‘മഹേഷിന്റെ അമ്മയാണ് അവന് 21 വയസ്സേയുള്ളൂ’
നീനു മോഹൻ

മുട്ടിൽ: യു.പി. സ്കൂളിലെ ക്യാമ്പിൽ പകച്ചിരിക്കുകയാണ് ഒരമ്മ, 21 വയസ്സുമാത്രം പ്രായമുള്ള മകനെയും 19-കാരിയായ മരുമകളെയും നഷ്ടപ്പെട്ടെന്ന യാഥാർഥ്യം ഇനിയും അവർക്കുൾക്കൊള്ളാനായില്ല. ഭക്ഷണം കഴിക്കാനും മരുന്നുകഴിക്കാനുമുള്ള ബന്ധുക്കളുടെ ആവശ്യത്തെ അവർ യാന്ത്രികതയോടെ അനുസരിച്ചു. പിന്നെയും നിർവികാരമായ ഇരിപ്പ്. 
എന്നാൽ, മഹേഷിന്റെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോയെന്ന അന്വേഷണത്തിനോട് പെട്ടെന്ന് പ്രതികരിച്ചു. ‘‘ഞാനാ... അമ്മയാ... എന്റെ മോനാ...’’ അവർ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ആരോ മകന്റെ വയസ്സുതെറ്റിച്ചു പറഞ്ഞപ്പോഴും അവർ കയർത്തു, ‘‘23 വയസ്സൊന്നുമില്ല, ഇരുപത്തിയൊന്നേ ആയിട്ടുള്ളൂ... എനിക്കല്ലേ അറിയൂ.’’ -മുട്ടിൽ പഴശ്ശി  കോളനിക്കുമുകളിൽ കുന്നിടിഞ്ഞുവീണു മരിച്ച മഹേഷിന്റെ അമ്മ മല്ലിക എല്ലാവർക്കും നൊമ്പരമാവുകയാണ്. 
ഭാര്യ പ്രീതുവിന്റെ വീട്ടിലാണ് മഹേഷും താമസിച്ചിരുന്നത്. പഴശ്ശിക്കുന്ന് ഉരുൾപൊട്ടലിൽ വീടിന്റെ പിൻഭാഗം ആകെ തകർത്തു. അടുക്കളയിൽ ഉണ്ടായിരുന്ന പ്രീതുവും മഹേഷും മണ്ണിനടിയിൽപ്പെട്ട് മരിച്ചു. പ്രീതുവിന്റെ അച്ഛൻ വേലായുധൻ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ് കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കല്യാണിയും പരിക്കുകളോടെ ചികിത്സയിൽ തന്നെ. വീട് താമസയോഗ്യമല്ലാത്തവിധം തകർന്നു. മറ്റൊരിടത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന യുവാക്കൾ വിവരമറിഞ്ഞെത്തിയതിനാലാണ് വേലായുധനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്.  
‘‘ഞങ്ങളെല്ലാം ഒരേ കോളനിയിൽ ഉള്ളവരല്ലേ, മഹേഷിനെയും പ്രീതുവിനെയും ചെറുപ്പംമുതലേ അറിയാം. കോളനിക്കാരെല്ലാം ഒരു കുടുംബംപോലെ കഴിഞ്ഞവരാ, ഇത് മറ്റൊരാളുടേതല്ലേ എന്ന് ഒരിക്കലും കണക്കാക്കിയിട്ടില്ല, ഞങ്ങൾക്കു തന്നെയാ എല്ലാം നഷ്ടമായത്’’ -കണ്ണീർ തോരാതെ കോളനിയിലെ കറുത്ത പറഞ്ഞു. 

അവർ മനസ്സിൽക്കണ്ടുവീണ്ടും പ്രളയമെത്താം
രാജേഷ് രവീന്ദ്രൻ
ആലപ്പുഴ: ടി.വി.യും ഫ്രിഡ്ജുമുൾപ്പെടെ ഗൃഹോപകരണങ്ങൾ മുകൾനിലയിലേക്ക് മാറ്റി. പ്രായമായവരെയും കുട്ടികളെയും ബന്ധുവീടുകളിലാക്കി. അത്യാവശ്യം ഉടുക്കാനുള്ള തുണിയുമെടുത്ത് ഏതുനിമിഷവും ഒരു യാത്ര പ്രതീക്ഷിച്ച് നിൽക്കുകയാണവർ. 
ചെങ്ങന്നൂരിലെ ഒട്ടുമിക്ക വീടുകളിലും ബുധനാഴ്ച കണ്ട കാഴ്ചയിതാണ്. പമ്പയാറ്റിൽ ജലനിരപ്പുയർന്നതിനാൽ ജാഗ്രത പാലിക്കണമെന്ന മൈക്ക് അനൗൺസ്‌മെന്റ് കേട്ടതോടെ അവർ വീണ്ടും ഒരു പ്രളയത്തെ മനസ്സിൽക്കണ്ടു. 2018 ഓഗസ്റ്റ് 15-ന് ഇത്തരമൊരു അനൗൺസ്‌മെന്റിനു തൊട്ടുപിന്നാലെയാണ് സംഹാര താണ്ഡവമാടി ജലമൊഴുകിയെത്തിയത്. 
ആ പേടിയാണ് അവരെ ജാഗ്രതയോടെ കാര്യങ്ങളെ കാണാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞവർഷം പ്രളയം മുക്കിയ കുട്ടനാട്ടിലും സ്ഥിതി മറിച്ചല്ല. ജലനിരപ്പുയരുമെന്ന് കേട്ടതോടെ അവിടെയുള്ള ആളുകൾ സുരക്ഷിത കേന്ദ്രങ്ങൾ തേടിത്തുടങ്ങി. ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും അതിലേറെ ജാഗ്രതയിലാണ്. ബുധനാഴ്ച രാവിലെ യോഗം ചേർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെക്കു മാറ്റാനായി പ്രത്യേക പദ്ധതി അവർ തയ്യാറാക്കി. ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ, ടോറസ് ലോറികൾ, മത്സ്യബന്ധന ബോട്ടുകൾ, വള്ളം, ആവശ്യത്തിന് ഇന്ധനം എന്നിവയെല്ലാം സജ്ജമാക്കി ചെങ്ങന്നൂരിൽ ഉദ്യോഗസ്ഥസംഘവും എന്തിനും തയ്യാറായി നിൽക്കുകയാണ്. കുട്ടനാട്ടിൽ വെള്ളമുയർന്നാൽ ആളുകളെ രക്ഷിക്കാനായി ജലഗതാഗതവകുപ്പിന്റെ ബോട്ടുകൾ രാത്രിയും സജ്ജമാണ്. പുളിങ്കുന്ന്, കിടങ്ങറ കെ.സി., നീരേറ്റുപുറം, നെടുമുടി കൊട്ടാരം, കൃഷ്ണൻകുട്ടി മൂല, നെഹ്രുട്രോഫി ഫിനിഷിങ് പോയന്റ്, കാവാലം സ്റ്റേഷൻ ഓഫീസ് ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാണ് അടിയന്തരസാഹചര്യം നേരിടാനുള്ള സംവിധാനം. ആലപ്പുഴ ജില്ലയിൽ 20,289 പേരാണ് 105 ക്യാമ്പുകളിലായി കഴിയുന്നത്. വെള്ളപ്പൊക്കം ജില്ലയിലെ ആറുതാലൂക്കുകളെയും ബാധിച്ചു. ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളെ മഴയ്ക്കൊപ്പമെത്തിയ കിഴക്കൻ വെള്ളത്തിന്റെ വരവാണ് മുക്കിയതെങ്കിൽ ചേർത്തലയിൽ മഴ മാത്രം ആയിരക്കണക്കിനു വീടുകളെ മുക്കി.  

ഉരുൾപൊട്ടിക്കൊണ്ടേയിരിക്കുന്നു, ഒഴിഞ്ഞുപോവുകയാണ് ഒരു ദേശം
അരവിന്ദ് സി. പ്രസാദ്
കുറിച്യർമല (വയനാട്) : മലമുകളിൽനിന്ന് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാനൊരുങ്ങിനിൽക്കുകയാണ് കൂറ്റൻ പാറക്കഷണങ്ങളും മൺതിട്ടകളും. 370 വീടുകളുള്ള കുറിച്ച്യർമലയിൽ ആളനക്കം പോലുമില്ല. വീട്ടിലെ മുയലുകൾ ബാക്കിയുണ്ടോ എന്നറിയാൻ ബുധനാഴ്ച നാട്ടുകാരനായ മോനിയാണ് അദ്യമെത്തിയത്. മാറിയുടുക്കാൻ ഉടുപ്പുകൾ തിരയാൻ മാത്യുവും ഭാര്യയും പിന്നാലെയെത്തി. അവരിറങ്ങിയതോടെ പിന്നെയും മഴയുടെ ഇരമ്പൽമാത്രം ബാക്കി.
താഴ്‌വാരംവരെയുള്ള നൂറുകണക്കിന് വീടുകൾ ഇപ്പോഴും അപകടഭീഷണിയിലാണ്. മരണം മുന്നിൽക്കണ്ട് ഇനിയും ജീവിക്കാനാവില്ല. അതുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ ഒരു നാടൊന്നാകെ ഒഴിഞ്ഞുപോയി.    
കുറിച്ച്യർമലയിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടിയതിന്റെ തൊട്ടുമുകളിലാണ് ഇത്തവണയും പൊട്ടിയത്. മലമുകളിൽനിന്ന് വലിയ പാറക്കഷണങ്ങൾ പതിച്ച് സമീപത്തെ സ്വകാര്യഭൂമിയിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതിനുമുകളിൽ ഇളകിനിൽക്കുന്ന വലിയ പാറക്കഷണങ്ങൾ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാം.
ഉരുൾപൊട്ടിയതിന് മുകളിലായി വെള്ളക്കെട്ടുണ്ട്. ഇവിടെനിന്ന് കലങ്ങിയ വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നുണ്ട്. ഇത്തവണ ഒാഗസ്റ്റ് ആറിനാണ് ഉരുൾപൊട്ടലുണ്ടായത്. പിന്നീടും ചെറുതുംവലുതുമായ ഉരുൾപൊട്ടലുകൾ ഒട്ടേറെ. കഴിഞ്ഞ തവണ ഒാഗസ്റ്റ് എട്ടുമുതലാണ് തുടർച്ചയായി ഉരുൾപൊട്ടിയത്.
കഴിഞ്ഞവർഷത്തെ ഒാർമകളുടെ പേടിയിൽ ഇത്തവണ മഴകനത്തതോടെ മലമുകളിലുള്ള എല്ലാവരും വീടൊഴിഞ്ഞു. അതിനാൽ ആളപായമൊന്നുമുണ്ടായില്ല. ഉരുൾപൊട്ടി, മലയുടെ ഒരുഭാഗം ഒന്നാകെ അടർന്ന് താഴ്‌വാരത്തേക്ക് പതിച്ചപ്പോൾ ഹെക്ടർകണക്കിന് പ്രദേശം ഒലിച്ചുപോയി. കണ്ണെത്താ ദൂരത്തോളം ചെളിയും പാറക്കെട്ടുകളും മൂടി. കുറിച്ച്യർമല മുകളിൽനിന്ന്‌ ഒലിച്ചിറങ്ങിയ മണ്ണും പാറക്കഷണങ്ങളും മരത്തടികളും കിലോമീറ്ററുകൾ അകലെയുള്ള പൊഴുതനയിലെ ഹെക്ടർകണക്കിന് പ്രദേശങ്ങളിൽ വന്നടിഞ്ഞുകിടക്കുന്നു.കഴിഞ്ഞവർഷം വയനാട്ടിൽ കൂടുതൽതവണ ഉരുൾപൊട്ടിയത് ഇവിടെയാണ്. ഈ ദുരന്തത്തിൽ ഒട്ടേറെ വീടുകളും ഗവ. എൽ.പി. സ്കൂൾ പൂർണമായും തകർന്നു. നാട്ടുകാരുടെ കൂട്ടായ്മയിൽ സമീപത്തെ മദ്രസയിലാണിപ്പോൾ സ്കൂളിന്റെ പ്രവർത്തനം. വീട് നഷ്ടപ്പെട്ടവർ മറ്റിടങ്ങളിലേക്ക് താമസം മാറി. മലമുകളിലുള്ള ചില കുടുംബങ്ങൾ കഴിഞ്ഞവർഷംതന്നെ വീടുപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയംതേടി. മഴയ്ക്കുശേഷവും ഇവിടേക്ക്‌ തിരിച്ചുവരാനാകില്ലെന്ന അവസ്ഥയിലാണിവിടം.

ആ ഘടികാരസൂചിയിൽ ഇപ്പോഴും ചുവപ്പുനാട
സുനിത്ത് കുമാർ
ആറന്മുള : മഹാപ്രളയം തകർത്തെറിഞ്ഞ വീട് ഒരുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാൻ കാരാകരയിൽ രാഘവനാചാരിക്ക് കഴിഞ്ഞിട്ടില്ല. നിയമത്തിനു മുന്നിൽ  ഇപ്പോഴും അദ്ദേഹം സ്വന്തമായി ഭൂമിയില്ലാത്തവനാണ്. ഇതിനാൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല. 
2018-ലെ പ്രളയത്തിൽ തകർന്ന വീട്ടിനുള്ളിൽനിന്നുകിട്ടിയ നിശ്ചലമായ ഘടികാരവുമായി നിൽക്കുന്ന രാഘവനാചാരിയുടെ ചിത്രം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അന്നു നിലച്ചതാണ് ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതവും. ഈ പെരുമഴക്കാലത്തും അദ്ദേഹം തകരഷെഡ്ഡിൽ  തന്നെ. തന്റെ പൂർവികന്മാർ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പണിഞ്ഞതിന്റെ പ്രതിഫലമായാണ് വീടുനിന്നിരുന്ന ഭൂമി ലഭിച്ചതെന്ന് രാഘവനാചാരി പറയുന്നു. പക്ഷേ, അതു തന്റെ പേരിലാക്കിയ രേഖകളില്ല. പഴയ ആധാരമുൾപ്പെടെ രാഘവനാചാരിയുടെ കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും പ്രളയം കവർന്നിരുന്നു. 
വീട് നിർമിക്കാനുള്ള സഹായധനം അനുവദിക്കാത്തത്  ഭൂമി സ്വന്തം പേരിലില്ല എന്ന കാരണത്താലാണ്. പമ്പ രൗദ്രഭാവംപൂണ്ട് സംഹാരതാണ്ഡവമാടിയ മഹാപ്രളയത്തിൽ ആറന്മുളയിലെ ഒട്ടേറെപ്പേർക്ക് വീടുകൾ നഷ്ടമായി. അവരെല്ലാം വീട് പുനർനിർമിച്ചപ്പോൾ രാഘവനാചാരിക്കുമുന്നിൽ രേഖകൾ ചുവപ്പുനാടയായി. സഹായമഭ്യർഥിച്ച് പലതവണ അധികൃതരെ കണ്ടു. എന്നാൽ, ഭൂമി സ്വന്തം പേരിലല്ലെന്ന കാരണത്താൽ അവരെല്ലാവരും കൈമലർത്തി. പ്രായം 75 കഴിഞ്ഞതിനാൽ പഴയതുപോലെ പണിക്കുപോകാനും ആരോഗ്യം അനുവദിക്കുന്നില്ല.

എട്ടുജില്ലകളിൽ മഴ കൂടി, ഇടുക്കിയിൽ കുറവ്
ജോസഫ് മാത്യു
കൊച്ചി: ഇക്കൊല്ലത്തെ മഴ ഇതാദ്യമായി കിട്ടേണ്ടതിനെക്കാൾ കൂടുതലായി. 1588.2 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് കിട്ടേണ്ടിയിരുന്നത്. ബുധനാഴ്ച രാവിലെയോടെ ഇത് 1593.7 മില്ലീമീറ്ററായി. 0.3 ശതമാനം കൂടുതൽ. 
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം മഴക്കുറവ് ഇപ്പോഴും ഇടുക്കിയിലാണ് കൂടുതൽ. 1975 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് 1577 മില്ലീമീറ്റർ മാത്രം. 20 ശതമാനം കുറവ്. അടുത്ത ദിവസങ്ങളിൽ ഇത് നികത്തപ്പെട്ടേക്കാം. കൊല്ലം (8), ആലപ്പുഴ (4), പത്തനംതിട്ട (8), തൃശ്ശൂർ, വയനാട് (15)- ശതമാനം വീതമാണ് മഴ കുറവ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ ശരാശരിയെക്കാൾ കൂടുതൽ പെയ്തു. പാലക്കാട് 24-ഉം കോഴിക്കോട്ട് 21-ഉം ശതമാനമാണ് വർധന. 
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കൂടുതൽ മഴ പെയ്തത് വടകരയിലാണ്. ഓഗസ്റ്റ് അഞ്ചു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ആറുദിവസം വടകരയിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്തു. കഴിഞ്ഞമാസം 19 മുതൽ 23 വരെ കാലവർഷം സജീവമായിരുന്നപ്പോഴും  വടകരയിൽ തുടർച്ചയായി അഞ്ചുദിവസം 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തിരുന്നു. 1072.4    മില്ലിമീറ്റർ പെയ്ത വയനാട് ജില്ലയിലെ വൈത്തിരിയാണ് രണ്ടാമത്. ഒറ്റപ്പാലമാണ് മൂന്നാമത്..
കഴിഞ്ഞ പ്രളയകാലത്തെക്കാൾ കൂടുതൽ
ഈവർഷം ഓഗസ്റ്റ് ഏഴുമുതൽ 11 വരെയുള്ള അഞ്ചുദിവസം കേരളത്തിൽ പെയ്തത് 476.7 മില്ലീമീറ്റർ. കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ ഏറ്റവും മഴപെയ്തത് ഓഗസ്റ്റ് 14-17 വരെയുള്ള നാലുദിവസമായിരുന്നു. അന്ന് 339.9 മില്ലീമീറ്റർ മഴയാണുണ്ടായത്. മഴ ഏറ്റവും രൂക്ഷമായ ദിവസങ്ങൾ മാത്രമെടുത്താൽ ഈവർഷമാണ് കൂടുതൽ പെയ്തതെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസിലെ റിസർച്ച് ഫെലോ രാജീവൻ എരിക്കുളം പറഞ്ഞു. 
കുറഞ്ഞദിവസം, കനത്തമഴ
ഈവർഷം ഓഗസ്റ്റിൽ മുഴുവനായി കിട്ടേണ്ടിയിരുന്നത് 419.5 മില്ലീമീറ്റർ മഴയാണ്. 13 ദിവസംകൊണ്ടുതന്നെ 598.6 മില്ലീമീറ്റർ ആയി. ഓഗസ്റ്റ് 13 വരെ 212 മില്ലീമീറ്റർ മഴയായിരുന്നു കിട്ടേണ്ടത്. 182 ശതമാനം വർധന. കുറഞ്ഞ ദിവസങ്ങളിലുണ്ടാകുന്ന ഇത്തരം കനത്ത മഴകളാണ് നാശം വിതയ്ക്കുന്നത്.

കുടുംബത്തെ മാറ്റി വിനോയ് തിരികെ നടന്നത് മരണത്തിലേക്ക്
എടക്കര: അമ്മയെയും ഭാര്യയെയും കുട്ടികളെയും ഭാര്യവീട്ടിലേക്ക് മാറ്റി സുഹൃത്തിനൊപ്പം വിനോയ് (35) പോയത് മരണത്തിലേക്ക്. 
കവളപ്പാറ ദുരന്തത്തിൽ കാണാതായ നെടിയകാലായിൽ വിനോയിയാണ് കുടുംബത്തെ സുരക്ഷിതസ്ഥാനത്താക്കി ദുരന്തത്തിലേക്ക് മറഞ്ഞത്. 
ദുരന്തം മുൻകൂട്ടി കണ്ടതുപോലെ അമ്മ ഉഷ, ഭാര്യ ബിനിത, രണ്ട് മക്കൾ എന്നിവരെ വിനോയ് നേരത്തേ പൊട്ടൻതരിപ്പയിലുള്ള ഭാര്യവീട്ടിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കവളപ്പാറയിലേക്ക് മടങ്ങി. ഭക്ഷണം കഴിക്കാൻ സുഹൃത്ത് ചീരോളി സഹദേവനെയും കൂട്ടി വീടിന് സമീപമെത്തിയപ്പോഴാണ് ഉരുൾപൊട്ടിയത്. ഇരുവരെയും ദുരന്തം വിഴുങ്ങി. ഇവരുടെ വീടിന് കേടുപാടുകളൊന്നുമില്ല. വിനോയിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ, സഹദേവനെ കണ്ടെത്താനായിട്ടില്ല. 

തീരത്തും മലയോരത്തും ഒരേ നിർമാണച്ചട്ടം: കേരളത്തിന് അപകടം
ജി. രാജേഷ് കുമാർ
തൃശ്ശൂർ: കേരളത്തിൽ ഉരുൾപൊട്ടലുണ്ടാവുന്ന മലയോരത്തും കടലേറ്റം ഉണ്ടാവുന്ന തീരദേശത്തും കെട്ടിടനിർമാണച്ചട്ടം ഒന്നുതന്നെ. പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ച് ചട്ടം രൂപപ്പെടുത്തുന്നതാണ് ഭാവിയിൽ കൂടുതൽ സുരക്ഷിതമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 
കടലിൽനിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിടം പണിയാവൂവെന്ന വ്യവസ്ഥയൊഴിച്ചാൽ മലയോരത്തും കടലോരത്തും കെട്ടിടങ്ങൾ പണിയുന്നതിന് ഒരേ നിയമമാണ്. ഇതേനിയമം തന്നെയാണ് സമനില പ്രദേശത്തും ബാധകം. 
2011-ലാണ് കേരള പഞ്ചായത്ത് ബിൽഡിങ് റൂൾ (കെ.പി.ബി.ആർ.) നിലവിൽവന്നത്. അതിനുമുമ്പ് മുനിസിപ്പൽ ബിൽഡിങ് റൂളാണ് ഉണ്ടായിരുന്നത്. നഗരസഭകളോടുചേർന്ന പഞ്ചായത്തുകളിലായിരുന്നു ഇത്. അത്തരം പഞ്ചായത്തുകളെ കാറ്റഗറി ഒന്നും മറ്റ് പഞ്ചായത്തുകളെ കാറ്റഗറി രണ്ടുമാക്കിയാണ് 2011-ൽ വന്നത്. ഇതിൽ കാറ്റഗറി രണ്ടിലുള്ള പഞ്ചായത്തുകളിൽ ചില ഇളവുകളും അനുവദിച്ചു. 
100 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങൾക്ക് ഒരു അനുമതിയും വേണ്ടെന്നതാണ് ഇളവുകളിൽ പ്രധാനം. കെട്ടിടം പണിയാൻ മുൻകൂർ അനുമതിക്കുള്ള ഫോറം പൂരിപ്പിച്ചുനൽകുക മാത്രമേ വേണ്ടൂ. തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം, തീരദേശ സംരക്ഷണ നിയമം, ദേശീയപാതാ സംരക്ഷണനിയമം എന്നിവയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായ മറ്റുനിയമങ്ങൾ. 
ഇതിൽ ആദ്യ രണ്ടെണ്ണം മലയോരത്ത് ബാധകമല്ല. റെയിൽവേലൈനുകൾ മലയോരത്തില്ലാത്തതിനാൽ 30 മീറ്റർ എന്ന പരിധിയും ബാധകമല്ല. പ്രതിരോധ വിഭാഗങ്ങളുടെ ഭൂമിയുടെ 150 മീറ്റർ അകലം പാലിക്കണമെന്നതും കേരളത്തിന്റെ മലയോരത്തെ അത്ര ബാധകമാവില്ല. 

യൂറോപ്യൻ രാജ്യങ്ങളിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ കെട്ടിടനിർമാണ ചട്ടങ്ങളാണുള്ളത്. ഇത്തരമൊരു സംവിധാനമാണ് കേരളത്തിന് അനുയോജ്യമെന്നാണ് വിലയിരുത്തൽ.

വീടുനിർമാണ നയം പരിഗണനയിലെന്നു മുഖ്യമന്ത്രി

പരിസ്ഥിതിചൂഷണം കുറച്ചുകൊണ്ടുള്ള പുതിയ വീടുനിർമാണ രീതികൾ ആവിഷ്‌കരിക്കരിക്കണമെന്നും ഇതുസംബന്ധിച്ച നയരൂപവത്‌കരണം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കല്ലും ഇഷ്ടികയുംവെച്ചുള്ള നമ്മുടെ നിർമാണ രീതികളല്ല മറ്റുപലയിടങ്ങളിലും തുടരുന്നത്. പ്രീഫാബ്രിക്കേറ്റഡ് സാധനങ്ങൾ ഉപയോഗിച്ച് വീടുനിർമിക്കുന്ന രീതിയാണ് പല വികസിത രാജ്യങ്ങളും സ്വീകരിക്കുന്നത്. നമ്മൾ അത്തരം കാര്യങ്ങളിലേക്ക് മാറണം. സർക്കാർതന്നെ അത്തരം കെട്ടിടങ്ങൾ നിർമിച്ച് മാതൃകകാട്ടും. കല്ലിന്റെയും മണലിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 
പാരിസ്ഥിതികചൂഷണം തടയാൻ മാധവ് ഗാഡ്ഗിലിന്റേത് അടക്കമുള്ള എല്ലാത്തരം നിർദേശവും സർക്കാർ പരിഗണിക്കും. എന്നാൽ, ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പാക്കുന്നതിനോടു യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala people have huge loss over Kerala Flood 2019