ഒറ്റരാത്രി ഒൻപത് ഉരുൾ, ഞെട്ടൽ മാറാതെ ഗ്രാമം

കെ.ആർ. പ്രഹ്ലാദൻ
കോട്ടയം: വ്യാഴാഴ്ച രാത്രി തീക്കോയി ഗ്രാമം ഉറങ്ങിയില്ല. ഒരു രാത്രി ഒന്നരമണിക്കൂറിനിടെ തീക്കോയി-ഒറ്റയീട്ടി-വാഗമൺ റോഡിന്റെ പരിസരത്ത് ഉരുൾപൊട്ടിയത് ഒൻപതിടത്താണ്. അന്നുരാത്രി ജനവാസകേന്ദ്രങ്ങളിലൂടെ ഒഴുകിനീങ്ങിയ ഉരുളിന്റെ ശക്തിയിൽ ഗ്രാമം വിറച്ചു. അതിന്റെ പേടി ഇനിയും വിട്ടുമാറിയിട്ടില്ല.
ഇത് ഇൗ വർഷത്തെ മാത്രം അനുഭവമല്ല. പോയവർഷം മൂന്ന് ഉരുൾപൊട്ടലുകളാണ് ഇവിടെ ഉണ്ടായത്. അഞ്ചുപേർ മരിച്ചു. പൂഞ്ഞാർ തെക്കേകര, കൂട്ടിക്കൽ, തലനാട് എന്നീ പഞ്ചായത്തുകളിലും സമാനസ്ഥിതിയാണ്. വർഷങ്ങളായി ഉരുൾഭീഷണിയിൽ കഴിയുന്ന ജനങ്ങൾ ഇക്കുറിയും ക്യാമ്പുകളിലേക്ക് മാറുകയാണ്. എല്ലാ വർഷകാലത്തും ഇവരെല്ലാം ക്യാന്പുകളിൽ കഴിയുന്നു.
മംഗളഗിരി സെയ്ന്റ് തോമസ് സ്കൂളിലെ ക്യാമ്പിലുള്ളത് തീക്കോയി പഞ്ചായത്തിലെ 97 കുടുംബങ്ങളാണ്. ഉരുൾപൊട്ടലിന്റെ പിറ്റേന്നാൾ മുതൽ ഇവിടെ താമസമാക്കിയവർ. മിക്കവരും പോയ വ്യാഴാഴ്ച രാത്രിയിലെ ഉരുൾപൊട്ടൽ നേരിട്ട് കണ്ടവരാണ്. പലരുടെയും മുറ്റത്തുകൂടിയും പറമ്പിൽക്കൂടിയുമാണ് മലവെള്ളവും പാറക്കൂട്ടവും ഒഴുകിപ്പോയത്.
“ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു അതിന്റേത്” -പറയുന്നത് മുപ്പതേക്കർ ഇൗട്ടിക്കൽ സുകുമാരൻ. ഒരേക്കറോളം ഭൂമി ഇദ്ദേഹത്തിന് നഷ്ടമായി. ഇവരുടെ വീടിന് ഇരുവശത്തും തോടാണ്. ഉരുൾ നേരിട്ട് വന്നിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നെന്ന് ഇവർക്ക് ഒാർക്കാനേ കഴിയുന്നില്ല. ഒാടിമാറാൻപോലും ഇടമില്ല.
മേലോരത്ത് രാജുവിനും പങ്കിടാനുള്ളത് സമാന അനുഭവം. കൊടുക്കപ്പള്ളി എസ്റ്റേറ്റിൽ മാത്രം രണ്ടിടത്താണ് ഉരുൾപൊട്ടിയത്. മുപ്പതേക്കർ, മംഗലം, തടിക്കക്കുന്ന്, മഞ്ഞാപ്പാറ, ഒറ്റയീട്ടി എന്നിവിടങ്ങളിലെല്ലാം ഒരേസമയം മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. വാഗമൺ റോഡ് പൂർണമായി അടഞ്ഞുപോയി. 400 അടിയോളം താഴ്ചയുള്ള വലിയ കൊക്കയാണ് ഒരുവശത്ത്. മറുവശത്ത് വലിയ മൺതിട്ടകളും. 40 ഡിഗ്രിവരെ ചെരിവുള്ള ഭൂമിയിലാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്നത്. 

ആദ്യപ്രളയത്തിൽ തറവാടു തകർന്നു ബാക്കിയായ ഷെഡ് വെള്ളപ്പൊക്കത്തിലും

കെ.ആർ. അമൽ
കൊച്ചി : ഒന്നാംപ്രളയത്തിൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതോടെ തറവാട് വീട് തകർന്നു. പിന്നീട് കെട്ടി ഉയർത്തിയ ഷെഡ് വെള്ളപ്പൊക്കത്തിലും നിലംപൊത്തി. കുത്തിയതോട് സ്വദേശിയായ ഐക്കര വീട്ടിൽ അംബികാ ശശിക്ക് ക്യാമ്പിൽനിന്ന് എങ്ങോട്ട് പോവുമെന്നറിയില്ല.
തറവാട്ടു വീട്ടിലായിരുന്നു അംബികയും ഭർത്താവും മകനും കഴിഞ്ഞിരുന്നത്. പ്രളയം വീടെടുത്തപ്പോൾ സർക്കാർ സഹായത്തിൽ വീടു ലഭിക്കുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ തറവാട് സ്വത്ത് ഭാഗംവെക്കാത്തതിനാൽത്തന്നെ സ്വന്തമായി വീടില്ലെന്ന കാരണത്തിൽ സർക്കാർ സഹായം ഇവരിൽനിന്ന് അകന്നു.
ഒടുവിൽ കൈയിൽ സ്വരുക്കൂട്ടിയ പണമുപയോഗിച്ച് ഷീറ്റ് മറച്ച ഒരു ഷെഡ് നിർമിച്ചായിരുന്നു താമസം. മൂന്നാൾക്കുമായി ഈ ഷെഡിലുണ്ടായിരുന്നത് ഒരു കട്ടിൽ മാത്രം. അതിപ്പോൾ വെള്ളപ്പൊക്കവും എടുത്തു. ഇനി വെള്ളപ്പൊക്കം വരില്ലെന്ന് പ്രതീക്ഷയിലായിരുന്നു അംബികയും കുടുംബവും. എന്നാൽ ഇപ്പോൾ ആ പ്രതീക്ഷയും നഷ്ടമായി. 
കുന്നുകര ക്രിസ്തുജയന്തി ഹൈസ്കുളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് ഈ കുടുംബം.
രണ്ടു ദിവസത്തിനുള്ളിൽ ക്യാമ്പ് വിടണമെന്ന് അറിയാം. പക്ഷേ, എവിടേക്ക്. ക്യാമ്പിൽ നിന്നിറങ്ങിയാൽ കിടപ്പാടമില്ല, ഭക്ഷണവും. എന്തു ചെയ്യുമെന്ന് ഒരു എത്തും പിടിയുമില്ല ഇവർക്ക്. ഭർത്താവ് ശശിയെ പലവിധ അസുഖങ്ങളും വേട്ടയാടുന്നതുകൊണ്ട് ജോലിക്ക് പോകാൻ കഴിയില്ല. മകൻ കൂലിപ്പണിക്കുപോയാണ് കുടുംബം പോറ്റേണ്ടത്. പക്ഷേ, കഴിഞ്ഞ പ്രളയ ശേഷം പണിയുമില്ല.
നിലവിലെ കുടുംബ സ്വത്തായ നാല് സെന്റ് ഭൂമിക്ക് നാല് അവകാശികളുണ്ട്. അതിൽ വീതംകിട്ടുന്ന സ്ഥലത്ത് ഇനി ഒരു വീട് പണിയുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യമാണ്. പഴയ ഷെഡിന്റെ സ്ഥാനത്ത് മറ്റൊരു ഷെഡ് തട്ടിക്കൂട്ടി കഴിയണം. അത്രമാത്രമേ ഇനി ആഗ്രഹമുള്ളൂ. 

പോകാൻ വീടില്ല... ക്യാമ്പ് തീരരുതേയെന്ന പ്രാർഥനയുമായി അനു 

നിമിഷ റോസ് ജോയ്
അഗളി: ജീവിതകാലത്തെ അധ്വാനം മുഴുവൻ സ്വരുക്കൂട്ടി നിർമിച്ച വീട് കൺമുന്നിൽ മലയെടുത്തു കൊണ്ടുപോകുന്നത് കണ്ട അനു ഇപ്പോഴും ആഘാതത്തിൽനിന്ന് മോചിതനായിട്ടില്ല. പോകാൻ വീടില്ല... വീടുവെക്കാൻ ഇനിയവിടെ സ്ഥലവുമില്ല. പ്രായമായ അച്ഛനെയും അമ്മയെയുംകൊണ്ട് വേറെ എവിടെയും പോകാനില്ല. 
അനു എന്ന ചെറുപ്പക്കാരന്റെ മുന്നിലുള്ളത് ഇരുളടഞ്ഞ വഴി മാത്രം. അട്ടപ്പാടി കുറവൻപാടിയിൽ ഉരുൾപൊട്ടലുണ്ടാവുമ്പോൾ അച്ഛൻ കുഞ്ഞൂട്ടിയും അമ്മയും അനുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ജീവനുംകൊണ്ട് രക്ഷപ്പെടുമ്പോൾ കൺമുന്നിൽ അവർ കണ്ടു വായ്പയെടുത്ത് നിർമിച്ച വീട് തകർന്നു തരിപ്പണമാകുന്നത്. 
22 ലക്ഷം രൂപയോളം സഹകരണബാങ്കിൽനിന്ന് വായ്പയെടുത്ത് പൂർത്തിയാക്കിയ പുതിയ രണ്ടുനില വീട്ടിൽ താമസം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഫർണിച്ചർ വാങ്ങി താമസം മാറുന്നതിനുള്ള ഒരുക്കത്തിനിടയ്ക്കാണ് വ്യാഴാഴ്ച കുറവൻപാടിയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ഒന്നാംനിലയുടെ മേൽക്കൂരമാത്രമാണ് പുറത്തുകണ്ടത്. നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ വീട് താഴേക്ക് നിരങ്ങിയിറങ്ങി. പിറകിലെ മലയിൽ ഉരുൾപൊട്ടി വീടിന് മുകളിൽ വീണു. കുരുമുളകും തെങ്ങും കൃഷിചെയ്ത രണ്ടര ഏക്കർ സ്ഥലവും മൺകൂനയായി. സംഭവസമയത്ത് അനുവിന്റെ ഭാര്യയും കുട്ടികളും നെല്ലിപ്പടിയിലെ ഭാര്യവീട്ടിലായിരുന്നു.

അനുവിന്റേതിന് സമാനമായ അനുഭവമാണ് മേലേ പെരിങ്ങലോട്ട് അനിൽകുമാറിനും വെട്ടിയാർ പുത്തൻവീട്ടിൽ മുരുകേശിനുമുണ്ടായത്. ഇവരുടെയും വീടുകൾ പൂർണമായും നശിച്ചു. മുരുകേശിന്റെ വീടിന് മുറ്റത്തിരുന്ന മൂന്നുവാഹനങ്ങളും മണ്ണിനടിയിലായി.
കഴിഞ്ഞ വ്യാഴാഴ്ച കുറവൻപാടിയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായതോടെ പ്രദേശത്തെ 37 കുടുംബങ്ങളിലായി 129 പേർ ഉണ്ണിമലയിലെ പഴയ സ്‌കൂൾ കെട്ടിടത്തിലെ ക്യാമ്പിലെത്തി. ആദ്യ രണ്ടുദിവസം വേണ്ടത്ര ഭക്ഷണവും അത്യാവശ്യ വസ്തുക്കളുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. വിഷയം പുറംലോകം അറിഞ്ഞതോടെ സർക്കാരും സന്നദ്ധ സംഘടനകളും സഹായങ്ങളുമായെത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് അപകടഭീഷണി നിലനിൽക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചതോടെ കുറെ പേർ മടങ്ങി. കോളേജ് വിദ്യാർഥികളും സന്നദ്ധ സംഘടനകളും പ്രദേശവാസികളും ചേർന്ന് വീടുകൾ വൃത്തിയാക്കിതുടങ്ങി. അനുവുൾപ്പെടെ 13 കുടുംബങ്ങളിലെ 34 പേർ ഇപ്പോഴും ക്യാമ്പിലുണ്ട്. എന്തുചെയ്യണമെന്നറിയാതെ.   

പുനരധിവാസം പാതിയാകുംമുമ്പേ പുതിയ കടമ്പ

എസ്.എൻ. ജയപ്രകാശ്
തിരുവനന്തപുരം: 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിന് മറ്റൊരു പ്രളയംകൊണ്ടുതന്നെ ഒന്നാം വാർഷികമാകുമ്പോൾ പുനരധിവാസം സർക്കാരിന് വെല്ലുവിളിയാവുന്നു. കഴിഞ്ഞ പ്രളയത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പാതിവഴിയിലായതേയുള്ളൂ. അപ്പോഴേക്കും വീടും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ പുതിയനിര നിസ്സഹായരായി നിൽക്കുന്നു. ഈവർഷത്തെ ദുരന്തത്തിലും ഇരകളായവരെക്കൂടി ഉൾപ്പെടുത്തി പുനരധിവാസപദ്ധതി വിപുലീകരിക്കേണ്ട സാഹചര്യമാണിപ്പോൾ. 
എത്രയും പെട്ടെന്ന് പുനരധിവാസം
പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറയ്ക്കുന്ന തരത്തിൽ പത്തുവർഷംകൊണ്ട് കേരളത്തിന്റെ പുനർനിർമാണം. ഇതായിരുന്നു 2018-ലെ പ്രളയത്തിനുശേഷം സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടത്. ശബരിമലയിലെ യുവതീപ്രവേശംപോലുള്ള വിവാദങ്ങളും ഔദ്യോഗിക സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും കാരണം പുനരധിവാസത്തിന് വേഗം കുറഞ്ഞു. ആഗോള ഏജൻസികളുടെ ഇടപെടലോടെയുള്ള പുനർനിർമാണ പദ്ധതിക്ക് അടുത്തിടെയാണ് അംഗീകാരമായത്. പണം കണ്ടെത്തുക എന്നതുപോലെ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ നിലവിലുള്ള ഔദ്യോഗികസംവിധാനത്തിനുള്ള പോരായ്മയും പുനർനിർമാണത്തിന് വെല്ലുവിളിയാണ്. 
15,664 വീടുകൾ, നിർമിച്ചത് 6664
പുനരധിവാസം എത്രത്തോളമായി എന്നതിന് ഉത്തരംകണ്ടെത്താൻ ആദ്യം ആശ്രയിക്കാവുന്നത് വീടുകളുടെ പുനർനിർമാണ പുരോഗതിയാണ്. ആദ്യ പ്രളയത്തിലും ഉരുൾപൊട്ടലിലും പൂർണമായി തകർന്നത് 15,664 വീടുകളാണ്. ഇതുവരെ നിർമിക്കാനായത് 6664 വീടുകളും.  ഇക്കാര്യത്തിൽ വ്യക്തികളുടെ ജാഗ്രത കൂടിവേണമെങ്കിലും സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഫലപ്രദമായ ഏകോപനം നടത്തിയിരുന്നെങ്കിൽ കൂടുതൽ വീടുകൾ പൂർത്തിയാക്കാനാവുമായിരുന്നു. ഭാഗികമായി തകർന്ന വീടുകൾക്കുള്ള സഹായധനവിതരണവും ഇനിയും 
പൂർത്തിയായിട്ടില്ലെന്ന് റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 
ദുരിതാശ്വാസനിധി: ചെലവിട്ടത് പാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച 4359.16 കോടി രൂപയിൽ 2008.76 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ശേഷിക്കുന്നതുക വിവിധ കാലയളവുകളിലേക്കായി 
ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ സംഭാവന ലഭിച്ചില്ലെങ്കിൽ ഈ പണത്തിൽ നിന്നുതന്നെ ഈവർഷത്തെ ദുരന്തബാധിതർക്കും സഹായം നൽകേണ്ടിവരും. മൂന്നുകാര്യങ്ങൾക്കായി ഈ 
തുക ചെലവിടാൻ സർക്കാർ തീരുമാനിച്ചിരുന്നത്. 
1, പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമാണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഓരോ ഘട്ടവും പൂർത്തിയാവുന്ന മുറയ്ക്ക് ഇതിൽനിന്ന് പണംനൽകുക
2, കുടുംബശ്രീ മുഖേന ഗൃഹോപകരണങ്ങൾ വാങ്ങാൻ നൽകിയ വായ്പയുടെ പലിശത്തുക ഇതിൽനിന്ന് നൽകുക
3, സ്ഥിരമായി കടൽക്ഷോഭത്തിനിര
യാവുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 

കഴിഞ്ഞവർഷത്തെ പ്രളയം

 കേരളത്തിനുണ്ടായ നഷ്ടം
26,718 കോടി രൂപ
 പുനർനിർമാണത്തിന് വേണ്ടത്
31,000 കോടി രൂപ
  കാർഷിക നഷ്ടം
 നശിച്ച കൃഷിയിടങ്ങൾ 
1,47,016.82 ഹെക്ടർ
 ബാധിച്ച കർഷകർ-3,88,752
 നഷ്ടപ്പെട്ട കന്നുകാലികൾ-11,942 
 സാമ്പത്തികനഷ്ടം-5,622 കോടി രൂപ
 ഉപജീവനനഷ്ടം-10,358 കോടി രൂപ  
 കുടുംബശ്രീവഴി 
ഗൃഹോപകരണങ്ങൾക്കായി വായ്പ
1,395 കോടി
 അടിയന്തരസഹായധനം (പതിനായിരം രൂപ)  നൽകിയത് -7.37 ലക്ഷം പേർക്ക് 
  സഹായം, വായ്പ
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
4,359.16 കോടി രൂപ 
(സാലറിചലഞ്ചിൽനിന്ന് കിട്ടിയ 1,400 കോടി ഉൾപ്പെടെ)
 കേന്ദ്രം അനുവദിച്ചത്
2,904.85 കോടി രൂപ 
 ലോകബാങ്ക് വായ്പ ആദ്യഗഡു
1,750 കോടി രൂപ 
  കിട്ടാനുള്ളത്
 ലോകബാങ്ക് രണ്ടാംഗഡു-1,750 കോടി രൂപ
 ജർമൻ വികസനബാങ്ക് -1,350 കോടി രൂപ
 ഏഷ്യൻ വികസന ബാങ്ക് -3,500 കോടി രൂപ
 ലോകബാങ്ക് ഉൾപ്പടെ വിവിധ ഏജൻസികളിൽനിന്ന് മൂന്നുവർഷത്തേക്ക്‌ ആകെ 
പ്രതീക്ഷിക്കുന്നത് -10,500 കോടി രൂപ
   ചെലവിട്ടത് 
 ദുരിതാശ്വാസനിധിയിൽ നിന്ന് 
2,008.76 കോടി രൂപ
 റോഡുകൾ നന്നാക്കാൻ
1,666 കോടിരൂപ 
(പദ്ധതി, പദ്ധതിയിതരചെലവിൽനിന്ന് 1590 കോടി, ദുരിതാശ്വാസഫണ്ടിൽനിന്ന് 76 കോടി) 
   പുനരധിവാസം 
 പൂർണമായി തകർന്ന വീടുകൾ -15664 
 പൂർത്തിയായത്-6664 
 ചെലവിട്ടത്-317.76 കോടി രൂപ
 ഭാഗികമായി തകർന്ന 
വീടുകൾ-3,06,467 
 സഹായം നൽകിയത് -2,81,986 വീടുകൾക്ക് 
 ചെലവിട്ടത് -1539.50 കോടി രൂപ 

ജനങ്ങളറിയേണ്ടേ ?

പി.കെ. ജയചന്ദ്രൻ, കെ.എം. ബൈജു, ബിജു പരവത്ത്  

ഉരുൾപൊട്ടിയും മണ്ണിടിഞ്ഞുവീണും സംസ്ഥാനത്തിന്റെ പലയിടത്തും മഴദുരന്തങ്ങൾ ആവർത്തിക്കുകയാണ്. വിവിധ ഏജൻസികൾ നൽകിയ 
മുന്നറിയിപ്പുകൾ നമ്മൾ പരിഗണിച്ചിരുന്നെങ്കിൽ ഇതു തടയാമായിരുന്നില്ലേ എന്ന അഭിപ്രായങ്ങളാണുയരുന്നത്
ഭൗമശാസ്ത്ര പഠനകേന്ദ്രം
മുന്നറിയിപ്പുകൾ അവഗണിച്ചു 
ഭൗമശാസ്ത്ര പഠനകേന്ദ്രം (സെസ്) വില്ലേജുകൾ അടിസ്ഥാനമാക്കി ദുരന്തമേഖലകൾ നിർണയിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോത്തുകല്ലും പുത്തുമലയും ഉരുൾപൊട്ടലിന് അതീവസാധ്യതയുള്ള മേഖലകളാണെന്ന് ഇതിൽ പറയുന്നു. ദുരന്തമേഖലകളേതെന്നു നിർണയിക്കുകയാണു ചെയ്തിട്ടുള്ളതെന്നും ദുരന്തസാധ്യത അടിസ്ഥാനമാക്കി തരംതിരിക്കണമെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രം ശുപാർശ ചെയ്തിരുന്നു. ഇതു നടപ്പായില്ല.
ദുരന്തസാധ്യതാ വില്ലേജുകളെ അതീവ അപകടം നിറഞ്ഞത്, അപകടം നിറഞ്ഞത്, സുരക്ഷിതം എന്നിങ്ങനെ തിരിക്കണമെന്നു നിർദേശിച്ചിരുന്നു. ഇക്കാര്യം ജനങ്ങളെ അറിയിക്കുകയും വേണം. ഈ നിർദേശങ്ങളും പാലിക്കപ്പെട്ടില്ല.   
‘നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ എങ്ങനെയും രക്ഷപ്പെട്ടേനെ’ എന്ന് മേപ്പാടിയിലും നിലമ്പൂരിലും ദുരന്തത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരും നിറമിഴിയോടെ നിലവിളിക്കുന്നുണ്ട്. ഇതിനിയും ആവർത്തിക്കാതിരിക്കാൻ ദുരന്തമേഖലകൾ ജനങ്ങളെ ബോധ്യപ്പെടുത്തുംവിധം പരസ്യപ്പെടുത്താനുള്ള നടപടിയെങ്കിലും സർക്കാരിൽനിന്നുണ്ടാകണമെന്നാണ് ആവശ്യം. 
ജൈവവൈവിധ്യ ബോർഡ് 
ഭൂവിനിയോഗം സൂക്ഷിച്ചുവേണം 
ഭൂമിയുടെ വിനിയോഗത്തിൽ മാറ്റമുണ്ടാക്കരുതെന്നായിരുന്നു കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പ്രധാന ശുപാർശ. കുന്നിടിക്കാനും നീർത്തടങ്ങൾ നികത്താനും പാടില്ല. സാമൂഹിക, പരിസ്ഥിതി ഓഡിറ്റ് നടത്തിയ ശേഷമേ നദീതീരങ്ങളിലെ ഏതു നിർമാണപ്രവർത്തനത്തിനും അനുമതി കൊടുക്കാവൂ. ചെരിവുള്ള ഭൂമി സംരക്ഷിക്കാനായി അതതു നാടുകളിലെ സസ്യയിനങ്ങൾ വെച്ചുപിടിപ്പിക്കണം. 
കാടിനടുത്ത് നടത്തുന്ന എന്തു പ്രവർത്തനങ്ങളും ഹരിതവികസന നയത്തിന്റെ അടിസ്ഥാനത്തിലാകണം. നിർത്തടങ്ങളുടെ സ്വാഭാവികത നിലനിർത്താൻ പഞ്ചായത്തുതലത്തിൽ ജലസംരക്ഷണ നയം നടപ്പാക്കണം. ഗ്രാമസഭകളിൽ ജൈവവൈവിധ്യ, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചചെയ്യണം, അതിന്റെ അടിസ്ഥാനത്തിൽ കർമപദ്ധതി രൂപപ്പെടുത്തണം. ഇതൊക്കെയായിരുന്നു ശുപാർശകൾ. ഒന്നും നടന്നില്ല. 
 ജലവിഭവ വിനിയോഗകേന്ദ്രം
തണ്ണീർത്തടങ്ങൾ സംരക്ഷിക്കണം

ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിതീവ്ര മഴയിലെ വെള്ളം ഉൾക്കൊള്ളാൻ തണ്ണീർത്തടങ്ങൾ ഇല്ലാതെപോയതാണ് ഇത്തവണ പ്രളയം രൂക്ഷമാക്കിയതെന്ന് ജലവിഭവ വിനിയോഗ കേന്ദ്രം (സി.ഡബ്ള്യു.ആർ.ഡി.എം.) വിദഗ്ധരുടെ പ്രാഥമിക നിഗമനം.
പശ്ചിമഘട്ട മലയോര മേഖലകളിൽനിന്ന് മഴവെള്ളം കടലിലെത്താൻ 48 മുതൽ 72 വരെ മണിക്കൂറെടുക്കും. കടലിലെത്തുന്നതിനുമുമ്പ് മഴവെള്ളം വയലുകളും കണ്ടൽക്കാടുകളും ചതുപ്പുകളും ഉൾക്കൊള്ളുന്ന തണ്ണീർത്തടങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ഇവയെല്ലാം വ്യാപകമായി നികത്തുകയും നശിപ്പിക്കുകയും ചെയ്തതോടെ മഴവെള്ളം സംഭരിക്കാൻ സ്ഥലമില്ലാതായി. 
രൂക്ഷമായ പ്രളയത്തിനു കാരണമായത് ഇതാണെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. സീനിയർ പ്രിൻസിപ്പൽ സയിന്റിസ്റ്റ് വി.പി. ദിനേശൻ പറഞ്ഞു

സർക്കാർ വീണ്ടും പഠനത്തിന്
തിരുവനന്തപുരം: ആവർത്തിക്കുന്ന മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ദുരന്തംകുറയ്ക്കാനുള്ള പ്രതിവിധിതേടി സർക്കാർ കൂടുതൽ പഠനത്തിന്. വിവിധ ഏജൻസികളും സർവകലാശാലകളും ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ പഠനത്തിനും പരിഹാര നിർദേശങ്ങൾക്കുമായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടുന്നതും പരിഗണനയിലാണ്.നിലവിലുള്ളതിനുപുറമേ, മറ്റ് ഏജൻസികളുടെ പഠനം എങ്ങനെ വേണമെന്ന് ഇപ്പോഴത്തെ ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയായശേഷമേ തീരുമാനിക്കൂ.  ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങൾ ഇതിനകം കണ്ടെത്തുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾക്കും ബോധവത്കരണത്തിനും പ്രാദേശികമായ സഹായം ആവശ്യമാണ്. ഇതുണ്ടാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊക്കെ മുന്നിൽക്കണ്ടായിരിക്കും ഇനിയുള്ള പഠനങ്ങൾ.
അന്താരാഷ്ട്ര ഏജൻസികളുടെ പഠനവും നിർദേശങ്ങളും നേടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള ഇനീഷ്യേറ്റീവ് സി.ഇ.ഒ.യുമായ ഡോ. വി. വേണു പറഞ്ഞു. 

രൂപംമാറാതെ ദുരന്തങ്ങൾ
കേളകം: കണ്ണൂരിലെ മലയോരമേഖലകളിൽ എല്ലാ മഴക്കാലത്തും ആവർത്തിക്കുകയാണ് ദുരിതം. ദുരന്തം വിതയ്ക്കുന്ന സ്ഥലവും നാശനഷ്ടവും എല്ലാം സമാനം.
കൊട്ടിയൂരിൽ ബാവലിപ്പുഴ കരകവിഞ്ഞൊഴുകിയത് താഴേപാൽച്ചുരം കോളനിയിലുള്ളവരെ ഇത്തവണയും വലച്ചു. ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാറ്റി. കഴിഞ്ഞവർഷവും ബാവലിപ്പുഴ കരകവിഞ്ഞൊഴുകി. ഇതേ ആളുകളെ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അടയ്ക്കാത്തോട് ശാന്തിഗിരിയിൽ ഭൂമിയിൽ കഴിഞ്ഞവർഷം വിള്ളലുണ്ടായിരുന്നു. 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇത്തവണ മൂന്നുവീടുകളിൽക്കൂടി വിള്ളൽ വീണു.
കൊട്ടിയൂർ നെല്ലിയോടിയിൽ കഴിഞ്ഞവർഷം മണ്ണിടിഞ്ഞതിനോട് ചേർന്ന പ്രദേശങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു. ഇത്തവണയും ബാവലിപ്പുഴ കരകവിഞ്ഞ് കരയിടിച്ചിൽ വ്യാപകം. കഴിഞ്ഞവർഷം മണ്ണിടിഞ്ഞതിനെത്തുടർന്ന് വീടുകൾ ഭീഷണിയിലായ കളപ്പുരയ്ക്കൽ അനിരുദ്ധൻ, ഇളംതുരുത്തി ജോസഫ് എന്നിവർ ഈവർഷം കൂടുതൽ ബുദ്ധിമുട്ടിലായി. 
ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതോടെ അടയ്ക്കാത്തോട് ഭാഗത്ത് പുഴയോരത്ത് മൂന്നുസ്ഥലത്ത് കാട്ടാനകളെ തടയാനുള്ള മതിൽ തകർന്നിരുന്നു. ഇത്തവണയും മൂന്നിടത്ത് തകർന്നു. 
മുട്ടുമാറ്റിയിൽ കഴിഞ്ഞവർഷം തകർന്നശേഷം പുനഃസ്ഥാപിച്ച അതേപ്രദേശങ്ങൾ ഇത്തവണയും തകർന്നു
കണിച്ചാർ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ കഴിഞ്ഞവർഷം തൂക്കുപാലം ഒലിച്ചുപോയിരുന്നു. ഇത്തവണയും ഈ പാലം തകർന്നു
കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽച്ചുരം റോഡിൽ ഈ വർഷവും മണ്ണിടിഞ്ഞു. കഴിഞ്ഞവർഷം ഒരു മാസത്തിനുശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചതെങ്കിൽ ഇത്തവണ ഒരാഴ്ചയേ എടുത്തുള്ളൂ എന്നതാണ് ഏക ആശ്വാസം. 
ഇരിട്ടി എടൂർ കമ്പനിനിരത്തിലെ ജോയിച്ചൻ കൂറ്റിയാനിയുടെ വീട് കഴിഞ്ഞവർഷം മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നിരുന്നു. ഇത് പുനഃസ്ഥാപിച്ച് താമസം തുടങ്ങിയപ്പോഴാണ് ഇത്തവണ വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ഇതാകട്ടെ നന്നാക്കിയ അതേഭാഗം തന്നെ
കോളിക്കടവ് മേഖലകളിൽ ഇരിട്ടിപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞതവണ വെള്ളം കയറിയ പത്തോളം വീടുകളിൽ ഇത്തവണയും ദുരിതം ആവർത്തിച്ചു.

കുത്തിയൊഴുകുന്ന തോടിനും വയലിനുമിടയിൽ...

പാലക്കാട്: കുത്തിയൊഴുകുന്ന തോടിനും നെൽപ്പാടത്തിനുമിടയിലെ ചെറിയവീടുകളിൽ ജീവിക്കുന്ന കൊടുമ്പ് ചേപ്പിലംതിട്ടയിലെ ആറുകുടുംബങ്ങൾക്ക് പെരുമഴക്കാലം നൽകുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. വെള്ളം ഇരച്ചെത്തുന്ന വീടുകളിൽനിന്ന് അപകടങ്ങളില്ലാതെ രക്ഷപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായി രണ്ടാംവട്ടവും വീടുകളിൽ വെള്ളം കയറിയതിന്റെയും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയേണ്ടി വന്നതിന്റെയും നടുക്കത്തിലാണിവർ. 
റോഡിൽനിന്ന് അരക്കിലോമീറ്ററോളമുള്ളിൽ വണ്ടിത്തോടിന് സമീപമാണിവർ. തോരാതെപെയ്ത മഴയിൽ തോടിന്റെ ബണ്ട് പൊട്ടി. ആർത്തലച്ചൊഴുകിയ വെള്ളം കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി ഇത്തവണയും വീടുകളെ വെള്ളത്തിൽ മുക്കി.
‘രണ്ടുവർഷമായി ഓഗസ്റ്റ് എട്ട് പേടിപ്പിക്കുകയാണ്. കഴിഞ്ഞവർഷവും ഈ വർഷവും കനത്തമഴയിൽ തോടിന്റെ ബണ്ടുപൊട്ടി വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയത് ഈ ദിവസങ്ങളിലാണ്. കഴിഞ്ഞതവണ വീടു തകർന്നുവീണു. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇത്തവണ മഴ കണ്ടപ്പോൾതന്നെ സാധനങ്ങൾ വീടിനകത്ത് ഉയരത്തിൽ കെട്ടിെവച്ചു. എന്നിട്ടും പലതിലും വെള്ളം കയറി. അരയ്ക്കുമീതെ വീടിനുമുന്നിലുള്ള പാടത്ത് വെള്ളം പൊങ്ങിയതോടെ ഞങ്ങൾ വീട്ടിനകത്തുതന്നെ നിന്നു. നേരംവെളുത്തപ്പോൾ നാട്ടുകാരും പഞ്ചായത്തുകാരും വന്നാണ് കഴിഞ്ഞ വർഷത്തെപ്പോലെ കൊടുമ്പ് കല്യാണമണ്ഡപത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്-ഇതുപറയുമ്പോൾ ചേപ്പിലംതിട്ടയിലെ 48-കാരനായ രാമചന്ദ്രന്റെ വാക്കുകളിൽ നടുക്കംവിട്ടുമാറിയിട്ടില്ല. 
രാമചന്ദ്രനെക്കൂടാതെ, ചാമി, തങ്ക, പഴണിമല തുടങ്ങി ആറു കുടുംബങ്ങളാണ് ഇക്കുറിയും ക്യാമ്പുകളിലെത്തിയത്. ചുമരിന്റെ പകുതിവരെ വെള്ളം പൊങ്ങിയതോടെ പലരുടെയും പാത്രങ്ങളടക്കം ഒലിച്ചു പോയി.  കോൺക്രീറ്റ് ബണ്ടു കെട്ടണമെന്നതും സ്ഥലത്തേക്ക് ഒരു റോഡുവേണമെന്നതുമാണ്  ഇവരുടെ ആവശ്യം. 

തകർന്നുവീഴാറായ കൂരയ്ക്കുകീഴെ സുരക്ഷിതരല്ലാതെ 

കൊച്ചി: നിലംപൊത്താറായ വീടു വൃത്തിയാക്കുന്ന ജോലിയിലാണ് ഈ അമ്മയും മകളും. ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് അയൽക്കാരും നാട്ടുകാരും മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഈ വീട് ഒഴിഞ്ഞാൽ ഈ അമ്മയും മകളും മുത്തശ്ശിയും എവിടെക്ക് പോകും. അറിയില്ല. എറണാകുളം ജില്ലയിെല കുത്തിയതോട്  കുന്നുകര ക്രിസ്തുരാജ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം അവരുടെ ജീവനു സുരക്ഷ ഒരുക്കുന്നുണ്ട്. പക്ഷേ, ഇന്നോ നാളെയോ ഇവിടെ നിന്നിറങ്ങണം. 
പഴേടത്ത് വീട്ടിൽ പ്രസന്നയും മകൾ ഹിമയും ഹിമയുടെ മകൾ പ്ലസ് വണ്ണിന് പഠിക്കുന്ന അശ്വനിയുമാണ് കുത്തിയതോട് ചാലക്കയിലെ വീട്ടിൽ താമസിക്കുന്നത്. തേപ്പു പൂർത്തിയാകാത്ത 20 വർഷം പഴക്കമുള്ള വീട് കഴിഞ്ഞ പ്രളയത്തിൽ അഞ്ചുദിവസം വെള്ളത്തിൽ കിടന്നതോടെയാണ് അതി ദയനീയമായത്. ഹിമ ഹോം നഴ്‌സായി ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. രോഗിയായ ഹിമയുടെ അമ്മ പ്രസന്നയ്ക്ക് ചികിത്സിക്കാനുള്ള പണം കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടുകയാണിവർ. കഴിഞ്ഞ തവണ പ്രളയത്തിൽ  ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് വീട് വൃത്തിയാക്കി വയറിങ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. 

Content Highlights: Kerala Flood 2018  2019 and flood relief