ഭാരം ചുമക്കുന്ന ഭായിമാര്‍ - അവസാന ഭാഗം

''തൊഴില്‍ തേടി വിദേശങ്ങളില്‍ പോകുന്ന മലയാളികളുടെ എണ്ണത്തിന് ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗള്‍ഫ് നാടുകളിലും മറ്റും ജോലിചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടുവിട്ട് കേരളത്തില്‍ എത്തുന്നവരുടെ സ്ഥിതിയും സമാനമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണം. വ്യത്യസ്ത നാടുകളില്‍ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌കാരമാണ് ചരിത്രപരമായി കേരളത്തിനുളളത്..''

2016 സെപ്തംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണിവ. ജിഷ വധത്തിന്റെ പശ്ചാത്തലത്തില്‍ കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ ഇതര സംസ്ഥാനക്കാര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവത്തെയും അതില്‍ എന്തു മാറ്റം വരണമെന്നതും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാണ്.

പ്രവാസികളുടെ വരുമാനം കൊണ്ട് പച്ചപിടിച്ച സമൂഹമാണെങ്കിലും കുടിയേറ്റ തൊഴിലാളികളെ രണ്ടാംതരക്കാരായാണ് നമ്മള്‍ പലപ്പോഴും കാണുന്നത്. നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍, ക്രിമിനല്‍ സ്വഭാവമുള്ളവര്‍, സാംസ്‌കാരിക പൈതൃകത്തെയും ഭാഷയെയും നശിപ്പിക്കുന്നവര്‍.. തുടങ്ങിയവയൊക്കെയാണ് ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവങ്ങള്‍. ഇത് കേരളത്തിലെ മാത്രമല്ല, ലോകത്തില്‍ കുടിയേറ്റമുള്ള എല്ലായിടത്തും കാണാവുന്ന പൊതുമനോഭാവമാണ്. പക്ഷേ, ഈ മനോഭാവത്തില്‍ എത്രമാത്രം ശരിയുണ്ട്?

Labours

ക്രിമിനല്‍ മനോഭാവമുള്ളവര്‍ എത്രമാത്രം

വലിയ തോതില്‍ ഒരു സമൂഹം മറ്റൊരിടത്തേയ്ക്ക് കുടിയേറുമ്പോള്‍ ചില സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുമെന്നത് ശരിതന്നെയാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് കാണുന്നു എന്നതാണ് സത്യം. പുറത്തുനിന്ന് വന്നൊരാള്‍ എന്തെങ്കിലും കുറ്റം ചെയ്താല്‍ അതിനെ നാം വലിയ ചര്‍ച്ചയാക്കുന്നു. യാതൊരു മടിയുമില്ലാതെ സാമാന്യവല്‍ക്കരണം നടത്തി ഒരു സമൂഹത്തെ തന്നെ തെറ്റുകാരാക്കി മുദ്രകുത്തുന്നു. അതേസമയം, നമുക്കിടയില്‍ നടക്കുന്ന വലിയ കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

Jacob Punnoosമുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നു- 'ഇതര സംസ്ഥാനക്കാര്‍ ഇവിടെ വലിയതോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു എന്ന വാദം ശരിയല്ല. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ശരാശരിയേക്കാള്‍ വളരെ കുറവാണ് അനുപാതം വെച്ചുനോക്കുമ്പോള്‍ അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍. കേരള ജനസംഖ്യയുടെ 10 ശതമാനമെങ്കിലും വരും ഇതര സംസ്ഥാനക്കാര്‍. കേരളത്തില്‍ വര്‍ഷത്തില്‍ മുന്നൂറിലേറെ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ ഇതില്‍ മുപ്പതെണ്ണമെങ്കിലും ഇതര സംസ്ഥാനക്കാരാകണം. എന്നാല്‍ അതിന്റെ പകുതി പോലും അവരുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് വസ്തുത. ഏതാനും കേസുകള്‍ പര്‍വതീകരിച്ച് കാണിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.'

രജിസ്‌ട്രേഷന്‍ ആവശ്യം

അതേസമയം തന്നെ ഇതര സംസ്ഥാനക്കാരെ മറയാക്കി മവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തെ ഒളിത്താവളമാക്കുന്ന അവസ്ഥയുണ്ട്. ജിഷ വധത്തില്‍ അമീറുള്‍ ഇസ്ലാമിനെ പോലീസ് തേടിച്ചെന്നപ്പോള്‍ അയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് അങ്ങനെ ഒരാളെ കണ്ടുപോലും പരിചയമില്ലായിരുന്നു. ഈ സാഹചര്യം വലിയ രീതിയില്‍ ഒഴിവാക്കാന്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ കൊണ്ട് സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവിടെയെത്തുന്നവര്‍ പോയി പോലീസിലോ മറ്റോ രജിസ്റ്റര്‍ ചെയ്യുക എന്നത് പ്രായോഗികമല്ല. മറിച്ച് തൊഴിലുടമ തനിക്ക് കീഴില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാരെ രജിസ്റ്റര്‍ ചെയ്യുകയും കെട്ടിട ഉടമകള്‍ കൃത്യമായ രേഖകളോടെ ആളുകളെ പാര്‍്പ്പിക്കുകയും ചെയ്താല്‍ ഈ പ്രശ്‌നത്തിന് വലിയൊരളവ് വരെ പരിഹാരമുണ്ടാകും. ഇത്തരത്തിലുള്ള രജിസ്‌ട്രേഷനായി 2013ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുമുണ്ട്. ഇതുമൂലം, സര്‍ക്കാരിന് ഇതര സംസ്ഥാനക്കാരുടെ ഏകദേശ കണക്ക് ലഭിക്കുമെന്ന് മാത്രമല്ല ഇവരിലേക്ക് ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ എത്തിക്കുന്നതിന് ഗുണകരമാവുകയും ചെയ്യും. ഇതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കര്‍മപരിപാടികള്‍ ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മനോഭാവത്തിലെ മാറ്റം

പണ്ടുകാലം മുതല്‍ക്കേ വിദേശത്തടക്കം കച്ചവട ബന്ധങ്ങളുള്ള നാടാണ് കേരളം. പോര്‍ച്ചുഗീസുകാരെ ഇന്ത്യയിലേക്ക് തന്നെ ആദ്യമായി സ്വീകരിച്ച നാട്. അറബികള്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കുമെല്ലാം നമ്മുടെ നാട് സ്വാഗതമരുളി. അവര്‍ ഇവിടെ മതപ്രചാരണം മുതല്‍ വിവാഹബന്ധങ്ങള്‍ വരെയുണ്ടാക്കി. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് ഇന്ന് നമ്മുടെ സംസ്‌കാരമെന്ന് നാം പറയുന്നത്. ഇപ്പോള്‍, ആഭ്യന്തര കുടിയേറ്റം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. അല്ലാതെ കാടടച്ച് വെടിവെക്കുകയല്ല. കാരണം, ഇന്നത്തെ അവസ്ഥയില്‍ അവര്‍ ഇവിടെ എത്തുന്നത് അവരേക്കാളേറെ നമ്മുടെ ആവശ്യമാണെന്നതു തന്നെ.

തുടക്കത്തില്‍ ഇതര സംസ്ഥാനക്കാരോട് നമുക്ക് പ്രശ്‌നമില്ലായിരുന്നെന്നും പില്‍ക്കാലത്താണ് ഇവരെ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടായതെന്നും 2013ല്‍ ഇതര സംസ്ഥാനക്കാരെ കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.പി.ജോസഫ് പറയുന്നു. 'നമ്മുടെ സമൂഹം ആരംഭത്തില്‍ ഇതര സംസ്ഥാനക്കാരോട് വിവേചനപരമായി പെരുമാറിയിരുന്നില്ല. കാരണം, തുടക്കത്തില്‍ ഇവര്‍ നമുക്കാവശ്യമാണെന്ന് തോന്നല്‍ നമുക്കുണ്ടായിരുന്നു. നാട്ടില്‍ തൊഴിലാളികളെ കിട്ടാനില്ല, കൂലി കൂടുതലാണ്, നന്നായി പണിയെടുക്കില്ല തുടങ്ങിയ പ്രശ്ങ്ങള്‍ ഇവര്‍ക്കില്ല. മാത്രമല്ല നമ്മള്‍ ചെയ്യാത്ത പല ജോലികളും ഇവര്‍ ചെയ്യുകയും ചെയ്യും. മാത്രമല്ല അവരുടെ സംഖ്യ കുറവായതിനാല്‍ അവരുടെ ഭാഗത്തുനിന്നും വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ, കാലക്രമേണ ഇവരുടെ എണ്ണം വര്‍ധിക്കുകയും ചില പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തപ്പോള്‍ ഈ മനോഭാവം മാറാന്‍ തുടങ്ങി. പക്ഷേ, അത് ഉചിതമല്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവരുടെ പേരിലുള്ള പ്രശ്‌നങ്ങളേക്കാള്‍ വളരെയേറെ ഗുണങ്ങളാണ് നമുക്കുള്ളത്.'

കേരള ശാന്തി ഹെ!

കേരളത്തില്‍ എത്തിയിട്ടുള്ള നൂറ് ഇതര സംസ്ഥാനക്കാരോട് ചോദിച്ചാല്‍ 99 പേരും കേരളത്തെ കുറിച്ച് നല്ലതേ പറയൂ. പലവിധത്തിലുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വന്നവര്‍ പോലും തങ്ങളുടെ നാടുകളെ അപേക്ഷിച്ച് കേരളം എത്ര മെച്ചമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 'കേരള ശാന്തി ഹെ!' എന്നാണവര്‍ പറയുക. ''കേരളത്തിലുള്ളവര്‍ നല്ലവരാണ്. കൊല്‍ക്കത്തയില്‍ വളരെ പ്രശ്‌നങ്ങളുണ്ട്. അവിടെ കൊലപാതകമൊക്കെ നിത്യസംഭവമാണ്. എന്നാല്‍ ഇവിടെ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. റോഡും ബസുമെല്ലാം നല്ലതാണ്'' -കൊല്‍ക്കത്തയില്‍ നിന്നെത്തി ഏഴു വര്‍ഷമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അര്‍ജുന്‍ സര്‍ക്കാറിന്റെ വാക്കുകളില്‍ കുടിയേറ്റക്കാരുടെ മൊത്തം സ്വരമുണ്ട്. ജോലിയും പണവുമൊക്കെ ഇവിടെ അധികം ലഭിക്കുന്നു. ഗ്രാമങ്ങളിലുള്ള ബന്ധുക്കള്‍ സുഖമായി ജീവിക്കുന്നു. തങ്ങള്‍ക്ക് വേണ്ടതും അതിലേറെയും ഇവിടെനിന്ന് ലഭിക്കുന്നെന്ന് മറുനാടന്‍ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഇതോടൊപ്പം ഇവരുടെ തൊഴിലിനെ കുറിച്ചും പൊതുവെ മതിപ്പാണുള്ളത്. ''ഒരു മലയാളി ചെയ്യുന്നതിന്റെ ഇരട്ടി പണിയെങ്കിലും ഒരു ഭായി ദിവസം ചെയ്യും. മലയാളി ഒരു കല്ല് ചുമക്കുമ്പോള്‍ ഹിന്ദിക്കാരന്‍ മൂന്നെണ്ണമെടുക്കും. ഇടയ്ക്കുള്ള വിശ്രമസമയവും കുറവാണ്. മലയാളിക്ക് നല്‍കുന്നതിന്റെ 10-20 ശതമാനം കൂലി കുറവുമാണ് ഇവര്‍ക്ക്. ഇനി മലയാളികളെ വേണമെന്ന് വെച്ചാല്‍ തന്നെ അവരെ കിട്ടാനുമില്ല'' -കോട്ടയത്തെ കോണ്‍ട്രാക്ടറായ ലിജേഷ് പറയുന്നു. ഹോട്ടലുകളിലെ മറ്റും പണികള്‍ക്കും ഇവരെക്കൊണ്ട് ഗുണമാണെന്ന് ഉടമകള്‍ പറയുന്നു. ''നല്ലൊരു ഭായിയെ കിട്ടിയാല്‍ അതാണ് ഏറ്റവും നല്ലത്. നന്നായി ജോലിയെടുക്കും. കുറച്ച് സമയം അധികം നില്‍ക്കേണ്ടിവന്നാലും അവര്‍ക്ക് കുഴപ്പമില്ല. കുഴപ്പക്കാരുണ്ടാകാം. അത് ഏതാളുകള്‍ക്കിടയിലും കാണില്ലേ'' -ആലുവയിലെ ബേക്കറി ഉടമ ചോദിക്കുന്നു.

സമ്പത്ത് ചോര്‍ത്തുന്നവരോ ഭായിമാര്‍

കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ഏറ്റവും വലിയ പരാതിയാണ് അവര്‍ സമ്പത്ത് ചോര്‍ത്തുന്നു എന്നുള്ളത്. ഇവിടെവന്ന തൊഴിലെടുക്കുന്നവര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയാണോ. ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. മാര്‍ട്ടിന്‍ പാട്രിക്കിന്റെ വിശദീകരണം ഇങ്ങനെ -''തൊഴിലാളികളുടെ ക്ഷാമം കേരളത്തില്‍ പതിറ്റാണ്ടുകളായി നിലിനില്‍ക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ എണ്‍പതുകള്‍ മുതല്‍ തന്നെ തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിച്ചു. വ്യവസായ-നിര്‍മാണ-സേവന മേഖലകളില്‍ നമുക്ക് അവിദഗ്ധ തൊഴിലാളികളുടെ കുറവ് കാര്യമായുണ്ടായി. നമ്മുടെ നാട്ടില്‍ നിന്ന് ഈ മേഖലകളിലുള്ള അണ്‍സ്‌കില്‍ഡ് ലേബേര്‍സ് ഗള്‍ഫ് നാടുകളിലേക്ക് കുടിയേറിയതായിരുന്നു ഇതിന്റെ പ്രധാന കാരണം. നമ്മുടെ വിദ്യഭ്യാസ രീതിയും ഇതിനു കാരണമായി. എല്ലാവരും. പഠിച്ച് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമൊക്കെ ആയപ്പോള്‍ അവര്‍ അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ തയാറാകാതായി. കൃത്യമായ ഈ വിടവിലേക്കാണ് മറുനാടന്‍ തൊഴിലാളികള്‍ എത്തുന്നത്. അതിനാല്‍ അവര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമാണ്. അവര്‍ ഇല്ലെങ്കില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ നിര്‍ജീവമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇവര്‍ ഇല്ലാതായാല്‍ നമ്മുടെ ആഭ്യന്തര ഉത്പാദനത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് എന്റെ കാഴ്ചപ്പാട്. മറുനാടന്‍ തൊഴിലാളികള്‍ പോയാല്‍ നമുക്ക് ഇവിടത്തെ തൊഴിലാളികളെ വെച്ച് ആ വിടവ് നികത്താനാവില്ല.

നമ്മുടെ മനുഷ്യവിഭവ ശേഷിയെ ശരിയായ രീതിയില്‍ ട്യൂണ്‍ ചെയ്തു കഴിഞ്ഞാല്‍ ഈ പ്രശ്‌നത്തെ മറികടന്നുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. കാരണം നമുക്ക് തൊഴിലില്ലായ്മ ഉണ്ട്. ധാരാളം പേര്‍ തൊഴിലില്ലാതെ ഇരിക്കുന്നുണ്ട്. പക്ഷേ നമുക്ക് മനോഭാവത്തിന്റെ പ്രശ്‌നമുണ്ട്. പുറത്തുപോയി എന്തും ചെയ്യാന്‍ തയാറാകുന്നവര്‍ സംസ്ഥാനത്തിനകത്ത് അതൊന്നും ചെയ്യാന്‍ തയാറാവുന്നില്ല. കാര്യമായ പ്രചാരണ പരിപാടികളും മറ്റും നടത്തിയാല്‍ അത്തരത്തിലുള്ള മനോഭാവം ഒരു പരിധിവരെ മാറ്റി ഇതിന് ചെറിയതോതില്‍ പരിഹാരം കാണാം. പക്ഷേ അതിനായി പല തലങ്ങളിലുള്ള പ്രചാരണ പരിപാടികള്‍ ആവശ്യമാണ്. എന്നാല്‍ പോലും അത് പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരമാവില്ല. കാരണം, ഏറ്റവും പുതിയ പഠനം അനുസരിച്ച് 35 ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. അതായത് കേരളത്തിന് പുറത്തുള്ള മലയാളികളുടെ എണ്ണത്തിന് തുല്യം. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ ആ ഗ്യാപ്പ് കൃത്യമായി ഫില്‍ ചെയ്യുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇവരെ ഒഴിവാക്കിക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാനാവില്ല.

ഇതര സംസ്ഥാനക്കാര്‍ നമ്മുടെ സമ്പത്ത് ചോര്‍ത്തുന്നു എന്നൊക്കെ പറയുന്നത് ലളിതമായ സാമ്പത്തിക ശാസ്ത്ര യുക്തിക്ക് പോലും നിരക്കുന്നതല്ല. പുറത്തുനിന്ന് ഇങ്ങോട്ട് വരുന്നതിനേക്കാള്‍ വളരെ കുറവാണ് ഇവര്‍ വഴി പുറത്തേക്ക് പോകുന്നത്. മാത്രമല്ല ഇവിടെ ജീവിക്കാനായി അവര്‍ക്ക് കിട്ടുന്നതില്‍ തരക്കേടില്ലാത്ത തുക ഇവിടെ ചെലവഴിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിന്റെ മെച്ചം നമുക്ക് ലഭിക്കുന്നുണ്ട്. അവര്‍ പുറത്തുപോകുമ്പോള്‍ പല സ്ഥാപനങ്ങളും പൂട്ടിപ്പോകുന്നതും ഇതുകൊണ്ടാണ്. ഇങ്ങനെ പലതരത്തിലുള്ള ഗുണങ്ങളും നമുക്കിവരെ കൊണ്ടുണ്ട്. സാങ്കേതികമായി ഇതിനെ മള്‍ട്ടിപ്ലയര്‍ എഫക്ട് എന്നാണ് പറയുന്നത്. പുറത്തുനിന്നുള്ള ആളുകള്‍ ഉള്ളതുകൊണ്ട് ഉത്പാദനത്തിലെ വര്‍ധനവുണ്ടാകുന്നു ഉപഭോഗത്തില്‍ വര്‍ധനവുണ്ടാകുന്നു അതുവഴി ഇവ രണ്ടും പലമടങ്ങ് വീണ്ടും വര്‍ധിക്കുന്നു.''

അതേസമയം, ഇതരസംസ്ഥാനക്കാരുടെ വരവ് മൂലം ചില സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ''ഇതെല്ലാം സ്വര്‍ഗമാണെന്നല്ല പറയുന്നത്. ഇവരുടെ വരവോടുകൂടി ചില പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചിട്ടുണ്ട്. ലഹരിയുടെ ഉപയോഗവും മറ്റും കൂടിയിട്ടുണ്ട്. പക്ഷേ ഇവരില്ലാതെയും മദ്യോപഭോഗത്തില്‍ നമ്മള്‍ മുന്നില്‍ തന്നെയാണ്. ഇവര്‍ ഒരു സ്ഥലത്ത് കൂടിത്താമസിക്കുമ്പോള്‍ പ്രദേശവാസികളുമായും മറ്റുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഇതെല്ലാമുണ്ട്. പക്ഷേ, എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴേക്കും ഇവരെ കേരള സമൂഹത്തില്‍ നിന്ന് അപ്പാടെ പിഴുതുകളയുക എന്ന വാദമുന്നയിക്കുന്നത് ശരിയല്ല. പ്രശ്‌നത്തെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുകയാണ് വേണ്ടത്.''

സമൂഹത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവര്‍

നമ്മുടെ സമൂഹത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണ് മറുനാടന്‍ തൊഴിലാളികളെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് പോളിസി ചെയര്‍മാന്‍ ഡോ. ധനുരാജ് പറയുന്നു. അസംഘടിതരാണെന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം അതാദ്യം മാറണം. ഇവര്‍ക്കിടയില്‍ ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനം വളര്‍ത്തണം. സര്‍ക്കാര്‍ തലത്തില്‍ ഇതര സംസ്ഥാനക്കാരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള ഇടപെടലുണ്ടാകണം. അത്തരത്തിലുള്ള പോളിസികള്‍ ആവിഷ്‌കരിക്കണം. നടപ്പിലാക്കാന്‍ സംഘടനകളെയും മറ്റും ഉപയോഗിക്കാം. ഇപ്പോള്‍ തന്നെ അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതികള്‍ മാതൃകാപരമാണ്. ഇവരുടെ പേരില്‍ എപ്പോഴും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. അല്ലാതെ അവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന കാര്യങ്ങളിലേക്കും മാധ്യമങ്ങളും പൊതുസമൂഹവും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ക്രിമിനലുകള്‍ എന്നതിലുപരി ഇവര്‍ നമുക്ക് എത്രത്തോളം ആവശ്യമാണ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നമുക്കാവശ്യമാണ്. അവരെ കുറിച്ച കൂടുതല്‍ അറിയാതെ പൊതുബോധത്തില്‍ ഒരു മാറ്റമുണ്ടാകില്ല -ഡോ. ധനുരാജ് പറയുന്നു.

വേണ്ടത് സമഗ്ര കര്‍മ പരിപാടി

ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് 'ആവാസ്' പോലുള്ള പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലാക്കാനാവുന്നില്ല എന്നതാണ് വാസ്തവം. അതിനായി പ്രത്യേകം സ്റ്റാഫിനെ നിയമിക്കുകയും തൊഴില്‍ വകുപ്പ് ശക്തിപ്പെടുത്തുകയും വേണം. 2013ലെ റിപ്പോര്‍ട്ടിലെ പ്രകാരം സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ഹോസ്റ്റലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ഇവര്‍ തിങ്ങിപ്പാര്‍ക്കുന്നത് ഒഴിവാക്കാനും സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാനും ഉപകരിക്കും. മാത്രമല്ല കൃത്യമായ കണക്കുകള്‍ ശേഖരിക്കാനും രജിസ്‌ട്രേഷനായി തൊഴിലാളികള്‍ തന്നെ മുന്നോട്ടുവരാനുമുള്ള സാഹചര്യമൊരുക്കും.

ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും വലിയ ക്ലാസുകളില്‍ ചേരുന്നവര്‍ക്ക് ഭാഷ പ്രശ്‌നമാകുന്നുണ്ട്. ഇതിനായി ഏത് ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്കും മലയാളം പഠിക്കുന്നതിനും മറ്റുമായി ഒരു ബ്രിഡ്ജ് ക്ലാസ് ഒരുക്കിയാല്‍ പഠനത്തിനൊപ്പം നമ്മോട് ചേര്‍ന്നുനില്‍ക്കാനും അവര്‍ക്കത് ഉപകാരപ്പെടും. 

ആരോഗ്യമേഖലയിലാണ് മറുനാടന്‍ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. ജോലിക്ക് പോകുന്നവര്‍ക്കും പോകാനാകും വിധം സര്‍ക്കാര്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ട സമയം കഴിഞ്ഞിട്ട് കാലമേറെയായി. അതുപോലെ രോഗങ്ങള്‍ പടരുന്നത് തടയാനും മറ്റും ഇവര്‍ക്കിടയില്‍ കാര്യമായ ബോധവല്‍ക്കരണം നടത്തേണ്ടതും ആവശ്യമാണ്. 

ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ട ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ഇവരെ സമൂഹത്തിന്റെ ഒരു ഭാഗമായിക്കണ്ട് മുന്നോട്ടുകൊണ്ടുപോകാവുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് ചെയ്യാനാകും. എന്നാല്‍, ആത്യന്തികമായി മാറേണ്ടത് സമൂഹത്തിന്റെ ഭായിമാരോടുള്ള മനോഭാവമാണെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

അവസാനിച്ചു   

ചോദിക്കാനും പറയാനുമില്ലാത്തവര്‍:  ചൂഷണങ്ങള്‍ അനവധി-രണ്ടാം ഭാഗം

ഭാരം ചുമക്കും ഭായിമാര്‍-ഭാഗം ഒന്ന്