രാത്രിയേറെ വൈകിയും അടഞ്ഞ വാതിലുകൾക്കുള്ളിൽ ബാങ്ക്‌ ശാഖകൾക്കകത്ത് വെളിച്ചംകാണുന്നത് നാം കണ്ടിട്ടുണ്ടാകും. വൈകിയും ജോലിതീർക്കാൻ കഴിയാത്ത ഏതോ ഹതഭാഗ്യനായ മാനേജർ ടാർജറ്റുകളുമായി മൽപ്പിടിത്തംനടത്തുകയാകും ആ നേരത്തും ബാങ്കിനുള്ളിൽ. വർക്ക്മെൻ കേഡറിലുള്ള ക്ലറിക്കൽ ഉദ്യോഗസ്ഥർക്ക് ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് നിയമപ്രകാരമുള്ള ജോലിസമയം പാലിക്കാമെങ്കിൽ ഓഫീസർ കേഡറിലുള്ള ജീവനക്കാർക്ക് ക്ലിപ്തമായ ജോലിസമയമില്ല. രാവിലെ എട്ടരയോടെ ബാങ്കിലെത്തിയാൽ രാത്രി ഒമ്പതുമണിവരെയെങ്കിലും ബ്രാഞ്ചിലുണ്ടാകും ഭൂരിഭാഗം മാനേജർമാരും. ചുരുക്കത്തിൽ ബാങ്ക് എപ്പോൾ ആവശ്യപ്പെടുന്നോ ആ സമയത്തെല്ലാം ഓഫീസർ കേഡറിലുള്ളവർ ബാങ്കിലുണ്ടായിരിക്കണം. ഇതോടെ ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ബാങ്ക് ഓഫീസർമാരുടെ ജീവിതം. 

തടവിലാക്കപ്പെട്ട ജീവിതം

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സമ്മർദം കുറയ്ക്കാനായി എന്തെങ്കിലും വിനോദത്തിന് സമയംകണ്ടെത്താനോ ആകാതെ വരുന്നതോടെ വിഷാദാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നവർ ഒട്ടേറെ. ജോലിസുരക്ഷയെക്കരുതി ആരും തുറന്നുപറയാറില്ല. 
‘‘ജോലിത്തിരക്കും സമ്മർദവുംകാരണം മക്കളുടെ വിദ്യാഭ്യാസംപോലും ശ്രദ്ധിക്കാൻപറ്റാതായി. പലപ്പോഴും ബ്രാഞ്ചിലെ ജോലി കഴിഞ്ഞെത്തുമ്പോൾ ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. മുൻപ് ചെറിയരീതിയിലെങ്കിലും അവരെ പഠിപ്പിക്കാനും ഒപ്പമിരിക്കാനും കഴിഞ്ഞിരുന്നു. അന്നൊക്കെ നല്ല മാർക്കുവാങ്ങിയിരുന്നു മകൻ.  ഒന്നുരണ്ടുവർഷങ്ങളായി ഒരുദിവസംപോലും മകനൊപ്പം അവനെ പഠിപ്പിക്കാനിരുന്നിട്ടില്ല. അത്രയും പ്രഷറുമായാണ് വീട്ടിലെത്തുന്നത്. മകന്റെ മാർക്കുകൾ ഇപ്പോൾ ഒറ്റയക്കങ്ങളിലേക്കുവരെയെത്തി. വീട്ടിലും ഓഫീസിലും പരാജയപ്പെട്ടുപോകുന്നതുപോലെയാണ് ഇപ്പോൾ തോന്നുന്നത്’’ -എറണാകുളത്ത് ജോലിചെയ്യുന്ന ബാങ്ക് മാനേജരുടെ വാക്കുകൾ.
‘‘അവധിയുടെ കാര്യവും ഇതുപോലെത്തന്നെ. 30 മുതൽ 90 ദിവസംവരെ ഒരുദിവസംപോലും അവധിയെടുക്കാതെ പണിയെടുത്ത മാനേജർമാരുണ്ട്. അവധിദിവസങ്ങളിൽപ്പോലും ഓഫീസിൽവരേണ്ടിവരുന്നതും സാധാരണം. അവധിദിവസങ്ങളിൽ ജോലിചെയ്യുന്നതിന് കോമ്പൻസേറ്ററി ഓഫിന് വ്യവസ്ഥയുണ്ടെങ്കിലും അത് കിട്ടാറില്ലെന്നതാണ് ഭൂരിഭാഗം ഓഫീസർമാരുടെയും അനുഭവം. ലീവ് കിട്ടാൻ നേരത്തേ അനുവാദം ചോദിക്കണം. അഞ്ചുതവണ ലീവ് ചോദിക്കുമ്പോൾ ഒരുതവണ കിട്ടും എന്നതാണ് അവസ്ഥ. അതും നെഗറ്റീവ് റിമാർക്സോടുകൂടി!’’ -മറ്റൊരു മാനേജരുടെ അനുഭവം.

പ്രതികരിച്ചാൽ ട്രാൻസ്ഫറുണ്ടാകുമെന്ന് ഭയന്ന് പലരും അവധിയില്ലാതെ പണിയെടുക്കാൻ തയ്യാറാകുന്നു. തുടർച്ചയായ ട്രാൻസ്ഫറിനെത്തുടർന്ന് ജോലി മതിയാക്കേണ്ടിവന്ന ഒരാളുടെ അനുഭവം കേൾക്കാം: പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിലെ ഒരു ശാഖയിൽ 2012-ൽ അസിസ്റ്റന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ചതാണ് ഇദ്ദേഹം. 2015-ൽ അവിടെനിന്ന് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റി. 2016-ൽ വീണ്ടും തൃശ്ശൂരിലെ ഹെഡ്‌ഓഫീസിൽ. 2017-ൽ മൈസൂരുവിലേക്ക്, 2018-ൽ ഹൊസൂരിൽ, 2019-ൽ തമിഴ്‌നാട്ടിലെ ബെൽഗാമിൽ. കുടുംബജീവിതത്തെ ബാധിക്കാൻ തുടങ്ങിയതോടെ ഇദ്ദേഹം ജോലി രാജിവെക്കാൻ നിർബന്ധിതനാകുകയായിരുന്നു.

കുറഞ്ഞ ജീവനക്കാർ, പരമാവധി ജോലി

1970-കൾമുതൽ എൺപതുകളുടെ മധ്യംവരെ ബാങ്കിങ് മേഖലയുടെ സുവർണകാലമായിരുന്നു. വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റുകളാണ് ഇക്കാലയളവിൽ നടന്നത്. 1984-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുകയും സർക്കാർ നിയമനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തത് ബാങ്കിങ് മേഖലയിലും പ്രതിഫലിച്ചു. തൊണ്ണൂറുകളിൽ നിയമനങ്ങൾ നടന്നെങ്കിലും എണ്ണത്തിൽ കുറവായിരുന്നു. 2001-ൽ പൊതുമേഖലാബാങ്കുകളിൽ സ്വയംവിരമിക്കൽ (വി.ആർ.എസ്.) സംവിധാനം കൊണ്ടുവന്നതോടെ പിരിഞ്ഞുപോയത് ഒന്നേകാൽ ലക്ഷത്തോളം ജീവനക്കാരാണ്. ആ കുറവ് ഇന്നും നികത്താനായിട്ടില്ല. 2008 വരെ ബാങ്കുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നില്ല.
ക്ലാർക്ക്, സബോർഡിനേറ്റ്‌സ് ഉൾപ്പെടെയുള്ള വർക്ക് മെൻ കേഡർ ജീവനക്കാരുടെ എണ്ണം കുറച്ച് ഓഫീസർമാരുടെ എണ്ണം കൂട്ടാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു. മുൻപ് ഒരു ഓഫീസർക്ക് നാലുക്ലാർക്ക് എന്നതായിരുന്നു അനുപാതമെങ്കിൽ ഇന്നത് ഒരു ഓഫീസർക്ക് ഒരു ക്ലാർക്ക് എന്നതിനെക്കാളും താഴ്ന്നനിലയിലെത്തി. ജീവനക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ബാങ്ക് ശാഖകളുടെയും ബാങ്കിൽ നടക്കുന്ന ബിസിനസിന്റെയും ബാങ്കിനെ സമീപിക്കുന്ന ഉപഭോക്താക്കളുടെയും എണ്ണത്തിൽ വൻവർധനയാണുണ്ടായത്. നിക്ഷേപവും വായ്പയും ഇരട്ടിയോളമായിട്ടും തേഡ് പാർട്ടി സർവീസുകൾകൂടി കൈകാര്യം ചെയ്യേണ്ടി വന്നിട്ടും അതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടില്ല. സ്വകാര്യ ബാങ്കുകളിൽ മാർക്കറ്റിങ്, റിക്കവറി, ബാങ്കിങ് ബിസിനസ് എന്നിവയ്ക്കെല്ലാം വെവ്വേറെ വിഭാഗം ജീവനക്കാരുള്ളപ്പോൾ പൊതുമേഖലാ ബാങ്കുകളിൽ മേൽപ്പറഞ്ഞ വിഭാഗങ്ങളുടെയെല്ലാം ഉത്തരവാദിത്വം മാനേജർക്കാണ്.

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ നിക്ഷേപങ്ങളിലും വായ്പകളിലും പത്തുവർഷത്തിനിടെ വൻ വർധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. 2011-12-ൽ ആകെ നിക്ഷേപം 59.10 ലക്ഷം കോടിയായിരുന്നത്‌ 2020-ൽ 151.48 ലക്ഷം കോടിയായി ഉയർന്നു. അതേസമയം, വായ്പ 46.11 ലക്ഷം കോടിയിൽനിന്ന്‌ 110.44 ആയി. 


(തുടരും)