ഇന്ത്യയെ കോളനിയാക്കാൻ പോർച്ചുഗീസുകാർ, അഥവാ പറങ്കികൾ അറബിക്കടലിനെ ഒരുകാലത്ത് ചോരക്കടലാക്കിയത് ലക്ഷദ്വീപിനെച്ചൊല്ലിയാണ്. ദ്വീപിന്റെ ഭരണം കൈയാളിയ മമ്മാലിക്കിടാവുകൾ അഥവാ അറയ്ക്കൽ ആലിരാജാക്കന്മാരുടെ ആഴിയിലെ ആധിപത്യം തകർക്കാൻ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരതകൾ കാട്ടുകയായിരുന്നു.

സംഘകാലത്തിലെയെന്നപോലെ കൂട്ടായ്മജീവിതം നയിക്കുന്ന സമാധാനപ്രിയരായ ജനത. കേരളത്തിലേതിനെക്കാൾ മെച്ചപ്പെട്ട ഭൂപരിഷ്കരണമാണവിടെ നടപ്പാക്കിയതെന്ന് ഔദ്യോഗികമായിത്തന്നെ അവകാശവാദമുള്ളതാണ്. ഇപ്പോൾ ഭൂനിയമത്തിൽ മാറ്റംവരുത്തുന്നതുൾപ്പെടെ നാട്ടുകാർ എതിർക്കുന്ന പരിഷ്കാരങ്ങൾ രാജ്യവ്യാപകമായി വിവാദമായിരിക്കുകയാണല്ലോ. ദ്വീപ്‌ നിവാസികൾക്കല്ലാതെ ഭൂമിയിൽ അവകാശമില്ലെന്നും അവർക്കിടയിലുള്ള കൈമാറ്റം പോലും ഭരണകൂടത്തിന്റെ സമ്മതത്തോടെയേ പറ്റുകയുള്ളൂവെന്നും 1964-ൽ രാഷ്ട്രപതി വിജ്ഞാപനം ചെയ്തതാണ്.

ദ്വീപിലെ ഭൂപരിഷ്‌കരണം

ലക്ഷദ്വീപിലെ ജനതയെ വൻകരയിലെ ദല്ലാളന്മാർ ചൂഷണം ചെയ്യുന്നതും ദ്വീപിൽത്തന്നെയുള്ള ജന്മിത്തവും ഇല്ലാതാക്കാൻ അന്ന് നേതൃത്വംനൽകിയ മൂർക്കോത്ത് രാമുണ്ണി (1961 മുതൽ 65 വരെ അഡ്മിനിസ്‌ട്രേറ്റർ) ദ്വീപിൽ ആദ്യകാലത്ത് താമസമാക്കിയ തറവാട്ടുകാർ എന്നറിയപ്പെട്ട കോയമാർ (ജന്മിമാർ), അവർക്കായി ജോലിചെയ്യുന്ന മേലാച്ചേരിക്കാർ എന്ന കുടിയാന്മാർ എന്നിവരെ യോജിപ്പിച്ചതിന്റെ അനുഭവം എഴുതിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അക്കാലംവരെ വളരെ സങ്കീർണമായിരുന്നു സ്ഥിതി. ജന്മിമാർക്കായി അധ്വാനിക്കുന്ന കുടിയാന്മാർക്ക് സ്വന്തമായി 40 തെങ്ങ് വെക്കാം. നടപ്പ് എന്നാണതറിയപ്പെടുക. പക്ഷേ, ആദായത്തിന്റെ നിശ്ചിതഭാഗം പാട്ടമായി നൽകണം. നടപ്പ് കൃഷിയും ജന്മിയുടെ സ്വന്തം കൃഷിയുമെല്ലാം ഇടകലർന്നു വരുന്നത് വലിയ പ്രശ്നങ്ങൾക്കിടയാക്കുമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ തീർക്കാൻ പരമ്പരാഗത അധികാരകേന്ദ്രങ്ങളായി തറവാട്ട് കാരണവന്മാരാണ് ഇടപെട്ടുപോന്നത്. കുടിയാന്മാർ ജന്മിമാരുടെ വീടുകളിൽച്ചെന്ന് കോൽക്കളി നടത്തുക തുടങ്ങിയ ആചാരങ്ങളുണ്ടായിരുന്നു. മദിരാശി സംസ്ഥാന അസി. സർവേ സൂപ്രണ്ടായിരുന്ന രാമൻ നായർ, കോഴിക്കോട്ടെ അഡ്വ. കെ.പി. കേശവമേനോൻ എന്നിവർ ലക്ഷദ്വീപ് ഭരണാധികാരിയുടെ നിർദേശാനുസരണം ജനവാസമുള്ള എല്ലാദ്വീപിലും സഞ്ചരിച്ച് സർവേ നടത്തി പാരമ്പര്യകാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഭൂപരിഷ്കരണ കരാറുണ്ടാക്കിയത്. അമേനിദ്വീപിലെ മുഴുവൻ നിവാസികളെയും വിളിച്ചുചേർത്ത യോഗത്തിൽ കരടുചട്ടം അവതരിപ്പിച്ചു. ‘നടപ്പ്’ കൃഷിയിടങ്ങളുടെ നാലിലൊന്ന് ജന്മിക്ക്, ബാക്കി അവിടെ ഉഭയങ്ങളുണ്ടാക്കിയ കുടിയാന്. ജനകീയ പാർലമെന്റും ജനകീയ കോടതിയുംപോലെയായ ആ കൂട്ടത്തിൽനിന്ന് ആദ്യം പറക്കാട്ട് തറവാടിന്റെ കാരണവർ കരാറിൽ ഒപ്പിടാൻ മുന്നോട്ടുവന്നു. പോർച്ചുഗീസുകാർക്കെതിരേ പോരാടിയ പാരമ്പര്യമുള്ള തറവാടാണത്. പിന്നാലെ എല്ലാവരും ഒപ്പിട്ടു. മറ്റ് ദ്വീപുകളിലും ഇത്തരത്തിൽ ജനകീയമായ സമ്മതിയുണ്ടാക്കിയാണ് 1964-ൽ ഭൂനിയമം വിജ്ഞാപനം ചെയ്തതെന്ന് ‘ഇന്ത്യാസ് കോറൽ അയലൻഡ്‌സ് ഇൻ അറേബ്യൻ സീ ലക്ഷദ്വീപ്‌’ എന്ന ഗ്രന്ഥത്തിൽ മൂർക്കോത്ത് അനുസ്മരിക്കുന്നു.

ചൂഷണത്തിന്റെ നാളുകൾ

ദ്വീപുകളിൽ സഹകരണപ്രസ്ഥാനം സംഘടിപ്പിച്ചതിന് പിന്നിലും വലിയൊരു ചരിത്രമുണ്ട്. ദ്വീപുകളിലെ  പ്രധാന ഉത്‌പന്നങ്ങളായ കൊപ്ര, കയർ, കവിടി തുടങ്ങിയവയുടെയെല്ലാം വിപണി കോഴിക്കോട്ടോ കണ്ണൂരോ ആയിരുന്നു. ദ്വീപ്‌ നിവാസികൾക്ക് അതിന്റെ വിലയെക്കുറിച്ചോ വിപണിയെക്കുറിച്ചോ വലിയ അറിവില്ല. വലിയ ഓടത്തിൽ അവർ കൊണ്ടുവരുന്ന ചരക്ക് ഇവിടത്തെ ദല്ലാളന്മാർ വാങ്ങി പകരം ദ്വീപിലേക്കാവശ്യമായ അരിയും മറ്റും ഓടത്തിൽ നിറച്ചുകൊടുക്കും. ഇവിടത്തെ സാധനങ്ങൾക്ക് വലിയ വില. ദ്വീപിലെ സാധനങ്ങൾക്ക് നിസ്സാര വില. ഈ പ്രശ്നം പരിഹരിക്കാൻ ദ്വീപുകളിൽ ഉത്‌പാദക-ഉപഭോക്തൃ സഹകരണസംഘം രൂപവത്‌കരിച്ച് കാർഷികോത്‌പന്നങ്ങൾ സംഭരിച്ച് വൻകരയിലെ വിപണിയിലെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കി. ദ്വീപിനെ ചൂഷണം ചെയ്യുന്നതിലല്ലാതെ അവിടത്തെ ജനക്ഷേമത്തിൽ രാജഭരണത്തിനോ ബ്രിട്ടീഷ് ഭരണത്തിനോ താത്‌പര്യമേയുണ്ടായിരുന്നില്ല. ഏറ്റവും സാധ്യതയുള്ള ട്യൂണ മീൻപിടിത്തത്തിന് യന്ത്രവത്‌കൃത ബോട്ടുപയോഗിക്കുന്നതിന് ദ്വീപുകാർ ആദ്യഘട്ടത്തിൽ എതിരായിരുന്നു. സ്വതന്ത്ര ഇന്ത്യാ സർക്കാരാണ് നിരന്തരബോധവത്‌കരണത്തിലൂടെ ജനസമ്മതിയുണ്ടാക്കി യന്ത്രവത്‌കൃത ബോട്ടുപയോഗിച്ചുള്ള ട്യൂണപിടിത്തം പ്രചാരത്തിലാക്കിയത്. പിൽക്കാലത്ത് ലക്ഷദ്വീപസമൂഹത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായി അത് മാറി.
 ദാരിദ്ര്യത്തിലായിരുന്ന ലക്ഷദ്വീപിൽ ജനങ്ങളെ ആധുനിക ജീവിതത്തിലേക്ക് ഉയർത്തിയത് സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച നയങ്ങളിലൂടെയാണ്. ലക്ഷദ്വീപിലെ ഭരണം നൂറ്റാണ്ടുകളോളം കൈയാളിയത് കണ്ണൂർ അറയ്ക്കൽ കെട്ടിൽനിന്നാണ്. പിന്നീട് ബ്രിട്ടീഷുകാരുെട അധീനതയിലായ ശേഷവും കുറേക്കാലം കണ്ണൂരിൽനിന്ന് ഭരണം തുടർന്നു. പിന്നീട് വടക്കൻ ദ്വീപുകൾ സൗത്ത് കനറാ കളക്ടറുടെയും തെക്കൻ ദ്വീപുകൾ കോഴിക്കോട്ടെ മലബാർ കളക്ടറുടെയും അധീനതയിലായി. 1956-ൽ സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായാണ് ലക്ഷദ്വീപ്, മിനിക്കോയ്, അമേനി എന്ന പേരിൽ കേന്ദ്രഭരണപ്രദേശമായി രൂപവത്‌കരിച്ചത്. 1973-ൽ ലക്ഷദ്വീപ് എന്ന പൊതുപേര് നിലവിൽവന്നു.


ഐതിഹ്യവും ചരിത്രവും

കേരളവും ഗോവയും ദീര്‍ഘകാലം അടക്കിഭരിച്ച പോര്‍ച്ചുഗീസ് (പറങ്കി) കൊളോണിയല്‍ ശക്തിക്ക് അത് തുടരാനാവാത്തതിലും ഇന്ത്യയിലാകെ ആധിപത്യം സ്ഥാപിക്കാനാവാത്തതിനുമുള്ള കാരണങ്ങളിലൊന്ന് മമ്മാലിക്കിടാവുകളുടെ ഉജ്ജ്വല ചെറുത്തുനില്‍പ്പാണ്. ലക്ഷദ്വീപിന്റെയും മാലദ്വീപിന്റെയും ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം അതിന്റെ നിമിത്തങ്ങളിലൊന്നും. വലിയ പരാജയങ്ങളും എണ്ണമറ്റ മരണവുമാണ് അനുഭവിക്കേണ്ടിവന്നതെങ്കിലും അറബിക്കടലില്‍ പോര്‍ച്ചുഗീസ് ആധിപത്യത്തെ ഏറ്റവും ശക്തമായി വെല്ലുവിളിച്ചത് മമ്മാലിക്കിടാവുകളാണ്, അറയ്ക്കല്‍ ആലി രാജമാരാണ്.

ഐതിഹ്യപ്രകാരം മക്കത്തുപോയി തിരിച്ചുവരാത്ത ചേരമാന്‍ പെരുമാളെ തിരക്കി പുറപ്പെട്ടവരുടെ സംഘം കപ്പല്‍ തകര്‍ച്ചയെത്തുടര്‍ന്ന് ലക്ഷദ്വീപുകളിലൊന്നില്‍ അഭയം തേടിയേടത്തുനിന്നാണ് തുടക്കം. ആ സംഘം തിരിച്ച് കണ്ണൂരിലെത്തിയശേഷം കോലത്തിരി രാജാവിനെ കണ്ട് കാര്യമുണര്‍ത്തിച്ചു. മനോഹരവും ഫലഭൂയിഷ്ഠവുമായ പുതിയ കുറെനാടുകള്‍. തെങ്ങുകൃഷിക്ക് ഏറ്റവും പറ്റിയ കന്നിമണ്ണാണതെന്ന് അവര്‍ പറഞ്ഞുഫലിപ്പിച്ചപ്പോള്‍ താത്പര്യമുള്ള ആര്‍ക്കും അവിടെപ്പോയി ഇഷ്ടമുള്ളത്ര സ്ഥലത്ത് കൃഷിചെയ്യാമെന്ന് രാജാവിന്റെ അനുവാദം. കണ്ണൂരില്‍നിന്ന് ഒട്ടേറെ കുടുംബങ്ങള്‍ പായ്ക്കപ്പലുകളില്‍ കയറി ദ്വീപുകളില്‍ച്ചെന്ന് ആവാസമുറപ്പിച്ചു. അമിനി, ആന്ത്രോത്ത്, കല്പേനി, കവരത്തി എന്നിവിടങ്ങളിലാണ് ആദ്യം പോയവര്‍ ആവാസമുറപ്പിച്ചത്. തറവാടികളെന്ന് സ്വയം അഭിമാനിച്ച അവര്‍ തങ്ങളുടെ ദ്വീപുകളെ തറവാട്ടുദ്വീപുകള്‍ എന്ന് വിശേഷിപ്പിച്ചു.

ദ്വീപുകള്‍ കാര്‍ഷികസമൃദ്ധമായി. തേങ്ങയും കയറും കയറുത്പന്നങ്ങളും നിറഞ്ഞു. അറബിക്കച്ചവടക്കാരുടെ ഇടത്താവളം. അറബിക്കടലിലെ വാണിജ്യക്കപ്പലുകളുടെ അറ്റകുറ്റപ്പണികേന്ദ്രം. കോലത്തിരി രാജാവ് ദ്വീപുകളുടെയും തമ്പുരാനായി. കണ്ണൂര്‍ ഭാഷയും കണ്ണൂര്‍ സംസ്‌കാരവുമുള്ള, മരുമക്കത്തായം തുടരുന്ന ദ്വീപുകളെന്ന നിലയില്‍ ലക്ഷദ്വീപ് ലോകപ്രസിദ്ധമായി.

മമ്മാലിക്കിടാവുകള്‍

കോലത്തിരിയാണ് ലക്ഷദ്വീപ് രാജാവെങ്കിലും യഥാര്‍ഥ ഭരണാധികാരി മമ്മാലിക്കിടാവുകള്‍, അഥവാ മമ്മാലിമരക്കാര്‍ ആയിരുന്നു. കോലത്തിരിയുടെ നാവികത്തലവന്‍ അഞ്ചാം മമ്മാലിയെന്നറിയപ്പെടുന്ന ആലിമൂസ മാലദ്വീപ് പിടിച്ചടക്കിയതോടെ കണ്ണൂര്‍ നഗരത്തിന്റെ അധിപര്‍ എന്നതിനൊപ്പം ആഴിരാജാവ് എന്ന് പേരും പദവിയുംകൂടി ചാര്‍ത്തിക്കിട്ടുന്നു. എന്നാല്‍, മാലദ്വീപ് പോര്‍ച്ചുഗീസ് ആധിപത്യത്തിലാണെന്ന് ആല്‍ബുക്കര്‍ക്ക് പ്രഖ്യാപിച്ചതോടെ സിലോണിനടുത്ത കടലില്‍ പറങ്കി-കണ്ണൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മമ്മാലിമരക്കാരുടെ നേതൃത്വത്തില്‍ 1523-ല്‍ നടന്ന ആ യുദ്ധത്തിന്റെ അന്ത്യത്തില്‍ കണ്ണൂരിലെ ബാലഹസ്സനെ കണ്ണൂര്‍ കോട്ടയില്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഹെന്റിക് ഡി. മെനസ് തൂക്കിക്കൊന്നു. പിന്നീട് കുറെക്കാലം ക്ഷീണത്തിലായ അറക്കല്‍ ആലിരാജമാര്‍ 1660 കാലത്ത് ഡച്ചുകാര്‍ക്കൊപ്പംനിന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പൊരുതുകയും അവസാനം പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തുകയും ചെയ്തു. ഡച്ചുകാരാകട്ടെ, കണ്ണൂര്‍ കോട്ടയും കണ്ണൂര്‍ ഭരണവും അറക്കലുകാര്‍ക്ക് കൈമാറി സ്ഥലംവിടുകയും ചെയ്തു. 

എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷദ്വീപ് ഭരണം കൈയാളിയ അറയ്ക്കലുകാര്‍ക്ക് ടിപ്പുവിന്റെ കാലത്ത് വലിയ തിരിച്ചടിയുണ്ടായി. ദ്വീപില്‍നിന്നുള്ള വരുമാനമെടുക്കുന്നതിനപ്പുറത്ത് ക്ഷേമത്തില്‍ ശ്രദ്ധിക്കാതിരുന്നതും നികുതിയായി വന്‍തുക ഈടാക്കുന്നതും അവിടെ കടുത്ത പ്രക്ഷോഭത്തിനിടയാക്കി.  ബ്രിട്ടീഷുകാര്‍ക്കെതിരേ അറയ്ക്കല്‍ ബീവിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും ദ്വീപിലെ പ്രശ്നത്തില്‍ പ്രക്ഷോഭക്കാര്‍ക്ക് പിന്തുണനല്‍കുന്ന സമീപനം ടിപ്പു സ്വീകരിച്ചു.

ബ്രിട്ടീഷ്-ടിപ്പു പോരാട്ടം ശക്തിപ്പെട്ടതോടെ ബീവിക്ക് ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കേണ്ടിവന്നു. ബോംബെ ഗവര്‍ണര്‍ ആല്‍ബര്‍ ക്രോമ്പി നേരിട്ട് നയിച്ച സൈന്യം 1790-ല്‍ കണ്ണൂര്‍ കോട്ട പിടിച്ചടക്കി മലബാര്‍ അപ്പാടെ അധീനതയിലാക്കിയെങ്കിലും ലക്ഷദ്വീപ് അറയ്ക്കല്‍ ബീവിയുടെ അധീനതയില്‍ത്തന്നെ നിലനിന്നു. പതിനയ്യായിരം രൂപ കപ്പം കൊടുക്കണമെന്ന വ്യവസ്ഥയില്‍.

വെള്ളക്കാരുടെ കൈയില്‍

1847-ല്‍ ആന്ത്രോത്ത്, കല്പേനി ദ്വീപുകളില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായി. 549 പേര്‍ മരിച്ചു. 744 വീടുകള്‍ തകര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ അറയ്ക്കല്‍ കുടുംബത്തിന് സാധിക്കാതെ വന്നു. ഇംഗ്ലീഷുകാര്‍ ദ്വീപില്‍ അറയ്ക്കല്‍ ബീവിക്കുവേണ്ടി അരിയും സാധനങ്ങളും വിതരണം ചെയ്തു. കപ്പത്തിനുപുറമേ ദുരിതാശ്വാസത്തിന് ചെലവായ 9300 രൂപയും കടം.  പ്രളയത്തെത്തുടര്‍ന്നുള്ള കാര്‍ഷികത്തകര്‍ച്ച കാരണം ബീവിക്ക് അവിടെനിന്ന് വരുമാനം നിലച്ചു. അതിനിടെ ദ്വീപ് വാസികള്‍ അറയ്ക്കലിന്റെ കയര്‍ കുത്തക റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരവും തുടങ്ങി. കടക്കെണിയിലാക്കി പിടിച്ചടക്കുക, അതിന് നാട്ടുകാരുടെ സമ്മതി നേടുക എന്ന ബ്രിട്ടീഷ് തന്ത്രം വിജയിച്ചു. പലപല നടപടികള്‍ക്കൊടുവില്‍ 1908 നവംബര്‍ 15-ന് ലക്ഷദ്വീപുകളുടെ അധികാരമടക്കം 'രാജാധികാര'ങ്ങളെല്ലാം ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വിട്ടുകൊടുക്കാന്‍ അറയ്ക്കല്‍ ആദിരാജ ഇമ്പിച്ചിബീബി നിര്‍ബന്ധിതയായി.