കുട്ടനാട്ടിലെ കൃഷിയെയും പരിസ്ഥിതിയെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ് തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, ആലപ്പുഴയെയും ചങ്ങനാശ്ശേരിയെയും ബന്ധിപ്പിക്കുന്ന എ.സി. റോഡ് എന്നിവ. തണ്ണീർമുക്കംബണ്ട്‌ പണിതതോടെ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കപ്പെട്ടു. എന്നാൽ, കുട്ടനാടിന്റെ സ്വാഭാവിക പരിസ്ഥിതിസന്തുലനവും കൃഷിയുടെ കാലഗണനയിലുള്ള കണിശതയും നഷ്ടമായി. വിതയ്ക്കുന്നതിലുള്ള ഏകീകരണം നഷ്ടപ്പെട്ടതോടെ നെൽക്കൃഷിയിൽ കീടരോഗബാധ വർധിച്ചു. കൂടുതൽ വിളവുതരുന്ന വിത്തിനങ്ങളിലേക്കുള്ള മാറ്റവും ഇതിനു വഴിതെളിച്ചു.

തണ്ണീർമുക്കം ബണ്ട്

വേനൽക്കാലത്തു കായലിലെ ജലനിരപ്പ് താഴുമ്പോൾ കടലിൽനിന്ന് ഓരുവെള്ളം കായലിലേക്കും കുട്ടനാട്ടിലേക്കും കയറും. ഇതു നെൽക്കൃഷിയെ ബാധിക്കും. ഓരുവെള്ളത്തിന്റെ ഗതിക്കനുസരിച്ച്‌ കൃഷി ക്രമീകരിച്ചും താത്കാലിക ഓരുമുട്ടുകൾ ഇട്ടുമാണ് തണ്ണീർമുക്കം ബണ്ടു വരുന്നതിനുമുമ്പ് കുട്ടനാട്ടിൽ കൃഷിയിറക്കിയിരുന്നത്. ശാശ്വതപരിഹാരം എന്ന നിലയിലാണ് തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചത്. ഡിസംബർ-15 മുതൽ മാർച്ച്-15 വരെമാത്രമേ ബണ്ട് അടച്ചിടാവൂ എന്നും അഞ്ചുകൊല്ലം കഴിയുമ്പോൾ ബണ്ടിന്റെ പ്രവർത്തനം അവലോകനം ചെയ്യണമെന്നും കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു.

ബണ്ടുവന്നതോടെ ഓരുവെള്ള ഭീഷണി ഒഴിഞ്ഞെങ്കിലും കൃഷി തോന്നിയ സമയത്തായി. വിതയും കൊയ്ത്തും വ്യവസ്ഥയില്ലാതെ നീണ്ടതോടെ ബണ്ട് അടച്ചിടുന്ന കാലയളവ് കൂട്ടേണ്ടിവന്നു. ഫലത്തിൽ ബണ്ടിനു തെക്കുള്ള കായൽ ശുദ്ധജലത്തടാകമായി മാറി. വേലിയേറ്റ-വേലിയിറക്കങ്ങൾ ബാധിക്കാത്ത കനാലുകളിലും തോടുകളിലും കളകളും കീടങ്ങളും പെരുകി. ഓരുവെള്ളം കയറാതായതോടെ നെല്ലിനെ ബാധിക്കുന്ന കീടങ്ങൾ നിയന്ത്രണാതീതമായി. കീടനാശിനി പ്രയോഗം കൂടി. കളകൾ പെരുകി. മാരകമായ കളനാശിനികളുടെ ഉപയോഗവും കൂടി. മാലിന്യം ഒഴുകിപ്പോകാതെയും അഴുകാതെയും വെള്ളം മലിനമായി. ഇത് സാംക്രമികരോഗങ്ങൾക്കു കാരണമായി.

ആലപ്പുഴപട്ടണത്തിന്റെ ജീവനാഡികളായിരുന്ന കനാലുകൾ നശിച്ചതും ഓരുവെള്ളക്കയറ്റം ഇല്ലാതായതോടെയാണ്. വേലിയേറ്റവും വേലിയിറക്കവും ബാധിക്കാതായപ്പോൾ ഭൂഗർഭ ജലവിതാനം താഴുകയും തണ്ണീർമുക്കത്തിനു തെക്കുള്ള കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാവുകയും ചെയ്തു.  

നെൽക്കൃഷി വർധിച്ചില്ല

1970-കളിൽ 60,921 ഹെക്ടർ നെൽക്കൃഷിയാണുണ്ടായിരുന്നത്. ഇത് 2003 ആയപ്പോഴേക്കും 37,634 ഹെക്ടറായി ചുരുങ്ങി. 12,677 ഹെക്ടർ നിലം തരിശിട്ടു. 5048 ഹെക്ടർ വെള്ളക്കെട്ടായി മാറി. കാർഷികേതര വിനിയോഗത്തിനുള്ള ഭൂമിയുടെ അളവ് 1400 ഹെക്ടറിൽനിന്ന് 4000 ഹെക്ടറായി വർധിച്ചു. മിശ്രവിളക്കൃഷിയുടെ വിസ്തീർണം 55,000 ഹെക്ടറിൽനിന്ന് 60,000 ഹെക്ടറായി ഉയർന്നു. നികത്തലും നഗരവത്കരണവും തരിശിടലും വെള്ളക്കെട്ടുമൊക്കെയായി നെൽക്കൃഷിയുടെ വിസ്തൃതി 38 ശതമാനം കുറഞ്ഞു. സംസ്ഥാനത്തെ ആകെ നെല്ലുത്പാദനത്തിൽ കുട്ടനാടിന്റെ പങ്ക് 1970 വരെ 37 ശതമാനമായിരുന്നു. 2003-ൽ ഇത് 18 ശതമാനത്തിലേക്കു താണു.

മത്സ്യങ്ങൾ കുറഞ്ഞു

ബണ്ടു നിർമിച്ചതിനുശേഷം വേമ്പനാട്ടുകായലിൽ തണ്ണീർമുക്കത്തിനു തെക്ക് മത്സ്യലഭ്യതയിൽ കാര്യമായ കുറവാണുണ്ടായത്. ബണ്ടു വരുന്നതിനുമുമ്പ് കായലിലെ വാർഷിക മത്സ്യോത്പാദനം 16,000 ടൺ ആയിരുന്നു. അത് 7000 ടൺ ആയി കുറഞ്ഞു. ആറ്റുകൊഞ്ചിന്റെ മാത്രം ഉത്പാദനം 400 ടണ്ണിൽനിന്ന് 20-30 ടൺ ആയി കുറഞ്ഞു. ബണ്ടിനു തെക്കുഭാഗത്തെ മത്സ്യോത്പാദനം വർഷത്തിൽ 500-550 ടൺ മാത്രമാണ്. ഒട്ടേറെ മത്സ്യത്തൊഴിലാളികുടുംബങ്ങളെ ഇതു ദുരിതത്തിലാക്കി. കായലിൽനിന്നുള്ള കക്കയുടെ അളവ് 28,000 ടണ്ണിൽനിന്ന് 7200 ടണ്ണിലേക്കു കൂപ്പുകുത്തി.

തോട്ടപ്പള്ളി സ്പിൽവേ

പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലൂടെ വർഷകാലത്ത് ഒഴുകിയെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളഞ്ഞ് കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് തോട്ടപ്പള്ളി സ്പിൽവേ. ഈ മൂന്നു നദികൾ ചേരുന്ന ഭാഗത്തിനു താഴെ തോടുണ്ടാക്കി സെക്കൻഡിൽ 19,500 ഘനമീറ്റർ വെള്ളം കടലിലേക്ക് ഒഴുക്കിവിടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നു മാത്രമേ (സെക്കൻഡിൽ 6000 ഘനമീറ്റർ) നിർമാണം പൂർത്തിയായപ്പോൾ സ്പിൽവേയിലൂടെ ഒഴുകിയുള്ളൂ. കാലവർഷ സമയത്ത് കടൽത്തീരത്തെ ജലനിരപ്പ് ഉയർന്നിരിക്കുമെന്ന വസ്തുത പരിഗണിക്കാഞ്ഞതാണ് തിരിച്ചടിയായത്. ഫലത്തിൽ, സ്പിൽവേയുടെ നിർമിച്ചതും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരമായില്ല.  

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്

കുട്ടനാട്ടിലുണ്ടായ മറ്റൊരു വികസന ഇടപെടലാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അഥവാ എ.സി. റോഡ്. 24 കിലോമീറ്റർ പാത കുട്ടനാട്ടുകാരുടെ യാത്രാസൗകര്യം വർധിപ്പിച്ചു. റോഡിനു തെക്ക്‌ വെള്ളപ്പൊക്കം രൂക്ഷമാകുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ് എ.സി. കനാൽ. വെള്ളം ഒഴിഞ്ഞുപോകാനുള്ള ഈ കനാൽ പാതിവഴിയിൽ ഉപേക്ഷിച്ചു. എ.സി. റോഡിന്റെ തെക്കുവടക്കു ഭാഗങ്ങളിലേക്ക് ഒട്ടേറെ ഇടറോഡുകൾ തീർത്ത് യാത്രാസൗകര്യം കൂട്ടി. എന്നാൽ, ഈ റോഡുകൾ പണിതപ്പോൾ വെള്ളമൊഴുകാനുള്ള വഴികൾ മിക്കതും അടഞ്ഞുപോയി. വെള്ളക്കെട്ടും കളകളും കീടങ്ങളും പെരുകിയതാണ് ഇതിന്റെ ദുരന്തഫലം. ഇത്‌ കുട്ടനാടിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകർക്കുന്ന തരത്തിലേക്കായി.

കരിങ്കൽ പുറംബണ്ടുകളുടെ നിർമാണം

ഭൂവികസന കോർപ്പറേഷൻ മുഖേന 1970-കളിൽ നടപ്പാക്കിയ കരിങ്കൽ പുറംബണ്ടു നിർമാണവും കുട്ടനാട്ടിലെ മറ്റൊരു വികസന ഇടപെടലായിരുന്നു. ഇത്തരം ബണ്ടുകൾ കുട്ടനാട്ടിലെ പാടശേഖരങ്ങളിലേക്കു വെള്ളം കയറുന്നതും എക്കൽ അടിയുന്നതും തടഞ്ഞത് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറച്ചെന്ന് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. തോടുകളിലേക്കും കനാലുകളിലേക്കും വ്യാപിച്ച് വെള്ളമൊഴുകിപ്പോകാനുള്ള വഴികൾ ഇത്തരം കരിങ്കൽ ബണ്ടുകൾ അടയ്ക്കുകയോ കുറയ്ക്കുകയോ ചെയ്തു. പാടങ്ങളുടെ ഫലഭൂയിഷ്ഠത കുറഞ്ഞത് അമിത രാസവള പ്രയോഗത്തിലേക്കു നയിച്ചു. മഴക്കാലത്തു പാടങ്ങളിലേക്കു വെള്ളം കയറാത്തതും ജലവാഹകശേഷി കുറഞ്ഞതും വെള്ളപ്പൊക്കത്തിന്റെ തീവ്രതകൂട്ടി.

എൻഡോസൾഫാൻമുതൽ മാലത്തിയോൺവരെ വെള്ളത്തിൽ

അനുവദനീയമായ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിക്ക് 10-50 വരെ. പക്ഷേ, പതിനായിരത്തിൽ അധികമാണ് വേമ്പനാട്ടു കായലിലും കുട്ടനാട്ടിലെ മറ്റു ജലാശയങ്ങളിലെയും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. ക്രോമിയം, കാഡ്മിയം, ലെഡ്, നൈട്രേറ്റ്, സൾഫേറ്റ് എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യവുമുണ്ട്. കായൽ മലിനമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ഒഴുക്കു തടസ്സപ്പെടുന്നതാണ്. ബണ്ട് അടച്ചിടുന്നത് കായലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. മനുഷ്യ-ജന്തു മാലിന്യം കെട്ടിക്കിടക്കാൻ കാരണമാകുകയും ചെയ്യും. എൻ‌ഡോസൾഫാൻ മുതൽ മാലത്തിയോൺവരെയുള്ള 13 തരം കീടനാശിനികളുടെ അവശിഷ്ടം കായലിൽ  കണ്ടെത്തിയിട്ടുണ്ട്. (2018 ജൂൺ 21-ന്‌ നിയമസഭയിൽവെച്ച പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്).

നിർദേശിച്ചതിൽ കൂടുതൽ കാലം തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത്‌ കുട്ടനാടിനെയും കായലിലെ മത്സ്യലഭ്യതയെയും ബാധിക്കുന്നു. വർഷത്തിൽ 90 ദിവസം അടയ്ക്കണമെന്നായിരുന്നു നിർ‌ദേശം. എന്നാൽ, 40 വർഷത്തെ കണക്കുനോക്കിയാൽ ശരാശരി 122 ദിവസം അടച്ചിട്ടുണ്ട്. 1987-ൽ അടച്ചിട്ടത് 182 ദിവസം. ബണ്ട് അടയ്ക്കുമ്പോൾ 30-40 ശതമാനം വിസ്തൃതിയിൽ ജലകളകൾ വർധിക്കുന്നു. രാജ്യാന്തര കായൽക്കൃഷി ഗവേഷണ പരിശീലനകേന്ദ്രം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ആഴം കുറയുന്നു, കായൽ ചതുപ്പുനിലമാകും

ആഴം കുറയുന്നതു കാരണം 20 വർഷത്തിനകം വേമ്പനാട്ടുകായൽ ചതുപ്പു നിലമാവുമെന്ന പഠനറിപ്പോർട്ട്‌ രണ്ടുവർഷം മുന്നേ പുറത്തുവന്നിരുന്നു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയാണ് (കുഫോസ്) ഈ മുന്നറിയിപ്പു നൽകുന്നത്. രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രവും വേമ്പനാട്ടുകായലിന്റെ ആഴം കുറയുന്നുവെന്നു മുന്നറിയിപ്പ് നൽകിയിരുന്നു. കായലിന്റെ ആഴം കുറയുകയും സൂര്യപ്രകാശം നേരിട്ട് താഴെത്തട്ടിൽ എത്തുകയും ചെയ്തപ്പോൾ കായലിന്റെ അടിത്തട്ടിൽ സസ്യങ്ങളും മരങ്ങളും മുളപൊട്ടി വളരാൻ തുടങ്ങിയെന്ന് രാജ്യാന്തര കായൽ ഗവേഷണകേന്ദ്രം കണ്ടെത്തിയിരുന്നു.

25 വർഷത്തിനിടെ 30 ശതമാനം മെലിഞ്ഞു

കായലിന്റെ ആഴം കുറയുന്നതോടെ ചെറിയ മഴയ്ക്കുപോലും കരയിലേക്കു വെള്ളം കയറും. നദികളിൽ നിന്നുവരുന്ന വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി വേമ്പനാട്ടുകായലിനു നഷ്ടമാവുന്നു. 25 വർഷത്തിനിടെ കായലിന്റെ വിസ്തൃതി 30 ശതമാനമാണ് കുറഞ്ഞത്. കൊച്ചി വൈപ്പിൻ ഭാഗത്തെ പാലങ്ങളുടെ നിർമാണത്തിനു പിന്നാലെ ഉപേക്ഷിച്ച വസ്തുക്കളും പാലങ്ങൾക്കിടയിൽ അടിഞ്ഞ മാലിന്യവും നീക്കി ഒഴുക്കു പുനഃസ്ഥാപിക്കണമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 8-9 മീറ്റർ ആയിരുന്നു 1930-ൽ തണ്ണീർമുക്കം ഭാഗത്തെ വേമ്പനാട്ടു കായലിന്റെ ആഴം. എന്നാലിപ്പോൾ അത് 1.6-4.5 മീറ്റർ മാത്രമായി. തണ്ണീർമുക്കം ഭാഗത്തുമാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ ചുരുങ്ങിയത് 4276 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണു പഠനറിപ്പോർട്ടിൽ പറയുന്നത്.