നോട്ടുനിരോധനവും നിപയും രണ്ടു പ്രളയവും ഇപ്പോൾ കോവിഡുംകൊണ്ട് നടുവൊടിഞ്ഞവരാണ് വ്യാപാരിസമൂഹം. ലോക്ഡൗൺ കാരണം രണ്ടുമാസം കടകളടച്ചിട്ടതിന്റെ നഷ്ടം നികത്താനാവുന്നതിനുമപ്പുറത്താണ്. എന്നിട്ടും എല്ലാമേഖലകളും തുറന്നുകൊടുക്കുമ്പോൾ നിയന്ത്രണങ്ങളുടെ കെടുതി കച്ചവടക്കാർ മാത്രം അനുഭവിക്കേണ്ടിവരുകയാണ്. അശാസ്ത്രീയമാണ് ഈ നിയന്ത്രണമെന്നുപറയുമ്പോഴും മാറ്റംവരുത്താനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല. മറ്റെല്ലാം തുറന്ന് കടകൾ അടച്ചിട്ടതുകൊണ്ടുമാത്രം കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവർപോലും പറയുന്നത്.

ചെറുകിട വ്യാപാരികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവുനൽകുന്ന വലിയൊരു വിഭാഗമാണ്. കച്ചവടം കുറഞ്ഞ്  പ്രതിസന്ധിയുടെ നടുവിൽനിൽക്കുമ്പോൾ  സർക്കാർ സംവിധാനങ്ങൾ അവർക്ക് ആശ്വാസമായിമാറുകയാണു വേണ്ടത്‌. കടയടയ്ക്കാൻ പത്തു മിനിറ്റ്‌  വൈകിയാൽപ്പോലും പോലീസ് ഒരു ദാക്ഷിണ്യവുമില്ലാതെ പിഴയീടാക്കുകയാണെന്ന്‌ വ്യാപാരികൾ  പരാതി പറയുന്നു.. അശാസ്ത്രീയമായ നിയന്ത്രണങ്ങൾതിരക്കുകൂട്ടുകയും രോഗവ്യാപനത്തിന്  ആക്കംകൂട്ടുകയും ചെയ്യുകയാണെന്ന്‌ വിദഗ്ധർ സൂചിപ്പിക്കുന്നു. അതുകൊണ്ട് എല്ലാദിവസങ്ങളിലും കൂടുതൽ സമയം കടകൾ തുറക്കട്ടെയെന്ന നിർദേശമാണ്  ഇവർ മുന്നോട്ടുവെക്കുന്നത് 

ചെറുകിട കച്ചവടക്കാരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

രുദ്രസെൻ ശർമ, പ്രൊഫസർ ഓഫ് ഇക്കണോമിക്സ്, ഐ.ഐ.എം.

കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ടിവരുമെന്നും അതിനെ നിസ്സാരമായി കാണാനാവില്ലെന്നും കഴിഞ്ഞ ഒരുവർഷംകൊണ്ട് നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞതാണ്.  രോഗവ്യാപനമുണ്ടാവരുത് എന്നതുപോലെത്തന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥയും സുരക്ഷിതമായിരിക്കണം. അതിന് കച്ചവടസ്ഥാപനങ്ങൾ പൂർണമായും തുറക്കാൻ അനുവദിക്കുകയാണ് വേണ്ടത്. നിയന്ത്രണങ്ങൾ ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കണം.

മാർക്കറ്റുകളിലും വലിയ സ്റ്റോറുകളിലും ഒരു വഴിയിലൂടെ പ്രവേശിക്കാനും മറ്റൊരു വഴിയിലൂടെ പുറത്തുകടക്കാനുമുള്ള സംവിധാനമേർപ്പെടുത്തണം. ഫോണിൽ ഓർഡറുകൾ എടുക്കുകയും പണമടയ്ക്കുകയും ചെയ്യുന്ന രീതി കൊണ്ടുവരാം. ഹോം ഡെലിവറി കൂടുതൽ പ്രോത്സാഹിപ്പിക്കാം. ബാർബർ ഷോപ്പുകളിലും വാഹനങ്ങളുൾപ്പെടെയുള്ള വർക് ഷോപ്പുകളിലും കാത്തിരിപ്പ് തടയുന്നതിന് മുൻകൂട്ടി ബുക്കുചെയ്ത് അപ്പോയിൻമെന്റ് എടുക്കുന്ന രീതിയിലാക്കാം. നിയന്ത്രണങ്ങൾ തീരുമാനിക്കുമ്പോൾ വ്യാപാരി സംഘടനകളുമായി കൂടിയാലോചിക്കാം. ചെറുകിട കച്ചവടക്കാരാണ് കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് നമ്മൾ മനസ്സിലാക്കണം. ആരോഗ്യവും ഉപജീവനവും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പരിഹാരമാർഗമാണ് കണ്ടെത്തേണ്ടത്.

കടകൾ കൂടുതൽ സമയം  പ്രവർത്തിക്കട്ടെ

ഡോ. എസ്.എസ്. ലാൽ, പൊതുജനാരോഗ്യ വിദഗ്ധൻ

അമേരിക്കയിൽ കോവിഡ് രൂക്ഷമായപ്പോൾ പകൽ തുറക്കുന്ന കടകൾ രാത്രിയിലും പ്രവർത്തിപ്പിക്കാനാണ് സർക്കാർ നിർദേശിച്ചത്. വാൾമാർട്ടൊക്കെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. കച്ചവടസ്ഥാപനങ്ങളുടെ സമയം കൂട്ടുന്നത് തിരക്കു കുറയ്ക്കാൻ സഹായിക്കും. ഇ-ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്താം. പ്രായമുള്ളവർക്ക് വേറെ സമയംവെച്ച് അവർ മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കാം. മനുഷ്യനെ ഇങ്ങനെ പൂട്ടിയിടരുത്. രോഗവ്യാപനമുണ്ടാവാതിരിക്കാൻ തിരക്ക് കുറയ്ക്കുകയാണ് വേണ്ടത്. ദിവസവും ജോലിയെടുത്ത് ജീവിക്കുന്നവർക്ക് പുറത്തുപോയില്ലെങ്കിൽ വലിയ പ്രയാസമായിരിക്കും സൃഷ്ടിക്കുക.

വ്യാപാരികളെ നമ്മൾ മറ്റൊരു വിഭാഗമായി കാണരുത്. അവർ നമുക്കിടയിൽത്തന്നെയുള്ളവരാണ്. സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നവരാണവർ. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുകയാണ് വേണ്ടത്.  കോവിഡിനെതിരേയാണ്, ജനത്തിനെതിരേയല്ല പോരാട്ടം എന്ന് ഉദ്യോഗസ്ഥരും മനസ്സിലാക്കണം. നടുവൊടിഞ്ഞു നിൽക്കുന്നവനോട് കടയടയ്ക്കാൻ പത്തു മിനിറ്റ്‌ വൈകിപ്പോയതിന്റെ പേരിൽ പിഴയീടാക്കുന്നത് ശരിയല്ല. കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ ശാസ്ത്രീയമായ ചർച്ചയില്ലെന്നതാണ് മറ്റൊരു കാര്യം. ഐ.എം.എ. പ്രതിനിധികൾപ്പോലും ഈ കാര്യങ്ങൾ തീരുമാനിക്കുന്ന കമ്മിറ്റിയിലില്ല. വ്യാപാരികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു സൂചകമാണെങ്കിലും ശാസ്ത്രീയമായിരിക്കണം അത് നിർണയിക്കുന്ന രീതി. ഒരു സമൂഹത്തിന്റെ രോഗാവസ്ഥയെ പ്രതിനിധാനം ചെയ്യണമത്. രോഗം സംശയമുള്ളവരെയാണ് പരിശോധിക്കുന്നത്. ഒരു പ്രദേശത്തെ ജനസംഖ്യയുംകൂടി അടിസ്ഥാനമായി വരണം.

ആറു ദിവസമെങ്കിലും കടകൾ തുറക്കണം

എം.എസ്.എ. കുമാർ, ടൈ കേരള, മുൻ പ്രസിഡന്റ്‌

ആഴ്ചയിൽ ആറുദിവസമെങ്കിലും കടകൾ തുറന്നു പ്രവർത്തിക്കണം. തിരക്കുണ്ടാവാതിരിക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണം വേണം. എല്ലായിടത്തും അടച്ചിടുന്നതിനു പകരം മൈക്രോ കൺടെയ്ൻമെന്റ് സോണുകളാക്കിയുള്ള നിയന്ത്രണം ഏറ്റവും ഫലപ്രദമായി നടപ്പാക്കണം. എല്ലാം തുറക്കണമെന്ന്  പറയുന്നില്ല.  ഭാഗിക ലോക്ഡൗണാണ് വേണ്ടത്. വാരാന്ത്യ ലോക്ഡൗണും ഒന്ന് അവലോകനം ചെയ്യേണ്ടതാണ്. എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നു എന്ന കാര്യത്തിൽ സർക്കാർ ഒരു ധവളപത്രമിറക്കണം. ജനങ്ങളുമായി ഇക്കാര്യത്തിൽ തുറന്ന ആശയവിനിമയമാണ് വേണ്ടത്. ചെറുകിട സംരംഭകർക്കായി സാമ്പത്തിക പാക്കേജ് കൊണ്ടുവരണം. 

വാരാന്ത്യ ലോക്ഡൗണും മാറ്റേണ്ട സമയമായി

ഡോ. പി.ടി. സക്കറിയാസ്,  പ്രസിഡന്റ്‌, ഐ.എം.എ.

ശനിയും ഞായറും സമ്പൂർണ ലോക്ഡൗണായതുകൊണ്ട് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ആളുകൾ ഒന്നിച്ച് പുറത്തിറങ്ങുകയാണ്. അത് രോഗവ്യാപനത്തിനടയാക്കും. അതുകൊണ്ട് വാരാന്ത്യ ലോക്ഡൗൺ മാറ്റേണ്ട സമയമായി. രണ്ടുവർഷംകൂടിയെങ്കിലും നമ്മൾ കോവിഡിനൊപ്പം ജീവിക്കേണ്ടിവരും. എത്രകാലം ലോക്ഡൗൺ തുടരാൻ കഴിയും.  രണ്ടുമാസത്തോളം കടകൾ അടച്ചിട്ടതാണ് വ്യപാരികൾ. വീണ്ടും തുറക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ അവർക്കും ജീവിക്കേണ്ടേ. ശാസ്ത്രീയമായ പരിഹാരമാർഗമാണ് വേണ്ടത്. എല്ലാദിവസവും കടകൾ തുറക്കണം. 

അഞ്ചിലധികം ആളുകളെ ഒരുമിച്ച് പ്രവേശിപ്പിക്കാൻ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പോലീസും ഉറപ്പുവരുത്തണം. എല്ലായിടത്തും സാമൂഹിക അകലം ഉറപ്പുവരുത്തണം.  മൈക്രോ കൺടെയ്ൻമെന്റ് സംവിധാനമാണ് പ്രായോഗികമായുള്ളത്. ടി.പി.ആർ. നിർണയിക്കുന്ന രീതി ശരിയല്ല. റാൻഡം പരിശോധനയിലൂടെയാണ് അത് നിശ്ചയിക്കേണ്ടത്. 
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചീഫ് സെക്രട്ടറിക്ക് ചുമതലയുണ്ടായിരുന്നകാലത്ത് ഐ.എം.എ.യുടെ പ്രതിനിധികളെ ടാസ്‌ക് ഫോഴ്‌സിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് മന്ത്രിസഭ അധികാരത്തിൽവന്നശേഷം അതിലൊക്കെ മാറ്റംവരുത്തുകയായിരുന്നു.

കാലത്തിനനുസരിച്ച്  മനോഭാവം മാറണം

ടി.ആർ. രഘുനന്ദൻ (റിട്ട. ഐ.എ.എസ്.) ജോയന്റ് സെക്രട്ടറി, പഞ്ചായത്തീരാജ് മന്ത്രാലയം, ന്യൂഡൽഹി

രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി എല്ലാം അടച്ചിട്ട് ജീവിച്ചതുകൊണ്ട് കാര്യങ്ങൾ ലക്ഷ്യംകാണുന്നില്ലെന്ന് ഇതിനകം നമ്മൾ കണ്ടുകഴിഞ്ഞതാണ്. നാല് നിർദേങ്ങളാണ് മുന്നോട്ടു വെക്കാനുള്ളത്.
ഒരു കടയ്ക്കുമുന്നിൽ കയറു കെട്ടി ഉപഭോക്താവിനെ അകറ്റി നിർത്തിയാൽ കടനടത്തിപ്പുകാരനും ഉപഭോക്താവും തമ്മിൽ മാത്രമേ സാമൂഹിക അകലമുള്ളൂ. പുറത്തുള്ള ഉപഭോക്താക്കൾ തമ്മിൽ ഇല്ല. കുറഞ്ഞസമയം കട തുറന്നുവെക്കുമ്പോൾ പുറത്തെ തിരക്ക് കൂടുകയേ ഉള്ളൂ.

കടകൾ തുറക്കുന്ന സമയദൈർഘ്യം കൂട്ടുക. 24 x 7 ആയാൽപ്പോലും തെറ്റില്ല. അത്രയും തിരക്ക് കുറയും. ഉപഭോക്താവ് കടയ്ക്കു പുറത്ത് ഏറെനേരം നിൽക്കുന്ന രീതിക്കുപകരം വേണ്ടസാധനങ്ങളുടെ ലിസ്റ്റ് വാട്‌സാപ്പ് വഴിയോ മറ്റോ നൽകി, തിരഞ്ഞെടുത്ത് നേരിട്ടോ മറ്റു സംവിധാനങ്ങൾ വഴിയോ വീടുകളിലേക്ക് എത്തിക്കുക. ബെംഗളൂരുവിൽ ഇങ്ങനെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ആവശ്യമുള്ളയിടത്ത് എത്തിക്കുന്നതിന് ‘ഡൺസോ’, ‘പോർട്ടർ’ തുടങ്ങിയ മൊബൈൽ ആപ്ളിക്കേഷനുകൾ പ്രചാരത്തിലുണ്ട്. ഇങ്ങനെ മാറി, സാമൂഹിക അകലം പാലിച്ചുകൊണ്ട് വ്യാപാര ഇടപാടുകൾ നടത്താൻ ഇരുവിഭാഗവും സജ്ജമാകണം.

ശനി, ഞായർ കർഫ്യൂ, രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള വിലക്കുകൾ പിൻവലിക്കണം. പകരം സാമൂഹിക അകലം നാട്ടിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന സംവിധാനം ഏർപ്പെടുത്തണം. ഇത് പോലീസ് മുഖേനയും സമാന വൊളന്റിയർമാർ മുഖേനയും ചെയ്യാം. ഇരട്ട മാസ്ക് ഉപയോഗവും പരമാവധി വാക്സിനേഷനും ഇതിനൊപ്പം കർശനമാക്കണം. ഇതിലായിരിക്കണം സർക്കാരിന്റെ കൂടുതൽ ശ്രദ്ധ.

ജനസംഖ്യാനുപാതത്തിൽ ടെസ്റ്റ് നടത്തണം

ഡോ. ജയകൃഷ്ണൻ ടി., എപ്പിഡെമിയോളജി വിദഗ്ധൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ

ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ എത്രപേർ പോസിറ്റീവ് ആയി എന്നതിന്റെ സൂചന മാത്രമാണ് ടി.പി.ആർ.  ഇത് രോഗലക്ഷണമുള്ളവരാണോ, അതോ രോഗസാധ്യത ഇല്ലാത്തവരാണോ, ആരാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും. അതുപോലെ എത്രപേരാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്ന ‘ഡിനോമിനേഷൻ’ അനുസരിച്ച് ടി.പി.ആർ. കൂട്ടാനും കുറയ്ക്കാനും പറ്റും. അതിനാൽ പോസിറ്റീവായ കേസുകളുടെ എണ്ണത്തിനൊപ്പം എത്രപേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത് എന്ന ഡിനോമിനേറ്ററുകളും രോഗനിയന്ത്രണത്തിന്  പ്രധാനമാണ്. പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച് ഇത് വർധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജനസംഖ്യാനുപാതമായി നിശ്ചിതശതമാനം പേരിൽ ടെസ്റ്റ് നടത്തണമെന്ന് നിഷ്‌കർഷയുണ്ടാവണം. എങ്കിലേ വിവിധയിടങ്ങളിലെ  ടി.പി.ആർ. താരതമ്യത്തിന് പ്രസക്തിയുള്ളൂ.

തയ്യാറാക്കിയത്: 
കെ.പി. ഷൗക്കത്തലി
ആഷിക്‌ കൃഷ്ണൻ