ജോയിയുടെ വീടിന്റെ ഗേറ്റിനുമുന്നിൽ സ്കൂട്ടറിൽ ഒരാൾ വന്നുനിന്നു. “ജോയിച്ചേട്ടോ, തകർത്തേ...” ഹെൽമറ്റും മാസ്കും വെച്ചതിനാൽ വന്നയാളെ ജോയി സെബാസ്റ്റ്യന് മനസ്സിലായില്ല. ഹെൽമറ്റുമാറ്റി, വന്നയാൾ പറഞ്ഞു: “കുട്ടപ്പനാണേ...” ഗേറ്റിനുമുന്നിൽനിന്ന് ആശംസിച്ച് കുട്ടപ്പൻ പാഞ്ഞുപോയി. നാട്ടിലെ താരത്തിനെ കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ദൂരെനിന്ന് അഭിനന്ദിച്ച് മടങ്ങുകയാണ് നാട്ടുകാർ
സ്യൂട്ടും കോട്ടുമൊന്നുമില്ല. ഒരു വള്ളിച്ചെരിപ്പ്, സാധാരണ പാന്റും ഷർട്ടും. ജോയി ഇങ്ങനെയൊക്കെയാണ്. നാട്ടിലായാലും ഓഫീസിലായാലും ടെക്കികളുടെ കെട്ടുംമട്ടുമൊന്നുമില്ല. നാട്ടുകാരിെലാരുത്തൻ. കോവിഡല്ലായിരുന്നെങ്കിൽ ഈ മുറ്റവും വീടും നിറയെ പൂരത്തിരക്കായിരുന്നേനെയെന്ന് ജോയി. നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ലോകമറിയുന്ന ടെക്ജെൻഷ്യ സാരഥി ആലപ്പുഴ പാതിരപ്പള്ളിയിലെ വീട്ടിലിരുന്ന് വന്നവഴികൾ ഓർത്തെടുക്കുന്നു...
ആദ്യമൂലധനം രണ്ട് കംപ്യൂട്ടർ
എം.സി.എ.യ്ക്ക് പഠിക്കുന്ന കാലം. ഹോസ്റ്റലിലെ 12 സുഹൃത്തുക്കൾചേർന്ന് പഠിക്കാനായി പിരിവിട്ട് രണ്ട് കംപ്യൂട്ടറുകൾ വാങ്ങി. സാമ്പത്തികപ്രയാസമുള്ളതിനാൽ ജോയിയോട് അവർ പിരിവുചോദിച്ചുമില്ല. ചോദിച്ചാൽത്തന്നെ കൊടുക്കാനുമില്ല. പിരിവുനൽകിയില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ കൂടുതൽ സമയവും കംപ്യൂട്ടർ ഉപയോഗിച്ചത് ജോയിതന്നെ. കോഴ്സുകഴിഞ്ഞ് ജോയി വീട്ടിലേക്കുമടങ്ങി. പിന്നീട് കൂട്ടുകാർ ആ കംപ്യൂട്ടറുകൾ ജോയിയുടെ വീട്ടിലെത്തിച്ച് പറഞ്ഞു: ‘‘നിനക്കൊരു ജോലികിട്ടുന്നതുവരെ, ഈ കംപ്യൂട്ടറിനെ വരുമാനമാക്കണം. ഇതുകൊണ്ട് ഒരു കംപ്യൂട്ടർ സെന്റർ തുടങ്ങണം.’’ വീട്ടിലെ സ്ഥിതി മനസ്സിലാക്കി കൂട്ടുകാർ നൽകിയ ആ കംപ്യൂട്ടറായിരുന്നു ജോയിയുടെ ജീവിതത്തിലെ ആദ്യനിക്ഷേപം, ആദ്യസംരംഭവും.
സർക്കാർജോലി ഉപേക്ഷിച്ച് ഐ.ടി.യിലേക്ക്
മത്സ്യത്തൊഴിലാളിയുടെ മകനായ ജോയി പഠിച്ചുകൊണ്ടിരിക്കെ ജ്യേഷ്ഠൻ മരിച്ചു. പിന്നെയുള്ളത് ജോയിമാത്രം. വീട്ടിലെ കാര്യം കഷ്ടത്തിലാണ്. പഠനം തുടരാതെ പല ജോലികൾക്കും പോകാമെന്ന് കരുതിയതാണ്. എന്നാൽ, കുറെ സുമനസ്സുകളുടെ സഹായത്തോടെ പഠിത്തം മുന്നോട്ടുകൊണ്ടുപോയി. തീപ്പെട്ടിക്കമ്പനിയിലെ ജോലി, ട്യൂഷൻ, മറ്റുനാട്ടുപണികൾ എന്നിവയിലൂടെ സ്വന്തം കാര്യത്തിനുള്ള വരുമാനമുണ്ടാക്കി. ഇതിനിടെ പി.എസ്.സി. പരീക്ഷയെഴുതി. കോടതിയിൽ എൽ.ഡി. ക്ലാർക്കായി ജോലി ലഭിച്ചെങ്കിലും ജോയിയുടെ ലക്ഷ്യം ഐ.ടി.മാത്രമായിരുന്നു.
പൂട്ടിയ കമ്പനിയും ട്രാക്കിലായ കമ്പനിയും
അവനീർ എന്ന കമ്പനിയിലായിരുന്നു തുടക്കം. 2000-ത്തിൽ ഓഡിയോ കോൺഫറൻസിനുള്ള സംവിധാനമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികപ്രശ്നംമൂലം 2006-ൽ കമ്പനി പൂട്ടി. എന്നാലും ആ കമ്പനിയുടെ ഉടമസ്ഥന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി അവർക്കുവേണ്ടി ജോലിചെയ്തു. 2009-ൽ ടോണി തോമസ് എന്ന സുഹൃത്തുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇപ്പോൾ ലോകമറിയപ്പെടുന്ന ടെക്ജെൻഷ്യയായി മാറിയത്. ഈ കമ്പനി 2009 മുതൽ വീഡിയോ കോൺഫറൻസ് സംവിധാനം ചെയ്തുതുടങ്ങി. അന്നുമുതലേ യു.എസിലെയും യൂറോപ്പിലെയും പല കമ്പനികൾക്കായും വീഡിയോ കോൺഫറൻസ് സംവിധാനമൊരുക്കി നൽകി. ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും വരുമാനം കാര്യമായി ഇല്ലായിരുന്നു. ചിലപ്പോൾ മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിച്ചില്ല. എന്നാൽ, പതിയെപ്പതിയെ കമ്പനി വളർന്നു.
നാട്ടിലെ വായനശാല പണ്ടേ ഹൈെടക്
കമ്പനിക്കായി അക്ഷീണം പ്രയത്നിക്കുമ്പോൾത്തന്നെ ജോയിക്ക് നാട്ടുകാര്യംതന്നെയായിരുന്നു വീട്ടുകാര്യവും. വായനശാലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനപരിപാടികൾ. ഓൺലൈൻ എന്ന വാക്കുപോലും ആരും കേട്ടിട്ടില്ലാത്ത 2006-ൽ നാട്ടിലെ വായനശാലയ്ക്കുവേണ്ടി ഓൺലൈൻ മാഗസിനുണ്ടാക്കി. മുന്തിയ കമ്പനികൾക്കുപോലും അന്ന് വെബ്സൈറ്റില്ല. എന്നാൽ, നാട്ടിലെ ‘ഔവർ’ ലൈബ്രറിക്ക് വെബ്സൈറ്റ് അന്നുമുതലേ ഉണ്ടായിരുന്നു. വായിക്കാൻ എത്തുന്നവരെ ഒരുമിച്ചുനിർത്തി യൂട്യൂബ് ലൈവിലൂടെ ചർച്ചകൾ നടത്തിയത് 2009-ലാണെന്നുപറഞ്ഞാൽ ഇന്ന് അമ്പരക്കും. കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അംഗീകരിച്ച വീഡിയോ കോൺഫറൻസ്, 2013-ൽ വായനശാലയിലെ നാട്ടുകാരെവെച്ച് നടത്തിയിട്ടുണ്ട് ജോയി. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ വായനശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചു. എന്നാൽ, ശാരീരികപ്രശ്നങ്ങളാൽ അദ്ദേഹത്തിന് ആലപ്പുഴയിലെത്താൻ സാധിച്ചില്ല. എന്നാൽ, 2012-ൽ വി.എസിനെക്കൊണ്ട് ഓൺലൈനിൽ തിരുവനന്തപുരത്തുനിന്ന് ഉദ്ഘാടനംനടത്തിച്ചു ജോയി.
ടീം സ്പിരിറ്റാണ് മെയിൻ
ആദ്യമൊക്കെ കമ്പനിയിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥ. വൻനഗരമല്ലാത്ത ചേർത്തലയിലേക്ക് വരാൻ ആളുകൾ മടിച്ചു. വന്നവരിലധികവും നാട്ടിൻപുറത്തുകാർ. അവരെ ജോലിക്കെടുത്തു. കഴിവുമാത്രമാണ് നോക്കിയത്. അങ്ങനെ അതൊരു തനിനാടൻ ഐ.ടി. കമ്പനിയായി മാറി. എൻജിനിയറിങ് പഠിക്കാത്ത പലരും ഇന്ന് ഈ കമ്പനിയിലെ വിലയേറിയ എൻജിനിയർമാരാണ്. 65 േപരാണ് ജോലിെചയ്യുന്നത്. ഇതിൽ 15 പേരായിരുന്നു വീഡിയോ കോൺഫറൻസിങ് സംവിധാനത്തിനായി കൂടുതലും ജോലി ചെയ്തത്. ജോലിചെയ്യിപ്പിക്കുന്നതിനും ‘ജോയി മോഡലു’ണ്ട്. ഒരു മാസത്തേക്കുചെയ്യേണ്ട ജോലികളുടെ ടാസ്ക് ലിസ്റ്റ് ഓഫീസിൽ പ്രദർശിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. അവരത് കൃത്യമായി ചെയ്യുകയുംചെയ്യും. 2010-ൽ കമ്പനിക്കൊപ്പം ചേർന്നവർ ഇന്ന് കമ്പനിയുടെ ഡയറക്ടർബോർഡിൽ അംഗങ്ങളാണ്. നിശ്ചിതകാലാവധി പൂർത്തിയാക്കുന്നവർക്ക് ഷെയറുകളും നൽകുന്നു. അതിനാൽ സ്വന്തം കമ്പനിയായിക്കണ്ടാണ് എല്ലാവരും പണിയെടുക്കുന്നത്. ശമ്പളംമാത്രമല്ല, ഇത്തരം അംഗീകാരങ്ങളും അവരെ സ്ഥാപനത്തോട് ചേർത്തുനിർത്തുന്നു.
ജോലിനൽകുക വലിയ ലക്ഷ്യം
മലയാളം മീഡിയത്തിലാണ് ജോയി പഠിച്ചത്. അതിനാൽ ഐ.ടി.രംഗത്ത് ആദ്യഘട്ടത്തിൽ പല പരീക്ഷകളിലും ജയിച്ചെങ്കിലും അഭിമുഖത്തിനെത്തിയപ്പോൾ പരാജയപ്പെട്ടു. ഇംഗ്ലീഷുതന്നെയായിരുന്നു പ്രശ്നം. എന്നാൽ, അതിനെയെല്ലാം നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കി. ആ പാഠത്തിൽനിന്ന്, വിദ്യാഭ്യാസയോഗ്യതയല്ല കഴിവാണ് മുഖ്യമെന്ന് ജോയി പറയുന്നു.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
മറ്റ് സോഫ്റ്റ്‌വേറുകളിൽനിന്ന് വി കൺസോളിനെ വ്യത്യസ്തമാക്കുന്നത് സുരക്ഷയാണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നയാൾക്കുമാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും പാസ്‌വേഡ് ഉപയോഗിച്ച് മീറ്റിങ്ങിൽ കയറാം. സൈനിക ആവശ്യങ്ങൾക്കുവരെ ഇതുപയോഗിക്കാമെന്ന് അദ്ദേഹം പറയുന്നു. ദൃശ്യഗുണമേന്മയാണ് ഏറ്റവും വലിയ സവിശേഷത. എച്ച്.ഡി. ക്വാളിറ്റിവരെ കിട്ടും. ഒരാൾ കയറിയാലും 50 പേർ കയറിയാലും ക്വാളിറ്റിയിൽ ഒരു വ്യത്യാസവുമില്ല. നൂറിലധികം പേർക്ക് മീറ്റിങ്ങിൽ പങ്കെടുക്കാം. മുന്നൂറിലധികംപേർക്ക് കാണുകയും ചെയ്യാം.
ഇപ്പോൾ സർക്കാർ ഓഫീസുകൾക്കുമാത്രം
ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്കുമാത്രമേ വി-കൺസോൾ ഉപയോഗിക്കാനാവൂ. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ നൽകണമെങ്കിൽ നിക്ഷേപവും അടിസ്ഥാനസൗകര്യങ്ങളും കൂടുതലായി വേണ്ടിവരും. എന്നാലും ഒരു മാസത്തിനുശേഷം ജനങ്ങൾക്കിടയിലേക്ക് ആപ്ലിക്കേഷൻ എത്തിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങും. കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കു
ന്നുണ്ട്. ഇപ്പോൾ മറ്റൊരു യൂറോപ്യൻ രാജ്യം, വീഡിയോ കോൺഫറൻസ് സംവിധാനം തേടി കമ്പനിയെ സമീപിച്ചിട്ടുണ്ട്. അതാണ് ഇനി ജോയിയുടെയും സംഘത്തിന്‍റെയും അടുത്ത ലക്ഷ്യം.