ഒരു ക്രൈസ്തവസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് ഈ പോര്. പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുകയും സ്വന്തം ജീവൻ മറ്റുള്ളവർക്കുവേണ്ടി പരിത്യജിക്കുകയും ചെയ്ത യേശുനാഥന്റെ അനുയായികൾ! ‘ലോകത്തിന്റെ ലംഘനങ്ങളെ കണക്കിടാതെ, ലോകത്തെ ക്രിസ്തുവിൽ അനുരഞ്ജനപ്പെടുത്തി’ എന്ന് ഉദ്‌ഘോഷിക്കുന്ന ക്രൈസ്തവ പുരോഹിതരാണ് ഇരുവശത്തും കോതമംഗലം മാർതോമാ പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന കോടതി ഉത്തരവിന് അനുകൂലമായും പ്രതികൂലമായും കോതമംഗലത്ത് അരങ്ങേറുന്ന അനിഷ്ടസംഭവങ്ങൾ തീർത്തും നിരാശാജനകമാണ്; കേരളത്തിന്റെ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണ്.
അനുരഞ്ജനസാധ്യത ഇല്ലേ
ഒരു ക്രൈസ്തവസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് ഈ പോര്. പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുകയും സ്വന്തം ജീവൻ മറ്റുള്ളവർക്കുവേണ്ടി പരിത്യജിക്കുകയുംചെയ്ത യേശുനാഥന്റെ അനുയായികൾ!
‘ലോകത്തിന്റെ ലംഘനങ്ങളെ കണക്കിടാതെ, ലോകത്തെ ക്രിസ്തുവിൽ അനുരഞ്ജനപ്പെടുത്തി’ എന്ന് ഉദ്‌ഘോഷിക്കുന്ന ക്രൈസ്തവപുരോഹിതരാണ് ഇരുവശത്തും. എങ്കിൽ, ക്രിസ്തുചെയ്തതുപോലെ അനുരഞ്ജനം നടത്താനുള്ള ബാധ്യത ഇവർക്കില്ലേ? ക്രിസ്തീയസുവിശേഷത്തിന്റെ മർമം എന്നുപറയുന്നത് അനുരഞ്ജനമല്ലേ?
ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ 2017-ലെ വിധിപ്രകാരം മലങ്കരസഭയിൽ പരസ്പരം പോരാടുന്ന രണ്ടുവിഭാഗങ്ങൾ -ഓർത്തഡോക്സും യാക്കോബയും- ഒരുമിച്ച് ഒരു സഭയാകേണ്ടതും ഇരുവിഭാഗങ്ങളിലുമുള്ള ഏകദേശം ആയിരത്തിയഞ്ഞൂറോളം പള്ളികൾ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതുമാണ്. സമാന്തരഭരണം പൂർണമായും സുപ്രീംകോടതി നിരാകരിച്ചു. സുപ്രീംകോടതിയുടെ ഈ വിധിക്കനുസരിച്ചേ കീഴ്‌ക്കോടതികൾക്ക് തിരുമാനമെടുക്കാനാകൂ. 2017-ലെ സുപ്രീംകോടതിവിധി അംഗീകരിക്കുന്നതാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യനടപടി. യാക്കോബായപക്ഷത്തിന്റെ അപ്പീലിന്മേലാണ് സുപ്രീംകോടതി വിധിപ്രഖ്യാപിച്ചത്. തങ്ങൾക്കനുകൂലമല്ലാത്ത വിധി സ്വീകരിക്കുകയില്ല എന്നുപറയുന്നതിൽ എന്ത് ന്യായമാണുള്ളത്?.
തിരുത്തലും വിട്ടുവീഴ്ചകളും വേണം
ഈപ്രശ്നത്തിന്റെ അടിസ്ഥാനകാര്യമെന്താണ്? 1934-ലെ ഭരണഘടനാനുസൃതമായ പദവികൾ പാത്രിയാർക്കീസിനുനൽകാൻ ഓർത്തഡോക്സ് സഭ സന്നദ്ധമാകുന്നില്ല. എതിർവിഭാഗമാകട്ടെ പാത്രിയാർക്കീസിന് അമിതാധികാരങ്ങൾ നൽകി, മലങ്കരസഭയെ സിറിയക് ഓർത്തഡോക്സ് സഭയുടെ ഒരു അതിഭദ്രാസനമാക്കി തരംതാഴ്ത്തുന്നു. ഇതു രണ്ടും തെറ്റാണ്. ഇതു തിരുത്താതെ ശാശ്വതസമാധാനം മലങ്കരസഭയിൽ ഉണ്ടാകില്ല.
കേരള മുഖ്യമന്ത്രി തുടങ്ങിവെച്ച സമാധാനശ്രമങ്ങൾ ഒരുപാട് പ്രതീക്ഷകളുണർത്തി. എന്നാൽ, ഇത് വിജയിക്കണമെങ്കിൽ ആദ്യം വേണ്ടത് ഇരുവിഭാഗങ്ങളിലും ഒരു പ്രവർത്തന ഐക്യം (Functional unity) ഉണ്ടാകേണ്ടതാണ്. എന്നാൽമാത്രമേ ഒരു ജൈവഐക്യത്തിന് (organic unity) വഴിയൊരുങ്ങൂ. ഇതിനുവേണ്ടി ഇരുവിഭാഗങ്ങളിലെയും സമാധാനകാംക്ഷികളായവരുടെ ഒരു അനുരഞ്ജനകമ്മിറ്റിയുണ്ടാക്കണം. അതിൽ മെത്രാന്മാർ, വൈദികർ, അൽമായർ എന്നിവരുടെ പ്രതിനിധികൾവേണം. ഇരുവിഭാഗത്തിലുംപെട്ട ഒരുപാടുപേരെ വ്രണപ്പെടുത്തിയ മുറിവുകൾ ഉണക്കാൻ നിരന്തരമായ പരിശ്രമങ്ങൾവേണം.
2017-ലെ സുപ്രീംകോടതിവിധി അംഗീകരിക്കുന്നുവെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ യാക്കോബായപക്ഷം ഇനിയും അമാന്തിക്കരുത്. 1934-ലെ ഭരണഘടനയിലെ ചില വകുപ്പുകൾ അവർക്ക് സ്വീകാര്യമല്ലെങ്കിൽ അത് ഭേദഗതിചെയ്യാൻ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടല്ലോ. 1958-ൽ സഭയിൽ ഇരുവിഭാഗങ്ങളും യോജിച്ചപ്പോൾ ഈ ഭരണഘടനതന്നെയല്ലേ അംഗീകരിച്ചത്.
സുപ്രീംകോടതിവിധി യാക്കോബായവിഭാഗം അംഗീകരിക്കുന്നപക്ഷം അവരുടെ പള്ളികളിലെ നിലവിലുള്ള വികാരിമാരെ അവിടെത്തന്നെ തുടരാൻ ഓർത്തഡോക്സ് പക്ഷം അനുവദിക്കണം. അപ്പോൾ വിശ്വാസികൾക്ക് അതതുപള്ളികളിൽ തുടരാൻ കഴിയും.
വിലങ്ങുതടികൾ ആര്
ഇതുസാധ്യമല്ലെങ്കിൽ, പിന്നെ യാക്കോബായപക്ഷത്തിനുമുന്നിൽ പള്ളികൾ വിട്ടൊഴിയുകയല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല.
പുതുതായി അഞ്ഞൂറോളം പള്ളികൾ ഉണ്ടാക്കണം. ഒരു പള്ളിക്ക് ശരാശരി അഞ്ചുകോടി രൂപ (?) നിരക്കിൽ 2500 കോടിരൂപ വേണം. ദൈവത്തിന്റെ പേരുപറഞ്ഞ് ഇതെല്ലാം വിശ്വാസികളിൽനിന്നു പിഴിഞ്ഞെടുത്താൽ തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് ഒരു കോട്ടവും ഉണ്ടാകില്ലെന്ന് നേതൃത്വത്തിനറിയാം. നേർച്ചപ്പണം കൈയിട്ടുവാരി ജീവിക്കുന്ന കുറെ ഇത്തിൾക്കണ്ണികൾക്കും ഇതുകൂടിയേ തീരൂ. സഭയിൽ സമാധാനമുണ്ടാക്കാനുള്ള വിലങ്ങുതടികൾ ഇവരാണ്.
സുപ്രീംകോടതിവിധിക്കനുസരിച്ചേ സർക്കാരിന് പ്രവർത്തിക്കാനാകൂ; ഇടതായാലും വലതായാലും. അതുസംഭവിക്കുന്നില്ലെങ്കിൽ അതിനുകാരണം വോട്ടുബാങ്കാണ്. തിരഞ്ഞെടുപ്പ് വാതിൽക്കൽ വന്നുനിൽക്കുമ്പോൾ രാഷ്ട്രീയക്കാർ അങ്ങനെയല്ലേ ചിന്തിക്കൂ? കോടതി ഉത്തരവനുസരിച്ച് മാർതോമാ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് പക്ഷത്തെ ഏൽപ്പിച്ചേ മതിയാകൂ. ‘വിശ്വാസികളെ ആരും ഇറക്കിവിടില്ല’ എന്ന് ഓർത്തഡോക്സുകാർ പറയുന്നുണ്ടെങ്കിലും യാക്കോബായവിശ്വാസികൾ അത് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. നാളെ, പോലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സുകാർക്ക് ആരാധന നടത്താം, വിശുദ്ധബലിയർപ്പിക്കാം. എന്നാൽ, സഹോദരനുമായി അനുരഞ്ജനപ്പെടാതെ നടത്തുന്ന ഈ ബലി ദൈവം സ്വീകരിക്കുമോ?
ഇന്ന് കോതമംഗലം, നാളെ കരിങ്ങാച്ചിറ, മറ്റന്നാൾ മണർകാട് എല്ലായിടത്തും ഇതേ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. സ്വയം നാശത്തിനുള്ള വിത്തുകൾ വിതറിക്കൊണ്ട്!
(മുൻ ചീഫ് സെക്രട്ടറിയും ഓർത്തഡോക്സ് സഭാംഗവുമാണ് ലേഖകൻ)