അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചതിനുപിന്നാലെ പദ്ധതിയുടെ ദൂഷ്യവശങ്ങളും പ്രായോഗികതയും വീണ്ടും കേരളത്തിൽ ചർച്ചയായി. പരിസ്ഥിതിപ്രവർത്തകരും വിദഗ്ധരും ഒന്നടങ്കം എതിർക്കുന്ന ഒരു പദ്ധതിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും ഇതര പാരിസ്ഥിതിക പ്രശ്നങ്ങളെക്കുപറ്റിയും സംസാരിക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിൽ

പശ്ചിമഘട്ടപഠന റിപ്പോർട്ടുകളെക്കുറിച്ച്  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വിമർശനം ഉയർത്തുന്നവരോട് ഞാൻ ആവർത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ് എന്റെ റിപ്പോർട്ടിലെ വസ്തുതാവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ. എന്നാൽ, വിമർശകർ കാടടച്ചു വെടിവെയ്ക്കുന്നതല്ലാതെ എന്റെ ചോദ്യങ്ങളെ പരിഗണിക്കുന്നില്ല. പശ്ചിമഘട്ടത്തിലാകെ കാടരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നടപടികളായിരുന്നു കമ്മിറ്റി റിപ്പോർട്ട് നിർദേശിച്ചത്. എന്നാൽ, നിർദേശങ്ങളെ മോശമായും തെറ്റായും വ്യാഖ്യാനിച്ചാണ് വിമർശകർ കമ്മിറ്റിക്കെതിരേ ശബ്ദമുയർത്തിയത്.

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതികൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്  ? പരിസ്ഥിതിക്ക് വലിയ ദൂഷ്യം വിളിച്ചുവരുത്തുന്ന ഒരു പദ്ധതിയാണിത്. പരിസ്ഥിതിലോല പ്രദേശങ്ങളായ പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്ന അവസാനത്തെ ലോ ലാൻഡ് എവർഗ്രീൻ ഫോറസ്റ്റാണ് അതിരപ്പിള്ളി പദ്ധതിക്കായി വിഭാവനംചെയ്തിരിക്കുന്ന സ്ഥലം. അതിസമ്പന്നമായ മത്സ്യവൈവിധ്യങ്ങളുടെ കലവറയാണ് ഈ നദി. വിരളമായിമാത്രം കണ്ടുവരുന്ന നാലുവിഭാഗത്തിലുമുള്ള മലമുഴക്കി വേഴാമ്പലുകളുടെ ആവാസസ്ഥലമാണ് ഈ കാടുകൾ. ഇതോടൊപ്പം ഇവിടത്തെ ജലലഭ്യതയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊപ്പം പരിഗണിക്കേണ്ട ഒന്നാണ് സാമ്പത്തികപ്രശ്നങ്ങളും. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വിദഗ്ധസംഘങ്ങളുടെ അഭിപ്രായം ഈ പദ്ധതി ലാഭകരമാകില്ലെന്നാണ്. ഔദ്യോഗിക പഠനറിപ്പോർട്ടുകൾപ്രകാരം, വെള്ളം ധാരാളമുണ്ടെങ്കിലും നദിയിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാൻതക്ക വെള്ളമില്ലെന്നതാണ് യാഥാർഥ്യം. പ്രോജക്ട് റിപ്പോർട്ടിൽ അവകാശപ്പെടുന്നതുപോലെ ഭീമമായതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കൽ ഇവിടെ പ്രായോഗികമല്ല. 

പദ്ധതി നിർമിക്കുന്നതിനും ടർബൈനുകൾ പ്രവർത്തിപ്പിക്കുന്നതിനും വലിയ തുക ചെലവുവരുമെന്നാണ് മനസ്സിലാക്കുന്നത്. എന്റെ കണക്കുകൂട്ടലിൽ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിൽപ്പന ലാഭകരമാകണമെങ്കിൽ ഒരു യൂണിറ്റിന് എഴുപതുരൂപയ്ക്ക് മുകളിലെങ്കിലും ഈടാക്കേണ്ടിവരും. രണ്ടുരൂപയ്ക്കും മൂന്നുരൂപയ്ക്കും സോളാർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം സാധ്യമാണെന്നിരിക്കെയാണിത്. മധ്യപ്രദേശ് സർക്കാർ ഈയിടയ്ക്ക് റിവേഴ്‌സ് ഓക്ഷനിലൂടെ സ്വകാര്യ കമ്പനിക്ക് സോളാർവൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാർ നൽകുകയുണ്ടായി. 2.90 പൈസയ്ക്കാണ് ആ കമ്പനി സർക്കാരിന് വൈദ്യുതി നൽകുന്നത്. അതിരപ്പിള്ളി പോലുള്ളൊരു പ്രോജക്ടുകൊണ്ട് ജനങ്ങൾക്കോ സർക്കാരിനോ ഒരു പ്രയോജനവുമുണ്ടാകില്ല, മറിച്ച് കോൺട്രാക്ടർമാരും അവരോടൊപ്പം നിൽക്കുന്നവരും ധനികരാകുകയും ചെയ്യും. 

ക്രിയാത്മകമായ യാതൊന്നും മുന്നോട്ടുവെയ്ക്കാനില്ലാത്തൊരു പദ്ധതി സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചെയ്യുന്നു. ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും പശ്ചിമഘട്ട വിദഗ്ധസമിതിയുമായി നടത്തിയ ടെക്‌നിക്കൽ സെഷനിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിവർ റിസർച്ച് സെന്റർ, കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ് പ്രതിനിധികൾ ഈ യോഗത്തിൽ തങ്ങളുടെ ആശങ്കകൾ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത വൈദ്യുതിബോർഡ് പ്രതിനിധികൾ പദ്ധതിക്ക് അനുകൂലമായുള്ള വാദങ്ങൾ നിരത്തുകയോ പദ്ധതിയെ ന്യായീകരിക്കുകയോ ചെയ്തില്ല. അവരോട് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യോഗത്തിൽ മൗനംപാലിക്കുക മാത്രമാണ് അവർ ചെയ്തത്. ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ പാടില്ലെന്നും അത് കേരളത്തിന് പറ്റിയതല്ലെന്നുമായിരുന്നു വെസ്റ്റേൺഘട്സ് എക്സ്‌പർട്ട് പാനൽ യോഗത്തിൽ നൽകിയ നിർദേശം.  പാരിസ്ഥിതിക-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾക്കൊപ്പം പരിഗണിക്കേണ്ട ഒന്നാണ് ഈ പദ്ധതിക്കെതിരേ പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങൾ. അവിടങ്ങളിൽ താമസിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇന്ത്യൻ ഭരണഘടന കൽപ്പിച്ചുനൽകുന്ന അവകാശങ്ങളുടെ പരസ്യമായ ലംഘനംകൂടിയാണിത്. ഇന്ത്യൻ ഭരണഘടനയാണ് ഈ പദ്ധതിയെ അനുകൂലിക്കുന്നവർ പിന്തുടരുന്നതെങ്കിൽ അവർക്ക് ഈ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. 

? എന്തുകൊണ്ടാണ് കേരളത്തിൽ കുടിവെള്ളപ്രശ്നങ്ങൾ രൂക്ഷമാകുന്നത്   മഴയെ സംബന്ധിച്ചും വെള്ളത്തിന്റെ ലഭ്യതക്കുറവിനെ സംബന്ധിച്ചും സംസാരിക്കുമ്പോൾ നമ്മൾ പരിഗണിക്കേണ്ടത് സസ്യജാലങ്ങളുടെയും മരങ്ങളുടെയും നിലനിൽപ്പാണ്. അവയില്ലാതെ മഴ ലഭിക്കുക, ഭൂമിക്കടിയിൽ വെള്ളമുണ്ടാകുക എന്നതൊക്കെ അസംഭവ്യമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് വലിയ കരിങ്കൽക്വാറികളുടെ സാന്നിധ്യം. ഇവയിൽ കൂടുതലും അനധികൃതമായി പ്രവർത്തിക്കുന്നവയാണ്. ഇങ്ങനെയുള്ള പലഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് കേരളത്തിൽ മഴ കുറയുന്നതും ജലദൗർലഭ്യം കൂടുന്നതും. ഇതിനെല്ലാം പരിഹാരങ്ങളും ധാരാളമുണ്ട്. പക്ഷേ, കുഴപ്പമെന്താണെന്നുവെച്ചാൽ, നിയമങ്ങൾ നഗ്നമായി ലംഘിക്കുന്നൊരു ഭരണസംവിധാനമാണ് നമുക്കുള്ളത്. ജനാധിപത്യമാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്നത് എന്നതിനാൽ എനിക്ക് ജനാധിപത്യത്തിൽ പൂർണവിശ്വാസമുണ്ട്. നിയമങ്ങൾ ധാരാളമുണ്ട്, അത് നടപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. 

? സംസ്ഥാനസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കൃത്രിമ മഴയെക്കുറിച്ച്   സാങ്കേതികമായി ഇതേക്കുറിച്ച് അഭിപ്രായം പറയാനുള്ള അറിവ് എനിക്കില്ല. അറ്റ്‌മോസ്‌ഫറിക് സയൻസിലും മറ്റും പ്രാവീണ്യമുള്ള സുഹൃത്തുക്കൾ എനിക്ക് പറഞ്ഞുതന്ന അറിവുകളുടെ അടിസ്ഥാനത്തിൽമാത്രമേ എനിക്ക് അഭിപ്രായം പറയാൻ സാധിക്കൂ. കൃത്രിമമഴ ലഭ്യമാക്കുന്നതിന് നിയന്ത്രിതമായ സാഹചര്യങ്ങളിൽമാത്രമേ സാധ്യമാകൂ എന്നാണ് അവരുടെ വിശദീകരണം. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ കൃത്രിമമഴയ്ക്കായി പണം ചെലവാക്കുന്നുണ്ടെങ്കിലും അതൊന്നും മഴ ലഭ്യമാക്കുന്നതിലേക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് വിവരം.  

?പരിസ്ഥിതിപ്രവർത്തകരെ പാരിസ്ഥിതിക തീവ്രവാദികളായി ചിത്രീകരിക്കുന്നുണ്ടല്ലോ   ആർക്കും ആരെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ബ്രാൻഡുചെയ്യാം. ജർമനിയിൽ നിലനിൽക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണക്കാർ ജൂതന്മാരാണെന്നും അവർ പീഡിപ്പിക്കപ്പെടേണ്ടവരാണെന്നുമായിരുന്നു ഹിറ്റ്‌ലർ പ്രചരിപ്പിച്ചിരുന്നത്. സ്വേച്ഛാധിപത്യ ഭരണസ്വഭാവമുള്ള എല്ലാ നേതാക്കന്മാരുടെയും പ്രത്യേകതയാണിത്. അവർ പലപ്പോഴും ജനങ്ങളെ വിശ്വസിപ്പിക്കുമെങ്കിലും നമ്മൾ കാര്യങ്ങളെ നോക്കിക്കാണേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ആരാണ് ഇവിടെ നിയമങ്ങൾ ലംഘിക്കുന്നതെന്ന് നോക്കൂ. ഫോറസ്റ്റ് ലോ പത്തുവർഷത്തിലേറെ പഴക്കമുള്ള നിയമമാണ്. അതിരപ്പിള്ളി പദ്ധതിയിലൂടെ കാടരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ആ നിയമം ലംഘിക്കുന്നത് കേരളസർക്കാരാണ്.