2017 ആഗസ്റ്റില്‍ കേരളനിയമസഭയില്‍ എംഎല്‍എമാരെയും മന്ത്രിമാരേയും അഭിസംബോധന ചെയ്ത് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി സംസാരിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലാണ്.

അന്ന് ഞാന്‍ അവരോട് പറഞ്ഞു, ''ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണ് കേരളം' എന്ന് വായിച്ചു പഠിച്ചു പറഞ്ഞാണ് ഞാന്‍ വളര്‍ന്നത്.'' ഇന്നും കേരളത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ മലയാളികളും അങ്ങനെതന്നെയാണ് പറയുന്നത്.

ഒരിക്കല്‍ ഐക്യരാഷ്ട്ര സഭയിലെ ഒരു മീറ്റിങ്ങില്‍ ഞാന്‍ കേരളം ചെറിയ സംസ്ഥാനമാണ് എന്ന് പറഞ്ഞു.
'കേരളത്തില്‍ എത്ര ആളുകളുണ്ട്' ഒരാള്‍ ചോദിച്ചു.
'മുപ്പത്തി മൂന്നു മില്യണ്‍'
'അതാണോ ചെറുത്?, മുരളി ലോകത്തിന്റെ ഡെമോഗ്രഫി ഒന്നുകൂടി പഠിക്കണം കേട്ടോ.'
അന്ന് രാത്രി ഞാന്‍ കേരളത്തെ ലോകവുമായി താരതമ്യം ചെയ്തു.
ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ജനസംഖ്യ അനുസരിച്ച് റാങ്ക് ചെയ്യുക. കേരളം ഒരു രാജ്യമാണെന്ന് കരുതുക. എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളായ 193 രാജ്യങ്ങളില്‍ നൂറ്റി അന്‍പതും കേരളത്തേക്കാള്‍ കുറവ് ജനസംഖ്യയുള്ളതായിരിക്കും.

ശ്രീലങ്കയ്ക്കും മലേഷ്യക്കും സൗദിക്കും കേരളത്തിലെയത്ര ജനസംഖ്യ ഇല്ല. വന്‍ രാജ്യമായ കാനഡക്കും ഭൂഖണ്ഡമായ ആസ്‌ട്രേലിയക്കും ഇല്ല, നമ്മുടെ അത്രയും ജനസംഖ്യ. ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്ന നാല് നോര്‍ഡിക്ക് രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ എടുത്താലും അത് കേരളത്തോളം വരില്ല. ഒമാന്‍, യു എ ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എല്ലാം കൂട്ടി അതിനോട് സിംഗപ്പൂരും കൂടി  കൂട്ടിയാലും കേരളം ആവില്ല. 

land
Representative image Photo: AP

ഭൂഖണ്ഡത്തെയും വന്‍ രാജ്യങ്ങളേയും കടത്തിവെട്ടുന്ന നാമാണോ 'ഞങ്ങള്‍ ഒരു ചെറിയ സംസ്ഥാനം' ആണെന്ന പേരില്‍ പരുങ്ങി നില്‍ക്കുന്നത്. 

നമ്മുടെ ജനസംഖ്യ നമ്മുടെ ജനസംഖ്യയാണ്. അതിന് മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ അര്‍ത്ഥമില്ല. പക്ഷെ, നമ്മള്‍ നിസ്സാരര്‍ ആണെന്ന് നാം തന്നെ ചിന്തിച്ചാല്‍ നമ്മുടെ സ്വപ്നങ്ങളുടെ ആകാശവും ചെറുതായിരിക്കും. മറിച്ച് നമ്മുടെ ജനവിഭവ ശേഷി വലുതാണെന്ന് നാം മനസ്സിലാക്കിയാല്‍ അതെങ്ങനെ ഉപയോഗിക്കാമെന്ന നമ്മുടെ ചിന്തകളെയും വലുതാക്കും.

ഇതുപോലെ തന്നെ നാം ചെറുപ്പത്തിലേ പഠിച്ചും പാടിയും നടന്ന ഒന്നാണ് 'കേരളം പോലെ സ്ഥലപരിമിതിയുള്ള ഒരു സംസ്ഥാനത്ത്' എന്ന്. കേരളത്തില്‍ എന്ത് ചെയ്യുന്ന കാര്യം പറഞ്ഞാലും സ്ഥലമില്ലായ്മയാണ് നാം കാരണമായി പറയുക. റോഡ് വലുതാക്കുന്നതോ, മാലിന്യ സംസ്‌കരണമോ, ഫാക്ടറികള്‍ സ്ഥാപിക്കുന്നതോ ആകട്ടെ, എവിടെയും നമ്മുടെ പരിമിതി സ്ഥലമാണ്. 

തീര്‍ത്തും അസംബന്ധമായ ഒരു കാര്യമാണിത്. കേരളത്തില്‍ ആവശ്യത്തിലേറെ സ്ഥലമുണ്ട്; നഗരത്തിലും ഗ്രാമത്തിലും. നമ്മള്‍ ചുറ്റിലും നോക്കിയാല്‍ മതി. വെറുതെ കിടക്കുന്ന പ്ലോട്ടുകള്‍ എവിടേയും ഉണ്ട്. പോരാത്തതിന്  തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കെട്ടിടങ്ങളുടെ ശരാശരി ഉയരം ഒന്നര നിലയാണ്. മെയിന്‍ റോഡില്‍ നിന്നും രണ്ടു നിര കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ബി ക്ലാസ് നഗരങ്ങളിലെല്ലാം സ്ഥലം വെറുതെ കിടക്കുകയാണ്.

നമ്മുടെ നഗരങ്ങള്‍ യാതൊരു പ്ലാനിങ്ങുമില്ലാതെ വളരുന്നതിനാലും നഗരത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പം ഗ്രാമത്തിന്റെ തുടര്‍ച്ച ആയതുമാണ് നമുക്ക് സ്ഥലമില്ല എന്ന തോന്നലുണ്ടാകാന്‍ കാരണം.

ആദ്യമേ പറയട്ടെ, കേരളത്തില്‍ വന്‍ നഗരങ്ങള്‍ എന്നൊരു സംഭവമില്ല. പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 46 ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല. പ്രാന്തപ്രദേശങ്ങളെല്ലാം കൂട്ടി വിശാലകൊച്ചി ആക്കിയിട്ടാണ് കൊച്ചിയുടെ ജനസംഖ്യ പത്തുലക്ഷം കടത്തുന്നത്.

ജനസംഖ്യയുടെ സാന്ദ്രത നോക്കിയാല്‍ കേരളത്തിലെ വന്‍നഗരമായ കൊച്ചിയുടെ ജനസാന്ദ്രത സ്‌ക്വയര്‍ കിലോമീറ്ററിന് എണ്ണായിരത്തില്‍ താഴെയാണ്. ബോംബയില്‍ അത് ഇരുപത്തിനായിരത്തിന് മുകളിലും. അതായത് ബോംബയിലെ ജനസാന്ദ്രത കൊച്ചിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊച്ചിയില്‍ അറുപത് ശതമാനം തുറന്ന പ്രദേശമാകുമായിരുന്നു. കൊച്ചിയിലെ ഏതെങ്കിലും വലിയ കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് നോക്കിയാല്‍ ഈ കാര്യം നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. മുകളിലേക്ക് വികസിക്കാന്‍ എത്രയോ സ്ഥലമാണ് കൊച്ചിയില്‍ കിടക്കുന്നത്.  

കേരളം മൊത്തമെടുത്താല്‍ ഇവിടുത്തെ ജനസാന്ദ്രത സ്‌ക്വയര്‍ കിലോമീറ്ററിന് വെറും 800  ആളുകളാണ്. കൊച്ചിയുടെ ജനസാന്ദ്രത നമ്മുടെ മറ്റു നഗരങ്ങളിലുണ്ടായിരുന്നെങ്കില്‍ നമ്മുടെ ഗ്രാമങ്ങളില്‍ പിന്നെ ആളുകള്‍ ബാക്കി ഉണ്ടാകില്ല!

1.
 ഫോട്ടോ: സാജന്‍. വി നമ്പ്യാര്‍  

അല്ലെങ്കിലും നമ്മുടെ ഗ്രാമങ്ങള്‍ക്ക് ജനവാസ പ്രദേശം എന്ന നിലയില്‍ ഇനി വലിയ ഭാവി ഒന്നുമില്ല. നെടുങ്കണ്ടത്തെയും കുട്ടനാട്ടിലെയും വെങ്ങോലയിലെയും പുതിയ തലമുറ വിദ്യാഭ്യാസം നേടി ഗ്രാമത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. വീടും അതിനു ചുറ്റും മുറ്റവും കിണറും മാവുമുള്ള വീടല്ല, പരിസരത്ത് സ്‌കൂളും ആശുപത്രി സൗകര്യങ്ങളുമുള്ള സുരക്ഷിതമായ ഫ്‌ലാറ്റുകളും വില്ലകളുമാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്.

കേരളത്തിലെ അടുത്ത തലമുറക്ക് വേണ്ടിക്കൂടിയുള്ള വീടുകള്‍ നാം എപ്പഴേ പണിതു കഴിഞ്ഞു. പത്തുലക്ഷം വീടുകളാണ് ഇപ്പോള്‍ കേരളത്തില്‍ വെറുതെ കിടക്കുന്നത്. ഇത്രയും വീടുകളുടെ ആവശ്യം അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും കേരളത്തിലില്ല. കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ് കുറഞ്ഞുകുറഞ്ഞ് ഉള്ള ജനങ്ങളെ നിലനിര്‍ത്താന്‍ വേണ്ട 2.1 ല്‍ നിന്നും താഴെ 1.6 ലാണ്. അതായത് പുറമേ നിന്നും ആളെ ഇറക്കിയില്ലെങ്കില്‍ നാട്ടിലെ ജനസംഖ്യ ഇനിയും കുറയാനാണ് സാധ്യത. അതിനാല്‍ വീടുണ്ടാക്കാനായി ഇനി നമ്മള്‍ പുതിയതായി സ്ഥലം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല.

ഓരോ വര്‍ഷവും കൃഷി ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ആവശ്യവും കുറഞ്ഞുകുറഞ്ഞു വരുന്നു. 1960 കളില്‍ എട്ടുലക്ഷം ഹെക്ടറിന് മുകളിലുണ്ടായിരുന്ന നെല്‍കൃഷിക്ക് ഇപ്പോള്‍ രണ്ടു ലക്ഷം ഹെക്ടര്‍ പോലും വേണ്ട. ഇങ്ങനെ വെറുതെ കിടക്കുന്ന കൃഷിഭൂമി കേരളത്തില്‍ എവിടെയും കാണാം. ഇത് മണ്ണിട്ട് നികത്തരുതെന്ന കാര്യത്തിലേ സമൂഹത്തില്‍ സമവായം ഉള്ളൂ. എന്ത് ചെയ്യണം എന്നതിനെപ്പറ്റി ഒരു പഠനവുമില്ല, ചിന്തയുമില്ല. കേരളത്തിലെ ഒറ്റക്കൊറ്റക്കുള്ള മഴക്കുഴി ഉണ്ടാക്കലിന് പകരം വെറുതെ കിടക്കുന്ന പാടശേഖരങ്ങളെ മൊത്തം തടയണ കെട്ടി ശരിക്കും തണ്ണീര്‍ത്തടമാക്കിയാല്‍ അത് കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റും. ഭൂഗര്‍ഭ ജലനിരപ്പ് ഉയരും, മല്‍സ്യ സമ്പത്ത് പത്തിരട്ടിയാകും, ടൂറിസം എത്ര വേണമെങ്കിലും ആക്കാം. പക്ഷെ ഇരുപതും മുപ്പതും സെന്റായി മുറിച്ചിരിക്കുന്ന നമ്മുടെ വയലുകളെ ഒരുമിച്ചു കൂട്ടി എന്തെങ്കിലും ചെയ്യാനുള്ള നിയമ സംവിധാനം ഉണ്ടാകണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകണം. ഇതൊക്കെ എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമാണ്.

City
File Photo/Pixabay

കരഭൂമിയിലെ കൃഷിയുടെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. പാരമ്പര്യമായി ഭൂമി ഇല്ലെങ്കില്‍ പണം കൊടുത്തു വാങ്ങി കൃഷി ചെയ്താല്‍ ലാഭകരമായി ചെയ്യാവുന്ന ഒരു വിളയും ഇന്ന് കേരളത്തിലില്ല. എന്നാല്‍ ഇങ്ങനെ പാരമ്പര്യമായി കൃഷിഭൂമി ഉള്ളവരില്‍ പലരുടെയും കൃഷിഭൂമിയുടെ വലുപ്പം ലാഭകരമായി കൃഷി ചെയ്യാവുന്നതിലും കുറഞ്ഞുപോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ആചാരമായി ചെയ്യുന്ന കൃഷി അല്ലാതെ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. പുതിയ തലമുറക്കാകട്ടെ കൃഷി കൊണ്ട് ജീവിക്കാം എന്നൊരു തെറ്റിദ്ധാരണ ഒട്ടുമില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്താല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പറമ്പുകളാണ് എവിടെയും. ഒരു കോടി രൂപ ഏക്കറിന് വിലയുള്ള ഭൂമി ആയിരം രൂപക്ക് പൈനാപ്പിള്‍ നടാന്‍ പാട്ടത്തിന് കിട്ടുന്നത് ഇതുകൊണ്ടാണ്. അപ്പോള്‍ ഭൂമിയുടെ ലഭ്യതയല്ല യഥാര്‍ത്ഥ പ്രശ്‌നം.

ഇങ്ങനെയൊക്കെ ആയിട്ടും കേരളത്തില്‍ ഭൂമി ഇല്ല എന്ന തോന്നല്‍ എങ്ങനെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്? ഇതിന് ഒറ്റ കാരണമേ ഉള്ളൂ. കേരളത്തില്‍ ഭൂമി ഇല്ല എന്നൊരു തോന്നല്‍ നിലനില്‍ക്കുന്നു,  അത്ര തന്നെ. കേരളത്തില്‍ ഭൂമിക്ക് ക്ഷാമമുണ്ട് എന്ന തെറ്റിദ്ധാരണ കാരണം ആളുകള്‍ എത്ര ചെറിയ തുണ്ട് കിട്ടിയാലും ഭൂമി വാങ്ങിയിടുന്നു. കാരണം, ക്ഷാമം കാരണം നാളെ വേറെ ആളുകള്‍ക്ക് കൂടുതല്‍ വിലക്ക് വില്‍ക്കാമല്ലോ. കയ്യില്‍ കാശുള്ളവര്‍ പറമ്പോ പാടമോ വില്‍ക്കാതെ പിടിച്ചുവെക്കുന്നു. നാളെ വില കൂടുമ്പോള്‍ അതവിടെത്തന്നെ വേണമല്ലോ.

കേരളത്തില്‍ ഭൂമിക്ക്, പ്രത്യേകിച്ച് കൃഷിഭൂമിക്ക് ഇനി യാതൊരു ആവശ്യവുമില്ലെന്നും ആവശ്യത്തിനുള്ള വീടുകള്‍ നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും ഇനി വീടുകള്‍ നിര്‍മ്മിക്കാന്‍ ഭൂമിയുടെ വന്‍തോതിലുള്ള ആവശ്യമില്ല എന്നുമൊക്കെ ആളുകള്‍ മനസ്സിലാക്കുന്ന കാലത്ത് കേരളത്തില്‍ സ്ഥലത്തിന്റെ വില കുത്തനേ ഇടിയും. എവിടേയും സ്ഥലത്തിന്റെ പ്രളയമാകും. അതൊന്നും പുതിയ സ്ഥലമല്ല, ഇപ്പോള്‍ തന്നെ നമ്മുടെ ചുറ്റിലുമുള്ള അതേ സ്ഥലമാണ്. അമിത വില കാരണം ഇപ്പോള്‍ നമ്മളത് കാണുന്നില്ല എന്നേയുള്ളൂ.

ഇതൊക്കെ സംഭവിക്കാന്‍ കുറച്ചു നാളെടുക്കുമെങ്കിലും വേണമെങ്കില്‍ സര്‍ക്കാരിന് ഈ മാറ്റം വേഗത്തിലാക്കാം. നവകേരളത്തില്‍ അതിനുള്ള നയങ്ങളുണ്ടാക്കിയാല്‍ മാത്രം മതി.

1. നഗരവല്‍ക്കരണം കേരളത്തിന്റെ പ്രഖ്യാപിത നയമാക്കുക. നഗരങ്ങളില്‍ ജനസാന്ദ്രത കൂട്ടുകയും കൂടുതല്‍ ആളുകളെ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുക.

2. നഗരങ്ങള്‍ കൂടുതല്‍ ജീവിത യോഗ്യമാക്കുക. വേസ്റ്റ് മാനേജമെന്റും സീവേജ് മാനേജ്മെന്റും കുടിവെള്ളവും വിശ്വസനീയമാക്കുക. നല്ല ആശുപത്രി സൗകര്യവും നല്ല സ്‌കൂളുകളും എല്ലാ നഗരങ്ങളിലും എത്തിക്കുക.

3. നമ്മുടെ വാടക നിയമങ്ങള്‍ കര്‍ശനമാക്കി നടപ്പിലാക്കുക. ഒരു കെട്ടിടം വാടകക്ക് കൊടുത്താല്‍ തിരിച്ചു കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

4. നഗരത്തില്‍ വെറുതെ കിടക്കുന്ന വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും വലിയ നികുതി ചുമത്തുക. വെറുതെ കിടക്കുന്ന തുണ്ടു സ്ഥലങ്ങള്‍ നിര്‍ബന്ധമായി വാടകക്ക് ഏറ്റെടുത്ത് പൊതു ഉപയോഗത്തിന് നല്‍കുക. ഇതൊക്കെ ചെയ്താല്‍ ഫ്‌ളാറ്റുകളുടെ വില ഇടിയും, വാടക പകുതിയാകും, പുതിയതായി ഫ്‌ലാറ്റ് പണിയാന്‍ കുന്നിടിക്കേണ്ടി വരില്ല.  

5. പരമാവധി ട്രാഫിക്ക് നഗരത്തിലൂടെ കൊണ്ട് വന്ന് 'കാപ്റ്റീവ്'  ആയി കസ്റ്റമേഴ്സിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ കച്ചവടക്കാരാണ് നമ്മുടെ നഗരവികസനത്തിന്റെ പ്രധാന ശത്രുക്കള്‍. അവര്‍ക്ക് പണവും വ്യക്തിബന്ധങ്ങളുമുണ്ട്. നഗര വികസനം പോയിട്ട് ട്രാഫിക്ക് റെഗുലേഷനെ പോലും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. പെരുമ്പാവൂര്‍ പോലുള്ള ചെറുനഗരങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ നഗരങ്ങളും ഗതാഗതക്കുരുക്കിലാണ്. നഗരത്തിന്റെ ഹൃദയത്തില്‍ നിന്നും ട്രാഫിക്ക് മാറ്റി വിടുന്ന രീതിയാണ് പുതിയ നഗരവികസനത്തിന്റേത്. ഇത് കേരളത്തിലും നടപ്പിലാക്കുക. 

6. നമ്മുടെ നഗരങ്ങളുടെ ചുറ്റുമുള്ള ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിന് പുറത്ത് കൂടുതല്‍ വിശാലമായ ഷോപ്പിങ്ങ് കേന്ദ്രങ്ങളും പാര്‍ക്കുകളും സ്ഥാപിക്കുക. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ പ്ലാനിങ്ങ് ഇല്ലാതെ ഇത് നടക്കുന്നുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുക.

5. നഗരങ്ങള്‍ സ്ത്രീ സൗഹൃദമാക്കുക. ഒറ്റക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അച്ഛനോ ഭര്‍ത്താവോ മറ്റ് ആണുങ്ങളോ കൂടെയില്ലാത്ത സ്ത്രീകള്‍ക്കും വീട് കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം. രാത്രിയിലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.

7. നഗരങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളാക്കുക. നഗരഹൃദയത്തില്‍ നിന്നും കച്ചവട സ്ഥാപനങ്ങള്‍ പുറത്തേക്ക് പോയി ഒഴിയുന്ന സ്ഥലങ്ങള്‍ സൗജന്യ നിരക്കിന് ആര്‍ട്ട് കഫെ ആക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക.

8. നഗരങ്ങള്‍ യുവാക്കള്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗഹൃദമാക്കുക. സദാചാരപോലീസ് ഇല്ലാത്തതും എവിടെയും ഒരു ബിയര്‍ വാങ്ങി കുടിക്കാന്‍ പറ്റുന്നതുമായ നഗരങ്ങള്‍ കേരളത്തിലുണ്ടാകണം.

9. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഇവിടെ വന്ന് വീട് വാങ്ങാനും ജോലി ചെയ്യാനും താമസിക്കാനുമുള്ള അവസരം ഏത് ചെറു നഗരത്തിലും ഉണ്ടാക്കുക.

10. ടൂറിസം, ഹൈ ടെക്ക് സംരംഭങ്ങള്‍, ആധുനിക കൃഷി, വിദ്യാഭ്യാസം, ആരോഗ്യ കേന്ദ്രം, കണ്‍സള്‍ട്ടന്‍സി കേന്ദ്രം എന്നിവയിലാണ് ഇനി കേരളത്തിന്റെ ഭാവി എന്ന് മുന്‍പ് പറഞ്ഞല്ലോ. ഇതൊന്നും തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒതുക്കി നിര്‍ത്തേണ്ട കാര്യമല്ല. പെരുമ്പാവൂരില്‍ ഇല്ലാത്ത ഒരു ഭൗതിക സാഹചര്യവും കാക്കനാട് ഇല്ല. കേരളം മുഴുവന്‍ ആധുനികമായ- കൂടുതല്‍ പ്രൊഡക്ടിവിറ്റിയുള്ള ഇക്കണോമിക്ക് ആക്ടിവിറ്റികള്‍ നിറയുന്ന കാലത്ത് ഒന്നോ രണ്ടോ നഗരത്തിലേക്കുള്ള കുടിയേറ്റം ഇല്ലാതാകും. എല്ലാ നഗരങ്ങളിലേയും ജീവിത നിലവാരം ഒരുപോലെ കൂടും.

അപ്പോള്‍ സാര്‍, ഗ്രാമങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല.

ഗ്രാമങ്ങള്‍ക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ആളുകള്‍ കൂട്ടമായി ജീവിക്കുന്ന സ്ഥലം എന്ന തരത്തില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഇനി വലിയ ആയുസ്സില്ല. 'അച്ഛനപ്പൂപ്പന്മാരെ അടക്കിയ മണ്ണ്' എന്നൊന്നും പറഞ്ഞ് ഇനി ആളുകള്‍ അവരുടെ വീടും പറമ്പും കെട്ടിപ്പിടിച്ചു കിടക്കുകയുമില്ല. നമ്മുടെ നഗരങ്ങളെ നന്നായി വികസിപ്പിച്ചു കഴിഞ്ഞാല്‍, ഗ്രാമത്തില്‍ നിന്നും പുതിയ തലമുറയും സ്ത്രീകളും മൊത്തമായി നഗരങ്ങളിലേക്ക് എത്തിക്കൊള്ളും.

Agriculture
ഫോട്ടോ: വി.പി.ഉല്ലാസ്‌

നമ്മുടെ ടൂറിസം പദ്ധതികളുടെ അടിസ്ഥാനം നമ്മുടെ ഗ്രാമങ്ങള്‍ ആക്കണം. ഗ്രാമത്തിലുള്ള വീടുകള്‍ വലിയ തോതില്‍ ഹോം സ്റ്റേ ആക്കുക, നമ്മുടെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെ പാരന്പര്യമായിട്ടുള്ളതൊക്കെ സംരക്ഷിച്ച് ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാക്കുക.

കൃഷി ഭൂമിയുടെ വില കുറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യാന്‍ താല്‍ര്യമുള്ളവര്‍ അത് വാങ്ങും. അവര്‍ക്ക് വേണ്ട സബ്സിഡി കൊടുത്ത് കൃഷി നടത്തുക. ഏറെ സ്ഥലങ്ങള്‍, പാടവും പറമ്പും ഉള്‍പ്പെടെ പ്രകൃതിയിലേക്ക് തിരിച്ചു പോകും. നമ്മുടെ തോടുകളില്‍ ശുദ്ധജലം ഒഴുകും. നമ്മുടെ മനോഹരമായ ഗ്രാമങ്ങള്‍ കാണാന്‍ ഇപ്പോള്‍ വരുന്നതിന്റെ പത്തിരട്ടി ടൂറിസ്റ്റുകളെ നമുക്ക് എത്തിക്കാം. നമ്മുടെ പുതിയ തലമുറക്ക് നല്ല ജോലികള്‍ കേരളത്തില്‍ നഗരത്തിലും ഗ്രാമത്തിലും കിട്ടുന്ന കാലം വരും.

ഇതിനൊന്നും പരിമിതി സ്ഥലമല്ല. വ്യക്തമായ ഒരു വിഷന്‍ ആണ്, കൃത്യമായ പ്ലാനിംഗ് ആണ്, ശക്തമായ നടപ്പിലാക്കല്‍ ആണ്. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് നാം വികസിക്കാത്തത് എന്ന ചിന്ത മനസ്സില്‍ നിന്നും മാറ്റുകയാണ് അതിന് ആദ്യമേ ചെയ്യേണ്ടത്.

(ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: kerala development and land availability, muralee thummarukudy