വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണം ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങൾ പുറത്തുകൊണ്ടുവരുകയും നടപടിയെടുക്കുകയുംചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് ജനുവരി 11-ന് വിരമിക്കുന്നു. അദ്ദേഹം മാതൃഭൂമി പ്രതിനിധി  ടി.ജെ. ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്‌...

മനുഷ്യാവകാശകമ്മിഷന് സമൂഹത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട്

വില്ലേജോഫീസർമുതൽ ചീഫ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗനിർദേശം നൽകാനും പാവപ്പെട്ടവരുടെ അവകാശങ്ങൾ കവരുന്ന ഉദ്യോഗസ്ഥരെ നേർവഴിക്ക് നടത്താനും കഴിയുന്ന സ്ഥാപനമാണ് മനുഷ്യാവകാശ കമ്മിഷൻ. കോടതികൾക്ക് ഇത്തരത്തിൽ സമൂഹത്തിൽ നിരന്തരമായി ഇടപെടാൻ കഴിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ പലതും ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൾകാരണം നടപ്പാക്കുന്നില്ല. ചില ഉദ്യോഗസ്ഥർ നിയമാവബോധമില്ലാത്ത സാധാരണക്കാരെ ചൂഷണംചെയ്യുന്നു. സാധാരണക്കാർക്കിടയിൽ നിയമാവബോധമുണ്ടാക്കുന്ന കാര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഒരു പ്രശ്നപരിഹാരത്തിന് മനുഷ്യാവകാശ കമ്മിഷനെ ആശ്രയിക്കുന്നവർക്ക് ആകെ ചെലവാകുന്നത് 10 പൈസമാത്രമാണ്.

കമ്മിഷന്റെ ഉത്തരവുകളെല്ലാം നടപ്പാകുന്നുണ്ടോ

മനുഷ്യവകാശ കമ്മിഷന്റെ അധികാരങ്ങളെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്ന കാലമാണിത്. കമ്മിഷന്റെ 90 ശതമാനം ഉത്തരവും സർക്കാർ നടപ്പാക്കുന്നുണ്ട്. കോടതിയുത്തരവുപോലെയല്ലെങ്കിലും കമ്മിഷന്റെ ഉത്തരവുകൾ നിർബന്ധമായും നടപ്പാക്കേണ്ടതാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതികളും ഒ​േട്ടറെ തവണ ഉത്തരവിട്ടിട്ടുണ്ട്. കേരളത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർതലത്തിൽ ഒരു നിരീക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യയോഗം ഉടൻ നടക്കും. ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിയായിരിക്കും ഇത്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് മനുഷ്യാവകാശകമ്മിഷൻ ഒരു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹമെടുത്ത തീരുമാനമാണ് നിരീക്ഷണസമിതിയെ നിയോഗിക്കുകയെന്നത്.

മനുഷ്യാവകാശ കമ്മിഷന് ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരംകൂടി വേണ്ടതല്ലേ

അടുത്തകാലത്താണ് മനുഷ്യാവകാശ സംരക്ഷണനിയമത്തിൽ കാര്യമായ ചില ഭേദഗതികൾ വന്നത്. അതിൽ പ്രധാനം, ചീഫ് ജസ്റ്റിസിനെ കിട്ടാതെ വന്നാൽ ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ച ഏറ്റവും മുതിർന്ന ജഡ്ജിയെ സംസ്ഥാന കമ്മിഷൻ അധ്യക്ഷനാക്കാം എന്ന ഭേദഗതിയാണ്. ഇത് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഒരു ഉന്നതതല യോഗത്തിൽ ഞാൻ മുന്നോട്ടുവെച്ച ആശയമായിരുന്നു. എന്നാൽ, കമ്മിഷൻ ഉത്തരവുകൾ നടപ്പാക്കിക്കിട്ടുന്നതിന് നിയമത്തിൽ ഭേദഗതിവേണമെന്ന ഞങ്ങളുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടില്ല. ഇതിൽ കാര്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നത് പാർലമെന്റംഗങ്ങൾക്കാണ്. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടിമാത്രം കമ്മിഷൻ പാസാക്കുന്ന ഉത്തരവുകൾ, നടപ്പാക്കുന്നതരത്തിൽ ഒരു നിയമഭേദഗതിക്ക് അവർ മുൻകൈയെടുക്കണം.

ഉത്തരവുകളിൽ പലതും സർക്കാരിനെതിരേയാണെന്ന് പ്രചാരണമുണ്ടല്ലോ

ഒരിക്കലുമില്ല. എന്റെ ഉത്തരവുകളിലൊന്നും സർക്കാരിനെതിരേ ഒരു പരാമർശംപോലും ചൂണ്ടിക്കാണിക്കാനാവില്ല. മറിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥരെയാണ് വിമർശിച്ചിട്ടുള്ളതും നടപടിയെടുത്തിട്ടുള്ളതും. മനുഷ്യാവകാശ കമ്മിഷൻ, ഉദ്യോഗസ്ഥർക്കെതിരേ ഉത്തരവ് പാസാക്കുമ്പോൾ അത് സർക്കാരിനെതിരേയാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ ഉത്തരവുകൾ ഒരിക്കലും സർക്കാരിനെതിരല്ല. അത് സർക്കാരിന്റെ യശസ്സ് നിലനിർത്താനോ ഉയർത്താനോ വേണ്ടിയുള്ളതാണ്. കുറ്റംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകുമ്പോൾ അത് സർക്കാരിനെതിരാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ, അത്തരത്തിൽ ആരെങ്കിലും മുതലെടുത്താൽ എനിക്കൊന്നും പറയാനില്ല. ഇവിടെ എന്റെ വഴി സത്യസന്ധവും നീതിയുക്തവുമാണ്.

താങ്കൾ ഏറ്റവും കൂടുതൽ നടപടിയെടുത്തിരിക്കുന്നത് പോലീസിനെതിരേയാണ്

ശരിയാണ്, ജനമൈത്രി പോലീസ് ജനശത്രു പോലീസാകരുതെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഞാൻ കൈകാര്യംചെയ്ത കസ്റ്റഡിമരണക്കേസിൽ, മരിച്ച യുവാവിന്റെ ഭാര്യക്ക് സർക്കാർ ജോലിനൽകി. നഷ്ടപരിഹാരവും നൽകി. കമ്മിഷൻ പറഞ്ഞ കാര്യങ്ങളെല്ലാം സർക്കാർ നടപ്പാക്കി. ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. ശക്തമായ ഒരു ഭരണകൂടത്തിനുകീഴിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വങ്ങൾ വർധിക്കുന്നു. പോലീസിൽ ഒട്ടേറെ നല്ല ഉദ്യോഗസ്ഥരുണ്ട്. അങ്ങനെയല്ലാത്ത ഒരു വിഭാഗവുമുണ്ട്. അവരാണ് പരാതിയുമായി ചെല്ലുന്നവരെ പ്രതിയാക്കുന്നവർ. ഇവർക്കെതിരേയാണ് കമ്മിഷൻ നടപടികളെടുത്തത്. 2011-ൽ കൊണ്ടുവന്ന കേരള പോലീസ് ആക്ട്‌ ഇതുവരെ നടപ്പാക്കിയിട്ടില്ല. ചട്ടങ്ങൾ ഉണ്ടാക്കാത്തതാണ് കാരണം. ഇത് നടപ്പാക്കണമെന്ന് പലവട്ടം സർക്കാരിനോട് കമ്മിഷൻ ആവശ്യപ്പെട്ടതാണ്. നിയമം നടപ്പാക്കിയാൽമാത്രമേ പോലീസിൽ ബാഹ്യസമ്മർദം ഒഴിവാക്കാൻ കഴിയൂ.

മനുഷ്യാവകാശ പ്രവർത്തകരിൽ ചിലർ മനുഷ്യാവകാശസംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്

ശരിയാണ്. ചില മനുഷ്യാവകാശ പ്രവർത്തകർ മനുഷ്യാവകാശ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനെതിരേ കർശനനടപടികൾ വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷേ, മനുഷ്യാവകാശ കമ്മിഷനുമായി സഹകരിക്കുന്ന ഒട്ടേറെ മനുഷ്യാവകാശ പ്രവർത്തകരുമുണ്ട്. ആലപ്പുഴ സ്വദേശിയായ അന്തരിച്ച ജയമോഹന്റെ പേര് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.
മൂന്നാറിലും മറ്റും നൂറുകണക്കിന് ആദിവാസികളെ പങ്കെടുപ്പിച്ച് കമ്മിഷൻ സെമിനാറുകൾ സംഘടിപ്പിച്ചപ്പോൾ അതിൽ ജയമോഹൻ സജീവമായി പ്രവർത്തിച്ചിരുന്നു.

ജസ്റ്റിസ് പി. മോഹൻദാസ്

ചേർത്തല പൊറ്റപ്പറമ്പിൽ കുടുംബാംഗം. 1979 ഡിസംബറിലാണ് അഭിഭാഷകവൃത്തിയിലേക്ക് വരുന്നത്. 1988 ജൂലായിലാണ് ന്യായാധിപനാകുന്നത്. എറണാകുളം ജില്ലാകോടതിയിലും ഹൈക്കോടതിയിലും ന്യായാധിപനായി. അഞ്ചുകൊല്ലത്തോളം കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ സ്തുത്യർഹമായ പ്രവർത്തനം. ഇതിനുശേഷം എറണാകുളം കുടുംബകോടതി ന്യായാധിപനായി. ഒന്നരക്കൊല്ലത്തിനുള്ളിൽ 6200 കേസ്‌ തീർപ്പാക്കിയത് റെക്കോഡാണ്. വീഡിയോ കോൺഫറൻസിങ്ങിലൂടെ വിവാഹമോചനം ആദ്യമായി നടപ്പാക്കിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. കുടുംബകോടതി ജഡ്ജിയായിരിക്കുമ്പോഴാണ് വിരമിച്ചത്. ആറുമാസംകൂടി കാലാവധി ഹൈക്കോടതി നീട്ടിക്കൊടുത്തു. 2016 ജനുവരി 11 മുതൽ മനുഷ്യാവകാശകമ്മിഷൻ അംഗമായിനിയോഗിക്കപ്പെട്ടു.

Content Highlights: Interview with Human Rights Commission member P. Mohandas