‘പുരനിറഞ്ഞ് ’ പുരുഷൻമാർ - 2

പലകാര്യങ്ങൾക്കും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാടാണ് നമ്മുടേത്. അരിയും പലവ്യഞ്ജനങ്ങളും പഴവും പച്ചക്കറിയും ഇറച്ചിയും മുട്ടയുമൊക്കെ വരുന്നത് മറ്റു സംസ്ഥാനങ്ങളിൽനിന്നാണ്. തൊഴിൽമേഖലയിലും കുറച്ചുകാലമായി മറുനാട്ടുകാരില്ലാതെ മുന്നോട്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ്. എന്നാലിപ്പോൾ നമ്മുടെ നാട്ടിലെ യുവാക്കൾ പെണ്ണുതേടിയും അയൽസംസ്ഥാനങ്ങളിലേക്കു പോകുകയാണ്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്നാണ് യുവതികളെ വിവാഹംചെയ്തു കൊണ്ടുവരുന്നത്. ഇവിടെ പെണ്ണുകിട്ടാത്ത സാഹചര്യത്തിലാണ് മറുനാടൻ മങ്കമാരെ വേൾക്കാൻ പലരും നിർബന്ധിതരാകുന്നത്.

കണ്ണൂർ, കാസർകോട്, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലുള്ളവരാണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് വധുവിനെ കണ്ടെത്തുന്നത്. എന്നാൽ, ഈ പ്രവണത കൂടുതലുള്ളത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. കോഴിക്കോട് ജില്ലയുടെ വടക്കൻ അതിർത്തിപ്രദേശങ്ങളിലേക്കും കുറച്ചുപേരെ വിവാഹംചെയ്തു കൊണ്ടുവരുന്നുണ്ട്.    വിവാഹത്തിന്റെ മുഴുവൻ ചെലവും വരൻ വഹിക്കേണ്ട സ്ഥിതിയാണ് പൊതുവേയുള്ളത്. ചിലർക്ക് പെൺവീട്ടുകാർക്ക് പണം നൽകേണ്ടിയും വരുന്നുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലേക്ക് കർണാടകത്തിൽനിന്നാണ് വധുക്കളെ കണ്ടെത്തുന്നത്. കുടക്, ചാമരാജ് നഗർ, വിരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരാണ് പെൺകുട്ടികൾ. തോട്ടം തൊഴിലാളികൾ, സാധാരണ കർഷകർ തുടങ്ങിയവരുടെ മക്കളാണധികവും. കണ്ണൂരിലെയും കാസർകോട്ടെയും ഏജന്റുമാർ വഴിയാണ് ഈ വിവാഹങ്ങളൊക്കെ നടക്കുന്നത്.

 പണം കൊയ്യാൻ ഏജന്റുമാർ
കർണാടക പെൺകുട്ടികളെ കേരളത്തിലേക്ക്‌ വിവാഹംചെയ്തു കൊണ്ടുവരുന്നത് പണമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ചില ഏജന്റുമാർ. ഇവരും  കർണാടകത്തിലെ ചില ഏജന്റുമാരും ചേർന്ന് ലക്ഷങ്ങളുടെ കൂട്ടുകച്ചവടമാണ് നടത്തുന്നത്.  ഏജന്റുമാരെ വിളിച്ചാൽത്തന്നെ ഈ ഇടപാടിന്റെ ഉള്ളുകള്ളി അറിയാം.

അയൽസംസ്ഥാനങ്ങളിൽനിന്ന് വിവാഹം ചെയ്തുകൊണ്ടു വരുന്ന പെൺകുട്ടികളിൽ ചിലർ പൊരുത്തപ്പെടാനാകാതെ തിരിച്ചുപോകുന്ന സാഹചര്യവുമുണ്ട്. ഭാഷ, ഭക്ഷണം, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരുതരത്തിൽ പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതരാകുകയാണ് നമ്മുടെ നാട്ടിലെ യുവാക്കൾ. പെൺകുട്ടികളുടെ ജാതി, ജാതകം, തുടങ്ങിയ കാര്യങ്ങളൊന്നും തിരക്കാനേ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച കമ്മിഷൻ കൊടുത്തില്ലെങ്കിൽ കേസിൽ കുടുക്കാനാണ് മുദ്രപ്പത്രത്തിൽ ഒപ്പിടീക്കുന്നതെന്ന് ഏജന്റ് പറഞ്ഞു. കുഴപ്പക്കാരല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഇവർ ‘ഇടപാടുമായി’ മുന്നോട്ടുപോകൂ. ഒരുലക്ഷവും അതിനുമുകളിലും കമ്മിഷൻ വാങ്ങുന്ന ഏജന്റുമാരുമുണ്ട്. ഒരു പെൺകുട്ടിയെത്തന്നെ ഒരേദിവസം നാലും അഞ്ചും പേരെ കാണിച്ച് പണം തട്ടുന്നതായും ആക്ഷേപമുണ്ട്.

 പാലക്കാട് ജില്ലയിലേക്ക് തമിഴ്‌നാട്ടിൽനിന്ന് പെൺകുട്ടികളെ കൊണ്ടുവരുന്നുണ്ട്. ഇവിടെയും പാവപ്പെട്ട പെൺകുട്ടികളാണെങ്കിൽ കല്യാണച്ചെലവ് പയ്യന്മാർ വഹിക്കുകയാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ തമിഴ്‌പെൺകുട്ടികളെയാണ് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഭാഷയുടെയും മറ്റും പ്രശ്‌നങ്ങളുണ്ടാകാറില്ലെന്ന് 20 വർഷമായി ഇവിടെ വിവാഹ ബ്യൂറോ നടത്തുന്ന കെ. ഗോപിനാഥൻ പറഞ്ഞു.
കേരളത്തിൽനിന്ന് തമിഴ്‌നാട്ടിൽ കുടിയേറിയവരുടെ മക്കളെയാണ്  തിരുവനന്തപുരം ജില്ലയിലേക്ക്‌ വിവാഹംചെയ്തു കൊണ്ടുവരുന്നത്. ബന്ധുക്കൾ

മുഖേനയാണ് ആലോചന. തമിഴ്‌നാട്ടുകാരുടെ മക്കളെ ഇവിടേക്ക്‌ വിവാഹം ചെയ്തയക്കുന്നില്ല.

‘ഡീൽ ഉറപ്പിക്കട്ടെ...?’

പെണ്ണുതേടുന്ന പയ്യന്നൂർ സ്വദേശിയായ ബസ് കണ്ടക്ടർ എന്നു പരിചയപ്പെടുത്തി വിളിച്ചപ്പോൾ ഏജന്റ് ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ വെളിപ്പെടുത്തുന്നു.

? ഹലോ ചേട്ടാ ഞാൻ കല്യാണ ആവശ്യവുമായി വിളിക്കുകയാ. കർണാടകയിൽനിന്ന് പെൺകുട്ടികളെ ഇങ്ങോട്ടു കല്യാണംകഴിച്ചു കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞു. അതിന്റെ വിവരങ്ങൾ പറയാമോ
 നിങ്ങൾക്കാരാ എന്റെ നമ്പർ തന്നത്

? പയ്യന്നൂരിലെ ഒരു സുഹൃത്ത്. അദ്ദേഹത്തിന്റെ ബന്ധു ഇങ്ങനെ കല്യാണം കഴിച്ചിട്ടുണ്ട്. കുഴപ്പമില്ലെന്നാ പറഞ്ഞത്.
  കുഴപ്പമൊന്നുമില്ല. എന്റെ നമ്പർ അങ്ങനെ എളുപ്പത്തിൽ കിട്ടില്ല. ഞാൻ കാണിച്ചുകൊടുത്ത പെൺകുട്ടികളിൽ അധികം പേരെയും പയ്യന്നൂരിലേക്കാണ് കൊണ്ടുവന്നിട്ടുള്ളത്. ആ വീട്ടുകാർ ആരെങ്കിലുമാകും നമ്പർ തന്നത്.

? അതേയതെ. ഇപ്പോൾ അവിടെ കുട്ടികളെ കിട്ടാനുണ്ടോ
 കുട്ടികളൊക്കെയുണ്ട്. എനിക്കാദ്യം നിങ്ങളെ കാണണം. നിങ്ങൾക്ക് ഇങ്ങോട്ടുവരാൻ പറ്റില്ലെങ്കിൽ ഞാൻ അങ്ങോട്ടുവരാം. എല്ലാ വിവരങ്ങളും പറഞ്ഞുതരാം. ഞാൻ വരണമെങ്കിൽ ഒരുദിവസത്തെ പണിക്കൂലിയായ ആയിരം രൂപയും ബസിന്റെ പൈസേം തരേണ്ടിവരും.

?  ഞാൻ അങ്ങോട്ടുവരാം. അവർക്ക് ഡിമാന്റെന്തെങ്കിലും ഉണ്ടോ
 അവർക്ക് ഡിമാന്റൊന്നും ഇല്ല. എല്ലാം പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്.

? അവരൊക്കെ എത്രവരെ പഠിച്ചിട്ടുണ്ടാകും
 പഠിപ്പ് പരമാവധി എസ്.എസ്.എൽ.സി. അതും കിട്ടാൻ വിഷമം. നിങ്ങ കണ്ടക്ടറല്ലേ? ഈട പ്ലസ് ടു പഠിപ്പിക്കുന്ന മാഷ്‌വരെ കൊണ്ടുവന്നത് അഞ്ചാംക്ലാസുവരെ പഠിച്ച പെണ്ണിനെയാണ്. പിന്നെ ‘ഡീലിങ്ങും’ കാര്യങ്ങളുമെല്ലാം കണ്ടീഷനാണെങ്കിലേ നമ്മള് നിക്കുള്ളൂ

? പൈസയുടെ കാര്യമൊന്നും പ്രശ്‌നമല്ല. നിങ്ങൾ ജോലി ചെയ്യുമ്പോൾ അതിന്റെ പ്രതിഫലം തരണ്ടേ
 എന്റെമാത്രം കാര്യമല്ല. എനിക്കവിടെ രണ്ടുമൂന്നാൾക്കാരുണ്ട്. അവർക്കും കൊടുക്കണം. 90 ആണ് നമ്മുടെ ‘ഡീലിങ്’

?  തൊണ്ണൂറായിരമോ
 ആ തൊണ്ണൂറ്്‌. അത് നമ്മക്ക് പേപ്പറിലെഴുതി ഒപ്പിട്ടുതരണം. പെണ്ണുകാണാൻ പോകുന്ന അന്ന് ഞാനടക്കം അഞ്ചാൾക്ക് അയ്യായിരം തരണം. നിങ്ങളുവന്നാൽ ഞാൻ പെണ്ണിന്റെ ഫോട്ടോ കാണിച്ചുതരാം.

? മറ്റുചെലവ് എന്തൊക്കെയാണ്
  പെണ്ണുകണ്ട് ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ അവളുടെ വീട്ടുകാര് ഇങ്ങോട്ടുവരും. അവരുടെ വണ്ടിക്കൂലിയും ഭക്ഷണവും കൊടുക്കണം.

? എത്രപേർ വരും
 അവരൊരു പന്ത്രണ്ട് പതിമ്മൂന്ന് പേർവരും. പിന്നെ കാതിലും കഴുത്തിലുമൊക്കെ വേണമെങ്കിൽ ഇവിടന്നുതന്നെ കൊടുക്കുകയാണിപ്പോൾ.

? കല്യാണം ഇവിടെവെച്ചു നടത്തിക്കൂടെ
 പെണ്ണിനെ നിങ്ങക്ക് ആടെ കൊണ്ടത്തരും. താത്പര്യമുണ്ടെങ്കിൽ എന്നെ വന്നുകാണൂ. ബാക്കി കാര്യങ്ങൾ പറഞ്ഞുതരാം. പിന്നെ ഡീലിങ് പറഞ്ഞപോലെ ചെയ്താലെ കാര്യങ്ങൾ മുന്നോട്ടുപോകൂ.
......ശരി ഞാൻ വിളിക്കാം.

(തുടരും)

Content Highlights: Malayali men and Marriage