കേരള ഗവർണറുടെ പേരിൽ വിളംബരം ചെയ്യപ്പെട്ട കേരള പോലീസ് ചട്ടഭേദഗതി 2020 പ്രഥമദൃഷ്ട്യാതന്നെ ഭരണഘടനാവിരുദ്ധമാണ്. ഓർഡിനൻസ് എന്നാൽ, നിയമനിർമാണസഭ സമ്മേളനത്തിൽ അല്ലാത്ത സമയത്ത്‌ നിയമത്തിന്റെ ശൂന്യത വരുകയും അത് ഭരണത്തെയോ നിയമനിർവഹണത്തെയോ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്കോ ഗവർണർക്കോ ഭരണഘടന പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിൽ നിയമം ഉടനെ പുറപ്പെടുവിക്കാനുള്ള അധികാരമാണ്. ഭരണഘടനയുടെ 123-ാം അനുച്ഛേദം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയിൽ അധികാരം നിക്ഷിപ്തമാക്കുന്നു. 213-ാം അനുച്ഛേദമാകട്ടെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഗവർണറിൽ അധികാരം നിക്ഷിപ്തമാക്കുന്നു.

കേന്ദ്രത്തിനും സംസ്ഥാനതിനും ഏതൊക്കെ വിഷയങ്ങളിലാണ് നിയമനിർമാണാധികാരമെന്ന് ഭരണഘടനയുടെ 246-ാം അനുച്ഛേദം നിഷ്കർഷിക്കുന്നുണ്ട്‌. അതുപ്രകാരം ഭരണഘടനയുടെ ഏഴാം പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന കേന്ദ്രലിസ്റ്റിൽ (List-1) ഉൾപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിനും സംസ്ഥാന ലിസ്റ്റിൽ (List-2) ഉൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന നിയമനിർമാണസഭയ്ക്കും നിയമം പാസാക്കാം. ഓർഡിനൻസ് അധികാരവും വിനിയോഗിക്കേണ്ടത് ഈ പരിധിക്കു വിധേയമായിട്ട് മാത്രമാണ്.

മൂന്നാമത്തെ ലിസ്റ്റായ കൺകറൻറ് ലിസ്റ്റിൽ കേന്ദ്ര-സംസ്ഥാന നിയമനിർമാണസഭകൾക്കു നിയമം നിർമിക്കാൻ കഴിയുമെങ്കിലും ഏതെങ്കിലും കേന്ദ്ര നിയമം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു വിരുദ്ധമായ നിയമം 200-ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിയുടെ സമ്മതത്തിനുവേണ്ടി ഗവർണർ സമർപ്പിക്കണം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ അത്തരം ഒരു നിയമനിർമാണനിർദേശം നിയമമായിമാറും. പാർലമെന്റിന്റെ നിയമം ഉണ്ടെങ്കിൽത്തന്നെയും അത്തരം ഒരു അനുമതികിട്ടിയ സംസ്ഥാനത്തു സംസ്ഥാനത്തിന്റെ നിയമമാകും പ്രാവർത്തികമാക്കുക.

ക്രിമിനൽ നിയമവും കേരള പോലീസ് ആക്ടും

ക്രിമിനൽ നിയമം എന്നത് കൺകറൻറ് ലിസ്റ്റിലെ ഒന്നാമത്തെ വിഷയമാണ്. പോലീസ് എന്നത് സ്റ്റേറ്റ് ലിസ്റ്റിലെ രണ്ടാമത്തെ വിഷയവും. കേരള പോലീസിനെ സംഘടിപ്പിക്കാനും നിയന്ത്രിക്കാനും നിയമം കൊണ്ടുവരാൻ കേരള നിയമസഭയ്ക്ക് അധികാരമുണ്ട്‌. എന്നാൽ അത്തരം ഒരു നിയമത്തിലൂടെ ഇന്ത്യൻ പീനൽകോഡിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലും (രണ്ടും കേന്ദ്രനിയമമാണ്) നിഷ്‌കർഷിച്ചിരിക്കുന്ന കുറ്റകൃത്യങ്ങൾക്കും നടപടികൾക്കും മാറ്റം കൊണ്ടുവരാൻ രാഷ്ട്രപതിയുടെ സമ്മതമില്ലാതെ ഭരണഘടനാപരമായി കഴിയില്ല. ഇന്ത്യൻ പീനൽ കോഡിന്റെ 499-ാം വകുപ്പ് മാനനഷ്ടം നിർവചിക്കുന്നു. 500-ാം വകുപ്പുപ്രകാരം രണ്ടുവർഷംവരെ തടവുശിക്ഷ അർഹിക്കുന്ന ക്രിമിനൽക്കുറ്റമായി അതിനെ പ്രഖ്യാപിക്കുന്നു.

ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്‌ഷൻ 2 (എൽ) പ്രകാരം നോൺ കോഗ്‌നിസിബിൽ ഒഫൻസ് നിർവചിക്കപ്പെട്ടിരിക്കുന്നതനുസരിച്ച് പോലീസിന് അത്തരം ഒരു കുറ്റകൃത്യത്തിന്റെപേരിൽ വാറന്റ് ഇല്ലാതെ അറസ്റ്റുചെയ്യാൻ കഴിയില്ല. അത്തരം കുറ്റകൃത്യങ്ങൾ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ഒന്നാംപട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. അപ്പോൾ കേന്ദ്രനിയമപ്രകാരം ക്രിമിനൽ മാനനഷ്ടമെന്നത് കോടതിയുടെ സമ്മതമില്ലാതെ അറസ്റ്റു ചെയ്യാൻ കഴിയാത്ത കുറ്റകൃത്യമാണ്.

എന്നാൽ, പുതിയ ഭേദഗതിപ്രകാരം കൊണ്ടുവന്ന, കുറ്റകൃത്യത്തിൽ ക്രിമിനൽ മാനനഷ്ടവും പെടുന്നു. മറിച്ച്‌ ഒരു നിർവചനവും കേരള പോലീസ് ആക്ടിലോ ഭേദഗതിയിലോ ഇല്ല. ഇന്ത്യൻ പീനൽ കോഡിന്റെ 499 പ്രകാരമുള്ള നിർവചനവുമായി ​യോജിക്കുന്ന മാനനഷ്ടമാണ് 118 എ-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പോലീസ് ആക്ടിന്റെ 125-ാം വകുപ്പിലെ പുതിയ ഭേദഗതിപ്രകാരം മേൽപ്പറഞ്ഞ കുറ്റകൃത്യത്തെ കൊഗ്‌നിസിബിൽ ആക്കിമാറ്റുന്നു. ഇതുകൊണ്ടുതന്നെ കേന്ദ്രനിയമപ്രകാരം കോടതിയുടെ സമ്മതമില്ലാതെ അറസ്റ്റു ചെയ്യാൻകഴിയാത്ത ഒരു കുറ്റകൃത്യം  കേരളനിയമപ്രകാരം കോടതിയുടെ സമ്മതമില്ലാതെ പോലീസിന് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുന്നതാകും. ഇത്തരം ഒരു ബിൽ നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിയുടെ സമ്മതമില്ലാതെ നിയമമാകുക എന്നത് ഭരണഘടനാപരമായി അനുചിതമാണ്. അങ്ങനെ ഒരു നിയമംവന്നാൽ അതിന്റെ ഭരണഘടനാപരത ചോദ്യംചെയ്യപ്പെട്ടേക്കാം.

ഓർഡിനൻസും കേന്ദ്രസമ്മതവും

ഓർഡിനൻസിന്റെ കാര്യത്തിലും ഭരണഘടന സമാനനിർദേശമാണ് വെക്കുന്നത്. 213-ാം അനുച്ഛേദപ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കപ്പെടുമ്പോൾ സംസ്ഥാന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരത്താൽമാത്രം നിയമമാക്കാൻ കഴിയുന്ന വിഷയത്തിൽ, രാഷ്ട്രപതിയുടെ നിർദേശം (ഇൻസ്ട്രക്‌ഷൻ) ഇല്ലാതെ ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കരുത്‌. അതുകൊണ്ട് 118 അനുച്ഛേദ പ്രകാരമുള്ള കുറ്റകൃത്യത്തിൽ ക്രിമിനൽ മാനനഷ്ടമെന്നത് പദാനുപദം വരുകയാകയാൽ കേന്ദ്ര നിയമത്തിനെ ലംഘിച്ചുകൊണ്ട് പോലീസിന്റെ കൈകളിൽ അറസ്റ്റധികാരം കല്പിച്ചുനൽകുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചത് ഭരണഘടനാപരമായി ശരിയല്ല.

അതിനാൽ ക്രിമിനൽ മാനനഷ്ടവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന അറസ്റ്റ് അധികാരം ഭരണഘടനയുടെ 254-ാം അനുച്ഛേദപ്രകാരം പാർലമെൻററി നിയമത്തിനു മുന്നിൽ നിലനിൽക്കില്ല (Doctrine of Repugnancy). പാർലമെന്റിനു നിയമനിർമാണാധികാരമുള്ള വിഷയത്തിൽ അതിന്‌ വിരുദ്ധമായി ഒരു സംസ്ഥാനനിയമം നിലവിൽവന്നാൽ അത് പാർലമെന്റിന്റെ നിയമത്തിനുമുന്നിൽ നിലനിൽക്കില്ലെന്ന് മേൽപ്പറഞ്ഞ അനുച്ഛേദം നിഷ്കർഷിക്കുന്നു.

ജല്ലിക്കട്ട് ഓർഡിനൻസും കേരള പോലീസ് നിയമ ഓർഡിനൻസും

2017-ൽ ‘the Prevention of Cruelty to Animals Act, 1960’ എന്നപേരിൽ കേന്ദ്രനിയമത്തിനു വിരുദ്ധമായി തമിഴ്‌നാട്ടിൽ ജല്ലിക്കട്ട് ഓർഡിനൻസ് കൊണ്ടുവരുകയും ജല്ലിക്കട്ട് നിയമാനുസ്യതമാക്കിമാറ്റുകയും ചെയ്തു. അതിനായി പുറപ്പെടുവിച്ച ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്കുശേഷം മാത്രമായിരുന്നു പുറപ്പെടുവിച്ചതെന്നത് ഇവിടെ ശ്രദ്ധേയമാണ്. അങ്ങനെ കൊണ്ടുവന്ന ആ നിയമം മറ്റുപല കാരണങ്ങളാലും അസാധുവാക്കപ്പെട്ടേക്കാമെങ്കിലും കേന്ദ്രനിയമത്തിന്‌ വിരുദ്ധമെന്ന കാരണം ചൂണ്ടിക്കാട്ടി അത് റദ്ദുചെയ്യാൻ കഴിയില്ല.

ഭരണഘടനയുടെ 159-ാം അനുച്ഛേദത്തിൽ ഗവർണറുടെ സത്യപ്രതിജ്ഞ രേഖപ്പെടുത്തുന്നു. അതുപ്രകാരം ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാനും പരിപാലിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനായ ഗവർണർ അവധാനതയോടുകൂടി​​യേ ഇത്തരം ഒരു ഓർഡിനൻസിൽ ഒപ്പുവെക്കാവൂ. ഗവർണറെ അതിനു ഉപദേശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത സർക്കാർ ഒട്ടും കുറയാത്ത വിമർശനം അർഹിക്കുന്നു.

നടപ്പാക്കി​ല്ലെ ങ്കിലും നിയമം നിലനിൽക്കും

വിവാദനിയമം നടപ്പാക്കില്ല എന്ന് പറയുന്നതിൽ അർഥമില്ല. അസാധുവാക്കപ്പെടാത്തിടത്തോളം നിയമമായി നിലനിൽക്കുന്നതു ​െകാണ്ട് പോലീസ് മടിച്ചാലും കീഴ്‌കോടതി വഴി നിയമം നടപ്പാക്കിപ്പിക്കാൻ തത്‌പരകക്ഷികൾക്കു കഴിയും. അതിനാൽ നടപ്പാക്കില്ല എന്ന പ്രസ്താവനയിൽ കഴമ്പില്ല. ഉയർന്നു വന്നിട്ടുള്ള ഗൗരവകരമായ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 213 (2) (b) പ്രകാരം, മുകളിൽ ചർച്ച ചെയ്യപ്പെട്ട ഓർഡിനൻസ് എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻമെന്നിരിക്കേ, ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച്‌ അതിനു മുതിരുന്നത് ജനാധിപത്യപരമായ രാഷ്ട്രീയപ്രായശ്ചിത്തമായി വിലയിരുത്തപ്പെട്ടേക്കാം.

(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)

Content Highlights: Kerala Police Act 118A