ന്യൂഡൽഹിയിലെ ഭരണയന്ത്രം നടത്തുന്നവരിൽ പ്രധാനികളാണ്‌ ജോയന്റ്‌ സെക്രട്ടറിമാർ. അവർ അറിയപ്പെടുന്നത്‌ ‘ജയന്റ്‌’ സെക്രട്ടറിമാരെന്നാണ്‌. കാരണം അവരുടെ താഴെയും മുകളിലും ഉള്ള ഉദ്യോഗസ്ഥവൃന്ദത്തെ സ്വാധീനിക്കാൻ കഴിവുള്ള അതികായരാണിവർ. നയരൂപവത്‌കരണം ആരംഭിക്കുന്നത്‌ ഇവരിൽനിന്നാണ്‌. അവർക്ക്‌ താഴെയുള്ളവർ വിവരശേഖരണവും വിശകലനവുമാണ്‌ ചെയ്യുക. മുകളിൽനിന്നുള്ള തീരുമാനങ്ങളെ മാറ്റിയെടുക്കാനും അവർക്കുകഴിയും. എല്ലാ മന്ത്രാലയങ്ങളിലും വിദേശമന്ത്രാലയത്തിൽപോലും ജോയന്റ്‌ സെക്രട്ടറിമാർ താക്കോൽസ്ഥാനങ്ങളിൽ ഉള്ളവരാണ്‌. അവരുടെ അഭിപ്രായങ്ങളെ ചോദ്യംചെയ്യുക വിഷമകരമാണ്‌.
നാലുവർഷത്തെ അനുഭവജ്ഞാനംകൊണ്ട്‌ നരേന്ദ്രമോദി സർക്കാർ മനസ്സിലാക്കിയിരിക്കുന്നത്‌ ജോയന്റ്‌ സെക്രട്ടറിമാരെ സ്വാധീനിക്കാനും അവരെ വിധേയരാക്കാനും കഴിഞ്ഞാൽ ഭരണത്തെ പൂർണമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ്‌.

അതുകൊണ്ടായിരിക്കാം ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയെ മാറ്റാൻ നിർദേശിച്ചതിനുശേഷം ജോയന്റ്‌ സെക്രട്ടറിതലത്തിൽ അഴിച്ചുപണി നടത്താൻ ഗവൺമെന്റ്‌ തീരുമാനിച്ചത്‌. തിരഞ്ഞെടുപ്പ്‌ പരിഷ്കാരത്തെപ്പറ്റി വിശാലമായി അഭിപ്രായം തേടിയ  സർക്കാർ ജോയന്റ്‌ സെക്രട്ടറിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും പത്ത്‌ ജോയന്റ്‌ സെക്രട്ടറിമാരെ നിയമിക്കാനുള്ള പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.

നാല്പതുവയസ്സിൽ കുറയാത്ത പ്രായവും ഏതെങ്കിലും സ്ഥാപനത്തിൽ പതിനഞ്ചു വർഷമെങ്കിലും സേവന പരിചയവുമുള്ള പത്തുപേരെയാണ്‌ നിയമിക്കുന്നത്‌. ഇവർ പ്രത്യേക കഴിവുകളുള്ളവരും സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരും ആയിരിക്കണമെന്നും അവർക്ക്‌ മൂന്നോ നാലോവർഷത്തെ കരാർ നിയമനമായിരിക്കുമെന്നും നിഷ്കർഷിച്ചിട്ടുണ്ട്‌. ഐ.എ.എസ്‌. ഉദ്യോഗസ്ഥന്മാർ ആവശ്യത്തിനില്ലെന്നതും അവർക്ക്‌ സാങ്കേതികമേഖലയിൽ വേണ്ടത്ര വൈദഗ്‌ധ്യം ഇല്ലാത്തതും കാരണങ്ങളായി പറയുന്നു. റവന്യൂ, ധനകാര്യം, സാമ്പത്തികം, കൃഷി, റോഡ്‌ഗതാഗതം, ഷിപ്പിങ്‌, പരിസ്ഥിതി, പാരമ്പര്യേതര ഊർജം, വ്യോമയാനം, വാണിജ്യം മുതലായ പ്രധാന മന്ത്രാലയങ്ങളിലേക്കാണ്‌ ഇവരെ നിമയിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്‌ അതിന്റേതായ ഐ.എഫ്‌.എസ്‌. കേഡറുള്ളതുകൊണ്ടായിരിക്കാം വിദേശമന്ത്രാലയത്തെ ഉൾപ്പെടുത്താഞ്ഞത്‌.

ഇതാദ്യമായല്ല ഉയർന്ന തസ്തികകളിലേക്ക്‌ ഐ.എ.എസിന് പുറത്ത് വൈദഗ്‌ധ്യമുള്ളവരെ നിയമിക്കുന്നത്. പക്ഷേ, അവരിൽ ഭൂരിപക്ഷവും സെക്രട്ടറിതലത്തിലാണ് നിയമിക്കപ്പെടുന്നത്. എന്നാൽ, ജോയന്റ് സെക്രട്ടറിതലത്തിൽ ഗവൺമെന്റിന് സ്വാധീനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമായാണ്. വിദേശമന്ത്രാലയത്തിൽ ഐ.എഫ്.എസുകാരല്ലാത്തവരെ നിയമിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഇതുവരെ നിയമിച്ചിട്ടുള്ളത് ജോയന്റ്‌ സെക്രട്ടറിമാരുടെ താഴത്തുള്ളവരെ സഹായിക്കാൻ മാത്രമാണ്. 

ഇപ്പോഴത്തെ നിയമനം ഉപദേശകരെയാണോ അതോ എക്സിക്യുട്ടീവ് അധികാരമുള്ളവരെയാണോ എന്ന് വ്യക്തമല്ല. ഉപദേശകരാണെങ്കിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ എതിർക്കുമെന്നു തോന്നുന്നില്ല. എന്നാൽ, ഇവരെ കേഡർ പോസ്റ്റുകളിൽ നിയമിക്കുകയും അവർക്ക് വിശാലമായ അധികാരം നൽകുകയും ചെയ്താൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ പ്രതിഷേധിക്കുക തന്നെ ചെയ്യും. അതേസമയം, പത്തുപേരെ നിയമിക്കുന്നതുകൊണ്ട് വലിയ വ്യത്യാസം ഉണ്ടാകുകയില്ലെന്നും അവരെ നിലയ്ക്കുനിർത്താൻ ഐ.എ.എസ്. ‘സ്റ്റീൽ ഫ്രെയി’ മിന് കഴിയുമെന്നും വിശ്വസിക്കുന്നവരുണ്ട്. 

പുതിയ തീരുമാനം പ്രാവർത്തികമല്ല എന്ന വാദവും നിലനിൽക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യസ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്ന മിടുക്കന്മാർക്ക് സർക്കാർ ജോലികൾ താത്‌പര്യമുണ്ടാക്കുകയില്ല എന്നും അവർ ചേർന്നാൽ തന്നെ കഴിയുന്നതും വേഗം വിട്ടുപോകുമെന്നും അഭിപ്രായമുണ്ട്. എന്നാൽ, സർക്കാർ ഉദ്ദേശിക്കുന്നത് അവർക്ക് താത്‌പര്യമുള്ളവരെ തിരഞ്ഞെടുത്ത് പ്രത്യേകം ജോലികൾ ഏല്പിക്കുകയാണെങ്കിൽ അവർ വിട്ടുപോകുകയില്ല എന്നുമാത്രമല്ല വീണ്ടുംവീണ്ടും നിയമിക്കപ്പെടുകയും ഉയർന്ന പദവികൾ ഏറ്റെടുക്കുകയും ചെയ്യും എന്നതാണ്‌. 

‘ പുറംജോലിക്കാരെ’ നിയമിക്കുക എന്നത് ഒരു പുതിയ ആശയമല്ല. പല കമ്മിറ്റികളും ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ഒരു തീരുമാനം എടുത്തു കഴിഞ്ഞു എന്നുള്ളതും വ്യക്തികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുമെന്നുമുള്ള വിശ്വാസവും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ വ്രണപ്പെടുത്തുമെന്നതിന് സംശയമില്ല. ഭരണപരിഷ്കാരത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാരിന് അധികാരമുണ്ടെങ്കിലും ഒരു വലതുപക്ഷ സർക്കാർ അവരുടെ അനുയായികളെ അധികാരസ്ഥാനങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന പേരുദോഷം സർക്കാരിന്  ഉണ്ടാകുകതന്നെ ചെയ്യും. കൂടാതെ ഈ മാറ്റം കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അധികാരത്തിൽ ഇരിക്കുന്ന പാർട്ടിക്ക് വലിയ പ്രയോജനം ഉണ്ടാകാനുള്ള സാധ്യതയുമില്ല.


(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര  പ്രതിനിധിയായിരുന്നു ലേഖകൻ)