ഇക്കഴിഞ്ഞ ഓഗസ്റ്റ് 25-ാം തീയതി കേരള പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.) തികച്ചും അസാധാരണമായ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരണത്തിനായി നൽകുകയുണ്ടായി. ‘ശിക്ഷാനടപടി സ്വീകരിക്കും’ എന്ന ഭീഷണിസ്വരത്തിലുള്ള തലക്കെട്ടാണ് കുറിപ്പിന്. പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്ത ഒഴിവുകളുടെ കാര്യത്തിൽ കമ്മിഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ‘വ്യാജപ്രചാരണം’ ഒരുസംഘം ഉദ്യോഗാർഥികൾ നടത്തുന്നു എന്നതാണ് കമ്മിഷന്റെ ആക്ഷേപം. ‘‘യാതൊരു തത്ത്വദീക്ഷയുമില്ലാതെ പി.എസ്.സി.യെ അപകീർത്തിപ്പെടുത്തുന്നവിധത്തിൽ ദുഷ്‌പ്രചാരണം അഴിച്ചുവിട്ട ഈ ഉദ്യോഗാർഥികളെ പി.എസ്.സി. തിരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കാനും ഇവർക്കുനേരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു’’ എന്ന് പത്രക്കുറിപ്പിൽ പറയുന്നു. പരീക്ഷാകേന്ദ്രം മാറ്റുന്നതുസംബന്ധിച്ച മറ്റൊരു വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിൽ തെറ്റായ പ്രചാരണമുണ്ടായെന്നും കുറിപ്പിൽ സൂചനയുണ്ട്.
പി.എസ്.സി.യുടെ പ്രവർത്തനങ്ങളെപ്പറ്റി തെറ്റായകാര്യങ്ങൾ ആരെങ്കിലും പ്രചരിപ്പിച്ചാൽ അത് ചൂണ്ടിക്കാണിക്കാനും വിശദീകരിക്കാനുമുള്ള അവകാശവും ബാധ്യതയും കമ്മിഷനുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചില ഒഴിവുകൾ മാറ്റിവെച്ചതെന്ന് കമ്മിഷൻ പറയുന്നു. അതിന്റെ ന്യായാന്യായങ്ങൾ അതുമായിബന്ധപ്പെട്ട വ്യവഹാരനടപടികളിൽ തീരുമാനിക്കപ്പെടട്ടെ.
പി.എസ്.സി.ക്ക് ഒരവകാശവുമില്ല
എന്നാൽ, പി.എസ്.സി.യുടെ നടപടികൾക്കുനേരെ ഉന്നയിച്ച വിമർശനം തെറ്റാണെങ്കിൽപോലും അത്തരം ആക്ഷേപമുന്നയിച്ച ഉദ്യോഗാർഥികളെ നിയമനപ്രക്രിയയിൽനിന്ന് ഒഴിവാക്കാനോ അവർക്കുനേരെ ശിക്ഷാനടപടി സ്വീകരിക്കാനോ ഉള്ള നിയമപരമോ ഭരണഘടനാപരമോ ആയ അവകാശം കമ്മിഷനില്ല. പി.എസ്.സി.ക്ക് അപേക്ഷ അയച്ചു എന്നതുകൊണ്ടുമാത്രം ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമില്ലാതാകുന്നില്ല. മറ്റെല്ലാ ഭരണഘടനാസ്ഥാപനങ്ങളെയുംപോലെ പി.എസ്.സി.യും ജനകീയ വിമർശനങ്ങൾക്കും പരിശോധനകൾക്കും വിധേയമായിട്ടുവേണം പ്രവർത്തിക്കാൻ. കാലഹരണപ്പെട്ടതും ജനാധിപത്യവിരുദ്ധവുമായ ചില ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് തുടക്കത്തിൽ വിവരിച്ച രീതിയിലുള്ള ഒരു പത്രക്കുറിപ്പ് ഇറക്കാൻ കമ്മിഷനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
അബദ്ധധാരണകൾ
ഇന്ത്യൻ ഭരണഘടനയുടെ 315മുതൽ 323വരെയുള്ള അനുച്ഛേദങ്ങൾ പബ്ലിക് സർവീസ് കമ്മിഷനുകളുടെ രൂപവും ധർമവും പ്രവർത്തനമേഖലയും എന്തെന്ന് വിശദമാക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കീഴിലുള്ള തസ്തികകളിലെ നിയമനവും അനുബന്ധവിഷയങ്ങളും കമ്മിഷനുകളുടെ ചുമതലകളിൽവരുന്ന കാര്യമാണ് എന്ന് 320-ാം അനുച്ഛേദം പറയുന്നു. പരീക്ഷാനടത്തിപ്പും യോഗ്യതാനിർണയവും തൊട്ട് ജീവനക്കാർക്കുനേരെയുള്ള അച്ചടക്ക നടപടികളിൽവരെ കമ്മിഷനുകൾക്ക് അവയുടേതായ പങ്കുവഹിക്കാനുണ്ട്. എന്നാൽ, ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി എന്നതിനപ്പുറം ഉദ്യോഗാർഥികളുടെയും മറ്റും അവസരങ്ങൾ ഇല്ലാതാക്കാനും അവർക്കുനേരെ ശിക്ഷാനടപടി സ്വീകരിക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കമ്മിഷൻ ധരിച്ചുവശായിട്ടുണ്ടെങ്കിൽ അത് വലിയ അബദ്ധമാണ്. സ്വയം കോടതിയായും പോലീസായും സങ്കല്പിച്ചുകൊണ്ട് തങ്ങൾക്കുനേരെ സംസാരിച്ചവരെ കൈകാര്യംചെയ്യുമെന്ന് പരസ്യമായിത്തന്നെ ഭീഷണിയുയർത്തുകയാണ് കേരളത്തിലെ പി.എസ്.സി. ചെയ്തിരിക്കുന്നത്.
ഉത്തരവാദിത്വം മറക്കരുത്
വലിയ ജോലിഭാരവും ഉത്തരവാദിത്വവുമാണ് പബ്ലിക് സർവീസ് കമ്മിഷനുകൾക്കുള്ളത്. ലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതത്തിൽ നിർണായകസ്വാധീനം ചെലുത്താൻ കെൽപ്പുള്ള സംവിധാനമാണത്. 1855-ൽ ‘സിവിൽ സർവീസ് കമ്മിഷൻ’ എന്നപേരിൽ ആരംഭിച്ച സംവിധാനത്തിന്റെയും പിൽക്കാലത്ത് രൂപവത്‌കരിക്കപ്പെട്ട പബ്ലിക് സർവീസ് കമ്മിഷന്റെയും (1926) പിന്നീടുവന്ന വിവിധ മേഖലാതല കമ്മിഷനുകളുടെയും കേവലവും യാന്ത്രികവുമായ തുടർച്ചയല്ല, ഭരണഘടന വിഭാവനംചെയ്ത പബ്ലിക് സർവീസ് കമ്മിഷൻ. അത് ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യസംവിധാനമാണ്. അതിനാൽത്തന്നെ ജനാധിപത്യ തത്ത്വങ്ങൾക്കനുസരിച്ചുമാത്രമേ കമ്മിഷനുകൾക്ക് പ്രവർത്തിക്കാൻപാടുള്ളൂ. 1947 ഓഗസ്റ്റ് 23-ന് ഡോ. അംബേദ്‌കർ, കമ്മിഷനുമായി ബന്ധപ്പെട്ട ചില റെഗുലേഷനുകളുടെ കാര്യത്തിൽ നിയമനിർമാണസഭകൾക്ക് അധികാരമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. പക്ഷപാതരഹിതമായും സുതാര്യമായും വേണം കമ്മിഷൻ പ്രവർത്തിക്കാനെന്ന് സുപ്രീംകോടതിയും ആവർത്തിച്ചു വ്യക്തമാക്കി.
നിയമത്തിനുമീതെ പറക്കരുത്
പബ്ളിക് സർവീസ് കമ്മിഷനുകളുടെ പ്രവർത്തനങ്ങളിൽ ചിലപ്പോഴെങ്കിലും വലിയ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. ഉദ്യോഗാർഥികളും മാധ്യമങ്ങളും കോടതികളും അവ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കേരളത്തിൽത്തന്നെ ചോദ്യക്കടലാസുകളിൽ വന്നിട്ടുള്ള തെറ്റുകൾ പലപ്പോഴും വ്യവഹാരങ്ങൾക്ക് കാരണമായി. മറ്റുചിലപ്പോൾ റാങ്ക് പട്ടിക തയ്യാറാക്കിയതിനെപ്പറ്റിയും വിവാദങ്ങളുണ്ടായി. 2019-ൽ പോലീസ് സേനയിലേക്കായി തയ്യാറാക്കപ്പെട്ട റാങ്ക് പട്ടികയെ സംബന്ധിച്ച് ഗൗരവപ്പെട്ട ആക്ഷേപങ്ങളുണ്ടായി.
അക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമുണ്ടാകണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കേരളത്തിലെയും ഉത്തർപ്രദേശിലെയും പബ്ളിക് സർവീസ് കമ്മിഷനുകൾ ഉൾപ്പെട്ട കേസിൽ ഉത്തരക്കടലാസുകളുടെയും മാർക്ക് പട്ടികകളുടെയും പകർപ്പുകൾ അപേക്ഷകർക്ക് നൽകണമെന്ന് 2016- ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്താൻ ആഹ്വാനംചെയ്യുന്ന വിധികൂടിയായിരുന്നു അത്. പബ്ളിക് സർവീസ് കമ്മിഷനുകൾക്ക് നിയമങ്ങൾക്കുവിധേയമായിമാത്രമേ പ്രവർത്തിക്കാൻകഴിയൂ.
ജനാധിപത്യബോധത്തിന്റെ അഭാവം
ഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സി. തുടക്കത്തിൽ വിവരിച്ച രീതിയിലുള്ള ഒരു പത്രക്കുറിപ്പ് പുറത്തിറക്കാനേ പാടില്ലായിരുന്നു. ഒരു നിയമനപ്രക്രിയയുടെ സംശുദ്ധിയും അതിന്റെ സുഗമമായ നടത്തിപ്പും അപകടത്തിലാക്കുന്ന ഇടപെടൽ ഉദ്യോഗാർഥികളുടെ ഭാഗത്തുനിന്നുണ്ടായാൽ കമ്മിഷന് അക്കാര്യം ഗൗരവത്തിലെടുക്കാം. എന്നാൽ, കേവലം സാമൂഹികമാധ്യമങ്ങളിലെയും മറ്റും വിമർശനങ്ങളിലും പ്രചാരണങ്ങളിലും വല്ലാതെ വേവലാതിപ്പെട്ടുകൊണ്ട് ഇല്ലാത്ത അധികാരങ്ങളുണ്ടെന്ന് ഭാവിച്ച് ‘ആക്രമണോത്സുകത’ കാണിക്കേണ്ട കാര്യം കമ്മിഷനില്ല. ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഈ പത്രക്കുറിപ്പിന്റെ ഒരു പ്രത്യേകത. തങ്ങളുടെ അധികാരങ്ങൾക്ക് പരിധികളില്ലെന്ന ചിന്തയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഏതായാലും ഈ പത്രക്കുറിപ്പ് ഉടനടി പിൻവലിച്ച് തെറ്റുതിരുത്തുകയാണ് കമ്മിഷൻ ഇനിയെങ്കിലുംചെയ്യേണ്ടത്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)