മാലദ്വീപ്, സീഷെൽസ്, മൗറീഷ്യസ് എന്നിവയോട് കിടപിടിക്കുന്ന സൗന്ദര്യമാണ് ലക്ഷദ്വീപിന്. പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് ഈ ദ്വീപസമൂഹം. ഇന്ത്യയുടെ ടൂറിസം വൈവിധ്യത്തിന് മാറ്റുകൂട്ടുന്നതാണ് ലക്ഷദ്വീപിന്റെ ഭംഗി. 
ലക്ഷദ്വീപിന്റെ ടൂറിസംസാധ്യതകൾ ആദ്യം മനസ്സിലാക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1987-ൽ അദ്ദേഹം അവിടെ അവധിയാഘോഷിക്കാൻ എത്തിയപ്പോഴാണ് ബംഗാരം ദ്വീപ് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശയം പങ്കുവെച്ചത്. അവിടെ, റിസോർട്ട് സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം ഹോട്ടലുടമകൾക്ക് കത്തയച്ചു. എന്നെ സംബന്ധിച്ചിടത്തോളം ആ കത്തിലെ ഏറ്റവും വലിയ ആകർഷണീയത താത്പര്യമുള്ളവരെ സർക്കാർച്ചെലവിൽ ഹെലികോപ്റ്ററിൽ ബംഗാരം ദ്വീപിലേക്ക് കൊണ്ടുപോകും എന്നതായിരുന്നു. കൊച്ചിയിൽ കാസിനോ ഹോട്ടൽ നടത്തിയിരുന്ന ഞങ്ങളും താത്പര്യപത്രം സമർപ്പിച്ചു.

ബംഗാരം ദ്വീപി​ലേക്ക്‌

ബംഗാരം ദ്വീപ് കാണാമല്ലോ എന്ന ചിന്തമാത്രമായിരുന്നു മനസ്സിൽ. അവിടെ, ചെന്നപ്പോൾ വൻകിട ഹോട്ടൽശൃംഖലകളുടെ പ്രതിനിധികളായിരുന്നു നിറയെ. ബംഗാരത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്ന് കവരത്തിയിലേക്ക്. അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ വജ്ജഹത്ത് ഹബീബുള്ള അവിടെയെത്തിയ ഹോട്ടലുടമകളോടായി ചോദിച്ചു, നിങ്ങൾക്ക് ബംഗാരത്ത് എന്താണ് ചെയ്യാനാകുക. തങ്ങൾക്ക് സാധ്യതാപഠനം നടത്തണമെന്നും അതിന് സമയംവേണമെന്നുമായിരുന്നു മിക്കവരുടെയും മറുപടി. കോടികൾ ചെലവഴിക്കാൻ അവർ ഒരുക്കമായിരുന്നു.
ഒടുവിൽ എന്റെ ഊഴമെത്തി. കോടികൾ ചെലവഴിക്കാൻ എന്തായാലും എനിക്കാവില്ലെന്ന്‌ ഞാൻ മനസ്സിൽ കരുതി. ബംഗാരം ദ്വീപ് കണ്ടു. അതിനാൽ, വന്ന ഉദ്ദേശ്യം പൂർത്തിയാക്കിയ നിർവൃതിയിലായിരുന്നു ഞാൻ. എഴുന്നേറ്റുനിന്ന് എന്റെ നിർദേശം അവതരിപ്പിച്ചു: ‘‘എനിക്ക് സമയമൊന്നും വേണ്ടാ. ഞാൻ ഇപ്പോൾത്തന്നെ എന്റെ പ്ലാൻ പറയാം. വലിയ മുതൽമുടക്കില്ലാതെ വെറും മൂന്നുമാസംകൊണ്ട് റിസോർട്ട് പൂർത്തിയാക്കാം. ആ ഗ്രാമത്തിലുള്ളവർ ചെയ്യുന്നതുപോലെ റിസോർട്ട് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതിയെ തകർക്കാതെ ഓലമേഞ്ഞ കോട്ടേജുകളും മറ്റുമായി ഒരു റിസോർട്ട്.’’
വലിയ പ്രതീക്ഷയൊന്നുമില്ലാതെ അവിടെനിന്ന് മടങ്ങി. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ കരാർ ലഭിച്ചുകൊണ്ടുള്ള കത്തുകിട്ടി. 1988 ഒക്ടോബറിലായിരുന്നു അത്. ഡിസംബറിൽ കവരത്തി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുമുമ്പായി റിസോർട്ട് തുറക്കണം. അങ്ങനെ 1988 ഡിസംബറിൽ ബംഗാരം ഐലൻഡ് റിസോർട്ടിന് തുടക്കമായി. തുടക്കത്തിൽ 14 മുറികളായിരുന്നു. മുറികളെന്നുപറഞ്ഞാൽ ഓലമേഞ്ഞ മൺകുടിലുകൾ. പിന്നീടത് 30 എണ്ണമായി ഉയർത്തി. ഓരോ മുറിയിലും രണ്ടുപേർ എന്നകണക്കിൽ പരമാവധി 60 അതിഥികൾ. പിന്നെ 40 തൊഴിലാളികളും. അതായത്, ആ ദ്വീപിൽ പരമാവധി 100 പേർ. അതിൽ കൂടിയാൽ അത് അവിടത്തെ പ്രകൃതിക്ക് നല്ലതല്ല.

പ്രകൃതിയെ മറക്കരുത്‌, തകർക്കരുത്‌

പ്രകൃതിയെ മറന്നുകൊണ്ടുള്ള ടൂറിസം നാശത്തിലേക്കേ വഴിവെക്കൂ. ബംഗാരം ഐലൻഡ് റിസോർട്ടിന്റെ കാര്യത്തിലും അത് അവസാനംവരെ മുറുകെപ്പിടിച്ചു. കോൺക്രീറ്റ് സൗധങ്ങളല്ല, ഞങ്ങൾ അവിടെ പണിതുയർത്തിയത്. അങ്ങനെ ചെയ്താൽ അതിന്റെ സൗന്ദര്യംപോകും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും തദ്ദേശവാസികൾക്ക് ഗുണകരമായുംവേണം ടൂറിസം വികസിപ്പിക്കേണ്ടത്. ഞങ്ങളവിടെ ചെയ്തത് അതാണ്. തദ്ദേശീയമായ ഭക്ഷ്യവിഭവങ്ങളാണ് ഞങ്ങൾ അവിടെ ഒരുക്കിയത്. ഞങ്ങളുടെ തൊഴിലാളികളിൽ 95 ശതമാനവും ദ്വീപുവാസികളായിരുന്നു. സഞ്ചാരികൾക്കായുള്ള ബോട്ടുകൾപോലും അവിടെ നിർമിച്ചതായിരുന്നു.
ബംഗാരം റിസോർട്ടിൽ ഫോണോ ടി.വി.യോ എ.സി.യോ സ്വിമ്മിങ് പൂളോ ഒന്നുമില്ലായിരുന്നു. ഇന്ത്യയിലെ ഏതുമുന്തിയ ഹോട്ടലുകളിലേതിനെക്കാൾ ഉയർന്ന വാടകയും. എന്നിട്ടും യൂറോപ്പിൽനിന്നും യു.എസിൽനിന്നുമൊക്കെ സഞ്ചാരികളെത്തി. എ.ബി.വാജ്പേയ്, എൽ.കെ.അദ്വാനി, പ്രതിഭാ പാട്ടീൽ, ഇ.കെ.നായനാർ, ഹോളിവുഡ് താരം റിച്ചാർഡ് ഗിയർ തുടങ്ങിയവർ ബംഗാരം സന്ദർശിച്ച പ്രമുഖരിൽ ചിലർമാത്രം. 2010 ഒക്ടോബർവരെ ഞങ്ങൾ നടത്തിയ വർഷങ്ങളിലൊക്കെ പ്രകൃതിയെയും തദ്ദേശീയരെയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരമാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.
ശരിക്കും ബംഗാരം ഐലൻഡ് റിസോർട്ടാണ് ലോക ടൂറിസം ഭൂപടത്തിൽ ലക്ഷദ്വീപിന് സ്ഥാനമുണ്ടാക്കിക്കൊടുത്തത്. ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിനുപോലും അത് വഴിെവച്ചു. കാരണം, ഒട്ടേറെ തദ്ദേശീയർ ഹോംസ്റ്റേകളും ഭക്ഷണശാലകളും ജലകായികകേന്ദ്രങ്ങളുമൊക്കെ ആരംഭിച്ച് വരുമാനമുണ്ടാക്കി.

ലാളിത്യമാണ്  ആഡംബരം

ലാളിത്യമാണ് ആഡംബരം എന്ന സന്ദേശം പ്രാവർത്തികമാക്കാനാണ് ബംഗാരത്ത് ഞങ്ങൾ ശ്രമിച്ചത്. അതിപരിസ്ഥിതിലോല മേഖലയാണ് ലക്ഷദ്വീപ്. അതിനാൽ, അതിനെ നശിപ്പിച്ചുകൊണ്ടുള്ള എന്തുവികസനവും പ്രകൃതിയുടെ കടയ്ക്കലുള്ള കത്തിവെക്കലാകും. പ്രകൃതിയെയും തദ്ദേശവാസികളെയും മറന്നുകൊണ്ടുള്ള ഒരു വികസനവും ശാശ്വതമല്ല.


( സി.ജി.എച്ച്. എർത്ത് ഹോട്ടൽ ശൃംഖലയുടെ സ്ഥാപകരിലൊരാളും മുൻ സി.ഇ.ഒ.യുമായ ലേഖകൻ ഇപ്പോൾ ഹെറിറ്റേജ് ടൂറിസം സംരംഭകനാണ്. സി.ഐ.ഐ. കേരളഘടകം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്)