കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയെ തുടർന്ന് ഐ.ടി. മേഖല കുടുത്ത ആശങ്കയിലാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഇൻഫോസിസ് മുൻ ഡയറക്ടറും മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ ചെയർമാനുമായ ടി.വി. മോഹൻദാസ് പൈ. ഐ.ടി. മേഖലയിൽ ഒരുവിധ പ്രതിസന്ധിയുമില്ല. കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശരിയല്ല. പ്രവർത്തന വിലയിരുത്തലിനെ തുടർന്ന് ഓരോവർഷവും നാലു ശതമാനം ജീവനക്കാർ പുറത്തുപോകാറുണ്ട്. ഇവർ മറ്റു കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാറാണ് പതിവ്.  ഊതിവീർപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നത്.

ഐ.ടി. മേഖലയിൽ 45 ലക്ഷത്തോളം പേർ നേരിട്ട് ജോലിചെയ്യുന്നു. പരോക്ഷമായി ജോലി ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയോളം വരും. ഈ വർഷം ഐ.ടി. മേഖലയുടെ വളർച്ച 7.8 ശതമാനമാണ്. അതേസമയം, ഈ മേഖലയിൽ മോശം പ്രവണതകൾ കണ്ടുവരുന്നുണ്ടെന്നും മോഹൻ ദാസ് പൈ പറയുന്നു. കാലത്തിനൊത്ത് നവീന ആശയങ്ങളും സാങ്കേതികതയും ഐ.ടി. മേഖല ഉൾക്കൊള്ളണം. ഇതനുസരിച്ച് ജീവനക്കാരും മാറണം. ഓട്ടോമേഷൻ നടപ്പാക്കുന്നത് തൊഴിൽ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.  

തുടക്കക്കാർക്ക് ശന്പളം കുറവാണെന്ന് ആരോപണമുണ്ട്. ശമ്പളം നിശ്ചയിക്കുന്നതിൽ സീനിയർ, ജൂനിയർതലത്തിൽ വലിയ അന്തരമുണ്ടോ?

ഐ.ടി. രംഗത്തെ പ്രധാന പ്രതിസന്ധിയിതാണെന്ന് പറയാം. തുടക്കക്കാർക്ക് കുറഞ്ഞ ശന്പളം നൽകാൻ വൻകിട കമ്പനികൾ തമ്മിൽ ധാരണയുണ്ടാക്കിയിരിക്കുകയാണ്. ഇത് ശരിയായ രീതിയില്ല. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ജൂനിയർ തലത്തിലുള്ള തുടക്കക്കാരുടെ ശമ്പളത്തിൽ വർധനയുണ്ടായിട്ടില്ലെന്ന് മാത്രമല്ല 50 ശതമാനത്തോളം കുറവുണ്ടായി. എന്നാൽ, സീനിയർ തലത്തിൽ ശമ്പളം 200 ശതമാനം വർധിച്ചു. ഇതിനായി വൻകിട ഐ.ടി. കമ്പനികൾ രഹസ്യധാരണയുണ്ടാക്കിയതായാണ് കരുതുന്നത്.  ജീവിതച്ചെലവ് വർധിച്ചുവരികയാണ്. ഇതിനനുസരിച്ച് ശമ്പളവും വർധിക്കണം. മെച്ചപ്പെട്ട ജീവിതനിലവാരം നൽകിയില്ലെങ്കിൽ ജീവനക്കാരുടെ പ്രവർത്തന ക്ഷമത കുറയും. ഇത് തിരിച്ചറിയാൻകമ്പനികൾ തയ്യാറാകണം. ഇക്കാര്യം ഇൻഫോസിസ് സ്ഥാപക അംഗം എൻ.ആർ. നാരായണ മൂർത്തിയും വ്യക്തമാക്കിയതാണ്. ടി.സി.എസ്., ഇൻഫോസിസ് പോലുള്ള കമ്പനികൾ തുടക്കക്കാർക്ക് മെച്ചപ്പെട്ട അനുകൂല്യവും ശമ്പളവും നൽകുന്നതിന് മുന്നിട്ടിറങ്ങണം.

ശന്പളം കുറയുന്നത് ജീവനക്കാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കില്ലേ? പ്രത്യേകിച്ചും വൈദഗ്‌ധ്യമുള്ളവരെ?

ഒരിക്കലുമില്ല. ഒാരോ വർഷവും എട്ടുലക്ഷം എൻജീനിയറിങ് വിദ്യാർഥികളാണ് കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ഇതിൽ രണ്ടുലക്ഷത്തോളം പേർ ഏറെ മികവ് പുലർത്തുന്നവരാണ്. ഇവരിൽ നല്ലൊരു ശതമാനവും എത്തിപ്പെടുന്നതും ഐ.ടി. രംഗത്താണ്. ശന്പളം കുറയുന്നത് കൂടുതൽ കഴിവുള്ളവരെ മറ്റുമേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ, പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതുന്നില്ല. തുടക്കക്കാർക്ക് പരിശീലനം നൽകി കമ്പനിയുടെ ലക്ഷ്യത്തിനൊത്ത് വളർത്തിയെടുക്കാറാണ് പതിവ്. എന്നാൽ, ഇന്ന് ഈ രീതിക്ക്‌ മാറ്റം വന്നിരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നത് വെറുതെയാണെന്നാണ് ഐ. ടി. കമ്പനികളുടെ നിലപാട്. പരിശീലനം നേടിയവരെ റിക്രൂട്ട് ചെയ്യുന്ന നിലപാടിലേക്ക് കമ്പനികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ല പ്രവണതയാണെന്ന് കരുതുന്നില്ല.

ട്രേഡ്‌യൂണിയൻ ഐ.ടി. മേഖലയെ ബാധിക്കുമോ?

തീർച്ചയായും. തൊഴിലാളി യൂണിയൻ നിലവിൽവരുന്നത് ഐ.ടി. മേഖലയെ തകർക്കും. ഇതിലൂടെ തൊഴിൽ അന്തരീക്ഷം മോശമാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്.  തൊഴിലാളി യൂണിയനുകളുടെ അതിപ്രസരം നിക്ഷേപസാധ്യത ഇല്ലാതാക്കും. ബെംഗളൂരുവിൽ 15 ലക്ഷത്തോളം പേർ ഐ. ടി. രംഗത്ത് ജോലിചെയ്യുന്നു. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമാണ് ഇവർക്ക് ലഭിക്കുന്നത്. തൊഴിലാളി യൂണിയനുകൾ അവസ്ഥമെച്ചപ്പെടുത്തുന്നതിനുപകരം മോശമാക്കുകയാണ് ചെയ്യുക.  ഐ.ടി. മേഖലയിൽ തൊഴിലാളി യൂണിയനുകൾക്ക് അംഗീകാരം നൽകില്ലെന്ന് കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സർക്കാറുകൾ ഉറപ്പുനൽകിയതാണ്. ബെംഗളൂരുവിൽ യൂണിയന് അംഗീകാരം നൽകിയ നടപടി സർക്കാർ പുനഃപരിശോധിക്കണം. ഐ. ടി. രംഗത്തെ നിക്ഷേപത്തെ ഭാവിയിൽ ഇത് ബാധിക്കും.