കാലങ്ങളായി കണക്കു തെറ്റിച്ചൊളിച്ചു കളിച്ച കള്ളക്കർക്കിടകത്തിന്റെ കറുത്തുച്ചിയിൽ അന്നൊരു വെള്ളിടി വെട്ടി. അതായിരുന്നു തുടക്കം. പിന്നങ്ങോട്ട് പ്രകൃതിയുടെ ഭീകര സംഹാരനർത്തനം. നിനച്ചിരിക്കാതെ  കാടുമുങ്ങി; നാടുമുങ്ങി; വീടുമുങ്ങി... ഒരു ജനതയപ്പാടെ പ്രളയജലത്തിൽ മുങ്ങിയാഴ്ന്നും പൊന്തിപ്പിടഞ്ഞും പ്രാണന് വേണ്ടി മിഴിച്ചു കൊണ്ടിരുന്നു... പ്രളയകാലം... ദുരന്തങ്ങളുടെ പെരുമഴക്കാലം...

2018 ലെ പ്രളയകാലത്ത് ഞങ്ങൾ എറണാകുളത്ത് വിടാക്കുഴ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നു.  കളമശേരി HMT- NAD-ആലുവ റൂട്ടിലാണ് വിടാക്കുഴ. നേവിയുമായി ബന്ധപ്പെട്ട പ്രദേശമായതിനാൽ (NAD) ആ ഭാഗത്ത് ആൾതാമസം തീരെ കുറവാണ്. വീടിന്റെ മുൻഭാഗത്തു നിന്ന് തുടങ്ങി വലത്തേക്ക്  NADയുടെ അധീനതയിലുള്ള ഭൂമി നീണ്ടുപരന്നു കിടക്കുന്നു. പാതി കരഭാഗവും പാതി ചതുപ്പുമായ ഭൂപ്രദേശം. വീടിരിക്കുന്ന ഭാഗത്ത് സ്ഥലനിരപ്പിൽ നിന്ന് 12 അടിയോളം താഴ്ചയുള്ള ഈ സ്ഥലത്ത്  ഇറങ്ങിനിന്നാൽ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹരിതഭംഗി ദൃശ്യമാകും.  വീടിരിക്കുന്നിടത്തു നിന്ന്  500 മീറ്റർ വലതുമാറി ഈ പ്രദേശത്തുകൂടി പെരിയാറിൽ നിന്നു പിറവിയെടുക്കുന്ന ഒരു കനാൽ ഒഴുകുന്നുണ്ട്. മെയിൻ റോഡിൽ നിന്ന് വീടിനു മുന്നിലൂടെ കനാലിന്റെ ഭാഗത്തേയ്ക്ക്  ഒരു മൺപാത പോകുന്നുണ്ട്. പാതയുടെ ഒരു വശത്തു ഞങ്ങളുടെ വീടിനു സമാന്തരമായി കനാൽ ഭാഗത്തേയ്ക്ക് മൂന്നാലു വീടുകൾ മാത്രമേയുള്ളൂ. കനാലിൽ നിന്ന് ഏറ്റവും അകലത്ത് താരതമ്യേന ഉയരത്തിലുള്ള വീടാണ് ഞങ്ങളുടേത്. നഗരത്തിന്റെ വീർപ്പുമുട്ടലുകളിൽ നിന്നകന്ന് ശാന്തസുന്ദരമായ പ്രദേശത്തെ ചെറിയ ഒറ്റവീട്. വീടിനു മുന്നിലെ  മൺതിട്ടയിറങ്ങി NAD യുടെ മണ്ണിലേയ്ക്കിറങ്ങിയാൽ  തണുത്ത കാറ്റു വന്നു പൊതിയും. പച്ചപ്പട്ടിട്ടു മൂടിയ സ്വർഗഭൂമികയിലേക്ക് വിളിച്ചുകൊണ്ടുപോകും. കനാലിൽ താറാക്കൂട്ടങ്ങൾ കളിച്ചു രസിക്കുന്നുണ്ടാകും. അകലെ റെയിൽപാതയും  അതിനുമേലെ മെട്രോ റെയിലും നിവർന്നു കിടക്കുന്നുണ്ട്. കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ച സുന്ദരമായിരുന്നു.

വളരെ പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. ഓഗസ്റ്റിന്റെ മധ്യത്തിൽ തുടങ്ങിയ ന്യൂനമർദം തുടരെത്തുടരെ പെയ്തുറയുമ്പോഴും  ആശങ്കയൊന്നും തോന്നിയില്ല. വീട്ടിൽ വെള്ളം കയറുമോ എന്ന സംശയത്തിന് മൂന്നു തലമുറകളുടെ ഓർമ്മയിൽ ഈ പ്രദേശത്തെ മൂടിയ ഒരു വെള്ളപ്പൊക്കവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആണയിട്ടു. നഗരത്തിൽ നിന്ന് ഞങ്ങൾ ആ വീട്ടിലേയ്ക്ക് മാറിയിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ദീർഘമായൊന്നു നിശ്വസിച്ചു വരുന്നതേയുള്ളൂ.

ഒരാഴ്ചയായി മഴ തോരാതെ പെയ്തേറിക്കൊണ്ടിരുന്നു. പ്രളയ വാർത്തകൾ പലയിടത്തു നിന്നും വന്നു തുടങ്ങി. കനാലിലെ വെള്ളം പതിയെ കലങ്ങി നുരഞ്ഞു പരക്കാൻ തുടങ്ങി. എങ്കിലും കടുത്ത ആശങ്കയൊന്നും തോന്നിയില്ല. കനാൽ അര കിലോമീറ്ററോളം അകലത്താണ്. മാത്രമല്ല വീടിനു മുന്നിലുള്ള ഭാഗത്തേയ്ക്ക് വെള്ളം എത്തണമെങ്കിൽ കനാൽ വെള്ളം പത്തടിയെങ്കിലും പൊങ്ങണം. ഇനി വെള്ളം വീടിനു മുന്നിലെത്തിയാൽ തന്നെ മൺതിട്ടക്കു മീതെ എത്താൻ വീണ്ടും ഒരു പത്തടിയോളം പൊങ്ങേണ്ടി വരും. അത് അസംഭവ്യമെന്ന് അയൽക്കാരും ഞങ്ങളും ആശ്വസിച്ചു.

FLOOD
വഴി തീർന്നിടത്ത് ഞങ്ങളെ നിർത്തി പ്രവി വെള്ളത്തിലൂടെ നടന്നു കവലയിലേയ്ക്ക് പോയി. വര: മനോജ് കുമാർ തലയമ്പലത്ത്

14-ാം തിയ്യതി ആയപ്പോഴേയ്ക്കും കനാൽ പരന്നുപരന്ന് ചതുപ്പിനെ കുറേശ്ശേ വിഴുങ്ങാൻ തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. അന്നുരാത്രി കനാലിനോട് ഏറ്റവും അടുത്ത വീട്ടിൽ വെള്ളം കയറി. അത്‌ അപ്രതീക്ഷിതമായതിനാൽ വീട്ടുസാധനങ്ങളെല്ലാം ഉപേക്ഷിച്ച് വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയി. അപ്പോഴും ചതുപ്പു വിട്ട് NAD യുടെ കരഭൂമിയിലേയ്ക്ക്  വെള്ളം കയറിയിരുന്നില്ല. ഞങ്ങൾ ഉൾപ്പടെ 5 വീട്ടുകാർ സുരക്ഷിതരായിരുന്നു.

15-ാം തിയ്യതി. വൈദ്യുതി നിലച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞതിനാൽ ഫോണുകളെല്ലാം നിശ്ചലമായി. ലോകവുമായുള്ള ബന്ധം പൂർണമായും നിലച്ചു. കനാലിന്റെ ഭാഗത്തുള്ള മറ്റൊരു വീട്ടുകാർ കൂടി ഒഴിഞ്ഞുപോയി. തുള്ളി തോരാതെ മഴയിൽ കറുത്ത്മൂടി പ്രകൃതി. പകൽ പോലും ഇരുൾ കൂടുകെട്ടി നിൽക്കുന്നു. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ കിഴക്ക് ഭാഗത്തേയ്ക്ക് പോകാൻ ഉരുൾപൊട്ടലും മറ്റുമായി ഗതാഗത തടസം. മറ്റു ദിക്കുകളിലേയ്ക്ക് ട്രെയിൻ സർവീസ് നിശ്ചലം. ആലുവാപ്പുഴ കരകവിഞ്ഞൊഴുകുന്നു. മറ്റെവിടേയ്ക്കും പോകാൻ കഴിയില്ലെന്നു മനസിലായി. രണ്ടു ദിവസമായി പുറംലോകവുമായി ബന്ധമില്ലാഞ്ഞതിനാൽ എന്തൊക്കെ സംഭവിക്കുന്നു എന്നറിഞ്ഞിരുന്നില്ല. പറഞ്ഞു  കേൾക്കുന്ന വാർത്തകൾ അത്ര പന്തിയല്ല. എല്ലായിടത്തും പ്രശ്നങ്ങളാണെന്ന് തോന്നുന്നു. തല്ക്കാലം ഇവിടെത്തന്നെ തുടരുന്നതാണ് ഉചിതം എന്നുതോന്നി.

NAD പറമ്പിന്റെ മറുകരയിലാണ് മെയിൻറോഡും ബസ് സ്റ്റോപ്പും. വീടിന് പിൻഭാഗത്തായി കുറച്ചു വീടുകളുണ്ട്. അതിനും പിന്നിൽ ആലുവയ്ക്ക് പോകുന്ന ദിശയിൽ ഒരു ചെറിയ കവലയും കുറച്ചു കടകളും ഉണ്ട്. വൈകുന്നേരം മെഴുകുതിരി വാങ്ങാൻ ഭർത്താവ് പ്രവീൺ കടയിൽ പോകാനിറങ്ങിയപ്പോൾ ഞാനും മോളും കൂടെയിറങ്ങി. മണി ആറായിട്ടേയുള്ളൂ കുറ്റാക്കൂരിരുട്ട്. ഒരു 300 മീറ്റർ ദൂരമുണ്ട് കവലയിലേയ്ക്ക്. ഏകദേശം150  മീറ്റർ കഴിഞ്ഞപ്പോഴേയ്ക്കും റോഡ് തീർന്നു. അതിനപ്പുറത്തേയ്ക്ക് റോഡിനെ വിഴുങ്ങി കലക്കവെള്ളം പതച്ചു കിടക്കുന്നു. പേടി അരിച്ചു വന്നു തുടങ്ങിയിരുന്നു. വീടിന് മുന്നിലൂടെയും പിന്നിലൂടെയും പ്രളയജലം പതിയെപ്പതിയെ അരിച്ചെത്തുകയാണെന്ന സത്യം ഞങ്ങൾ മനസിലാക്കി. വഴി തീർന്നിടത്ത് ഞങ്ങളെ നിർത്തി പ്രവി വെള്ളത്തിലൂടെ നടന്നു കവലയിലേയ്ക്ക് പോയി.

രണ്ടുപേർ കുടയും പിടിച്ച് തൊട്ടപ്പുറത്തു നിന്ന് സംസാരിക്കുന്നുണ്ട്. ഞങ്ങൾ കൊറേനേരമായി അവിടെ നിൽക്കുന്നത് കണ്ടിട്ടാവണം കൂട്ടത്തിലെ പ്രായമുള്ളയാൾ വന്നു കാര്യം തിരക്കി. 'ഈ മഴയത്ത് വഴിയിൽ നിൽക്കേണ്ടെ'ന്നു പറഞ്ഞ അദ്ദേഹം തൊട്ടടുത്ത് റോഡിൽ നിന്നും അല്പം ഉയരത്തിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു വീട് ചൂണ്ടിക്കാട്ടി. അവിടെ പോയിരുന്നോളാനും ഹസ്‌ബൻഡ്‌ വരുമ്പോൾ വന്നു വിളിക്കാമെന്നും പറഞ്ഞു. 'തിരി മാത്രേ വാങ്ങാനുള്ളൂ, പുള്ളി പെട്ടെന്ന് വരു'മെന്നും പറഞ്ഞ് ഞങ്ങൾ ആ കരുതലിനെ സ്നേഹപൂർവ്വം മടക്കി.  പ്രവി മടങ്ങിവരുന്നത് വരെ അദ്ദേഹം ഞങ്ങൾക്ക് കൂട്ട് നിന്നു. അശോകൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒന്നും പേടിക്കാനില്ലെന്ന് പ്രവിയെ ആശ്വസിപ്പിച്ചും ഞങ്ങൾക്ക് ധൈര്യം തരണമെന്ന് ഉപദേശിച്ചും ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയാൽ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു ചെല്ലണം എന്ന് ക്ഷണിക്കുകയും ചെയ്തിട്ട് അശോകൻ ചേട്ടൻ വീട്ടിലേയ്ക്കുകയറിപ്പോയി.  

കടയിൽ നിന്നു തിരികെ വന്നതും ചതുപ്പിൽ വെള്ളം പെരുകിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കിയത്. ഉവ്വ്. പ്രളയജലം പതിയെ ചതുപ്പിനോട് ചേർന്ന കരഭാഗത്തേയ്ക്ക് കയറിത്തുടങ്ങിയിരുന്നു. അപകടം മണത്തു തുടങ്ങിയിരിക്കുന്നു. ഇരുവശത്തു നിന്നും വെള്ളം കയറുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടു പോവുമെന്ന് ഉറപ്പായി. എറണാകുളത്തിന് പുറത്തേയ്ക്കുള്ള വഴികൾ എല്ലാം അടഞ്ഞു കഴിഞ്ഞു. അടുത്ത് മറ്റെവിടേയ്ക്കും  മാറണമെങ്കിൽ നേരം വെളുക്കണം. തെരുവ് വിളക്കുകൾ പോലുമില്ല. വാഹനങ്ങൾ ഓടുന്നില്ല. മെയിൻ റോഡിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നു. രക്ഷപെടാൻ ശ്രമിക്കുന്നത് ആപൽക്കരമാണ്. ഇവിടെ തുടരുന്നത് അതിനേക്കാൾ ഭീകരമാണ്‌. അനുനിമിഷം മുറുക്കം കൂടുന്ന മഴ. പ്രളയജലം പെരുകിനിറഞ്ഞ് നൊടിയിടയിൽ ഇരമ്പി വന്നേക്കാം. പുറത്തിറങ്ങി നോക്കാൻ ത്രാണിയില്ല. മറ്റാരെയും പുറത്തിറങ്ങാൻ ഞാൻ അനുവദിച്ചതുമില്ല. ഇരച്ചാർത്തു പൊന്തിവരുന്ന പെരുവെള്ളത്തിന്റെ ഭീതിദമായ തിളക്കം കാണാൻ വയ്യ. മക്കളെ ഓർത്താണ് പേടി. അവരെ വച്ചു ഭാഗ്യപരീക്ഷണത്തിനു മുതിർന്നതിന്റെ കുറ്റബോധത്തിലും വേദനയിലും നീറി നീറി സ്വയം ശപിച്ചു കൊണ്ട് ഇരുട്ടുനോക്കി ശബ്ദമില്ലാതെ ഞാൻ നിലവിളിച്ചു കൊണ്ടിരുന്നു. ദുരന്തങ്ങളുടെ വിദൂരസ്പന്ദനങ്ങളെപ്പോലും അവഗണിക്കാൻ പാടില്ലായിരുന്നെന്ന് ഉരുകി വേദനിച്ചു. കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നെന്നും നാട്ടുകാരുടെ വാക്കു വിശ്വസിച്ച് ദുരന്തത്തിന് കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും പ്രവിയോടും സ്വയമേയും  കലഹിച്ചു. മറുത്തൊന്നും ഉരിയാടാതെ  അവർ മൂന്നാളും എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ചുറ്റും കൂടിയിരുന്നു. രാത്രിയിൽ പെട്ടെന്നൊരു നിമിഷം പ്രളയം ഞങ്ങളെ മൂടുമെന്നും നാലുപേരുടെയും അവസാനരാത്രിയാണിതെന്നും മക്കളെ വേണ്ടവണ്ണം സ്നേഹിക്കാനും ഓമനിക്കാനും സമയം തികഞ്ഞില്ലല്ലോയെന്നും ഹൃദയം നിശബ്ദമായി അലമുറയിട്ടു കൊണ്ടിരുന്നു. കൂട്ടത്തിൽ മാനസികമായി ഏറ്റവും ദുർബല ഞാനായിരുന്നു. പ്രവിയും മക്കളും എന്നേക്കുറിച്ചാണ് ഉൽക്കണ്ഠപ്പെടുന്നതെന്ന് തോന്നി. കരഞ്ഞും പ്രാർഥിച്ചും പരിതപിച്ചും ഇരുന്ന എന്നെ അവർ കൂടുതൽ ചേർത്തുപിടിച്ചു. കൗമാരക്കാരായ മക്കൾ അമ്മപ്പേടിയെ തഴുകിയണച്ച് പക്വതയുടെ പൂർണ ബിംബങ്ങളായി.

ഓഗസ്റ്റ് 16. വെട്ടം വീണു തുടങ്ങി. കഴിഞ്ഞ രാത്രി എങ്ങനെ കടന്നു പോയെന്നറിയില്ല. അനശ്ചിതത്വത്തിന്റെ, അരക്ഷിതത്വത്തിന്റെ  കനത്ത ഇരുട്ടിൽ, പെരുവെള്ളത്തിൽ മൂടിക്കളയാതെ ദൈവം ഞങ്ങളെ കാത്തു. ആ രാത്രിയിലും നിന്നുപെയ്തിട്ടും പ്രളയജലം വീടിനു തൊട്ടു താഴേയ്ക്ക് എത്തിയിട്ടേയുള്ളൂ. പൊങ്ങി തുടങ്ങിയിട്ടില്ല. പത്തടിയെങ്കിലും വെള്ളം പൊങ്ങിയാലേ വീട്ടിലേയ്ക്ക് വെള്ളം കയറൂ. പക്ഷേ, വലത്തേക്ക് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പ്രളയക്കടൽ. ഇനിയും പരീക്ഷണത്തിന് നിൽക്കുന്നില്ല. എങ്ങോട്ടെങ്കിലും മക്കളെയും കൊണ്ട് രക്ഷപ്പെടണം. അത്യാവശ്യം സർട്ടിഫിക്കറ്റുകളും രേഖകളും ഈ രണ്ടു ജോഡി വസ്ത്രങ്ങളും ബാഗിലാക്കി വച്ചു. ഒരിക്കൽക്കൂടി പുറത്തിറങ്ങി നോക്കുമ്പോൾ പ്രളയജലം മൺതിട്ടിനു താഴെ നിന്ന് മുകളിലേയ്ക്ക് അതിദ്രുതം പൊന്തി വരുന്ന കാഴ്ചയാണ് കണ്ടത്.  "ദൈവമേ... ഇന്നലെ രാത്രിയാണിങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ...?" ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞുകൊണ്ടാണ് അകത്തേയ്ക്ക് ഓടിയത്. പ്രവിയും മോനും ഫർണിച്ചറുകൾ ടെറസിലേയ്ക്ക് മാറ്റുന്നു. തലേന്ന് രാത്രി അതിനുള്ള മാനസികാവസ്ഥ ആർക്കും ഉണ്ടായിരുന്നില്ല. ഒന്നും മാറ്റാൻ നേരമില്ലെന്നും വെള്ളം കേറിവരുന്നെന്നും അവരോടു കൂവിയിട്ട് അകത്തേക്കോടി. ഞങ്ങൾ വേഗത്തിൽ റെഡി ആകുമ്പോഴാണ് ഗേറ്റിനരികിൽ ഉച്ചത്തിൽ സംസാരവും ബഹളവും കേട്ടത്. നോക്കുമ്പോൾ തലേന്ന് പരിചയപ്പെട്ട അശോകൻ ചേട്ടനും സുഹൃത്തുക്കളുമാണ്. ഞങ്ങളെ കണ്ടതും ആൾ വീട്ടിലേയ്ക്കു കയറിവന്നു. ഞങ്ങൾ വീടുവിട്ടു പോവുകയാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ വീണ്ടും ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. HMT ജംഗ്ഷനിൽ എത്തിപ്പെടാനായാൽ തല്ക്കാലം ഒരു റൂമെടുക്കാനാണ് പ്ലാൻ എന്ന് പ്രവി അശോകൻ ചേട്ടനോട് പറഞ്ഞു. തൊട്ടപ്പുറത്തുള്ള വീട്ടുകാർ അശോകൻ ചേട്ടന്റെ ബന്ധുക്കളാണ്. അവർ വീടൊഴിയുമ്പോൾ സാധനങ്ങളൊക്കെ മാറ്റാൻ വേണ്ടി വന്നതാണ് അദ്ദേഹം. അതിനായി പാഴ്ത്തടി കൊണ്ടുകെട്ടിയ ഒരു ചങ്ങാടവും അവരുടെ പക്കലുണ്ടായിരുന്നു. അശോകൻ ചേട്ടൻ മൊബൈൽ ഫോണും  ചെരിപ്പും ഷർട്ടും കൊണ്ടുവന്നു സിറ്റൗട്ടിൽ വച്ചിട്ട് 'ഇപ്പോൾ എടുത്തോളാം' എന്നും പറഞ്ഞു കൂട്ടുകാർക്കടുത്തേയ്ക്കുപോയി. അപ്പോഴേയ്ക്കും പെരുവെള്ളം ഏതാണ്ട് എട്ടടിയിലധികം ഉയർന്നു കഴിഞ്ഞിരുന്നു. ഞങ്ങൾ ഇറങ്ങാനുള്ള തിരക്കിലായി.  പൊടുന്നനെ വലിയ അലമുറയും ബഹളവും കേട്ടു. ഞങ്ങൾ ഓടിച്ചെന്നപ്പോഴേയ്ക്കും ചങ്ങാടത്തിലിരുന്ന് ഒരാൾ അലറിവിളിച്ചുകൊണ്ട് പെരുവെള്ളത്തിൽ തിരയുന്നുണ്ട്. ബാക്കിയുള്ളവർ കരയിലും. "നമ്മുടെ അശോകൻ പോയെടാ" എന്നൊരാൾ തലമുടി പിച്ചിപ്പറിച്ചു കൊണ്ട്നിലവിളിച്ചു. നെറുകയിൽ വെള്ളിടി വെട്ടിയതുപോലെ തറഞ്ഞു നിന്നുപോയി. മിനിട്ടുകൾക്ക് മുൻപ് ഞങ്ങളോട് സംസാരിച്ചു നിന്നയാളെക്കുറിച്ചാണ് പറയുന്നത്. "അയ്യോ... അയ്യോ" എന്ന്  നിലവിളിച്ചു കൊണ്ട്  മുറ്റത്തും വഴിയിലുമായി ഞങ്ങളും എന്തു ചെയ്യണമെന്നറിയാതെ ഉഴറി ഓടിക്കൊണ്ടിരുന്നു. ചുവന്നു നുരഞ്ഞു ചുഴിതിരിയുന്ന പ്രളയജലത്തിൽ ചാടാൻ ആരും ധൈര്യപ്പെട്ടില്ല. ചങ്ങാടത്തിൽ ഇരുന്നയാൾ നിലവിളിച്ചുകൊണ്ട് തന്നെ വെള്ളത്തിൽ പരാതിക്കൊണ്ടിരുന്നു. അഞ്ചു മിനിറ്റോളം കഴിഞ്ഞു. തിരച്ചിൽക്കാരന് മുകളിലേയ്ക്ക് പൊന്തിനിന്ന ഒരു കൈയിൽ പിടുത്തം കിട്ടി. വെള്ളത്തിനടിയിൽ പാണൽ ചെടികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു അശോകൻ ചേട്ടൻ. മൂന്നാലാളുകൾ വെള്ളത്തിലേക്ക് ചാടി  ചേട്ടനെ പൊക്കിയെടുത്തു. ഞങ്ങളുടെ ഗേറ്റിനു മുന്നിലേക്കാണ് ആളെ വലിച്ചു കയറ്റിയിട്ടത്. പക്ഷേ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തൊട്ടു തലേന്ന് മാത്രം പരിചയപ്പെട്ടയാൾ, മുൻപരിചയം ഒന്നുമില്ലാഞ്ഞിട്ടും ഒത്തിരി സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയ ആൾ, പ്രളയപ്പേടിയിൽ ആശ്വസിപ്പിച്ചയാൾ, ആരുമല്ലാഞ്ഞിട്ടും സ്വന്തം വീട്ടിൽ ഞങ്ങൾക്ക് അഭയം തരാൻ സന്മനസ് കാട്ടിയയാൾ ... ഒരൊറ്റ നിമിഷം കൊണ്ട് കണ്മുന്നിൽ മാഞ്ഞുപോയിരിക്കുന്നു. ആരൊക്കെയോ ചേർന്ന് ആ ശരീരം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കണ്മുന്നിൽ കണ്ട മരണത്തിന്റെ മരവിപ്പോടെ വീട്ടിലേയ്ക്ക് കയറുമ്പോൾ സിറ്റൗട്ടിൽ അശോകൻ ചേട്ടൻ അഴിച്ചുവച്ച ഷർട്ട്, ചെരിപ്പ്, മൊബൈൽ ഫോൺ...

FLOOD
മൊബൈൽ ഫോണും  ചെരിപ്പും ഷർട്ടും കൊണ്ടുവന്നു സിറ്റൗട്ടിൽ വച്ചിട്ട് 'ഇപ്പോൾ എടുത്തോളാം' എന്നും പറഞ്ഞു കൂട്ടുകാർക്കടുത്തേയ്ക്കുപോയി. വര: മനോജ് കുമാർ തലയമ്പലത്ത്

തൊട്ടടുത്ത നിമിഷം ആ ഫോൺ അടിച്ചു. മകനാണ്...പിന്നെ ഭാര്യ... ശേഷം മകൾ... എല്ലാവരോടും ഒരേ നുണ പറഞ്ഞു. "ചേട്ടൻ ജസ്റ്റ് ഒന്ന് സ്ലിപ്പായി വെള്ളത്തിൽ വീണു. കൂട്ടുകാരുണ്ടായിരുന്നു. അപ്പോഴേ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരു കുഴപ്പവുമില്ല."

കണ്മുന്നിലെ മരണത്തിന്റെ ഷോക്കിൽ സമനില കൈവിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തത് പുറപ്പാടാണ്...
എങ്ങോട്ടെന്നറിയില്ല ഏതു വഴി പോകുമെന്നറിയില്ല. മഴ കുറേക്കൂടി കനത്തു. പ്രളയജലം ഗേറ്റുകടന്നു വീട്ടിലേയ്ക്ക് കടന്നപ്പോൾ ഞങ്ങൾ അതേ ഗേറ്റു തുറന്നു പുറത്തേയ്ക്കിറങ്ങി. പെരുമഴയിൽ അന്തരീക്ഷം കൂറ്റനേ കറുത്തിരുണ്ടു. കൊടുംകാറ്റിനൊപ്പം മഴ ധൂളികളായി പാറിപ്പരന്നു. തൊട്ടടുത്തുള്ളയാളെ പോലും കാണുന്നില്ല. റോഡ് കാണാനില്ല. NAD പ്രദേശം നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്കു തള്ളിക്കയറി വന്ന് അപ്പുറത്തെ പാടത്തേയ്ക്കും നിറയുകയാണ്. റോഡിൽ ഇപ്പോൾ അരയ്‌ക്കൊപ്പം വെള്ളമുണ്ട്. അല്പം കൂടി വൈകിയിരുന്നെങ്കിൽ ഈ വഴിയും അടഞ്ഞു പോയേനെ.  കുതിച്ചെത്തുന്ന വെള്ളത്തിൽ നിന്ന് കാലിൽ എന്തൊക്കെയോ തടയുന്നുണ്ട്. സാമാന്യത്തിലും വലുപ്പമുള്ള കറുകറുത്ത അട്ടകളും കൈപ്പത്തിയോളം പോന്ന ആഫ്രിക്കൻ ഒച്ചുകളും  പാമ്പുകളുമൊക്കെ റോഡരികിലെ മരത്തിൽ ചുറ്റിയിരിക്കുന്നത് കണ്ടു. അവ ഈ വെള്ളത്തിലൂടെ ഒഴുകി വരുന്നതാണ്.  പേടികൊണ്ട് തല ചുറ്റുന്നു. പാമ്പൊന്നും തടയാതിരിക്കാൻ കാൽ വെള്ളത്തിൽ അലക്കിയലക്കിയാണ് നടപ്പ്. ചിലയിടങ്ങളിൽ റോഡും ചതുപ്പും തിരിച്ചറിയാൻ പറ്റാതെ ഒന്നിച്ചൊഴുകി പരന്നിരിക്കുകയാണ്. തീർത്തും പരിചയമില്ലാത്ത സ്ഥലമാണ്. ഒരിഞ്ചു മാറിയാൽ ഒരുപക്ഷേ ആഴങ്ങളിലേക്കാവും പതിക്കുക. നനഞ്ഞൊലിച്ചും വിറച്ചും കരഞ്ഞും ഞങ്ങൾ നാലാളും കൈകോർത്തു പിടിച്ചു നടന്നു. മരണത്തിലേയ്ക്കോ ജീവിതത്തിലേയ്ക്കോ എന്ന് ലക്ഷ്യമില്ലാതെ...

പെരുവെള്ളത്തോട് പൊരുതിയും വീണും തടഞ്ഞും  എങ്ങനെയോ കളമശ്ശേരി HMT ജംഗ്ഷനിൽ എത്തി. ചുറ്റുമുള്ള സ്ഥലങ്ങളെ അപേക്ഷിച്ച്താരതമ്യേന പൊക്കം കൂടിയ സ്ഥലമാണ് ഇവിടം. തല്ക്കാലം അവിടെ  റൂമെടുക്കാമെന്ന് കരുതി. എന്നെയും മക്കളെയും ഒരു റെസ്റ്റോറന്റിൽ ഇരുത്തിയിട്ട് പ്രവി റൂം തെരഞ്ഞു പോയി.  HMT വിട്ടു വേറൊരിടത്ത് പോകാൻ ധൈര്യം പോരാ. മറ്റു സ്ഥലങ്ങൾ ഇത്ര സുരക്ഷിതമായിരിക്കുമോ എന്ന ആശങ്ക. രാത്രി 8 മണി വരെ തിരഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഇതിനിടെ അവിടെ അടുത്ത് 2 ക്യാമ്പുകൾ ഉണ്ടെന്നറിഞ്ഞു. തൊട്ടടുത്തുള്ള ക്യാമ്പിൽ കാൽ കുത്തി നിൽക്കാൻ ഇടമില്ല. രണ്ടാമത്തെ ക്യാമ്പിലും നിറയെ ആളുകൾ. പക്ഷെ അവിടെ താമസിക്കാൻ കൂടുതൽ സ്ഥല സൗകര്യം ഉണ്ടായിരുന്നു. അവിടെക്കൂടി. നിറയെ ആളുകൾ. പാവപ്പെട്ടവനും  പണക്കാരനും ഉണ്ടായിരുന്നു. പണ്ഡിതനും പാമരനും ഉണ്ടായിരുന്നു. ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഉണ്ടായിരുന്നു. പക്ഷെ  ആ ദിനങ്ങളിൽ ആർക്കും മതത്തിന്റെ ചോര മണമുണ്ടായിരുന്നില്ല. മനുഷ്യന്റെ മണമായിരുന്നു. നിസ്വാർത്ഥരായ, നിസ്സഹായരായ, നിഷ്കളങ്കരായ പച്ച മനുഷ്യന്റെ മണം... ചെന്നതിന്റെ പിറ്റേന്നാൾ മുതൽ ഞങ്ങളും വളണ്ടിയർമാരായി. ഏറെ വ്രണപ്പെട്ടവരെ ആശ്വസിപ്പിച്ചുകൊണ്ട് ജലമേൽപ്പിച്ച മുറിവുകളെ ആറ്റിയുണക്കാൻ  തുടങ്ങി.  അങ്ങനെ എട്ടുനാൾ...

തിരികെ ചെല്ലുമ്പോഴുള്ള വീടിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു പിന്നത്തെ ആശങ്ക. അതുകൊണ്ട് തന്നെ എന്നെയും മോളെയും ക്യാംപിലാക്കി അഞ്ചാം നാൾ കാലത്ത് പ്രവിയും മോനും വീട്ടിലേയ്ക്കു പോയി. അടിഞ്ഞുകുറുകിയ ചേറും ചെളിയും കുറേശ്ശേ വൃത്തിയാക്കി രാത്രി ക്യാമ്പിലേക്ക് തിരികെ വന്നു.  മൂന്നുനാൾ കൊണ്ട്  ഏറെക്കുറെ വീട്ടിലേയ്ക്ക് കയറാമെന്ന അവസ്ഥയിലാക്കി. അങ്ങനെ എട്ടാം നാൾ ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി.

വേറൊരു വീട്, വേറൊരു മുറ്റം, വേറൊരു തൊടി... അങ്ങനെയാണ് തോന്നിയത്. പോർച്ചിൽ കിടന്ന ബൈക്കും സ്‌കൂട്ടറും ചെളിയിൽ പുതഞ്ഞു കിടന്ന് ഉപയോഗശൂന്യമായിരുന്നു. ഏകദേശം പൂർണ്ണമായി മുങ്ങിപ്പോയ വീട്ടിന്റെ ടെറസിൽ എടുത്തുവച്ച ഒരു കട്ടിലൊഴികെ ബാക്കി  ഫർണിച്ചറുകളെല്ലാം നശിച്ചു പോയി. ബർത്തിൽ എടുത്തുവച്ച കിടക്കകളും തുണികളും ചെളി കയറി  ചീർത്തു ദുർഗന്ധം വമിച്ചിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗശൂന്യമായി. ഹൃദയം നുറുക്കിയത് മറ്റൊരു കാഴ്ചയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എഴുതിക്കൂട്ടിയതും പ്രസിദ്ധീകരിച്ചതുമായ സകലസൃഷ്ടികളും (മൂന്നു പുസ്തകങ്ങൾക്കായി രചിച്ച  ലേഖനങ്ങളും കുറിപ്പുകളും അടക്കം) എല്ലാം ഒരൊറ്റ ചെളിക്കട്ടയായി മുകൾത്തട്ടിലെ ക്യാബിനറ്റിലിരിക്കുന്നു. എത്രയോ കാലത്തെ ചിന്തകൾ, ഭാവനകൾ, കാഴ്ചകൾ, ആലേഖനം ചെയ്ത ജീവിതങ്ങൾ... തകർന്നുപോയി... എന്റെ ജീവസ്സായിരുന്നു; ജീവിതമായിരുന്നു. ഒരു താൾ പോലും, ഒരക്ഷരം പോലും വേർതിരിച്ചെടുക്കാനാവാതെ ജലസമാധിയായിപ്പോയത്.  ഒന്നുമിനി ബാക്കിയില്ല.എങ്കിലും കുറച്ചു പാത്രങ്ങളും ഉടുതുണിയും മാത്രമായി; പ്രളയപ്രഹരത്തിൽ അടിതെറ്റി വീണുപോയ അനേകായിരങ്ങൾക്കൊപ്പം ഞങ്ങളും അതിജീവനത്തിന് തയ്യാറെടുത്തു. വീട് പൂർണമായും വൃത്തിയാക്കിയെടുക്കാൻ ഒരു മാസത്തോളം വേണ്ടിവന്നു.

FLOOD
വര: മനോജ് കുമാർ തലയമ്പലത്ത്

മൂന്നു തലമുറകൾക്ക് കേട്ടുകേൾവി മാത്രമുള്ള പ്രളയത്തിന്റെ ഒന്നാം ഖണ്ഡം അങ്ങനെ അവസാനിച്ചു. കൃത്യം ഒരു വർഷത്തിന് ദിനങ്ങൾ ശേഷിക്കേ അടുത്ത പ്രഹരം. കേട്ടതിനേക്കാൾ കരൾ പിളർക്കുന്ന എത്രയോ കഥകൾ നമ്മൾ കേൾക്കാതെ പോയിട്ടുണ്ടാകും. ദുരന്തം കണ്ടുനിന്നവരും ബലിയാക്കപ്പെട്ടവരും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരും ജീവിതം അപ്പാടെ കുത്തിയൊലിച്ചു പോയവരും. അങ്ങനെയങ്ങനെ...

ആദ്യഖണ്ഡത്തിൽ തെക്കൻ കേരളത്തെ മുറിവേൽപ്പിച്ചു രസിച്ച പ്രളയഭൂതം ഇത്തവണ വടക്കൻ കേരളത്തിലാണ് ഉറഞ്ഞാടിയത്. തല്ലിയും തുലച്ചും കശക്കിയും വലിച്ചിഴച്ചും നിലത്തരച്ചും ഒടുക്കം പച്ച ജീവനോടെ മണ്ണിട്ടു മൂടിയും ഉന്മാദിയായ് പെരുകിയ ദുർഭൂതം  എത്ര നെഞ്ചകങ്ങളാണ്  തകർത്തെറിഞ്ഞത്. എത്ര സ്വപ്നങ്ങളിലാണ്  കരിന്തിരി കത്തിച്ചത്. എത്ര പൂമൊട്ടുകളാണ്  പൊട്ടിച്ചെറിഞ്ഞത്.
കണ്ണീരിൽ മുക്കിയ കഥകൾ എഴുതി മായ്ക്കുന്നത് ഇനിയും കരയാതിരിക്കാനാണ്. കരുത്തു നേടാനാണ്...

മരണത്തെ നേർക്കണ്ണിൽ അറിയുന്നവന്റെ നിസ്സഹായത, അലറിയാർത്തിട്ടു ഗതിയില്ലാത്തവന്റെ ദൈന്യം, പ്രളയജലത്തിൽ ഒരു ജനതയപ്പാടെ മുങ്ങിയാഴുന്ന പിടപ്പ്... ഇനിയും തുടരുമെന്ന പഠനറിപ്പോർട്ടുകളെ, അതിലെ ഭീകരസത്യത്തെ നമ്മൾ ഉൾക്കൊള്ളുക. ജാഗരൂഗരായിരിക്കുക. അത് മാത്രമാണ് പ്രതിവിധി

ഇനിയും...
കരുതിയിരിക്കാം...
കൈകോർക്കാം...
കരുത്തരാവാം...