തുടരുന്ന ശിശുമരണങ്ങൾ, മുലപ്പാൽ വറ്റിയ അമ്മമാർ, അപകടകരമായ അളവിൽ രക്തക്കുറവുള്ള കൗമാരക്കാരികൾ.. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതങ്ങൾ തുടർക്കഥയാവുകയാണ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടുകുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്. ആദിവാസികൾക്കായി പ്രഖ്യാപിക്കപ്പെട്ട സർക്കാർ പദ്ധതികൾ നിരവധിയാണെങ്കിലും പോഷകസമ്പുഷ്ടമായ ആഹാരവും ശുദ്ധമായ കുടിവെള്ളവും ശൗചാലയങ്ങളും ഊരുവാസികൾക്ക് ഇന്നും അന്യമാണ്. വികസനത്തിന്റെ പുതിയ സാധ്യതകൾ തേടി പൊതുസമൂഹം യാത്ര തുടരുമ്പോൾ വേരറ്റ്, വംശമറ്റ്, നിസ്സഹായരായി ഒടുങ്ങുകയാണ് മലമടക്കുകളിൽ ഒരുകൂട്ടം മനുഷ്യർ

tribel child‘‘നാളെ മോളുടെ പതിനാറാണ് അമ്മാ... നല്ല പുള്ള ആയിരുന്നു, മഹാലക്ഷ്മി പോലെ ഇരുന്തത്... ഈ കൈകളിലേക്കാ അമ്മാ അവ പൊറന്തു വീണത്.’’ തന്റെ കൈകൾ നീട്ടി നിറകണ്ണുകളോടെ രാജമ്മ പറഞ്ഞു. അട്ടപ്പാടി ഷോളയൂർ ഊരിലെ പഴനിസ്വാമിയുടെ ഭാര്യയാണ് രാജമ്മ. ഇവരുടെ മൂത്തമകൾ രാജേശ്വരിയുടെ ഏഴുമാസം പ്രായമായ കുഞ്ഞാണ് (പ്രയാഗ)സപ്തംബർ 30-ന് തൃശ്ശൂർ മെഡിക്കൽകോളേജിൽ മരിച്ചത്. മരണവിവരങ്ങൾ തിരക്കാനായി രാജേശ്വരിയുടെ വീട്ടിലെത്തുമ്പോൾ കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു ആ കുടുംബം. 

കേരളത്തിലെ ഏറ്റവും വലിയ ട്രൈബൽ പോക്കറ്റ് എന്നു വിശേഷിപ്പിക്കുന്ന അട്ടപ്പാടിയിൽ നിന്ന്‌ ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങളിൽ ഒന്നായിരുന്നു പ്രയാഗയുടേത്. അതിന് തൊട്ടുമുമ്പാണ് ഷോളയൂരിൽ തന്നെയുള്ള സ്വർണപിരിവ് ഊരിലെ രംഗൻ-ഭഗവതി ദമ്പതിമാരുടെ മകൻ മണികണ്ഠന്റെ(13) മരണവാർത്ത പുറംലോകമറിഞ്ഞത്. പോഷകാഹാരക്കുറവ് മൂലമാണ് മണികണ്ഠൻ മരിച്ചതെന്നും അല്ലെന്നും വാദങ്ങളുയർന്നു.

മണികണ്ഠന് പിറകെ ഷോളയൂർ തെക്കേ ചാവടിയൂരിലെ മണികണ്ഠന്റെയും മാരിയുടെയും പത്തുദിവസം പ്രായമുള്ള ആൺകുഞ്ഞും കൊട്ടിയൂർക്കുന്ന് ഊരിലെ ബിജുവിന്റെയും സുനിതയുടെയും മകൻ ശക്തിയും(10 മാസം) മരണപ്പെട്ടു. അഞ്ചുദിവസങ്ങളുടെ വ്യത്യാസത്തിൽ റിപ്പോർട്ടുചെയ്യപ്പെട്ട രണ്ടുമരണങ്ങൾ. അട്ടപ്പാടിയിലെ ആദിവാസി ജീവിതങ്ങൾ വീണ്ടും വാർത്തകളായി.

Attappady

ആദിവാസിമേഖലയിലെ വികസനമാതൃകയെന്ന് ദേശീയതലത്തിൽ പോലും ചർച്ചചെയ്യപ്പെട്ട അട്ടപ്പാടിയുടെ നേർക്കുയർന്ന ചോദ്യചിഹ്നങ്ങളായിരുന്നു ഈ രണ്ടുമരണങ്ങളും. 2013-ലാണ് ഇവിടത്തെ ആദിവാസി ശിശുമരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ മറനീക്കി പുറത്തുവരുന്നതും മാധ്യമ തലക്കെട്ടുകളാകുന്നതും. ദേശീയശ്രദ്ധാ കേന്ദ്രമായി അട്ടപ്പാടി മാറിയതോടെ പശ്ചിമഘട്ടവനാന്തരങ്ങളിലെ ആദിമ മനുഷ്യരെത്തേടി മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഒന്നിനുപിറകെ ഒന്നായി ചുരംകയറി.

ആദിവാസിക്ഷേമത്തിനായി പദ്ധതികളും പാക്കേജുകളും കോടിക്കണക്കിന് രൂപയുടെ ഫണ്ടുകളും പ്രഖ്യാപിക്കപ്പെട്ടു. തൊട്ടുപിറകെ ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും അഴിമതികളുടെയും കഥകൾ പുറത്തുവന്നു. ഏറ്റവും ഒടുവിൽ അട്ടപ്പാടി പോഷകാഹാരക്കുറവ് എന്ന അവസ്ഥയിൽ നിന്ന്‌ ഏറെക്കുറെ മുക്തമായെന്നും വിരലിൽ എണ്ണാവുന്ന ശിശുമരണങ്ങൾ മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂവെന്നും അവയിലൊന്നു പോലും പോഷകാഹാരക്കുറവ് മൂലമല്ലെന്നും ചൂണ്ടിക്കാട്ടി വകുപ്പുമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. 

Prayaga
പ്രയാഗയുടെ കുടുംബം

ശരിയാണ്, ഷോളയൂർ ഊരിലെ ആറുമുഖൻ-രാജേശ്വരി ദമ്പതിമാരുടെ മകൾ പ്രയാഗ മരിച്ചത് പോഷകാഹാരക്കുറവ് മൂലമായിരുന്നില്ല. ജന്മനാ ഹൃദയ വാൽവിനുണ്ടായിരുന്ന തകരാറ് മൂലമായിരുന്നു. പക്ഷേ, പ്രയാഗയുടെ മരണം ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. 

ജനിച്ച് മൂന്നുമാസങ്ങൾക്കുശേഷമാണ് കുഞ്ഞ് ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. കുടിക്കുന്ന മുലപ്പാൽ വരെ മൂക്കിലൂടെ ഒഴുകുകയും ശ്വാസംകിട്ടാതെ കുഞ്ഞ് പിടഞ്ഞുകരയുന്നതും പതിവായതോടെ കുഞ്ഞുമായി രാജേശ്വരിയും കുടുംബവും ആസ്പത്രികളിൽ കയറിയിറങ്ങി. കുഞ്ഞിന് കഫക്കെട്ടാണെന്നും പതിയെ മാറിക്കോളുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. ഗർഭകാലത്ത് നടത്തുന്ന സ്കാനിങ്ങിലൂടെ തിരിച്ചറിയേണ്ടിയിരുന്ന ഹൃദയ വൈകല്യം കണ്ടെത്തിയത് കുഞ്ഞ് മരിക്കുന്നതിന്റെ തലേന്നുമാത്രം. അതുവരെ നൽകിയത് കഫക്കെട്ടിനുള്ള ചികിത്സയും. രോഗനിർണയത്തിനെടുത്ത കാലതാമസമാണ് ഒരുപക്ഷേ, ശസ്ത്രക്രിയയിലൂടെ രക്ഷപ്പെട്ടേക്കാമായിരുന്ന പ്രയാഗയുടെ ജീവൻ അപഹരിച്ചത്. 

പൂർണഗർഭിണി ആയിരിക്കുമ്പോൾ വെറും 29 കിലോ ഭാരമാണ് രാജേശ്വരിക്കുണ്ടായിരുന്നത്. ഗർഭാവസ്ഥയിൽ മൂന്നുതവണയെങ്കിലും നിർബന്ധമായും സ്കാനിങ്‌ നടത്തണമെന്ന് ഡോക്ടർമാർ നിഷ്കർഷിക്കുമ്പോൾ രാജേശ്വരി സ്കാനിങ്‌ നടത്തിയത് ഒറ്റത്തവണ. അതും കുഞ്ഞിന് പൂർണവളർച്ചയെത്തിക്കഴിഞ്ഞ അവസാന ആഴ്ചകളിലൊന്നിൽ.

ഷോളയൂരിൽ നിന്ന്‌ പതിനാറ് കിലോമീറ്റർ ദൂരെയുള്ള, ശൗചാലയം പോലുമില്ലാത്ത കാടിനു നടുവിലെ ഇരുമുറി വീടിനുള്ളിൽ വെച്ചായിരുന്നു രാജേശ്വരിയുടെ പ്രസവം.അമ്മയും അമ്മൂമ്മയും ചേർന്നായിരുന്നു പ്രസവമെടുത്തത്. വിവരമറിഞ്ഞ് ഒരുമണിക്കൂറിനുള്ളിൽ രാജേശ്വരിയുടെ വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്കുമാറ്റി പ്രഥമശുശ്രൂഷകൾക്കുശേഷം വിട്ടയച്ചു. രാജേശ്വരിക്ക് അപകടകരമായ രീതിയിൽ രക്തക്കുറവുണ്ടെന്ന് അവർ കണ്ടെത്തിയതും ആസ്പത്രിയിൽ കിടത്തി മൂന്നു കുപ്പി രക്തം കയറ്റിയതും കുഞ്ഞ് മരണപ്പെട്ടതിനുശേഷം മാത്രം.

Attappady
മണികണ്ഠന്റെ അമ്മയും സഹോദരങ്ങളും

ഇനി മണികണ്ഠന്റെ കാര്യമെടുക്കാം. വയ്യാതായ മണികണ്ഠനെയും കൂട്ടി പിതാവ് രംഗൻ കോട്ടത്തറ ട്രൈബൽ ആസ്പത്രിയിലെത്തുന്നത് സെപ്തംബർ ആറിനാണ്. ആസ്പത്രിയിൽ െവച്ച് നടന്ന പരിശോധനയിൽ കുഞ്ഞിന്റെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 2.7 മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. 
ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നു മണികണ്ഠന്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ രക്തം കയറ്റുന്നത് അപകടമായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള പാലക്കാട് ജില്ലാ ആസ്പത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആസ്പത്രിയിലെത്തി ഒരു പോയന്റ് രക്തം കയറ്റിത്തീരുമ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടു.

ഈ രണ്ടുകേസുകളിലും പൊതുവായ ഒരു സംഗതിയുണ്ട്. അപകടകരമായ അളവിലുള്ള രക്തക്കുറവ്. അട്ടപ്പാടിയിലെ 302 വിദ്യാർഥികൾ വിളർച്ചബാധിതരാണെന്ന് കണ്ടെത്തിയത് കഴിഞ്ഞമാസം നടത്തിയ പരിശോധനയിലാണ്. വിളർച്ചയ്ക്കുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് പോഷകാഹാരക്കുറവ് തന്നെയാണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലെ ഊരുകൾ പോഷകാഹാരക്കുറവെന്ന പ്രശ്നത്തിൽ നിന്ന്‌ മുക്തി നേടിയതായി പ്രഖ്യാപിക്കുന്നത്. ഇതിന് എന്തുമറുപടിയാണ് വകുപ്പിന് നൽകാനുള്ളത്? 
                                                                                                                                                          

                                                                                                                                                 (തുടരും)