അഫ്ഗാനിസ്താന്റെ മണ്ണ് അമേരിക്കയ്ക്കോ, സഖ്യരാജ്യങ്ങൾക്കോ എതിരായ തീവ്രവാദപ്രവർത്തനങ്ങൾക്ക് വേദിയാവാൻ ഒരിക്കലും അനുവദിക്കരുത് എന്നതായിരുന്നു കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അമേരിക്ക തലിബാനുമായി ഒപ്പിട്ട സമാധാന ഉടമ്പടിയിലെ ആദ്യവ്യവസ്ഥ. എന്നാൽ, സേനാപിന്മാറ്റം പൂർണമാവുംമുമ്പുതന്നെയാണ്‌ പതിമ്മൂന്ന് അമേരിക്കൻ പട്ടാളക്കാരടക്കം നൂറിലധികം ആളുകൾ കാബൂൾ എയർപ്പോർട്ട് ഗേറ്റിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്‌.

ഐ.എസ്.കെ.യുടെ രംഗപ്രവേശം
ഇത് ചെയ്തത് തങ്ങളല്ല എന്ന് താലിബാൻ പറഞ്ഞിട്ടുണ്ട്. ഇതിനർഥം  അഫ്ഗാനിസ്താനകത്ത് താലിബാന്റെ ചൊൽപ്പടിക്കുനിൽക്കാത്ത ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ്, ഇതിന്റെ വേരുകൾ കിടക്കുന്നത് അഫ്ഗാനിസ്താനിലല്ല എന്നും. ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകംതന്നെ ഐ. എസ്. അതിന്റെ ന്യൂസ് ഏജൻസിയായ അമാഖിലൂടെ, ചാവേറായി പൊട്ടിത്തെറിച്ച  അബ്ദുൾ റഹ്മാൻ അൽ ലോഗരിയുടെ ചിത്രം പുറത്തുവിട്ടു. ഇത് ആക്രമണം എത്ര കൃത്യതയോടെ നടപ്പാക്കിയതെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്. ഭീകരാക്രമണത്തിന്റെ കൈയൊപ്പ് ഇതിൽ തെളിഞ്ഞുകാണാം.

സിറിയയിലെ ഐ.എസ്. അല്ല അഫ്ഗാനിസ്താനിലേത്. ഇവിടെ ഇത് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറോസാൻ ആണ്. ഐ.എസ്.കെ.  എന്നാണ് ചുരുക്കപ്പേര്. ഇന്ത്യയും പാകിസ്താനുമടക്കം  ദക്ഷിണേഷ്യയിൽ സംശുദ്ധ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇറാഖിലും സിറിയയിലും  ഐ.എസ്. കത്തിനിന്ന 2015 കാലത്താണ് അതിന്റെ ശാഖയായി ഐ.എസ്.കെ. അഫ്ഗാനിസ്താനിൽ പ്രവർത്തനമാരംഭിക്കുന്നത്.  പാകിസ്താനോടുചേർന്ന നൻഗർഹാർ പ്രവശ്യയാണ് ഇതിന്റെ ആസ്ഥാനം.  ഇന്നത്തെ ഇറാന്റെ വടക്കുകിഴക്കൻ മേഖല കേന്ദ്രീകരിച്ച് നിലനിന്ന ഖൊറോസാൻ എന്ന പഴയ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഓർമയ്ക്കാണ് ഈ പേരിടുന്നത്. അഫ്ഗാനികൾ മാത്രമല്ല ഇതിൽ അംഗങ്ങളായുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്ന തീവ്രവാദികളുടെ കൂട്ടായ്മയാണിത്. ഇതിലേക്കാണ് കേരളത്തിൽനിന്നടക്കമുള്ള ഭീകരർ കുടിയേറിപ്പോയത്.  

‘നല്ല താലിബാന് ’ വെല്ലുവിളി
അഫ്ഗാനിസ്താനിൽ താലിബാനെയും കടന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ശക്തമാവുന്നു എന്നുതോന്നിയ സാഹചര്യത്തിലാണ് 2017 ഏപ്രിലിൽ അമേരിക്ക ‘ബോംബുകളുടെ അമ്മ’ എന്ന് പേരിട്ട ഏറ്റവും സംഹാരശക്തിയുള്ള  ബോംബ് നൻഗർഹാറിൽ ഇട്ടത്.  അതോടെ ഐ.എസ്.കെ. തത്‌കാലത്തേക്ക്‌ നിശ്ചലമായെങ്കിലും അത് പിന്നീട് അഫ്ഗാനിസ്താന്റെയും പടിഞ്ഞാറൻ പാകിസ്താന്റെയും വിവിധ ഭാഗങ്ങളിലേക്ക് ക്രമേണ പടരുന്നു.താലിബാൻ-അമേരിക്ക സമാധാന ഉടമ്പടിപ്രകാരം 5000-ലധികം കൊടുംഭീകരരെയാണ് അഫ്ഗാൻ സർക്കാർ കഴിഞ്ഞവർഷം ജയിലിൽനിന്നു തുറന്നുവിട്ടത്.  താലിബാൻ അധികാരം പിടിച്ചെടുത്തതോടെ  ബാഗ്രാം അടക്കം ബാക്കിയുള്ള ജയിലുകളും തുറന്നു. പുറത്തേക്കിറങ്ങിയ പലരും തീവ്രനിലപാടുള്ളവരാണ്. ദോഹയിലെ ശീതീകരിച്ച മുറിയിലിരുന്ന് അമേരിക്കയോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന താലിബാനല്ല അത്.

അമേരിക്കയുടെ മണ്ടത്തരങ്ങൾ
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്  അമേരിക്ക താലിബാനുമായി സമാധാനക്കരാർ ഒപ്പിടുന്നത്. പ്രസിഡന്റ് ഗനിയെയും  അതുവഴി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെയും തീർത്തും മറികടന്നുകൊണ്ടാണ്  അന്ന് അമേരിക്ക അതു ചെയ്തത്. ഇതോടെ ഗനിയുടെ കീഴിലുള്ള അഫ്ഗാൻ സേനയുടെ ധാർമികമായ കരുത്ത് ഇല്ലാതായി. അമേരിക്കയ്ക്ക് പ്രശ്നമില്ലാത്ത താലിബാനുമായി നമ്മൾ എന്തിന് കലഹിക്കണം എന്ന ചോദ്യത്തിൽ തട്ടിയാണ് അഫ്ഗാൻ പട്ടാളത്തിന്റെ പ്രതിരോധം ആഴ്ചകൾക്കുള്ളിൽ താലിബാനുമുമ്പിൽ അടിയറവുപറഞ്ഞത്. ഗനി രാജ്യംവിട്ട് ഒളിച്ചോടിയതോടെ അഫ്ഗാൻ പട്ടാളത്തിന്റെ ആശങ്ക അസ്ഥാനത്തല്ലായിരുന്നു എന്നും തെളിഞ്ഞു. തോറ്റ പടനായകനുവേണ്ടി ആരും യുദ്ധംചെയ്യില്ലല്ലൊ.

അമേരിക്കയുടെ ‘നല്ല’ താലിബാൻ പക്ഷേ, ഇസ്‌ലാമിക് സ്റ്റേറ്റിനെ സംബന്ധിച്ചടത്തോളം നല്ലതല്ല. സമാധാന ഉടമ്പടി ഒപ്പുവെച്ചതിനുശേഷമാണ് കാബൂളിൽ ഏറ്റവും ക്രൂരമായ ആക്രമങ്ങൾ അരങ്ങേറിയത്. കഴിത്തവർഷം മേയിൽ കാബൂളിലെ മെറ്റേണിറ്റി ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രസവിച്ചുകിടക്കുന്ന അമ്മമാരും കുട്ടികളുമടക്കം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഈ വർഷം മേയ് മാസത്തിൽ കാബൂളിലെ ഗേൾസ് സ്കൂളിൽനടന്ന ഭീകരാക്രമണത്തിൽ എൺപതിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടിലും ഇസ്‌ലാമിക്‌ സ്റ്റേറ്റിന്റെ കൈയൊപ്പ് വ്യക്തമാണ്. രണ്ടിലും തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ഇസ്‌ലാമിക് സ്റ്റേറ്റിൽ തുടങ്ങി താലിബാനും കടന്ന് ഏറെ പണിപ്പെട്ട്  ജനാധിപത്യംവരെ നടന്നെത്തിയ സമൂഹമാണ് അഫ്ഗാനിസ്താൻ. ജനാധിപത്യം പിച്ചവെക്കാൻ തുടങ്ങുംമുമ്പേതന്നെ അട്ടിമറിക്കപ്പെട്ടു. മുഖംമിനുക്കാൻ താലിബാൻ പരമാവധി ശ്രമിക്കുന്നുണ്ട്, നല്ല താലിബാനാവാൻ. പക്ഷേ, മതരാഷ്ട്രങ്ങൾ അതിന്റെ ‘ഡിഫാൾട്ട് സെറ്റിങ്ങി’ലേക്ക് വീഴുമ്പോൾ അത് സ്ത്രീവിരുദ്ധവും അതിലേറെ മനുഷ്യവിരുദ്ധവുമാവുന്നതാണ് നാമിപ്പോൾ അഫ്ഗാനിസ്താനിൽ കാണുന്നത്. 

ജർമൻ ടെലിവിഷന്റെ ദക്ഷിണേഷ്യാ പ്രതിനിധിയാണ് ലേഖകൻ