നൂറുവർഷത്തിന്റെ നിറവിൽനിൽക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ്‌ പാർട്ടി (സി.സി.പി.) നടന്നുതീർത്തത് ഒരു നീണ്ട യാത്രതന്നെയാണ്.
വിപ്ലവപ്പാർട്ടിയിൽനിന്നും ഭരിക്കുന്ന പാർട്ടിയായുള്ള സി.സി.പി.യുടെ രൂപമാറ്റത്തിൽ, കാര്യപരിപാടിയിലും ഭരണഘടനയിലുമുൾപ്പെടെ ഒരു സ്ഥായിയായ അംശമുണ്ടെങ്കിൽ അത് പാർട്ടി, ചൈനയുടെ തൊഴിലാളിവർഗത്തെ പ്രതിനിധാനംചെയ്യുന്നു എന്നുള്ളതാണ്. അതായത്, തൊഴിലാളിവർഗമാണ് തങ്ങളുടെ അടിത്തറ എന്നുള്ള അവകാശവാദം. എന്നാൽ, വാസ്തവത്തിൽ ഈ നൂറുവർഷയാത്രയിൽ, പ്രത്യയശാസ്ത്ര സാധുതയ്ക്കും ഒരു വാചാടോപത്തിനുമപ്പുറം ഇതിൽ എത്ര ആത്മാർഥതയുണ്ട്? 

സാമ്പത്തിക പരിഷ്‌കാരങ്ങളിൽ ചതഞ്ഞരഞ്ഞ തൊഴിലാളി
സാംസ്കാരികവിപ്ലവത്തിന്റെ കോളിളക്കത്തിൽനിന്ന്‌ കരകയറാൻ മാവോയ്ക്കുശേഷം ഡെങ് ഷിയാവോപിങ് തിരഞ്ഞെടുത്ത മാർഗം സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു. ചൈനയെ നിക്ഷേപകർക്കായി തുറന്നുകൊടുത്തു.  ‘ധനതത്ത്വശാസ്ത്രം മുൻപന്തിയിൽ’ എന്നുള്ള നയത്തെ മുൻനിർത്തി, വിപണിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളിലെ ഊന്നൽ കാര്യക്ഷമതയ്ക്കും ലാഭകൊയ്ത്തിനുമായിരുന്നു. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ ഗണ്യമായി കുറഞ്ഞു. ഈ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള മാറ്റങ്ങൾ, തൊഴിൽമേഖലയിലും തൊഴിലാളിവർഗത്തിന്റെ ജീവിതത്തെയും ആഴത്തിൽ ബാധിച്ചു. സ്ഥിരം തൊഴിലും അതിനോടനുബന്ധിച്ച ക്ഷേമകാര്യ സേവനങ്ങളെയും അവകാശങ്ങളെയും വിഘടിപ്പിച്ച്‌ കരാർവ്യവസ്ഥ കൊണ്ടുവരപ്പെട്ടു. പാർട്ടി ഘടകങ്ങളുടെ മേൽനോട്ടത്തിൽ മാറ്റംവരുത്തി ഫാക്ടറി ഡയറക്ടർമാർക്കും സംരംഭങ്ങളുടെ മാനേജർമാർക്കും കൂടുതൽ അധികാരങ്ങളും ചുമതലകളും കൈവന്നു. അതോടെ ജോലിക്കെടുക്കുന്നതും പിരിച്ചുവിടുന്നതുമൊക്കെ എളുപ്പത്തിലായി. 

വ്യവസായ പുനർരൂപവത്‌കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലും നിർമാണശാലകളിലും തൊഴിലാളികൾക്ക് സ്വയം പിരിഞ്ഞുപോകൽ പദ്ധതികളും നടപ്പാക്കപ്പെട്ടു. ഒരുവശത്ത്‌ ഇതെല്ലാം നടക്കുമ്പോൾ, മറുവശത്ത്‌ സ്വദേശ, വിദേശ മൂലധനത്തെ ഇരുകൈയുംനീട്ടി സ്വീകരിച്ചു, സ്വകാര്യ വ്യവസായ സംരംഭങ്ങളും തുടങ്ങി. നിക്ഷേപങ്ങളെ തങ്ങളുടെ പ്രവിശ്യകളിലേക്ക്‌ ആകർഷിക്കാൻ തദ്ദേശസർക്കാരുകൾ തമ്മിൽ മത്സരമായി. നികുതി ഇളവുകളും അടിസ്ഥനസൗകര്യങ്ങളിൽ പിന്തുണയും മറ്റുമായി തദ്ദേശസർക്കാരുകൾ ഈ സംരംഭകർക്ക്‌ മുൻഗണനനൽകി. താഴ്ന്ന തൊഴിൽച്ചെലവും യഥേഷ്ടമുള്ള ഗ്രാമീണ കുടിയേറ്റത്തൊഴിലാളികളുടെ വിതരണവും നിക്ഷേപകർക്ക് നിർമാണങ്ങൾ സ്ഥാപിക്കാൻ സഹായകരമായി. 
ആധുനിക വ്യാവസായിക ശക്തിയായിമാറിയ ചൈനയുടെ ഈ വളർച്ചയ്ക്കുപിന്നിൽ പക്ഷേ, തൊഴിലാളിവർഗത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു.  സ്വദേശ, വിദേശ മൂലധനംവഴി സ്ഥാപിതമായ സംരംഭങ്ങൾ നിഷ്ഠുരമായ തൊഴിൽ ചൂഷണത്തിന്റെ മുകളിലാണ് പടുത്തുയർത്തിയത്‌. സ്വേച്ഛയായ മാനേജ്‌മെന്റുകൾ, പട്ടാളച്ചിട്ട അനുസ്മരിപ്പിക്കുന്ന തൊഴിൽവ്യവഹാരങ്ങൾ, സമ്മർദത്തിൽ ഊന്നിയ അനുസരിപ്പിക്കൽ, കുറഞ്ഞ ശമ്പളം, അവകാശരാഹിത്യം, നഗരവിഭവങ്ങളിൽ തുല്യ അവകാശമില്ലാത്ത  രണ്ടാംതരം ജീവിതം.  ചൈനയിലെ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഗ്രാമീണ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതം ഇങ്ങനെയായിമാറി.

തൊഴിൽത്തർക്കങ്ങളും  പാർട്ടി സ്റ്റേറ്റിന്റെ  തന്ത്രങ്ങളും 
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായിവന്ന മാറ്റങ്ങൾ, തൊഴിൽമേഖലയെ സാരമായി ബാധിക്കുകയും തൊഴിലാളികൾക്ക് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഫലത്തിൽ, തൊഴിൽത്തർക്കങ്ങൾ അധികരിക്കുകയും തൊഴിലാളി പ്രതിഷേധങ്ങൾ വർധിക്കുകയും ചെയ്തു. പലപ്പോഴും ഈ പ്രതിഷേധങ്ങൾ ജോലി തടസ്സപ്പെടുത്തലും വഴിതടയലും മുതൽ, ലഹളയുടെ രൂപത്തിൽവരെ പരിണമിച്ചു. പാർട്ടിയുടെ കടുപ്പമേറിയ നിയന്ത്രണങ്ങൾ നിലനിൽക്കെത്തന്നെ, തൊഴിൽത്തർക്കങ്ങൾ രൂക്ഷമാണ്.  ഒട്ടുമിക്ക തർക്കങ്ങളും പക്ഷേ, തൊഴിലിടങ്ങളിലും പരിസരങ്ങളിലും മാത്രം ഒതുങ്ങിക്കിടക്കുന്നവയും കൂടുതലും സാമ്പത്തിക അന്യായങ്ങളെ സംബന്ധിച്ചുള്ളതുമാണ്. 
2000-നുശേഷം ഒരുപറ്റം തൊഴിലനുകൂല നിയമങ്ങളിലൂടെ (2001-ൽ ചൈന ലോക വാണിജ്യസംഘടനയുടെ ഭാഗമായപ്പോൾ, ഇത്തരം നിയമാധിഷ്ഠിത വ്യവസ്ഥ അനിവാര്യമായി) തർക്കപരിഹാരത്തിന്‌ തൊഴിലാളികളെ നിയമവഴി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന തന്ത്രത്തിലേക്കും ഭരണകൂടം മാറി. ഇത്തരം നിയമവഴിയിലൂടെ തൊഴിലാളികളെ വ്യക്തികളായി വകതിരിച്ചു.  ഒരുതരത്തിലുള്ള കൂട്ടായ്മകൾക്കും ഇടംനൽകാതിരിക്കാനും ശ്രദ്ധപുലർത്തി. തൊഴിലാളി പ്രതിഷേധങ്ങളെ കൈയൂക്കുകൊണ്ട് നേരിടേണ്ടത് പ്രാദേശിക അധികാരികളുടെ ചുമതലയാണെന്നിരിക്കെ, ആനുകൂല്യങ്ങളും നിയമപരിരക്ഷയും നൽകുന്നതിലൂടെ, കേന്ദ്ര പാർട്ടി സ്റ്റേറ്റ്‌, തൊഴിലാളികളുടെ രോഷത്തിൽനിന്ന്‌ കവചം തീർത്തു. അങ്ങനെ, പ്രതിഷേധങ്ങൾ നാടാകെ പടർന്നുപന്തലിക്കാതെ സൂക്ഷിക്കാൻ പാർട്ടി സ്റ്റേറ്റിന് സാധിക്കുന്നു. 2012-ൽ ഷീ ജിൻപിങ്ങിന്റെ വരവോടുകൂടി തൊഴിൽമേഖലയിൽ അടിച്ചമർത്തലുകൾക്ക്‌ വലിയരീതിയിൽ ആക്കംകൂടി.  തൊഴിലാളിപ്രവർത്തകരെ തുറുങ്കിലടയ്ക്കുകയും തൊഴിൽ സംബന്ധിച്ചുള്ള എൻ.ജി.ഒ.കളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. 

വൈരുധ്യങ്ങളും സി.സി.പി.യുടെ മാറുന്ന കാഴ്ചപ്പാടും 
സോഷ്യലിസമാണ് തങ്ങളുടെ പാതയെന്ന്‌ അവകാശപ്പെടുമ്പോഴും പ്രവൃത്തിയിൽ പലരീതിയിലും തെളിയുന്നത് മുതലാളിത്ത രൂപാന്തരീകരണമാണ് എന്നത് പരസ്യമായ രഹസ്യമാണ്. ചൈനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ, 1980-കളിൽ ലോകമെമ്പാടും തുടങ്ങിയ നവലിബറൽ തിരിവുമായി ഒരുമിച്ചുവരുന്നു എന്നതും യാദൃച്ഛികമല്ല. തൊഴിലാളിവർഗത്തിന്റെ ക്ഷയിച്ചുവരുന്ന രാഷ്ട്രീയ അവസ്ഥ പ്രതിഫലിക്കുന്നത്, ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാറിവരുന്ന സാമൂഹിക അടിത്തറയിലും അംഗങ്ങളെ ചേർക്കാനുള്ള പുതിയ തന്ത്രങ്ങളിലുമാണ്. പരമ്പരാഗത കർഷകത്തൊഴിലാളി അച്ചുതണ്ടിൽനിന്നും മാറി വ്യവസായസംഘാടകർ, ചെറുപ്പക്കാരായ അഭ്യസ്തവിദ്യർ, പ്രൊഫഷണലുകൾ എന്നിവരാണ്‌ പുതിയ പാർട്ടി ഇന്ധനം. ഗ്രാമീണ കുടിയേറ്റത്തൊഴിലാളികൾ ഇന്നും പാർട്ടിക്ക് പുറത്താണ്. ഒരു നൂറ്റാണ്ടുകാലം തികയ്ക്കുന്ന സി.സി.പി., പ്രായോഗിക രാഷ്ട്രീയം അനിവാര്യമാക്കുമ്പോൾ,  അവർ പ്രതിനിധാനംചെയ്യുന്ന ചൈനയിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി അരക്ഷിതമാണ്.

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിൽ വിസിറ്റിങ്‌ അസോസിയേറ്റ് ഫെലോയാണ്‌ ലേഖകൻ