കോസ്മോസ് മലബാറിക്കസ് എന്ന പേരിൽ ഒരു പഠനപദ്ധതിക്ക് രൂപംകൊടുത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ക്ലാസിക്കൽ ഡച്ച് ഭാഷയിൽ എഴുതപ്പെട്ട കേരളത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ 
വീണ്ടെടുത്ത് സംരക്ഷിക്കുകയാണ്  ലക്ഷ്യം 

34 വർഷത്തെ ഐ.എഫ്.എസ്. ജീവിതത്തിനാണ് വിരാമമിടുന്നത്. ചൈന, അമേരിക്ക, ദുബായ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ഔദ്യോഗിക കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്
1986-ലാണ് ഞാൻ വിദേശകാര്യ സർവീസിൽ ജോലിയാരംഭിച്ചത്. സംഭവബഹുലവും വൈവിധ്യമാർന്നതുമായ ഔദ്യോഗിക ജീവിതമായിരുന്നു. ഇന്ത്യക്കും കേരളത്തിനും വേണ്ടി ഒട്ടേറെ സ്ഥാനങ്ങളിൽ, പല രീതികളിൽ പ്രവർത്തിക്കാൻ സാധിച്ചു. എവിടെയെല്ലാം പ്രവർത്തിച്ചുവോ അവിടെയെല്ലാം ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പരിശ്രമിച്ചു. നയതന്ത്ര മേഖലയിലെ നീണ്ടകാലത്തെ ജീവിതം അവസാനിക്കുന്നതിൽ ദുഃഖമുണ്ടെങ്കിലും ഒരു പുതിയ ജീവിതം, ഒരു പുതിയ ഇന്നിങ്‌സ് തുടങ്ങുന്നതിന്റെ ആവേശവും ഉന്മേഷവും ഉത്സാഹവും ഇപ്പോഴുണ്ട്.

 ഇതുവരെയുള്ള ഔദ്യോഗിക ജീവിതത്തിൽ ഓർത്തുവെക്കുന്ന  അനുഭവങ്ങളിൽ പെട്ടെന്ന് മനസ്സിലെത്തുന്നത്
ഒത്തിരി അനുഭവങ്ങളുണ്ട്. നെതർലൻഡ്‌സിലെ ജീവിതത്തിന്റെ ഹൈലൈറ്റ് എന്തായിരുന്നെന്ന്  പലരും ചോദിക്കാറുണ്ട്. ഞാൻ എഴുതിയ ഇന്ത്യ-നെതർലൻഡ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ആദ്യകോപ്പി സ്വീകരിച്ചത് നെതർലൻഡ്‌സ് രാജാവാണ്. അത് മറക്കാനാവാത്ത അനുഭവമാണ്. അതൊരംഗീകാരമാണ്. യു.ഇ.ഇ.യിലായിരുന്നപ്പോൾ ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പുസ്തകം എഴുതിയിരുന്നു. ചൈനയിൽ രണ്ടുപ്രാവശ്യം പ്രവർത്തിക്കാനും ചൈനീസ് ഭാഷ പഠിക്കാനും  സാധിച്ചത് സമ്പന്നമായ ഓർമകളാണെനിക്ക്. ചൈനീസ് ഭാഷ ഏറ്റവും നന്നായി സംസാരിക്കുന്ന വിദേശികൾക്കായുള്ള ഹോങ്കോങ്ങിൽവെച്ചുനടന്ന മത്സരത്തിൽ എനിക്കായിരുന്നു ഒന്നാംസ്ഥാനം. ചൈനയെ ഒരു ശത്രുരാജ്യമായിട്ടാണ് പലപ്പോഴും ഇന്ത്യയിലെ ജനങ്ങൾ കാണുന്നത്. എന്നാൽ,  ഒരു നയതന്ത്ര പ്രതിനിധിയായി 1990-ൽ ചൈനയിൽ എത്തുമ്പോൾ, ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ എനിക്ക് ചൈനീസ് സമൂഹത്തിൽ കാണാൻ കഴിഞ്ഞു.  അമേരിക്കയിലുള്ള കാലഘട്ടത്തിലാണ് ഇന്ത്യ-അമേരിക്ക ആണവക്കരാർ ഒപ്പുവെച്ചത്. ഇന്ത്യയെ വളരെ ബഹുമാനിക്കുന്ന സമൂഹമാണ് അമേരിക്കയിലുള്ളത്. എന്നാൽ, അവർ ലോകത്തിലെ ഏക സൂപ്പർ പവറാണ്. അതിന്റെ അഹങ്കാരം എന്നും അവർക്കുണ്ട്.

 കേരളവുമായി വേരോട്ടമുള്ള ഡച്ച് സംസ്കാരഭൂമിയിൽവെച്ചാണ് താങ്കൾ വിരമിക്കുന്നത്. ഇരുസംസ്കാരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ മുഖം എന്താണ്
രണ്ടു സംസ്കാരങ്ങളും തമ്മിൽ ഇഴയടുപ്പമുള്ള ബന്ധമുണ്ട്. പ്രത്യേകിച്ച് കേരളവുമായി. 100 വർഷത്തോളം ഡച്ചുകാർക്കായിരുന്നു മലബാർ മേഖലയിൽ പ്രാധാന്യം. ചരിത്രത്തിലുള്ള ഈ ഇടപെടൽ പിൽക്കാലത്ത് ഇന്ത്യ-ഡച്ച് സാംസ്കാരിക വിനിമയത്തിലേക്ക് വളർന്നു. കഴിഞ്ഞ ദിവസം കോസ്മോസ് മലബാറിക്കസ് എന്ന പേരിൽ ഒരു പഠനപദ്ധതിക്ക് രൂപംകൊടുത്തിട്ടുണ്ട്. കേരള ചരിത്രഗവേഷണ കൗൺസിലും ശ്രീശങ്കരാ സർവകലാശാലയും നെതർലൻഡ്‌സിലെ ഏറ്റവും പ്രശസ്തമായ ലൈഡൻ സർവകലാശാലയും ദേശീയ ആർകൈവ്‌സും ചേർന്നുള്ള പ്രോജക്ടാണ് ഇത്. പതിനേഴാം നൂറ്റാണ്ടിലെ ക്ലാസിക്കൽ ഡച്ച് ഭാഷയിൽ എഴുതപ്പെട്ട കേരളത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ വീണ്ടെടുത്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഹോർത്തൂസ് മലബാറിക്കസ് പോലെ കോസ്മോസ് മലബാറിക്കസും ഇരുസംസ്കാരങ്ങളുടെയും നിർണായക രേഖയാകും.

 കേരളത്തോട് ചരിത്രപരമായ അടുപ്പം ഇപ്പോഴും നെതർലൻഡ്‌സിനുണ്ടോ? പ്രളയം നേരിടാനുള്ള സാങ്കേതികവിദ്യ, കേരളത്തിൽ ഡച്ച് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ-ഇതിനെല്ലാംപിന്നിൽ ഈ അടുപ്പം ഒരു കാരണമാണോ
കേരളവും നെതർലൻഡ്‌സും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയാണുള്ളത്. ഇന്ന്  പ്രളയം തടയുന്ന കാര്യത്തിൽ ലോകത്ത് നെതർലൻഡ്‌സാണ് വിദഗ്ധർ. അമേരിക്കപോലും നെതർലൻഡ്‌സിൽനിന്ന് വൈദഗ്ധ്യം തേടാറുണ്ട്. നെതർലൻഡ്‌സിൽ അവർ പ്രാവർത്തികമാക്കുന്ന ഡച്ച് മാതൃകയുണ്ട്. അത് ലോകബാങ്കിന്റെ സഹായത്തോടെ നമുക്ക് കേരളത്തിൽ നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെയും നെതർലൻഡ്‌സിലെയും വിദഗ്ധർ ഒരുമിച്ച് തയ്യാറാക്കിയ ശുപാർശകൾ നടപ്പാക്കിയത് മൂലമാണ് 2018-നുശേഷം കേരളത്തിൽ വലിയ പ്രളയമുണ്ടാകാതെപോയത്.  

 നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് അവിടത്തെ പ്രധാനമന്ത്രി താങ്കൾക്കെഴുതിയ കത്തിൽ ശ്ലാഘിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം എത്രത്തോളമുണ്ട്
നെതർലൻഡ്‌സിലുള്ള ഇന്ത്യക്കാരിൽ രണ്ടരലക്ഷത്തോളംപേർ സൂരിനാമിൽനിന്ന് വന്നിട്ടുള്ള ഹിന്ദുസ്ഥാനി വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരുടെ പൂർവപിതാക്കളെ 150 വർഷംമുമ്പ് ബിഹാറിൽനിന്നും യു.പി.യിൽനിന്നും ഡച്ചുകാർ സൂരിനാമിലേക്ക് ജോലിക്കായി കൊണ്ടുപോയതാണ്. 1975-ൽ സൂരിനാം സ്വാതന്ത്ര്യം നേടിയപ്പോൾ അവിടെനിന്ന് ഒരു ലക്ഷത്തോളം പേർ നെതർലൻഡ്‌സിലേക്ക് കുടിയേറി. 1980-ൽ സൂരിനാമിൽ ഒരു പട്ടാള അട്ടിമറിയുണ്ടായി. ആ മിലിട്ടറി ഭരണകൂടത്തിന് കീഴിൽ ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതി, ഒരു ലക്ഷം ഇന്ത്യക്കാർകൂടി വീണ്ടും നെതർലൻഡ്‌സിലേക്ക് കുടിയേറി. അങ്ങനെവന്ന രണ്ടുലക്ഷത്തിന്റെ സമൂഹമാണ് നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹം. നെതർലൻഡ്‌സിന്റെ  എല്ലാ മേഖലകളിലും ഇവരുണ്ട്. ഇതുകൂടാതെ അമ്പതിനായിരത്തോളം ഇന്ത്യക്കാർ നെതർലൻഡ്‌സിൽ നേരിട്ട് എത്തിയിട്ടുണ്ട്. അയ്യായിരത്തോളം മലയാളികളുമുണ്ട്. 

 ഹേഗ് നഗരം ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് പോലെയുള്ള രാജ്യാന്തരസ്ഥാപനങ്ങളുടെ ആസ്ഥാനമാണ്. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ എന്തൊക്കെയാണ്

ഹേഗിൽ ഒട്ടേറെ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രവർത്തിക്കു ന്നുണ്ട്. ഇന്ത്യയുമായുള്ള ഈ സ്ഥാപനങ്ങളുടെ ബന്ധം കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു. മൗറീഷ്യസും ഇന്ത്യയും തമ്മിലുള്ള ഒരു വിഷയത്തിൽ അന്താരാഷ്ട്ര കോടതിയിൽ ഹാജരായി ഇന്ത്യൻ സർക്കാരിന്റെ നിലപാട് അവതരിപ്പിക്കാൻ കഴിഞ്ഞു. അത് വലിയ അംഗീകാരമായിക്കരുതുന്നു. 
അതുപോലെ പ്രധാനപ്പെട്ട കുൽഭൂഷൺ ജാദവ് കേസിൽ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള നിയമസംഘത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും വലിയ അനുഭവമായിരുന്നു.

 പ്രണബ് മുഖർജിയുമായുള്ള ബന്ധം പറയാതെ വേണു രാജാമണിയുടെ ഔദ്യോഗിക ജീവിതകഥ പൂർത്തിയാകില്ല. മുൻ രാഷ്ട്രപതിയുമായുള്ള അനുഭവം എത്രമാത്രം ആഴത്തിലുള്ളതാണ്
പ്രണബ് മുഖർജിയെ ആദ്യമായി കാണുന്നത് ദുബായിൽ ഞാൻ കോൺസുലർ ജനറലായി പ്രവർത്തിക്കുന്ന കാലത്താണ്. 2010-ൽ ഞാൻ ഡൽഹിയിൽ തിരിച്ചുവന്നപ്പോൾ, ധനകാര്യമന്ത്രാലയത്തിൽ പ്രവർത്തനത്തിനായി ക്ഷണിച്ചു. ധനകാര്യമന്ത്രാലയത്തിൽ എ.ഡി.ബി. തുടങ്ങിയ വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ജോയന്റ് സെക്രട്ടറിയായി നിയമിതനായി. ആ നിലയിൽ ഏകദേശം രണ്ടുവർഷം പ്രവർത്തിച്ചു. 2012-ൽ അദ്ദേഹം രാഷ്ട്രപതിയായപ്പോൾ, പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 

 കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു താങ്കൾ. നാട്ടിൽ തിരിച്ചെത്തുമ്പോൾ പത്രപ്രവർത്തനത്തിലേക്ക് മടങ്ങാൻ താത്‌പര്യമുണ്ടോ
മാധ്യമരംഗത്ത് എനിക്ക് വലിയ താത്‌പര്യമുണ്ട്. മീഡിയയെ സൂക്ഷ്മമായി വീക്ഷിക്കുന്ന വ്യക്തിയാണ്. രണ്ടരവർഷം പത്രപ്രവർത്തനരംഗത്തുണ്ടായിരുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എറണാകുളം ബ്യൂറോയിൽ സ്റ്റാഫ് കറസ്പോണ്ടന്റായിരുന്നു. തുടക്കക്കാരൻ എന്നനിലയിൽ ഇനി എനിക്ക് പത്രപ്രവർത്തനത്തിൽ ചേരാൻ കഴിയില്ല. എഡിറ്റർമാരുടെ തസ്തികകൾ വിരളവുമാണ്.

 ജെ.എൻ.യു. പഠനകാലത്താണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്. കുടുംബജീവിതത്തെക്കുറിച്ചുകൂടി പറയൂ.
ഭാര്യ സരോജ് ഥാപ്പ ഡാർജിലിങ്‌ സ്വദേശിയാണ്. മാതൃഭാഷ നേപ്പാളിയാണ്. സരോജ് ജെ.എൻ.യു.വിൽ ചരിത്രവിദ്യാർഥിയായിരുന്നു. ജെ.എൻ.യു.വിൽ അന്നുണ്ടായിരുന്ന ഫ്രീ തിങ്കേഴ്‌സ് എന്ന സംഘടനയിൽ ഞങ്ങൾ രണ്ടുപേരും അംഗങ്ങളായിരുന്നു. രണ്ടു മക്കളുണ്ട്. മൂത്തമകൻ വസന്ത് അമേരിക്കയിൽ എൻജിനിയറായി ജോലിചെയ്യുന്നു. ഇളയമകൻ കാർത്തിക് ഡൽഹിയിൽ അഭിഭാഷകനായി ജോലിചെയ്യുന്നു.

Content Highlight:  Indian Ambassador in Netherlands Venu Rajamani  IFS from Kochi