കേരളസംസ്ഥാനവും രൂപവത്‌കരിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല. 1957-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. കമ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽവന്നു. കമ്യൂണിസ്റ്റുഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റു മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡന്റുഭരണം നടപ്പാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അദ്‌ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി. 

സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കേ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയിൽത്തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.