barbara demick
ബാർബറ ഡെമിക് 

‘‘ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം ടിബറ്റ് കലാപഭൂമിയാവും’’

രാജ്യങ്ങളുടെ അധിനിവേശങ്ങളെക്കുറിച്ച് ഘോരഘോരം എഴുതുകയും വാചാലരാവുകയും ചെയ്യുന്ന ബുദ്ധിജീവികളാരുംതന്നെ ചൈന ടിബറ്റിനുമേൽ നടത്തിവരുന്ന അതിക്രമങ്ങളെക്കുറിച്ചും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും പൊതുവേ മിണ്ടാറില്ല. 1966-ൽ മാവോ സേതുങ്ങിന്റെ സാംസ്കാരികവിപ്ലവത്തെത്തുടർന്നാണ് ചൈന, ഏറെ സവിശേഷതകളുള്ള ടിബറ്റിനുമേൽ അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഉരുക്കുകരങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയത്. പ്രതിഷേധിച്ചും പ്രതിരോധിച്ചും എത്രയോ ടിബറ്റുകാർ മരിച്ചു; പലരും ആയുഷ്കാലം മുഴുവൻ ജയിലിലടയ്ക്കപ്പെട്ടു; കുടുംബങ്ങൾ ഛിദ്രമായി; ദാരിദ്ര്യം വർധിച്ചു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് ലാസയിലെ തന്റെ പ്രസിദ്ധമായ പൊട്ടാല പാലസ് ഉപേക്ഷിച്ച് രാത്രി ഒളിച്ചോടി ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു. അദ്ദേഹം ഇപ്പോഴും ഇന്ത്യയിൽ ധർമശാലയിൽ തുടരുന്നു. പൗരാണികമായ ടിബറ്റൻ സംസ്കാരത്തെയും വിശിഷ്ടമായ ഭാഷയെയും പവിത്രമായ ബുദ്ധവിഹാരങ്ങളെയും ചൈന തകർത്തു. സ്വന്തം രാജ്യത്ത് അന്യരായി ജീവിക്കേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് ടിബറ്റൻ ജനതയെ ചൈന എത്തിച്ചു. ലോകം കണ്ടുനിൽക്കെ അതിപ്പോഴും തുടരുന്നു. സ്വന്തമായി പാസ്പോർട്ട്ലഭിക്കാനുള്ള അവകാശംപോലും ടിബറ്റൻ ജനതയ്ക്കില്ല!

മാധ്യമപ്രവർത്തകർക്ക് സഞ്ചരിക്കാൻ ഏറെ വിഷമമുള്ള ടിബറ്റിലൂടെ അമേരിക്കൻ മാധ്യമപ്രവർത്തകയായ ബാർബറ ഡെമിക് അടുത്തിടെ സാഹസികമായ ഒരുയാത്ര നടത്തുകയുണ്ടായി. ടിബറ്റിലെ എൻഗബ എന്ന നഗരത്തിലാണ് ബാർബറ ഏറെ സമയവും ചെലവഴിച്ചത്. അവിടത്തെ പുരാതനമായ കിർതി ബുദ്ധവിഹാരത്തിലാണ് ഏറ്റവുമധികം ബുദ്ധഭിക്ഷുക്കൾ ചൈനയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആഹുതി ചെയ്തത്. എൻഗബ നഗരത്തിലെ ജനങ്ങളുടെ ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി ബാർബറ എഴുതിയ ‘EAT THE BUDHA: The story of Modern Tibet  Through The People Of One Town’ എന്ന ഗ്രന്ഥം ഇപ്പോൾ ഏറെ വായിക്കപ്പെടുന്നു. പുസ്തകത്തിന്റെയും തന്റെ ടിബറ്റൻ യാത്രയുടെയും പശ്ചാത്തലത്തിൽ ബാർബറാ ഡെമിക്കുമായി നടത്തിയ ഇ-മെയിൽ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണിത്

ഏഴുവർഷം ചൈനയിൽ പത്രപ്രവർത്തകയായിരുന്നു താങ്കൾ. എപ്പോഴാണ് ടിബറ്റ് ഒരു താത്‌പര്യവിഷയമായി തോന്നിത്തുടങ്ങിയത്
2007-ൽ ചൈനയിലേക്ക് പത്രപ്രവർത്തകയായിപ്പോവുന്ന സമയംമുതൽ ടിബറ്റ് എന്റെ താത്‌പര്യവിഷയമായിരുന്നു എന്നുപറയാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ദലൈലാമയും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് ധാരാളം വായിച്ചിരുന്നെങ്കിലും 21-ാം നൂറ്റാണ്ടിലെ ടിബറ്റിലെ സാധാരണ ജീവിതത്തെക്കുറിച്ച് എനിക്ക്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു. ഈ അജ്ഞതയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു:
പത്രപ്രവർത്തകർക്ക് ടിബറ്റിലേക്ക് സ്വതന്ത്രമായി എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയാണ് ആദ്യത്തേത്. ടിബറ്റൻ ജനതയ്ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായും സത്യസന്ധമായും എഴുതുക അസാധ്യമാണ് എന്നതാണ് രണ്ടാമത്തേത്. നല്ല റിപ്പോർട്ടിങ്ങിന്റെ ക്ഷാമവുമുണ്ടായിരുന്നു. മാത്രവുമല്ല, ഏകദേശം ഒരേതരത്തിൽ ചിത്രീകരിക്കപ്പെട്ട ജനതയായിരുന്നു ടിബറ്റുകാർ-നാടോടികളായും പരുക്കരായ തപസ്വികളായുമൊക്കെ. ആധുനികകാലത്തെ ടിബറ്റൻ ജനതയെക്കുറിച്ചും വർത്തമാനകാല ചൈനയിലെ അവരുടെ അവസ്ഥയെക്കുറിച്ചും എനിക്കറിയണമായിരുന്നു.
 
ചൈനയിലെ സാധാരണ മനുഷ്യർ ടിബറ്റൻ പ്രശ്നങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയമൊന്നുമില്ലാത്ത  സാധാരണക്കാരുടെ കാര്യമാണ് ഉദ്ദേശിച്ചത്
മിക്ക ഹാൻ ചൈനീസ് വംശജരും സർക്കാരിന്റെ പ്രചാരണങ്ങളെ അപ്പാടേ വിഴുങ്ങുന്നവരാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ടിബറ്റൻ ജനതയെ പട്ടിണിയിൽനിന്നും അടിമത്തത്തിൽനിന്നും രക്ഷിച്ചു എന്നവർ വിശ്വസിച്ചു. ഇതുകാരണം ടിബറ്റൻ ജനത ചൈനയോട് നന്ദിയുള്ളവരാണ് എന്നും അവർ വിശ്വസിക്കുന്നു. അവർക്ക് ചരിത്രം വളരെക്കുറച്ച് മാത്രമേ അറിയൂ.ചൈനയുടെ ചാരക്കണ്ണുകൾ നിരന്തരം റോന്തുചുറ്റുന്ന ടിബറ്റിലൂടെയുള്ള യാത്രയ്ക്ക് താങ്കളുടെ തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നുകാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഏറെ ഔചിത്യത്തോടെയാണ് ഞാൻ ടിബറ്റിൽ യാത്രചെയ്തത്. വലിയ ക്യാമറ കൈയിൽ കരുതിയിരുന്നില്ല. ക്യാമറാസംഘവും എനിക്കൊപ്പമുണ്ടായിരുന്നില്ല. വേഷം മാറിയിരുന്നില്ല. മിക്ക ടിബറ്റൻ സ്ത്രീകളും ധരിക്കുന്നത് മാതിരിയുള്ള വലിയ തൊപ്പി ഞാൻ ധരിച്ചിരുന്നു. മഴക്കോട്ടും സാധാരണ ഷൂസും പതിവാക്കി. സ്വകാര്യ കാറുകളിലോ ടാക്സിയിലോ പിൻസീറ്റിലിരുന്നായിരുന്നു യാത്രകൾ.പകൽസമയങ്ങളിൽ വെറുതേ കറങ്ങിനടന്നിരുന്നില്ല. ഉദ്യോഗസ്ഥരുമായോ സർക്കാർ അധികൃതരുമായോ ഒരിക്കലും അഭിമുഖം നടത്തിയിരുന്നില്ല. കാരണം, ഞാൻ ടിബറ്റിലുണ്ട് എന്ന കാര്യം ആരെയെങ്കിലും അറിയിക്കാൻ എനിക്ക് താത്‌പര്യമില്ലായിരുന്നു.
 
യാത്രയുടെ ഏതെങ്കിലും ഘട്ടത്തിൽ ചൈന താങ്കളുടെ ചലനങ്ങളെ നിരീക്ഷിക്കുന്നതായി തോന്നിയിരുന്നോ? എങ്ങനെയാണതിനെ മറികടന്നത്
ടിബറ്റിൽ അവ്യക്തമായ ഒരു സാന്നിധ്യമായി തുടരാൻ ശ്രദ്ധിച്ചിരുന്നതുകൊണ്ട് അത്തരമൊരു പിന്തുടരൽ എനിക്ക്‌ അനുഭവപ്പെട്ടിരുന്നില്ല. പ്രത്യേക പെർമിറ്റ് ആവശ്യമില്ലാത്ത ടിബറ്റൻ ഭൂപ്രദേശങ്ങളിലൂടെയായിരുന്നു എന്റെ സഞ്ചാരങ്ങൾ ഏറെയും. ചൈനീസ് വിസ ഉള്ളതുകാരണം ഞാൻ പൂർണമായും ചൈനീസ് നിയമത്തിന് അധീനയായിരുന്നു. അഥവാ പിടിക്കപ്പെട്ടാൽത്തന്നെ അവർ എന്നെ ബെയ്‌ജിങ്ങിലേക്ക് തിരിച്ചയക്കുകയായിരുന്നു ചെയ്യുക.
Nothing to envy: Real Lives In North Korea’ എന്ന പേരിൽ വടക്കൻ കൊറിയയിലെ ജീവിതത്തെപ്പറ്റി താങ്കളുടെ പുസ്തകമുണ്ട്. വർത്തമാനകാല ടിബറ്റൻ ജീവിതവും വടക്കൻ കൊറിയയിലെ ജീവിതവും തമ്മിൽ സാമ്യങ്ങളുണ്ടോ
ഭയത്തിന്റെ ആധിക്യമാണ് രണ്ടിടത്തും ഞാൻ കണ്ട സമാനവികാരം. നിരന്തരമായി തങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്ന ഭയം കലർന്ന ബോധം. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ ഒരേപോലെ വേട്ടയാടുന്നുണ്ട്. ഒന്നുകിൽ ക്ലോസ് സർക്യൂട്ട് ക്യാമറ വഴി, അല്ലെങ്കിൽ സ്വന്തം ഫോണിലെ ആപ്പുകൾ വഴി. സർക്കാരിലോ അക്കാദമിക മേഖലയിലോ ജോലിചെയ്യുന്ന ടിബറ്റൻ പൗരന്മാരിൽ ഈ ഭയം കൂടുതലായിക്കാണാം. ടിബറ്റുകാരായ സർക്കാർ ഉദ്യോഗസ്ഥരോട് ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർ ഭയചകിതരായത് ഓർക്കുന്നു. കൃഷിക്കാരും നാടോടികളും സാധാരണ ജനങ്ങളുമാണ് ടിബറ്റിൽ ഏറ്റവും സൗഹൃദപരതയുള്ളവർ. രഹസ്യാത്മക ഭരണകൂടങ്ങൾ ഉള്ളയിടങ്ങൾ എന്ന നിലയിലും പുറംലോകങ്ങൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ളയിടങ്ങൾ എന്ന നിലയിലും ഈ രണ്ട് രാജ്യങ്ങളും ഒരേപോലെയാണ്. ഈ രഹസ്യാത്മകതയും അവ മറികടക്കുന്നതിലെ വെല്ലുവിളിയുമാണ് എന്നെ അങ്ങോട്ടേക്ക്‌ ആകർഷിച്ചത്. വായനക്കാരിൽ സഹാനുഭൂതിയുളവാക്കുന്ന സാധാരണക്കാരുടെ കണ്ണിലൂടെ കഥപറയുക എന്ന രീതിയാണ് രണ്ടിടത്തും ഞാൻ പിൻതുടർന്നത്. അങ്ങനെയാവുമ്പോൾ അതിൽ കലർപ്പുകളുണ്ടാവില്ല.
 
ടിബറ്റിലെ പുതിയ തലമുറ ചൈനയെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യത്ത് ചൈന നടത്തുന്ന വികസനപ്രവർത്തനങ്ങൾ അവരെ ആകർഷിക്കുന്നുണ്ടോ
ടിബറ്റിൽ ചൈന നടത്തുന്ന വികസനപ്രവർത്തനങ്ങളെല്ലാം ഹാൻ ചൈന വിഭാഗത്തിലുള്ളവരുടെ സുഖത്തിനുള്ളതാണ്. വിമാനത്താവളങ്ങളിലൂടെ പുറംലോകത്തേക്ക്‌ പറക്കുന്നവരിൽ മുഖ്യവും ചൈനക്കാരാണ്; പുതിയ പുതിയ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവരും അവർതന്നെ. ചൈനയുടെ ഭരണത്തിനുകീഴിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ടിബറ്റൻ വംശജർപോലും ഹാൻ ചൈനക്കാരെപ്പോലെ അവയൊന്നും എത്തിപ്പിടിക്കാനുള്ള സാമ്പത്തികാവസ്ഥയിലുള്ളവരല്ല. ടിബറ്റൻ പൗരന്മാർക്ക് പാസ്പോർട്ട് കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഒരു ടിബറ്റൻ പൗരൻ ഇതേക്കുറിച്ച് പറയുന്നുണ്ട്.
 
ടിബറ്റൻ പൗരനും വിജയിയായ വ്യാപാരിയും ഒട്ടേറെ വീടുകളും കാറുകളുമുള്ളയാളുമായ അയാൾ എന്നോട് പറഞ്ഞു: ‘‘ഈ ജീവിതത്തിൽ സ്വാതന്ത്ര്യമൊഴിച്ച് എല്ലാം എനിക്കുണ്ട്.’’
ചൈന ടിബറ്റിലെ പഴകിയ ഫ്യൂഡൽ വ്യവസ്ഥിതിയും പൗരോഹിത്യവും മാറ്റി രാജ്യത്തെയും സമൂഹത്തെയും പരിഷ്കരിച്ചു എന്ന് വിശ്വസിക്കുന്ന ഇടതുബുദ്ധിജീവികളുണ്ട്. താങ്കളുടെ നേരനുഭവത്തിൽ അത് ശരിയാണോ
ടിബറ്റിലെ ഫ്യൂഡൽ വ്യവസ്ഥിതിയിലെ നവീകരണങ്ങളെ പിന്തുണയ്ക്കുന്ന എത്രയോ ടിബറ്റൻ ബുദ്ധിജീവികൾതന്നെയുണ്ട്. ഇപ്പോഴത്തെ ദലൈലാമ എന്നോട് പറഞ്ഞിട്ടുണ്ട്‌ (ഇതദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ്) താനൊരു സോഷ്യലിസ്റ്റാണ് എന്ന്. ടിബറ്റൻ ബുദ്ധമതക്കാരുടെയും സോഷ്യലിസ്റ്റുകളുടെയും ചിന്തകൾക്കിടയിൽ സമത്വത്തെക്കുറിച്ചുള്ള വീക്ഷണത്തിന്റെ കാര്യത്തിൽ ഒരു പരസ്പര കവിഞ്ഞുകിടക്കലുണ്ട്. ഇതിനർഥം തങ്ങളുടെ വിശ്വാസങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന അപ്രായോഗികമായ ഒരു കമ്യൂണിസ്റ്റ്‌ ഭരണത്തെ അവർ പിന്തുണയ്ക്കുന്നു എന്നല്ല.
 
സാധാരണ ചൈനക്കാരൻ എന്താണ് ദലൈലാമയെക്കുറിച്ച് പറയുന്നത്
ചൈനയുടെ പ്രചാരണങ്ങൾ ദലൈലാമയുടെ പ്രസക്തിയുടെയും പ്രാധാന്യത്തിന്റെയുംമേൽ കരിതേച്ചു എന്ന് വിശ്വസിക്കുന്ന ഒട്ടേറെ ചൈനക്കാരുണ്ട്. അതേസമയം, എത്രയോ ചൈനക്കാർ ദലൈലാമയെ ആദരിക്കുകയും ടിബറ്റൻ ബുദ്ധമതത്തെ പിന്തുടരുകയും ചെയ്യുന്നു. ധർമശാലയിൽ പോയപ്പോഴെല്ലാം ദലൈലാമയെ കാണാനും കേൾക്കാനും വരുന്ന ഒട്ടേറെ ചൈനക്കാരെ അദ്‌ഭുതത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.
 
ടിബറ്റിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്
ടിബറ്റിനെ തങ്ങളുടെ സ്വത്വത്തിലേക്ക് ലയിപ്പിക്കാം എന്ന് ചൈന കരുതുന്നുണ്ടാവാം. എന്നാൽ, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കാരണം, ടിബറ്റിന്റെ സംസ്കാരവും ചരിത്രവും അത്രമേൽ ശക്തമാണ്. ഉദാഹരണത്തിന് ടിബറ്റൻ ഭാഷ. അത് വെറുമൊരു ന്യൂനപക്ഷഭാഷയല്ല; വിശാലമായ സാഹിത്യമാണ്. വെറും ബുദ്ധമതപ്രമാണങ്ങൾമാത്രമല്ല അത് ഉൾക്കൊള്ളുന്നത്. മറിച്ച് ശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യം, കവിത, ചരിത്രം എന്നിവയെല്ലാം ഈ ഭാഷയിൽ ഉൾച്ചേർന്നിരിക്കുന്നു.
 
ടിബറ്റുകാരുടെ ഇന്ത്യയോടുള്ള സ്നേഹം ഏതുതരത്തിലാണ് താങ്കൾക്ക് അനുഭവപ്പെട്ടത്
ബുദ്ധമതത്തിന്റെ വേരുകൾ ഇന്ത്യയിലായതിനാൽ ടിബറ്റൻ ജനത ഇന്ത്യയെ ഏറെ സ്നേഹിക്കുന്നു; ബഹുമാനിക്കുന്നു. ഈ രാജ്യത്തിലേക്ക്, പ്രത്യേകിച്ച് ദലൈലാമയുടെ സന്നിധിയിലേക്ക് തീർഥയാത്ര നടത്താൻ അവർ അതിയായി ആഗ്രഹിക്കുന്നു, അതിനായി പ്രാർഥിക്കുന്നു. പക്ഷേ, പാസ്പോർട്ട് ലഭിക്കാത്തതിനാൽ മിക്കവർക്കും അതിന് സാധിക്കുന്നില്ല.
 
ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം എന്തായിരിക്കും ടിബറ്റിന്റെ അവസ്ഥ
തീർച്ചയായും 15-ാം ദലൈലാമയായി സ്വന്തം ആളെ നിർത്താൻ ചൈന ശ്രമിക്കും. ടിബറ്റൻ ജനതയോ ഇന്ത്യയിലെ ടിബറ്റൻ സർക്കാരോ അത് അംഗീകരിക്കില്ല. ഇത് പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും കാരണമായേക്കാം. ഇപ്പോഴത്തെ ദലൈലാമ സ്വന്തം ജനങ്ങൾക്കിടയിൽ അഹിംസ പ്രചരിപ്പിക്കുന്നതിൽ വലിയ വിജയമായിരുന്നു. എന്നാൽ, അദ്ദേഹത്തിനുശേഷം പ്രതിഷേധങ്ങൾ സമാധാനപരമാവും എന്നെനിക്ക്‌ പ്രതീക്ഷയില്ല. ഓർക്കുക, ആഹുതികളുടെ ആ തരംഗത്തിൽ നശിക്കുക തീർച്ചയായും പാവം ടിബറ്റൻ വംശജരായിരിക്കും.

Content Highlight: Interview with Barbara Demick