‘‘ന്നുകിൽ ജീവനോടെ ലക്ഷ്യസ്ഥാനത്തെത്തും; ഇല്ലെങ്കിൽ ഒരുമിച്ച്‌ മരിക്കും... രക്ഷപ്പെടാനൊരുങ്ങുമ്പോൾ ഞങ്ങൾ ഒമ്പതുപേരുടെയും ചിന്ത ഒന്നായിരുന്നു’’ -യെ​െമനിൽനിന്ന് രക്ഷപ്പെട്ട കൊല്ലം പരവൂർ സ്വദേശി നിസാർ അലിയാർ പറയുന്നു. 

‘‘കഴിഞ്ഞ പതിനൊന്നുമാസം അനുഭവിച്ച ദുരിതം തുടരുന്നത് മരണതുല്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആരുമറിയാതെ െയ​െമനിൽക്കിടന്ന്‌ മരിക്കരുതെന്ന ചിന്തയാണ് രക്ഷപ്പെടാൻ പ്രേരിപ്പിച്ചത്. മൂന്നുമാസത്തെ തയ്യാറെടുപ്പിനൊടുവിലാണ് കഴിഞ്ഞ 19-ന് യെ​െമനിൽനിന്ന് ബോട്ടിൽ യാത്രതിരിച്ചത് 

ഇതിനുവേണ്ട ഡീസലും ഭക്ഷണവുമെല്ലാം മൂന്നുമാസംകൊണ്ട് ശേഖരിക്കുകയാണ് ചെയ്തത്. ഓരോ വട്ടവും ജോലിക്കുപോയി വരുമ്പോൾ ബാക്കിയാകുന്ന ഡീസൽ ശേഖരിച്ചുെവക്കുകയും ചെയ്തിരുന്നു. ബോട്ടിൽക്കയറി പരിശോധിക്കാൻ ആരുമില്ലാഞ്ഞത് തുണയായി. 

ജോലിക്കുപോകുമ്പോൾമാത്രമായിരുന്നു ഭക്ഷണം കിട്ടിയിരുന്നത്. അല്ലാത്തപ്പോൾ ഒരു നേരം കിട്ടിയാലായി. ഒരു നേരം കിട്ടുന്നതിൽ കുറച്ച്  സൂക്ഷിച്ചുെവച്ച് അടുത്ത സമയത്ത് കഴിക്കുമായിരുന്നു -കൊല്ലം മുക്കം സ്വദേശി നൗഷാദ് പറഞ്ഞു.
 

ഒട്ടേറെ ദിവസങ്ങളിൽ പട്ടിണികിടക്കേണ്ടിവന്നു. വിശപ്പെന്തെന്ന് ശരിക്കുമറിഞ്ഞ നാളുകൾ. ജോലിക്ക് കൊണ്ടുപോയി വന്നതിൽ ബാക്കിയുള്ള അരി കഞ്ഞിയാക്കിയും നാളുകൾ തള്ളിനീക്കി. അരിയും തീർന്ന ദിവസങ്ങളിൽ പുളിപിഴിഞ്ഞ  വെള്ളത്തിൽ അഭയം തേടി. ദിവസങ്ങളോളം അത് മാത്രമായിരുന്നു ഭക്ഷണം -നൗഷാദ് പറഞ്ഞു.
‘‘ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ വീട്ടിൽ വിളിച്ചുപറഞ്ഞിട്ടില്ല. നമ്മൾ അനുഭവിക്കുന്ന ദുരിതം അവർ അറിയരുതെന്നുണ്ടായിരുന്നു. അവരെ വിഷമിപ്പിക്കേണ്ടെന്ന് ഉദ്ദേശിച്ചുതന്നെയാണ് ഒന്നും പറയാതിരുന്നത്.’’

എന്നാൽ, തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് കാര്യങ്ങൾ അറിയാമായിരുന്നു. കിട്ടുന്ന സമയങ്ങളിൽ സത്യാവസ്ഥ പറഞ്ഞിരുന്നെന്ന് കന്യാകുമാരി സ്വദേശി വിൻസ്റ്റൺ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ചിലപ്പോൾ വിളിക്കാൻ സാധിക്കാറുണ്ടായിരുന്നു. മീൻപിടിത്തബോട്ടിൽ ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോൺവഴിയായിരുന്നു വിളിച്ചിരുന്നത്. അപ്പോഴും വളരെ ചുരുങ്ങിയ സമയംകൊണ്ട് സംസാരം അവസാനിപ്പിക്കേണ്ടിവരുമായിരുന്നു. 

 കാറ്റും ഭാഗ്യവും തുണച്ചു, കരയെത്തി

‘‘സാധാരണദിവസങ്ങളിൽ ജോലിക്കിറങ്ങുന്നപോലെത്തന്നെയാണ് 19-നും െയ​െമനിൽനിന്ന് യാത്രതിരിക്കുന്നത്. യാത്രയിൽ കൊക്കട്ടാ ദ്വീപിൽനിന്ന് അവരുടെ ഒരാളെ എടുക്കണമെന്ന് സ്പോൺസർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഞങ്ങൾ ആ വഴിക്കുപോലും പോയില്ല. അവിടേക്കടുത്താൽ രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു’’ - ആൽബെർട്ട് ന്യൂട്ടൻ പറഞ്ഞു. 

‘‘ജി.പി.എസ്. ഉപയോഗിച്ച് ലക്ഷദ്വീപ് ലക്ഷ്യമാക്കി പോരുകയായിരുന്നു. ജീവിതം എന്താകുമെന്ന് ഒരു ധാരണയുമില്ലാതെയാണ് ബോട്ടിലിരുന്നത്. എട്ടുദിവസംകൊണ്ട് എത്താൻ സാധിക്കുമെന്നാണ് കരുതിയത്. എന്നാൽ, പത്തുദിവസംകൊണ്ടാണ് എത്തിയത്. കാറ്റാണ് അതിന് തടസ്സമായത്. പക്ഷേ, ആ കാറ്റുതന്നെ ഞങ്ങൾക്ക് ഗുണകരമായി എന്നുമാത്രമേ പറയാൻ സാധിക്കുകയുള്ളൂ -നൗഷാദ് പറഞ്ഞു. 

നല്ല കാറ്റായിരുന്നതിനാൽത്തന്നെ നേവിയുടെ ബോട്ടുപോലും കടലിലുണ്ടായിരുന്നില്ല.  പരിശോധനയൊന്നും ഇല്ലാതിരുന്നതും ഞങ്ങൾക്ക് ഗുണകരമായി മാറി. പരിശോധനയുമായി ആരെങ്കിലുമെത്തിയിരുന്നെങ്കിൽ  ഞങ്ങളുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു. അവിടെയും ദൈവം ഞങ്ങളെ തുണച്ചു’’. 

മൂന്നുമണിക്കൂർ മാറിമാറി ഒമ്പതുപേരും ബോട്ട് ഓടിച്ചു. ബോട്ട് ചതിക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു ഞങ്ങൾ ഒമ്പതുപേർക്കും. ലക്ഷദ്വീപിലെത്തിയപ്പോൾ കന്യാകുമാരിയിലെ വീടുകളിലേക്ക് വിവരമറിയിച്ചിരുന്നു. അവരാണ് കന്യാകുമാരിയിലെ സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രെട്ടേണിറ്റി ജനറൽ സെക്രട്ടറി ഫാ. ഡോ. ചർച്ചിലുമായി ബന്ധപ്പെട്ടത്. അദ്ദേഹം എല്ലാ അധികാരികളെയും കോസ്റ്റ് ഗാർഡിനെയും വിവരമറിയിച്ചു. 

ഡോണിയർ വിമാനത്തിന്റെ പരിശോധനയിൽ ഞങ്ങളുടെ ബോട്ട് കണ്ടു. വിമാനം കണ്ടപ്പോൾ ഞങ്ങൾ കൈപൊക്കി കാണിച്ചു. ഇന്ത്യൻ എന്നെഴുതി തയ്യാറാക്കിയ വലിയ പലക ഉയർത്തിക്കാട്ടി. മക്കളുടെ ഭാഗ്യംകൊണ്ടാണ് ഞങ്ങൾ എല്ലാവരും ഇവിടെയെത്തിയത്’’ - തൊഴിലാളികൾ പറഞ്ഞു.

 വിവരങ്ങളറിയാതെ ഓരോ ദിനവും

‘‘കൃത്യമായി ഒരു വിവരവും അറിയാതെയാണ് മകൻ പോയതിന് ശേഷമുള്ള ഓരോ ദിവസവും വീട്ടിലിരുന്നത്. മാസത്തിൽ ഒരു തവണ ഫോൺ ചെയ്താലും വേണ്ടത്ര സംസാരിക്കാൻ പോലും സാധിക്കില്ലായിരുന്നു’’  -സഹായ ജഗന്റെ അമ്മ അൽഫോൺസ പറഞ്ഞു.

 ‘‘ഞങ്ങൾ ഒമ്പതുപേരുടെ കുടുംബങ്ങളും ഒരുപാട് കഷ്ടപ്പെട്ടു. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിച്ച സമയമായിരുന്നു ഇത്. 27-ാം തീയതി രാത്രിയോടെ അവരുടെ ഫോൺ വരുമ്പോഴാണ് ലക്ഷദ്വീപിലെത്തിയെന്ന് അറിയുന്നത്. ഒരു അപകടവുമില്ലാതെ ഇങ്ങെത്തിയിൽ മതിയെന്ന പ്രാർഥനയായിരുന്നു എപ്പോഴും’’ -അവർ പറഞ്ഞു.