രോഗബാധിതരുടെ എണ്ണം ഓരോദിവസവും വർധിക്കുകയും ഏറ്റവും ഉയർന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുകയും ചെയ്യുന്നതാണ് ഒരു പകർച്ചവ്യാധിയുടെ തരംഗം.  ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് അതിന്റെ മൂർധന്യാവസ്ഥ. വളർച്ചയുടെയും (പോസിറ്റീവ് രോഗികളുടെ എണ്ണം വർധിക്കുന്നത്) തളർച്ചയുടെയും ആവേഗത്താൽ പകർച്ചവ്യാധികളുടെ തരംഗം നിരന്തര ചലനങ്ങൾക്കു വിധേയമാണ്.

ഉയർച്ചയും മൂർധന്യാവസ്ഥയും പിന്നീടുള്ള താഴേക്കുപോക്കും നിറഞ്ഞ അതിന്റെ ഗതിയെ ഗ്രാഫ് രൂപത്തിലും ചിത്രീകരിക്കാം. രോഗികളുടെ എണ്ണം ഏറ്റവും ഉയർച്ചയിലെത്തുന്നതിനെക്കാൾ ഏതാനും ദിവസംമുമ്പായിരിക്കും രോഗത്തിന്റെ ആവേഗം മൂർധന്യത്തിലെത്തുന്നത്. പകർച്ചവ്യാധിയുടെ വ്യാപ്തിയാണ്  ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള ഇടവേള നിശ്ചയിക്കുന്നതിൽ ഭാഗിക പങ്കുവഹിക്കുന്നത്. ഈ ചലനത്തെ കാണിക്കുന്ന രണ്ട് ഗ്രാഫുകൾ പങ്കുവെക്കുന്നു. പരിശോധനയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് രോഗികളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യത്തിൽ,  ഏഴുദിവസം കൂടുമ്പോഴുള്ള കണക്കുകളാണ് പരിഗണിച്ചിട്ടുള്ളത്. 

ഏപ്രിൽ 28-നാണ് (ഗ്രാഫ്‌ 1) കേരളത്തിൽ കോവിഡ് ആവേഗം അതിന്റെ മൂർധന്യത്തിലെത്തുന്നത്. രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മേയ് 12-നും (ഗ്രാഫ്‌ 2). അതിനുശേഷം ആവേഗവും പുതിയ രോഗികളുടെ എണ്ണവും ഒരുപോലെ കുറയുന്നതായി കാണാം. സംസ്ഥാനതലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താനും അത് അവസാനിപ്പിക്കാനുമുള്ള ശരിയായ സമയം നിശ്ചയിക്കുകയെന്നതാണ് ഇത്തരം ഗ്രാഫുകളുടെ പ്രധാന ഉപയോഗം. അതുപ്രകാരം ഏപ്രിലിലെ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളായിരുന്നു കേരളത്തിൽ രണ്ടാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിയിരുന്ന സമയം. ഏപ്രിൽ 28-ന് ആവേഗവും മേയ് 12-ന് രോഗികളുടെ എണ്ണവും മൂർധന്യത്തിലെത്തിയെന്നു ബോധ്യപ്പെട്ടതിനുശേഷവും ലോക്ഡൗൺ തുടരുന്നത് അനാവശ്യവും ജനജീവിതത്തെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതുമാണ്.

ആവേഗം ഇതിനകംതന്നെ താഴേക്കു പോകുകയും ദിനംപ്രതിയുള്ള പുതിയ രോഗികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുകയും ചെയ്യുന്നുണ്ട്. ലോക്ഡൗൺ പിൻവലിച്ചാലും ഈ ട്രെൻഡ് അങ്ങനെ തുടരും. എന്നിരുന്നാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കോവിഡ്‌കാല ചിട്ടകൾ നിർബന്ധമായും തുടരുകയും വേണം.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ക്ളിനിക്കൽ ​വൈറോളജി വിഭാഗം റിട്ട. പ്രൊഫസറാണ്‌ ടി. ജേക്കബ്‌ ജോൺ ചെ​ന്നൈ ഭക്തിവേദാന്ദ വിദ്യാപീഠ റിസർച്ച്‌ സെന്ററിലെ ഗവേഷകനാണ്‌ മുരു സുബ്രമണി
റാണിപേട്ട്‌ തിരുമല മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറാണ്‌ എം.എസ്‌. ശേഷാദ്രി