നെഹ്റുവിന്റെ മകള്‍ എന്നതിലപ്പുറം വളര്‍ന്ന രാഷ്ട്രീയവ്യക്തിത്വം. അച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി. അധികാര കേന്ദ്രീകരണവും കാര്‍ക്കശ്യവും മുഖമുദ്ര. സ്വദേശത്തും വിദേശത്തുമടക്കം ഉന്നത വിദ്യാഭ്യാസം. തീന്‍മൂര്‍ത്തീ ഭവനെന്ന വീട്ടില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി മുന്നേ നടന്നവര്‍ അച്ഛന്‍ നെഹ്റുവും മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റുവും. 
അര നൂറ്റാണ്ട് മുന്‍പ് സ്വതന്ത്രഭാരതത്തെ നയിക്കാന്‍ പ്രധാനമന്ത്രിയായി കടന്നു വന്നത് ലോകം ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിക്ക് പക്ഷേ ധാര്‍ഷ്ട്യമായിരുന്നു മുഖമുദ്ര.  അടിയന്തരാവസ്ഥയുടെ കറുത്ത പാടുണ്ടെങ്കിലും ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളാണ് ഇന്ദിരാ പ്രിയദര്‍ശിനിയെന്ന ഇന്ദിരാഗാന്ധി.

1938 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലംഗത്വം. 1942ല്‍ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു. അതേ വര്‍ഷം ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ദിരയും ഫിറോസ് ഗാന്ധിയും ഒരു വര്‍ഷത്തോളം കാരാഗൃഹത്തിലായി. 1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധി 1964ലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. രാജ്യത്ത് സാധാരണക്കാരന്റെ മാധ്യമമായി റേഡിയോ കടന്നുവന്നതും അക്കാലത്താണ്.

1966ല്‍ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായും പ്രഥമ വനിതാ പ്രധാനമന്ത്രിയായും ഇന്ദിരാഗാന്ധി അധികാരമേറ്റു.  ഇന്ത്യാ ചൈന യുദ്ധവും ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ മരണവും ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രി പദം എളുപ്പത്തിലാക്കി. 1967ലെ പൊതു തിരഞ്ഞെടുപ്പില്‍ 54 ശതമാനം സീറ്റുകളോടെ ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. രാജ്യത്തെ 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനമടക്കം നിരവധി സുപ്രധാന നയങ്ങള്‍ അക്കാലത്തുണ്ടായി. 1969 ലെ പാര്‍ട്ടി പിളര്‍ച്ച ഇന്ദിരാഗാന്ധിയുടെ മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതം അത്ര സുഖകരമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. പക്ഷേ ഗരീബി ഹഠാവോ (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം) എന്ന മുദ്രാവാക്യവുമായി ജനങ്ങളെ നേരിട്ട ഇന്ദിര വന്‍ ഭൂരിപക്ഷം നേടി വീണ്ടും  അധികാരത്തിലെത്തി നീണ്ട 11 വര്‍ഷങ്ങള്‍. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂര്‍മായ വളര്‍ച്ച രേഖപ്പെടുത്തി.അധികം സംസാരിക്കാത്ത ഇന്ദിരാഗാന്ധിയെ ആശങ്ക കലര്‍ന്ന അത്ഭുതത്തോടെയാണ് കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റ് നോക്കിക്കണ്ടത്. ഗൂംഗി ഗുഡിയാ (മിണ്ടാത്ത പാവ)യെന്ന് പ്രതിപക്ഷം അവരെ കളിയാക്കി. നെഹ്‌റുവിന്റെ മകളെന്ന ലേബലും പെണ്ണെന്ന 'പരിമിതി' യും ഇന്ദിരാഗാന്ധിയിലെ നേതാവിന്റെ മാറ്റ് ഒട്ടും  കുറയ്ക്കുന്നതായിരുന്നില്ല. അതിനുമപ്പുറം വളര്‍ന്ന ഇന്ദിര പക്ഷേ സംഘടനയ്ക്കും മുകളില്‍ പറന്നു. ഇതിനിടയില്‍ വന്ന ഇന്ത്യ-പാക് യുദ്ധവും ബംഗ്ലാദേശ് രൂപീകരണവുമെല്ലാം ഏകാധിപത്യത്തിന്റെ തെളിഞ്ഞ അടയാളങ്ങളായി. 1971 ലെ ഇന്ത്യ-പാക് വിജയം അവകാശപ്പെടാമെങ്കിലും പിന്നാലെയെത്തിയ അടിയന്താരാവസ്ഥ നല്‍കിയ രക്തക്കറ ഇന്ദിരാഗാന്ധിയുടെ കയ്യില്‍ പറ്റിപ്പിടിച്ചു തന്നെ കിടന്നു.

1975 മുതല്‍ 1977 വരെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇന്ദിര ഒരു ഏകാധിപതിയെപ്പോലെ പെരുമാറി.ആ കറുത്ത ദിനങ്ങള്‍ക്ക് ജനം മറുപടി നല്‍കി.പക്ഷെ 1980 ല്‍ വീണ്ടും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി.  സിഖ് പുണ്യ കേന്ദ്രമായ അമൃതസര്‍ സുവര്‍ണ ക്ഷേത്രത്തില്‍ കയറിക്കൂടിയ തീവ്രവാദികളെ വധിക്കുന്നതിനുള്ള പദ്ധതിയായിരുന്ന 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരയെ സിഖ് വംശജരുടെ ശത്രുവാക്കി മാറ്റി.1984 ഒക്ടോബര്‍ 31ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജ്യം തന്നെ നിശ്ചലമായി.ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് മുപ്പത്തിമൂന്നാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.ഏകാധിപതിയെങ്കിലും പാവപ്പെട്ടവരുടെ കൂടി ഉന്നമനം ഇന്ദിര ലക്ഷ്യമിട്ടിരുന്നു എന്നത് അവരെ ജനങ്ങള്‍ക്കിടയില്‍ എക്കാലത്തെയും പ്രിയനേതാവാക്കി

Indira

ലളിത ജീവിതവും ആഴത്തിലുള്ള കാഴ്ചപ്പാടുകളും ഇന്ദിരാഗാന്ധിയിലെ വ്യക്തിത്വത്തിന് തിളക്കം കൂട്ടി.നല്ലൊരു പരിസ്ഥിതി സ്‌നേഹി കൂടിയായിരുന്നു ഇന്ദിരാഗാന്ധി .അടിയന്തരാവസ്ഥക്കാലത്ത് പോലും പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കാന്‍ അവര്‍ മടിച്ചില്ല..സൈലന്റ് വാലിയെ സൈലന്റ് വാലിയായി തന്നെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇന്ദിരാഗാന്ധിയാണ്.അണക്കെട്ട് പദ്ധതിക്കെതിരെ നിലപാടുകള്‍ കടുപ്പിച്ച ഇന്ദിരാഗാന്ധി ഇതേക്കുറിച്ചുളള പഠനത്തിന് വിദഗ്ധ സമിതിയെത്തന്നെ നിയോഗിച്ചു.

1999ല്‍ ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താന്‍ ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പില്‍ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ എന്നിവരെ പിന്തള്ളി ഒന്നാമതെത്തി ഇന്ദിരാഗാന്ധി ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും അന്യമായിരുന്ന ഒരു രാജ്യത്തെ നയിക്കാന്‍ അന്ന് രാജ്യം കണ്ടെത്തിയത് നട്ടെല്ലുള്ളൊരു വനിതയെത്തന്നെയായിരുന്നെന്ന് നിസ്സംശയം പറയാം.ഇന്ന്, ഓരോ മേഖലയിലും സ്ത്രീകള്‍ തിളങ്ങുമ്പോള്‍,അവസരങ്ങള്‍ അവര്‍ക്കൊപ്പം പറക്കുമ്പോള്‍ മുന്നേ നടന്ന സ്ത്രീരത്‌നങ്ങളില്‍ ഇന്ദിരാഗാന്ധിയെന്ന പേര് നാം സ്മരിച്ച് കൊണ്ടേയിരിക്കും.ലോകത്തിന് തന്നെ മാതൃകയായി പതിനാലു വര്‍ഷത്തോളം ഇന്ദിര നയിച്ചത് ഒരു ജനാധിപത്യരാജ്യത്തെ അതിന്റെ സര്‍വ ബാലാരിഷ്ടതകള്‍ക്കുമിടയിലാണ്.നല്ലൊരു സംഘാടകയായിരുന്നില്ലെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൈപിടിക്കാന്‍ ഇന്ദിരയ്ക്കായി എന്നത് പറയാതെ വയ്യ.