‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവൻ കഴുത്തറ്റം വെള്ളത്തിൽ 
നിൽക്കുന്നു. വെള്ളം, സർവത്ര ജലം! 
നാട്ടുകാരെല്ലാം കരതേടിപ്പോയി’ 

-അരനൂറ്റാണ്ടുമുന്പ് കുട്ടനാടിന്റെ പശ്ചാത്തലത്തിൽ  തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ഏറെ പ്രശസ്തമായ കഥയുടെ തുടക്കമിതാണ്. വെള്ളവും കുട്ടനാടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വരച്ചുകാട്ടുന്ന കഥ. കുട്ടനാടിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചചെയ്യുമ്പോൾ ആ നാട് രൂപംകൊണ്ടതിനെപ്പറ്റി അറിയണം.

അഞ്ചുനദികളും കായലും ചേർന്ന് രൂപപ്പെടുത്തിയ എക്കൽത്തടം
പമ്പ, മണിമല, അച്ചൻകോവിലാറ്‌, മീനച്ചിലാറ്‌, മൂവാറ്റുപുഴ എന്നീ നദികളും വേമ്പനാട്ടുകായലും ചേർന്ന്‌ രൂപപ്പെടുത്തിയ എക്കൽത്തടമാണ് കുട്ടനാട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി  കിടക്കുന്ന ഈ പ്രത്യേക ഭൂപ്രദേശത്തിന്റെ വിസ്തൃതി 870 ചതുരശ്രകിലോമീറ്റർ. ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലും കോട്ടയത്തെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 വില്ലേജുകൾ കുട്ടനാടിന്റെ ഭാഗമാണ്.
രാജ്യത്തെത്തന്നെ നെൽക്കൃഷിയുടെ പ്രധാന കേന്ദ്രമാണ്. സമുദ്രനിരപ്പിനെക്കാൾ താഴെയാണ് എന്നത്‌ സവിശേഷതയാണ്. സമുദ്രനിരപ്പുമായി 2.2 മീറ്റർ താഴെമുതൽ 0.6 മീറ്റർ മുകളിൽവരെ ഉയർന്നിട്ടുമാണ് ഭൂഘടന. സമുദ്രനിരപ്പിനുതാഴെ കൃഷിചെയ്യുന്ന പ്രദേശമെന്നനിലയിൽ ലോകശ്രദ്ധയാകർഷിച്ച നാടുകൂടിയാണ്.

ചുട്ടെടുത്ത നാടും കൊറ്റനാരയും
കുട്ടനാടെന്ന തുരുത്ത് രൂപപ്പെട്ടതിനെപ്പറ്റി കഥകൾ ഏറെയുണ്ട്. ചുട്ടനാടാണ് കുട്ടനാട് ആയതെന്ന് ഒരുകൂട്ടർ പറയുന്നു. നിബിഡവനമായിരുന്ന പ്രദേശം കാട്ടുതീയാൽ ചുട്ടെരിക്കപ്പെടുകയും സമുദ്രത്തിൽ മുങ്ങുകയുംചെയ്തു. കാലാന്തരത്തിൽ സമുദ്രം പിൻവാങ്ങിയപ്പോൾ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാടത്രേ. നിലങ്ങളിലെ ഉയർന്ന ജൈവാംശവും പലയിടങ്ങളിലും, പ്രത്യേകിച്ച്‌ കരിനിലങ്ങളിൽ കാണപ്പെടുന്ന മരക്കരിയുടെ അവശിഷ്ടവും ചുട്ടനാടാണ് കുട്ടനാട് ആയതെന്ന വാദത്തിന്‌ ബലമേകുന്നു കുട്ടന്റെ നാടാണ് എന്ന്‌ മറ്റൊരുകൂട്ടർ. കുട്ടൻ എന്നത് ബുദ്ധന്റെ വിളിപ്പേരാണെന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിധ്യം ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നുവെന്നും വാദിക്കുന്നവരുണ്ട്.
കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്കര (കോട്ടയം ജില്ല), കടപ്ര (പത്തനംതിട്ട ജില്ല), വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കുസമീപം) നക്കഡ (നാക്കട, തിരുവല്ലയ്ക്കുസമീപം) എന്നിവ കുട്ടനാടിന്റെ ഭാഗമായിരുന്നു. ഇവ പിന്നീട് തുറമുഖങ്ങളല്ലാതായി. സഞ്ചാരചരിത്രകാരന്മാരായിരുന്ന ടോളമി, പ്ലിനി മുതലായവരുടെ രചനകളിൽ കുട്ടനാടിനെ ‘കൊറ്റനാര’ എന്നാണ്‌ സൂചിപ്പിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ പ്രാചീന തുറമുഖങ്ങളായിരുന്ന ബരാകെയിൽനിന്നടക്കം (ഇപ്പോഴത്തെ പുറക്കാട്) വൻതോതിൽ കുരുമുളക് കയറ്റിയയച്ചിരുന്നതായി ഇവരുടെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂറിന്റെ നെല്ലറ
കുട്ടനാടിന്റെ വിസ്തൃതി കൊല്ലംമുതൽ കൊച്ചിവരെയായിരുന്നു. ചെമ്പകശ്ശേരി രാജാക്കന്മാരുടെ കാലമാണ് കുട്ടനാടിന്റെ സുവർണകാലമെന്ന്‌ കരുതപ്പെടുന്നത്. കാർഷികചരിത്രത്തിലെ സുവർണകാലഘട്ടം തുടങ്ങുന്നത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ ആലപ്പുഴയിൽ തുറമുഖം നിർമിച്ചതോടുകൂടിയാണ്.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു അതേവരെ തിരുവിതാംകൂറിന്റെ നെല്ലറ. എന്നാൽ, വർധിച്ചുവരുന്ന ഭക്ഷണാവശ്യം നിറവേറ്റുന്നതിന്‌ മറ്റൊരു നെല്ലറകൂടി വേണ്ടതുണ്ട് എന്നും അതിന് ഏറ്റവുംപറ്റിയ സ്ഥലം കുട്ടനാടാണെന്നുമുള്ള തിരുവിതാംകൂർ ഭരണാധികാരികളുടെ തിരിച്ചറിവാണ് പ്രദേശത്തെ കേരളത്തിന്റെ നെല്ലറയാക്കിയത്.

കൈക്കരുത്തും സാഹസികതയും രൂപപ്പെടുത്തിയ നാട്
വേമ്പനാട്ടുകായലിൽനിന്ന്‌ മനുഷ്യന്റെ കൈക്കരുത്താൽ കെട്ടിപ്പടുത്തതാണ് കുട്ടനാടൻ പാടശേഖരങ്ങൾ. ഭൂപ്രകൃതിയനുസരിച്ച്‌ കുട്ടനാടിനെ അപ്പർകുട്ടനാടെന്നും പുതിയ ലോവർ കുട്ടനാടെന്നും തിരിക്കാം. അപ്പർകുട്ടനാട് മുഖ്യമായും വേമ്പനാട്ടുകായലിൽ പതിക്കുന്ന നദികൾ നിക്ഷേപിച്ച എക്കലും മണ്ണും അടിഞ്ഞ്‌ രൂപപ്പെട്ടവയാണ്. ചില പ്രദേശങ്ങളാകട്ടെ, ആഴംകുറഞ്ഞ കായൽഭാഗങ്ങൾ നികത്തി രൂപപ്പെടുത്തിയവയും. എന്നാൽ, ലോവർ കുട്ടനാടൻ പ്രദേശങ്ങൾ പൂർണമായും ആഴംകൂടിയ കായൽനിലങ്ങൾ നികത്തിയെടുത്തതാണ്. 19-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് ഈ ഭൂവിഭാഗം ഉണ്ടാക്കിയെടുത്തത്.

കൃഷിക്കായി കായൽ നികത്തിയെടുക്കുന്നു
കായലിൽനിന്ന്‌ കര ഉയർത്തിയെടുത്ത് കൃഷിചെയ്യാൻ കൈക്കരുത്തും സാഹസികതയുംമാത്രം പോരാ, കൂട്ടായ്മയുംവേണം. ആയിരക്കണക്കിന്‌ മനുഷ്യരുടെ കഠിനാധ്വാനംകൊണ്ട് രൂപപ്പെട്ടവയാണ് കുട്ടനാട്ടിലെ കായൽനിലങ്ങൾ. അതിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ പങ്ക് എടുത്തുപറയണം. സർക്കാർ ഉടമസ്ഥതയിലായിരുന്ന കായൽ, ഭരണകൂടത്തിന്റെ അനുമതിയും പ്രോത്സാഹനവും കാരണമാണ്‌ കൃഷിക്ക്‌ യോഗ്യമായത്. ചില സ്വകാര്യ സംരംഭകരുടെ പ്രയത്നത്താൽ ഏകദേശം 250 ഹെക്ടർ നിലംമാത്രമാണ് ആദ്യഘട്ടത്തിൽ നികത്തി കൃഷിയോഗ്യമാക്കിയത്.
കൂടുതൽ സ്ഥലത്ത് കൃഷിയിറക്കേണ്ടതാണെന്ന തിരിച്ചറിവിൽ ഭരണകൂടംതന്നെ വിശാലമായ കായൽഭാഗങ്ങൾ നികത്തുന്നതിന് അനുമതി നൽകി. 1880-കളുടെ തുടക്കത്തിൽ  കായൽ നികത്തുന്നതിന്‌ സർക്കാർ നാലുശതമാനം പലിശനിരക്കിൽ വായ്പയനുവദിക്കുകയുംചെയ്തു. ഇങ്ങനെ നികത്തിയ നിലങ്ങൾക്ക്‌ അഞ്ചുവർഷം ഭൂനികുതി ഇളവുമുണ്ടായിരുന്നു.

ഇരവി കേശവപ്പണിക്കരും കായൽരാജാവും
1888-ൽ നികത്തലിന്റെ രണ്ടാംഘട്ടം തുടങ്ങി. കാവാലം ചാലയിൽ തറവാട്ടിൽ ഇരവി കേശവപ്പണിക്കർ, ചേന്നങ്കരിയാർ കായലിൽ പതിക്കുന്ന ആറ്റുമുഖത്ത്‌ ചിറകെട്ടി, നികത്തലിന്‌ തുടക്കംകുറിച്ചു. ഈ നിലത്തിന് ആറ്റുമുട്ടുകായൽ എന്നു പേരുനൽകി. തുടർന്ന് പല കായൽഭാഗങ്ങളും നികത്തി കൃഷിസ്ഥലങ്ങളാക്കിയ അദ്ദേഹം പുളിങ്കുന്നു വില്ലേജിലെ മതികായലോടെ നികത്തൽ നിർത്തി. ഈ ഘട്ടത്തിൽ രൂപംകൊണ്ട പ്രധാന നിലങ്ങളാണ് കാവാലം വില്ലേജിലെ രാജാരാമപുരം, മാണിക്യമംഗലം കായലുകൾ, കൈനകരി വില്ലേജിലെ ആറുപങ്ക് ചെറുകാലി കായൽ മുതലായവ.  1903-ൽ മദ്രാസ് പ്രസിഡൻസി സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് തിരുവിതാകൂർ രാജാവ് കായൽനികത്തൽ നിർത്തിവെച്ച് ഉത്തരവിട്ടു. അമിതമായ നികത്തൽമൂലം കൊച്ചിതുറമുഖകവാടത്തിൽ മണ്ണടിഞ്ഞ് തുറമുഖത്തിനു ഭീഷണിയാകുമെന്ന ആശങ്കയെത്തുടർന്നാണിത്.
 1912-ൽ നിരോധനം പിൻവലിച്ചതോടെ നിലംനികത്തലിന്റെ മൂന്നാംഘട്ടം ആരംഭിച്ചു. കായൽരാജാവ് എന്ന പേരിൽ പ്രശസ്തനായ മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന മുരിക്കൻ, പ്രസിദ്ധമായ റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ നികത്തിയെടുത്തത് ഈ ഘട്ടത്തിലാണ്. എല്ലാ പിന്തുണയും നൽകിയ അന്നത്തെ തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മിബായിയോടുള്ള ആദരസൂചകമായാണ് രാജകുടുംബവുമായി ബന്ധമുള്ള പേരുകൾ നൽകിയത്.

പെട്ടിയും പറയും യന്ത്രങ്ങൾക്ക്‌ വഴിമാറുന്നു
ഒന്നും രണ്ടും ഘട്ടങ്ങളിൽ പെട്ടിയും പറയും ഉപയോഗിച്ചാണ് കായൽനിലങ്ങൾ നികത്തിയതെങ്കിൽ  മൂന്നാംഘട്ടത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ വെള്ളം വറ്റിച്ചത്. മണ്ണെണ്ണയും ഡീസലും ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന മോട്ടോറുകൾ രംഗത്തുവന്നു. ബ്രിട്ടനിൽ ഉപയോഗിച്ചിരുന്ന പമ്പുകൾ ഇറക്കുമതിചെയ്താണ് ആദ്യമൊക്കെ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ കൂടുതൽ നിലങ്ങൾ ഈ ഘട്ടത്തിൽ നികത്തപ്പെട്ടു. ഏകദേശം 5000 ഹെക്ടർ നിലം ഈ ഘട്ടത്തിൽ രൂപംകൊണ്ടു. 1943-ഓടെ നികത്തൽ അവസാനിച്ചു. നികത്തിയെടുത്ത നിലത്തിന്‌ രാജകുടുംബാംഗങ്ങളുടെയോ ദിവാന്റെയോ അല്ലെങ്കിൽ നികത്തപ്പെട്ട ഭാഗത്തെ കായലിന്റെ വിളിപ്പേരോ അതുമല്ലെങ്കിൽ നികത്തിയെടുക്കുന്ന യത്നത്തിൽ  പങ്കെടുത്തവരുടെ എണ്ണമായോ ആണ് പേരുനൽകിയത്. 
(തുടരും)

തയ്യാറാക്കിയത്‌:
 എം.എസ്. ഗോപകുമാർ
 കെ. രംഗനാഥ് കൃഷ്ണ