ഡോക്യുമെന്ററി സംവിധായികയും ആക്ടിവസ്റ്റുമായ ദിവ്യ ഭാരതി 'ഒളിജീവിത' ത്തിലാണ് ഇപ്പോള്‍. സ്വന്തം വീട്ടിലോ സ്വദേശമായ മധുരൈയിലോ തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലോ താമസിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളാണ് ദിവ്യയ്ക്ക് നേരെ അഴിച്ചു വിട്ടിരിക്കുന്നത്. തോട്ടിപ്പണിക്കാരുടെ ജീവിതവും പ്രശ്‌നങ്ങളും ചിത്രീകരിച്ച 'കക്കൂസ്' എന്ന ഡോക്യുമെന്ററിയെ മുന്‍നിറുത്തിയാണ് ആക്രമണങ്ങളും വിദ്വേഷ പ്രചരണങ്ങളും. ഒരു മാസത്തിനുള്ളില്‍ ദിവ്യയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍. ഒരു കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പുറമേയാണ് വധഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയും. തോട്ടിപ്പണിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദിവ്യയെ ദേശവിരുദ്ധയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. 

എന്താണ് സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍: 2017 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 'കക്കൂസ്' എന്ന ഡോക്യുമെന്ററി 'പള്ളാര്‍' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ജൂലായില്‍ ദിവ്യയ്‌ക്കെതിരെ പുതിയ തമിഴകം പാര്‍ട്ടി നേതാവ് ഡോ.കെ കൃഷ്ണസാമി രംഗത്ത് വന്നത്. അതിനു ശേഷം നിരവധി കേസുകള്‍ ദിവ്യയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഡോക്യുമെന്ററിയല്ല യഥാര്‍ത്ഥ വിഷയമെന്ന് ദിവ്യ പറയുന്നു. അണ്ണ സര്‍വകലാശാലയുടെ ഡിണ്ടിഗല്‍ ക്യാമ്പസിലെ കക്കൂസ് മാലിന്യം വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ദിവ്യ വീഡിയോ എടുത്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ക്യാമ്പസില്‍ കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നവര്‍ക്ക് 5000 രൂപയാണ് ശമ്പളം. ഈ തൊഴിലാളികളെ സര്‍വകലാശാല ഡീന്‍ ചിത്രശെല്‍വി അവരുടെ വീട്ടിലെ കക്കൂസ് കഴുകുന്നതിനും മറ്റും നിയോഗിച്ചിരുന്നു. കൂടാതെ അവരുടെ ഭര്‍ത്താവ് തൊഴിലാളി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ദിവ്യ ഭാരതി ഒരു വീഡിയോ നിര്‍മ്മിച്ച് പ്രസിദ്ധീകരിച്ചത്. ഇപ്പോഴത്തെ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഭവമാണെന്ന് ദിവ്യ ഉറപ്പിച്ചു പറയുന്നു. 

സംഘപരിവാറിന്റെ ഇഷ്ടക്കേടിന് കാരണം:  2014 ഒക്ടോബര്‍ 2 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. 2019 ഓടെ ഇന്ത്യയെ വെളിയിട വിസര്‍ജ്ജമുക്ത രാജ്യമായി പ്രഖ്യാപിക്കുന്നതിനായി കോടികള്‍ വകയിരുത്തുകയും ചെയ്തു. കക്കൂസ് നിര്‍മിച്ചു കൊടുത്തതുകൊണ്ട് മാത്രം വൃത്തിയുള്ള ഭാരതം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന് ദിവ്യ പറയുന്നു. കക്കൂസ് മാലിന്യമുള്‍പ്പടെയുള്ളവ ഒരു ഗ്ലൗസ് പോലുമില്ലാതെ വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാര്‍, അടിവസ്ത്രം മാത്രമിട്ട് ആള്‍നുഴിയിലേക്ക് നൂണ്ടിറങ്ങുന്ന തൊഴിലാളികള്‍, നഗരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍... ഇവരെയൊക്കെ തമസ്‌കരിച്ച് പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതിയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ദിവ്യയുടെ ഡോക്യുമെന്ററി ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അത്രയും ശക്തമായ ദൃശ്യങ്ങളാണ് ദിവ്യയുടെ ഡോക്യുമെന്ററി പങ്കു വയ്ക്കുന്നത്. തോട്ടിപ്പണി ചെയ്യുന്നവര്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇത്തരത്തില്‍ ജാതീയമായും സാമൂഹികമായും അരികുവത്ക്കരിക്കപ്പെടുന്നവരുടെ നീതി നിഷേധത്തിന്റെ വലിയ ചരിത്രം ഡോക്യുമെന്ററി പറയുന്നു. ദിവ്യയ്‌ക്കെതിരെ ആദ്യമായി പരസ്യ പ്രതികരണം നടത്തിയ കൃഷ്ണസാമിയുടെ പുതിയ തമിഴകം പാര്‍ട്ടി ബി.ജെ.പി ചായ്‌വുള്ള രാഷ്ട്രീയ കക്ഷിയാണ്. പുതിയ തമിഴകത്തെ മുന്‍നിറുത്തി ബിജെപി തന്നെയാണ് തനിയ്‌ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് ദിവ്യ പറയുന്നു. 

ഡോക്യുമെന്ററിയുടെ പശ്ചാത്തലം: ആള്‍നുഴി വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍ പുതിയതല്ല. എന്നാല്‍ ഇതൊഴിവാക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മരണപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. 2015 ലാണ് ഈ പ്രശ്‌നങ്ങള്‍ ദിവ്യയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീടുള്ള ഒന്നരവര്‍ഷം ഇത്തരം തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ദിവ്യയും സുഹൃത്തുക്കളും. വൃത്തിബോധമുള്ള സമൂഹം മുഖം തിരിയ്ക്കുന്ന മാലിന്യം വൃത്തിയാക്കാന്‍ നിയോഗിക്കപ്പെടുന്ന മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും ദിവ്യ സമയം കണ്ടെത്തി. ഈ ദൃശ്യങ്ങളാണ് 'കക്കൂസ്്' എന്ന ഡോക്യുമെന്ററിയില്‍ എത്തിച്ചത്. തൊടാന്‍ പോലും അറച്ച്, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു തോട്ടിപ്പണിക്കാരന്റെ മൃതദേഹം ചിത്രീകരണത്തിനിടയില്‍ സംസ്‌കരിച്ച അനുഭവും ഡോക്യുമെന്ററിയില്‍ ദിവ്യ വിവരിക്കുന്നുണ്ട്. മരണത്തിന് ശേഷം ലഭിക്കുന്ന നഷ്ടപരിപാഹരമല്ല, ജീവിച്ചിരിക്കുമ്പോള്‍ നല്‍കേണ്ട പരഗണനയാണ് തൊഴിലാളികള്‍ക്ക് ആവശ്യമെന്ന് ദിവ്യ പറയുന്നു. 

ഇനിയെന്ത്? പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിച്ചോടാന്‍ തയ്യാറല്ലെന്ന് ദിവ്യ. ഡോക്യുമെന്ററി ഒരു ഉപാധി മാത്രമാണ്. പോരാട്ടമാണ് പ്രധാനം. അത് തുടരുക തന്നെ ചെയ്യും, ദിവ്യ വ്യക്തമാക്കി. തോട്ടിപ്പണി ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ മുന്നിലുള്ളത്. യുവാക്കളുടെ സഹകരണത്തോടെ അത് വ്യാപിപ്പിക്കണം. കൂടാതെ, ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരെ ഒരു ഡോക്യുമെന്ററിയും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്, ദിവ്യ പറഞ്ഞു.