കോവിഡിന്റെ ഭീതിദമായ ഈ നാളുകളിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എന്ന അക്കാദമികമായി ഒരു പ്രയോജനവും ഇല്ലാത്ത ഒരു പരീക്ഷയ്ക്കായി നാലുലക്ഷത്തോളം കുട്ടികളെ വീണ്ടും സ്കൂളിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഹയർ എൻട്രൻസ് കോച്ചിങ്‌ മാത്രം ലക്ഷ്യമിട്ട് ചില വരേണ്യ സ്കൂളുകൾ ഒന്നാംവർഷ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നില്ല എന്ന ചിലരുടെ തോന്നലിൽനിന്നാണ് ഒന്നാംവർഷ ഹയർ സെക്കൻഡറി കുട്ടികൾക്ക് പൊതുപരീക്ഷ എന്ന ആശയം ഒരു സുപ്രഭാതത്തിൽ വകുപ്പിൽ രൂപംകൊണ്ടത്. അക്കാദമികമായ ഒരന്വേഷണവും പഠനവും ഇക്കാര്യത്തിൽ കേരളത്തിൽ നടന്നിട്ടില്ല.

 എന്തിനീ ബദ്ധപ്പാട്‌
മൂന്നുവർഷം തുടർച്ചയായി പൊതുപരീക്ഷ എഴുതേണ്ടി വരുന്ന കൗമാരപ്രായക്കാർ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികൾ മാത്രമാണ്. സി.ബി.എസ്.ഇ. സിലബസിലടക്കം ഒന്നാംവർഷ ഹയർ സെക്കൻഡറിക്ക് പൊതുപരീക്ഷ ഇല്ല. ദേശീയ വിദ്യാഭ്യാസ നയം പറയുന്നത് ഒന്നാംവർഷ ഹയർ സെക്കൻഡറി കുട്ടികൾക്ക് പൊതുപരീക്ഷ പാടില്ലെന്നാണ്.

 ഇത്രയും ബദ്ധപ്പെട്ട് നടത്താൻ, എസ്.എസ്.എൽ.സി. പോലെയോ രണ്ടാംവർഷ ഹയർ സെക്കൻഡറി പോലെയോ മറ്റൊരു കോഴ്‌സിന് ചേരാനുള്ള അടിസ്ഥാനയോഗ്യതയുമല്ല ഒന്നാംവർഷ പരീക്ഷ. സി.ബി.എസ്.ഇ. രാജ്യമാകെ പത്താംതരത്തിന്റെയും പന്ത്രണ്ടാം തരത്തിന്റെയും പരീക്ഷ മാറ്റിവെച്ച സാഹചര്യംപോലും മനസ്സിലാക്കാതെയാണ് ഈ കോവിഡ് മഹാമാരിയുടെ സന്ദർഭത്തിൽ ഈ അനാവശ്യ പരീക്ഷയ്ക്കായി വലിയ മനുഷ്യാധ്വാനം നമ്മൾ മാറ്റിവെക്കുന്നത്.

എസ്.എസ്.എൽ.സി.ക്കും രണ്ടാംവർഷ ഹയർ സെക്കൻഡറിക്കും മഹാമാരിക്കാലത്ത് നമ്മൾ പരീക്ഷ നടത്തിയതുപോലും രണ്ടുമാസം കുട്ടികൾക്ക് നേരിട്ട് ക്ലാസുകൾ കൊടുത്തതിനു ശേഷമാണ്. പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികൾ ഇന്നുവരെ സ്കൂളിൽ വരുകയോ അധ്യാപകർക്ക് അവരെ പരിചയപ്പെടാൻ സന്ദർഭം ലഭിക്കുകയോ ചെയ്തിട്ടില്ല. നേരിട്ട് ഒരു ക്ലാസുപോലും അവർക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. നവംബറിൽ ആരംഭിച്ചതിനുശേഷം കേവലം കുറച്ചുമാസങ്ങൾ മാത്രമാണ് ടെലിവിഷൻ വഴിയെങ്കിലും ഒന്നാംവർഷ കുട്ടികൾക്ക് ക്ലാസുകൾ ലഭിച്ചത്.

ഹയർ സെക്കൻഡറിയിൽ നാല്പത്തിമൂന്നോളം വിഷയങ്ങൾ വിവിധ കോമ്പിനേഷനുകളിലായി പഠിക്കാൻ ഉള്ളതിൽ ഇരുപതിൽത്താഴെ വിഷയങ്ങൾക്ക് മാത്രമാണ് വിക്ടേഴ്‌സ്‌ ചാനൽ വഴി ക്ലാസുകൾ നടന്നത് എന്നതും ഓർക്കണം.

 പ്ലസ്ടു ക്ലാസുകൾ തുടങ്ങി മൂന്നുമാസം കഴിഞ്ഞാണ് മുൻവർഷം പഠിച്ച പ്ലസ് വൺ പാഠഭാഗങ്ങളെ അധികരിച്ചുള്ള പൊതുപരീക്ഷ ഇക്കുറി കുട്ടികൾ എഴുതേണ്ടത്. ഇപ്പോൾ ചാനലിൽ സംപ്രേഷണംചെയ്യുന്ന രണ്ടാം വർഷ ക്ലാസുകൾ പിന്തുടരണോ, അതോ പരീക്ഷയ്ക്കായി ഒന്നാംവർഷ പാഠങ്ങൾ പഠിക്കണോ എന്ന ഉത്കണ്ഠയും കുട്ടികളെ അലട്ടുന്നുണ്ട്.

 ചോദ്യമാതൃകയിൽ വരുത്തിയ മാറ്റം ഇരുട്ടടി
അതിനിടയിലാണ് പത്താംതരത്തിലെയും പന്ത്രണ്ടാം തരത്തിലെയും പൊതു പരീക്ഷകളിൽ ഇക്കുറി സ്വീകരിച്ച ചോദ്യപ്പേപ്പർ മാതൃകയിൽനിന്നു വ്യത്യസ്തമായി, ഒന്നാം വർഷ പരീക്ഷയ്ക്ക് പുതിയ രീതി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പൊടുന്നനെ തീരുമാനിക്കുന്നത്. പരമാവധി 80 / 60 മാർക്കിനുള്ള പരീക്ഷയാണ് വിവിധ വിഷയങ്ങളിൽ നടക്കുന്നത്. കുട്ടികൾക്ക് ഇതിന്റെ ഇരട്ടിയോളം ചോദ്യങ്ങൾ നൽകുകയും സമയമുണ്ടെങ്കിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അവസരം നൽകുകയും ചെയ്തതാണ് 10, 12 ക്ലാസുകളുടെ പരീക്ഷാ സന്ദർഭത്തിൽ, അക്കാദമികമായി വലിയ ആലോചനകൾ നടത്തി നടപ്പാക്കിയ രീതി.

75 ശതമാനം നേരത്തേ നിശ്ചയിച്ച ഫോക്കസ് ഏരിയയിൽനിന്നും 25 ശതമാനം മറ്റു പാഠഭാഗങ്ങളിൽ നിന്നും എന്ന രീതിയിലായിരുന്നു ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. കുട്ടികൾക്ക് ഉത്തരം എഴുതാനുള്ള സമയം ദീർഘിപ്പിച്ചുനൽകാതെ കൂടുതൽ ഓപ്ഷനുകൾ നൽകിയതുകൊണ്ടു മാത്രം മിക്കവാറും കുട്ടികൾക്ക് കൂടുതൽ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സാധിച്ചിട്ടില്ലെങ്കിലും പൊതുവിൽ ഈ രീതി കുട്ടികൾ സ്വാഗതംചെയ്തു. കോവിഡ് കാലത്ത് ടെലിവിഷൻ ക്ലാസുകൾ മാത്രം കണ്ടുകൊണ്ട് പാഠഭാഗങ്ങൾ പഠിക്കേണ്ടിവന്ന കുട്ടികളുടെ പരീക്ഷാഭീതി അകറ്റുന്നതിന് ഈ പുതിയ രീതി സഹായകമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ ആനുകൂല്യമാണ് പ്ലസ് വൺ വിദ്യാർഥികൾക്ക് ഇപ്പോൾ തടഞ്ഞിരിക്കുന്നത്.

പുതിയ രീതിപ്രകാരം ചോദ്യങ്ങൾ വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ഉത്തരങ്ങൾ കുട്ടികൾ നിർബന്ധമായും എഴുതുകയും വേണം. ആകെ എൺപത് മാർക്കിനുള്ള ഉത്തരങ്ങൾ മാത്രമേ മൂല്യനിർണയം ചെയ്യൂ. കുട്ടികൾ നിശ്ചിത സമയത്ത് കൂടുതലായി എഴുതുന്ന ഉത്തരങ്ങൾ പരിഗണിക്കില്ല. ഇത് വലിയ രീതിയിൽ കുട്ടികളുടെ മാർക്ക് കുറയ്ക്കും. നിശ്ചിത സമയത്തിനുള്ളിൽ പകുതിയെങ്കിലും ഉത്തരം അറിയാവുന്ന നൂറു മാർക്കിന്റെ ചോദ്യങ്ങൾക്ക് പ്ലസ് ടു പരീക്ഷയിൽ ഒരു കുട്ടി ഉത്തരം എഴുതിയാൽ അത് മുഴുവൻ മൂല്യനിർണയം നടത്തി അവർക്ക് അർഹിക്കുന്ന സ്കോർ നൽകിയിരുന്നു. പുതിയ രീതി വഴി അതിൽ ഇരുപത് മാർക്കിന്റെ ചോദ്യങ്ങൾ അധ്യാപകർ നോക്കുകയേ വേണ്ടതില്ല. ചോദ്യങ്ങൾ ഓരോ വിഭാഗമായി നൽകി അവയിൽ ഓപ്ഷൻ നൽകുന്ന രീതിയും കുട്ടികളെ പ്രയാസപ്പെടുത്തും.

ഒരു ദിവസംപോലും സ്‌കൂൾ ക്ലാസിൽ നേരിട്ട് എത്താൻ കഴിയാത്ത, ടെലിവിഷൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് വീട്ടിലിരുന്ന് പഠനം നടത്തേണ്ടിവന്ന കുട്ടികൾക്ക് ഒപ്പം നിൽക്കണം എന്ന നിലയിൽ കേരളസർക്കാർ എടുത്ത അക്കാദമികമായ ഒരു തീരുമാനമാണ് ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾമൂലം അട്ടിമറിക്കപ്പെടുന്നത്. ഇന്നുവരെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ മാർക്ക് കുറഞ്ഞ വിഷയങ്ങൾ ഒരിക്കൽക്കൂടി എഴുതി മെച്ചപ്പെടുത്താനുള്ള ആവസരം കുട്ടികൾക്ക് ഉണ്ടായിരുന്നു. ആ അവസരംകൂടി നിഷേധിച്ചാണ് ഇപ്പോൾ ഒന്നാംവർഷ പരീക്ഷ നടക്കുന്നത് എന്നത് കുട്ടികളെ കൂടുതൽ പരിഭ്രാന്തരാക്കുന്ന ഒന്നാണ്. ചുരുക്കത്തിൽ, പരീക്ഷ അനവസരത്തിൽ നടക്കുന്നു എന്നതു മാത്രമല്ല, അക്കാദമികമായ ആലോചനകളില്ലാതെ കുട്ടികളെ കടുത്ത ഉത്കണ്ഠയിലേക്ക് നയിക്കുന്ന പരിഷ്കാരങ്ങൾകൂടി ഈ അവസരത്തിൽ നടത്തുന്നത് വെല്ലുവിളി യാവുക കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനു കൂടിയാണ്.

വിദ്യാഭ്യാസ പ്രവർത്തകനും പാഠപുസ്തക സമിതിയിലെ മുൻ അംഗവുമാണ് ലേഖകൻ