ട്രംപിന്റെ പ്രഖ്യാപനവും അതിനെതിരേയുള്ള പ്രതികരണങ്ങളും ഇസ് ലാമിന്റെ കാവൽ ഭടരെന്ന് അഭിമാനിക്കുന്ന പാകിസ്താനിൽനിന്ന് വീക്ഷിക്കാൻ അവസരമുണ്ടായി

കലുഷിതമായ പശ്ചിമേഷ്യയിൽ കലാപത്തിന്റെയും യുദ്ധത്തിന്റെയും  തിരികൊളുത്തുകയായിരുന്നു ജറുസലേം പ്രഖ്യാപനത്തോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്തത്. ഇസ്രയേലല്ലാതെ അമേരിക്കയുടെ സഖ്യകക്ഷികൾപോലും ഈ പ്രഖ്യാപനം അംഗീകരിക്കുന്നില്ല. ട്രംപിന്റെ മറ്റു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പോലെ ഇതും അവസാനിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ലോകം. സമാധാന പ്രക്രിയയ്ക്കും അമേരിക്കയുടെ സ്വാധീനത്തിനും അന്ത്യം കുറിക്കുന്ന ഈ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രവചനാതീതമായ അനന്തരഫലങ്ങളായിരിക്കും ഉണ്ടാകുക എന്നതിന് സംശയമില്ല.

പൊട്ടിത്തെറി പ്രതീക്ഷിക്കാം

മൂന്ന് മതങ്ങൾക്ക് ഒരുപോലെ പരിപാവനമായ ജറുസലേം പശ്ചിമേഷ്യയിലെ സമാധാനത്തിന്റെ ഏറ്റവും പ്രധാനമായ കണ്ണിയായിരിക്കെ അത് ഇസ്രയേലിന് തീറെഴുതിക്കൊടുക്കുക എന്നത് ട്രംപിനുപോലും അതിക്രമമായി തോന്നിയിരിക്കും. അതുകൊണ്ടാവും പ്രഖ്യാപനത്തിന് അദ്ദേഹം ചില നിബന്ധനകൾ മുന്നോട്ടുവെച്ചത്. ജറുസലേമിന്റെ വിഭജനത്തിന് വഴിതെളിക്കുകയും അതിന്റെ അതിർത്തികൾ നിശ്ചയിക്കുന്ന ഉത്തരവാദിത്വം ഇസ്രയേലിനും പലസ്തീനുമായി വിട്ടുകൊടുക്കുകയും ചെയ്യുകമൂലം അമേരിക്ക നിഷ്പക്ഷമായ ഒരു നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

എന്നാലും ആ പ്രഖ്യാപനം സൃഷ്ടിച്ച വൈകാരികതയാണ് അതിന്റെ വ്യാഖ്യാനങ്ങളെക്കാൾ അപകടകരമായി ഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ ചില ക്രിസ്ത്യൻ വിഭാഗങ്ങളുടേയും യഹൂദ ലോബികളുടെയും സമ്മർദത്തിന് വഴങ്ങിയാണ് ട്രംപ് ഈ തീരുമാനം എടുത്തതെന്ന സംശയവും നിലനിൽക്കുന്നു. 2000-ത്തിലെ ക്യാമ്പ് ഡേവിഡ് ചർച്ചകളിൽനിന്ന് യാസർ അറഫാത്ത് വിട്ടുനിന്നതോടെ സമാധാന ചർച്ചകൾക്ക് വിരാമമുണ്ടായി. അതിനുശേഷം ചർച്ചകളിൽ പുരോഗതിയുണ്ടായില്ല, എങ്കിലും അമേരിക്ക ഇസ്രയേലിന്റെ നിലപാടിനെ മുഴുവനായി പിന്താങ്ങിയിരുന്നില്ല. കുടിയേറ്റ പ്രശ്നങ്ങളിലും 1967-ലെ അതിർത്തികൾ നിലനിർത്തുന്ന കാര്യത്തിലും അമേരിക്ക സ്വതന്ത്രമായ നിലപാടെടുത്തിരുന്നു. ആ പശ്ചാത്തലത്തിൽ ട്രംപിന്റെ തീരുമാനം ഒരു പൊട്ടിത്തെറി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

ഇസ്രയേൽ-പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സ്വന്തം ജാമാതാവായ ജറി കുഷ്നറെയാണ് ട്രംപ് നിയോഗിച്ചിരുന്നത്. ഇതുതന്നെ പ്രകോപനപരമായിരുന്നു. ഇപ്പോഴത്തെ ഈ നീക്കം കുഷ്നറുടെ ഉപദേശാനുസരണമാണ് ഉണ്ടായിരിക്കുന്നതെന്നും അതിന്റെ ഉദ്ദേശ്യം സമാധാനപ്രക്രിയയെ ഉത്തേജിപ്പിക്കാനാണെന്നുമാണ് വിശദീകരണം. 

അനൈക്യത്തിൽ അറബ് രാജ്യങ്ങൾ

സമാധാനപ്രക്രിയ നിലച്ചതിനുശേഷം അറബ് ലോകത്തുണ്ടായ മാറ്റങ്ങൾ പലസ്തീന് സഹായകമായിരുന്നില്ല. മുല്ലപ്പൂവിപ്ലവംമുതൽ യെെമൻ യുദ്ധംവരെയുള്ള സംഭവവികാസങ്ങൾ അറബ് ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. സൗദി അറേബ്യയ്ക്ക് ഇസ്രയേലിനെക്കാൾ വിരോധം ഇറാനോടാണ്. ഈ സാഹചര്യത്തിൽ പലസ്തീനുവേണ്ടി വാദിക്കുവാനോ അവർക്കുവേണ്ടി യുദ്ധം ചെയ്യാനോ തയ്യാറുള്ള അറബ് രാജ്യങ്ങൾ ഇന്നില്ല. അയൽരാജ്യമായ ഈജിപ്തിലെ പട്ടാള ഭരണത്തിന് നാട്ടിൽതന്നെ നിരവധി പ്രശ്നങ്ങളുള്ളതിനാൽ ഇസ്രയേലിനോട് കൊമ്പുകോർക്കാൻ താത്പര്യമുണ്ടാവില്ല. മറ്റൊരയൽരാജ്യമായ സിറിയ ഒരു തകർന്ന രാഷ്ട്രമാണ്. ലെബനനും ശാന്തം. ജോർദാൻ ഒറ്റയ്ക്ക് പ്രശ്നത്തിൽ ഇടപെടാൻ സാധ്യതയുമില്ല. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടായിരിക്കണം ട്രംപ് ഇത്ര നിർണായകമായ ഒരു തീരുമാനത്തിലേക്ക് എത്തിയത്. രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാവുകയില്ല എന്നും ഇസ്രയേലിന് സഹായകമായ ഒരു ഒത്തുതീർപ്പിലേക്ക് നീങ്ങാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് അമേരിക്കയെ നയിക്കുന്നത്.

പലസ്തീന്റെ പ്രക്ഷോഭം രൂക്ഷമാകുകയും ഇസ്രയേൽ അതിനെ അടിച്ചമർത്താൻ ശ്രമിക്കുകയുമായിരിക്കും ഇനി ഉണ്ടാകുക. മറ്റു രാജ്യങ്ങൾ ഇതിൽ ഇടപെടാനുള്ള സാധ്യത കുറവാണ്. അപലപനത്തെക്കാളുപരി ഏതെങ്കിലും നടപടികളെടുക്കാൻ ആരും മുതിരുമെന്നു തോന്നുന്നില്ല. അമേരിക്കൻ തീരുമാനം മാറ്റാൻ ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയാത്ത സാഹചര്യത്തിൽ ഒരു പുതിയ സമാധാന ചർച്ചയ്ക്ക് പലസ്തീൻ തയ്യാറാകാൻ സാധ്യതയില്ല. കൊറിയയുടെയും ഇറാന്റെയും കാര്യത്തിലെന്നപോലെ യുദ്ധം മാത്രമാണ് ഒരു മാർഗ്ഗം എന്ന നിലയിലേക്കാണ് പശ്ചിമേഷ്യയും നീങ്ങുന്നത്. അമേരിക്കൻ എംബസ്സി പടിഞ്ഞാറെ ജറുസലേമിലേക്ക് മാറുന്നത് ഉടനെ ഉണ്ടാകുകയില്ലെന്നും അതിനാൽ സമാധാന ചർച്ചകൾക്ക് സമയം ലഭിക്കും എന്നും അഭിപ്രായമുണ്ട്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് പഴയ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഒരു പ്രവണത ട്രംപിന്റെ വിദേശനയത്തിന്റെ ഭാഗമായിരിക്കയാണ്.

ശബ്ദമുയർത്താതെ പാകിസ്താൻ

ട്രംപിന്റെ പ്രഖ്യാപനവും അതിനെതിരേയുള്ള പ്രതികരങ്ങളും ഇസ് ലാ മിന്റെ കാവൽ ഭടരെന്ന് അഭിമാനിക്കുന്ന പാകിസ്താനിൽനിന്ന് വീക്ഷിക്കാൻ എനിക്ക് അവസരമുണ്ടായി. ശക്തമായ വാക്കുകൾ ഉപയോഗിച്ചുവെങ്കിലും ജറുസലം നഷ്ടമായി എന്നും ഇനിയുള്ള ചർച്ചകൾ ഈ യാഥാർഥ്യത്തെ കണക്കിലെടുക്കണമെന്നുമായിരുന്നു പാകിസ്താന്റെ അഭിപ്രായം. ഈ സംഭവം ഉപയോഗിച്ചുകൊണ്ട് ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടികളെ അപലപിക്കാനാണ് പാകിസ്താൻ ഈ അവസരം ഉപയോഗിച്ചത്. പലസ്തീനെപ്പോലെതന്നെ കാശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കേണ്ടത്  ലോകസമാധാനത്തിന് ആവശ്യമാണെന്നായിരുന്നു പാകിസ്താന്റെ നിലപാട്. മറ്റു മുസ്ലിം രാജ്യങ്ങളും ഒറ്റക്കെട്ടായി അമേരിക്കയെ എതിർക്കാനുള്ള സാധ്യതകളും കുറവാണ്. ഏറ്റവും അപകടകരമായ അവസ്ഥ എന്നതിലുപരിയായി പ്രതികരിക്കാൻ ജോർദാൻപോലും തയ്യാറായിട്ടില്ല. 

വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യലാണ് പുരോഗതി സൃഷ്ടിക്കുന്നതെന്നും പുതിയ സാഹചര്യങ്ങൾ പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും ഒരു അഭിപ്രായംകൂടി ഉയർന്നുവരുന്നുണ്ട്. അതുപോലെ ട്രംപിന്റെ പ്രഖ്യാപനം പലസ്തീന്റെ താല്പര്യങ്ങളെ ഹനിക്കുന്നതല്ലെന്നും അഭിപ്രായമുണ്ട്. ജറുസലേമിന്റെ പടിഞ്ഞാറുഭാഗം എക്കാലവും ഇസ്രയേലിന്റെ ആധിപത്യത്തിൽ ആയിരുന്നതിനാൽ കിഴക്കുഭാഗം പലസ്തീനു ലഭിക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെടുന്നവരുമണ്ട്. ട്രംപിന്റെ പ്രഖ്യാപനം സമാധാനത്തെക്കാൾ സംഘട്ടനത്തിലേക്കാണ് പശ്ചിമേഷ്യയെ നയിക്കുക എന്നതിൽ സംശയമില്ല. കൊറിയയും ഇറാനുംപോലെ മറ്റൊരു സമരമുഖംകൂടി തുറന്നിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിനെ കടിഞ്ഞാണിടാൻ അമേരിക്കൻ ഭരണകൂടത്തിനു ജനതക്കും കഴിയുമെന്ന ശുഭപ്രതീക്ഷ മാത്രമാണ്. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ)