കേരളത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്ന തിരക്കിൽ കേരളം ലോകത്തെത്തന്നെ മറന്നുപോയിരിക്കുന്നു. വികസനവും വിശ്വാസവും തമ്മിലുള്ള പോരിൽ വിദേശത്തിന് ഒരു പ്രസക്തിയുമില്ല. ‘കോവിഡ്-19’-ന്റെ വാർത്തകളെപ്പറ്റിയും പുതിയ വാക്സിനുകളെപ്പറ്റിയും മാത്രമായിരുന്നു നമ്മൾ ചിന്തിച്ചിരുന്നത്. മേയ് രണ്ടാം തീയതി വോട്ടിങ് യന്ത്രങ്ങൾ തുറക്കുമ്പോഴുണ്ടാകുന്ന ഉദ്വേഗം തുടങ്ങുന്നതിനുമുമ്പ് നാം മറന്നുപോയ ലോകത്തെപ്പറ്റി അല്പം ഓർക്കാം.പ്രസിഡന്റ് ബൈഡന്‌ കോവിഡിനെ തടയാനുള്ള മാന്ത്രികവിദ്യ അറിയുമെന്ന് വിശ്വസിച്ച ലോകം ഇന്നും വിറങ്ങലിച്ചുനിൽക്കുകയാണ്.  അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം രോഗം  പിടിപെട്ടിരിക്കുന്നത് ഇന്ത്യയിലാണ്. വാക്സിൻനയതന്ത്രത്തിന്റെ ദോഷവശങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. ഇനി ഇന്ത്യയായിരിക്കും ഏറ്റവുംവലിയ കോവിഡ് രാജ്യമാവുന്നതെന്ന ഭയാനകമായ വാർത്തകൾ വന്നിട്ടും കേരളത്തിൽ വാർത്തയാവുന്നത് രാഷ്ട്രീയകൊലപാതകങ്ങൾ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിപോലും ലോകത്തെ പ്രശ്നങ്ങളെപ്പറ്റി ഒരുവാക്കുപോലും കേരളത്തിൽ പറയാത്തത് കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെ ഓർത്തായിരിക്കും. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനിന്നത് ചൈനയും പാകിസ്താനും അമേരിക്കയും റഷ്യയുമായിരുന്നു എന്നതിന് സംശയമില്ല.

ലഡാക്കിൽ ചൈനയുടെ പിന്മാറ്റം ഭാഗികം മാത്രമായിരുന്നു. ചൈന ഇന്നും 2020 ഏപ്രിലിലെ സ്ഥലങ്ങളിലേക്ക് പിന്മാറിയിട്ടില്ല. സൈനികർ ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ, ദപ്‌സാങ് ഉൾപ്പെടെയുള്ള അതിപ്രധാനപ്രദേശങ്ങളിൽ ചൈന താവളമടിച്ചിട്ട് ഒരുവർഷമാവുന്നു. ഏത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണ്‌ ഈകാര്യത്തിൽ ആശങ്കയുണ്ടാവാതിരിക്കുക. 

 അയൽപക്ക വാർത്തകൾ
പാകിസ്താനിൽനിന്നുവരുന്ന വാർത്തകൾ സമ്മിശ്രമാണ്. 2003-ലെ വെടിനിർത്തൽക്കരാർ ഇനി പാലിക്കപ്പെടുമെന്ന് രണ്ടുവശത്തെയും സൈനികകമാൻഡർമാർ പ്രഖ്യാപിച്ചപ്പോൾ അതിലൊരു കഥയുമില്ലായെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടു. എന്നാൽ,   ഇതിന്റെപിന്നിൽ ഒരു അണിയറപ്രവർത്തനം നടന്നിട്ടുണ്ടെന്നുള്ള സൂചനകൾ വ്യക്തമായിരുന്നു.
ഇപ്പോൾ അജിത് ഡോവലും പാകിസ്താൻ സൈനികമേധാവി ജനറൽ ബാജ്‌വയും തമ്മിൽ രഹസ്യസംഭാഷണങ്ങൾ നടക്കുന്നതായി വാർത്തകൾ വരുന്നു. ഇന്ത്യൻസർക്കാർ ഈകാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിനൽകാൻ  വിദേശകാര്യമന്ത്രിയോ മറ്റുവക്താക്കളോ തയ്യാറായിട്ടില്ല. പക്ഷേ, അണിയറയിൽ പലതും സംഭവിക്കുന്നുവെന്ന് വ്യക്തമാണ്. 
സാധാരണമായി രഹസ്യസംഭാഷണങ്ങൾ നടത്തുന്നത് അധികാരത്തിലുള്ളവരല്ല. രണ്ടുസർക്കാരുകൾക്കും പ്രതിബദ്ധതയില്ലാത്ത സ്വകാര്യവ്യക്തികളാണ് ഇത്തരം ചർച്ചകൾ നടത്തുക. ഏതെങ്കിലും പരിഹാരം കണ്ടെത്തിയാൽ അധികാരികൾക്ക് സ്വീകരിക്കാം. അല്ലെങ്കിൽ നിരാകരിക്കാം. അതിനാൽ ഇന്ത്യയിലെ ദേശീയസുരക്ഷാ ഉപദേഷ്ടാവും പാകിസ്താനിലെ സൈനികമേധാവിയുമായി ചർച്ചനടത്താൻ സാധ്യത കുറവാണ്. പക്ഷേ, അജ്ഞാതരായ ചില വ്യക്തികളായിരിക്കണം ഇത്തരം ചർച്ചകളിൽ വ്യാപ്തരായിരിക്കുന്നത്. വെടിനിർത്തലിന്റെ കാര്യത്തിലും വ്യാപാരം പുനരാരംഭിക്കുന്ന കാര്യത്തിലും ചർച്ചകൾ നടന്നിരുന്നു. ജനറൽ ബാജ്‌വ സമാധാനം വേണമെന്ന് തുറന്നുപറയുന്നു. 
ചർച്ചകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഉറച്ചനിലപാട് ഭീകരവാദം അവസാനിച്ചാലേ ചർച്ചകൾ നടത്തുകയുള്ളൂ എന്നായതുകൊണ്ടാണ് ഇന്ത്യ മൗനംപാലിക്കുന്നത്. പാകിസ്താന്റെ ഏറ്റവുംവലിയ ആയുധം ഭീകരപ്രവർത്തനമായതിനാൽ അത് നിർത്തിവെക്കാൻ പാകിസ്താന് കഴിയുകയുമില്ല. ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ഒരുസംഘട്ടനം ഒഴിവാക്കുകയെന്നത് നമ്മുടെ ആവശ്യമാണ്. ഇപ്പോൾ കിട്ടുന്ന സൂചനകൾ ഹൈക്കമ്മിഷണർമാർ രണ്ടുതലസ്ഥാനങ്ങളിലേക്കും തിരിച്ചെത്തുമെന്നും സാധാരണനിലയിലുള്ള ആശയവിനിമയം തുടരുമെന്നുമാണ്. ഇതിനപ്പുറം രഹസ്യചർച്ചകൾ എന്തെങ്കിലും തീരുമാനത്തിൽ എത്തുമെന്നോ സമാധാനം സ്ഥാപിക്കപ്പെടുമെന്നോ ഉറപ്പിക്കാൻ സമയമായിട്ടില്ല.

ബൈഡനും ഇന്ത്യയും
പ്രസിഡൻറ്‌ ബൈഡന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പൊതുവേ ഇന്ത്യക്ക്‌ സഹായകരമായവയാണ്‌. അദ്ദേഹം ട്രംപിനെപ്പോലെത്തന്നെ ഒരു ചൈനീസ്‌  വിരോധിയാണെന്നതും ഇന്ത്യയോടും ജപ്പാനോടും ഓസ്‌ട്രേലിയയോടും ചേർന്നുനിന്ന്‌ ചൈനയെ ചെറുക്കാൻ തയ്യാറാണെന്നുമുള്ളത്‌ നമുക്ക്‌ ആശ്വാസം പകരുന്നു. ഇന്ത്യ ഇക്കാര്യത്തിൽ സംയമനം പാലിക്കുന്നുണ്ടെങ്കിലും ഒരു സഖ്യമായി മാറിയിരിക്കുകയാണ്‌ ‘ക്വാഡ്‌’ എന്ന സംവിധാനം. അതേസമയംതന്നെ ചൈനയോട്‌ സഹകരണം ആവശ്യമാണെന്നകാര്യത്തിൽ രണ്ടുകൂട്ടർക്കും ഒരേ അഭിപ്രായമാണ്‌. എന്നാൽ, ഒരു അമേരിക്കൻ കപ്പൽ ഇന്ത്യയുടെ സാമ്പത്തികമേഖലയിലേക്ക്‌  (ഇ.ഇ.സെഡ്‌) പ്രവേശിച്ചത്‌ ഒരുകല്ലുകടിയായി മാറിയിരിക്കുകയാണ്‌.
സൈനികസഹകരണത്തിലുള്ള അനിശ്ചിതത്വം ഇന്ത്യ റഷ്യയിൽനിന്ന്‌ വാങ്ങാനുദ്ദേശിക്കുന്ന എസ്‌-400 മിസൈലുകളുടെ കാര്യത്തിലാണ്‌. അമേരിക്കൻ പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ ഇക്കാര്യത്തിൽ പ്രശ്നമുണ്ടെന്ന്‌ സൂചിപ്പിക്കുകയുണ്ടായി. റഷ്യയുടെ കാര്യത്തിൽ അമേരിക്കൻനിലപാട്‌ കർക്കശമായിരിക്കുകയാണ്‌. അപ്പോൾ നമ്മുടെ റഷ്യയോടുള്ള സമീപനത്തിൽ അയവുണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ, എസ്‌-400ന്റെ കാര്യത്തിൽ ഒരുപ്രശ്നപരിഹാരം ഉണ്ടാകേണ്ടത്‌ ഇന്ത്യ-റഷ്യ സഹകരണത്തിന്റെ കാര്യത്തിൽ അത്യാവശ്യമാണ്‌.

റഷ്യൻ ചിന്തകൾ
ഇന്ത്യ-റഷ്യ ബന്ധങ്ങളിലും സുപ്രധാനമാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. റഷ്യ അടുത്തകാലത്ത്‌ ചൈനയോടും പാകിസ്താനോടും ബന്ധങ്ങൾ  ശക്തിപ്പെടുത്തുകയാണ്‌. കാരണം അമേരിക്കയുടെ നയങ്ങൾതന്നെ. അഫ്‌ഗാനിസ്താനിൽനിന്ന്‌ അമേരിക്ക പിന്മാറിയാൽ അവിടെ ആധിപത്യം  സ്ഥാപിക്കാൻ ചൈനയും റഷ്യയും ശ്രമിക്കുകയാണ്‌. ഇക്കാര്യത്തിൽ പാകിസ്താന്‌ ഒരു വലിയപങ്കുണ്ട്‌. അതിനാൽ റഷ്യ ആയുധം നൽകുന്നതിലും മറ്റുകാര്യങ്ങളിലും പാകിസ്താനോട്‌ സഹകരിക്കാൻ താത്‌പര്യം കാണിക്കുന്നു. റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാസന്ദർശനം ഇക്കാര്യങ്ങൾ വ്യക്തമാക്കാനായിരുന്നു. അദ്ദേഹം ഇന്ത്യയിൽനിന്ന്‌ പാകിസ്താനിലേക്കാണ്‌ പോയത്‌ എന്നതും ശ്രദ്ധേയമാണ്‌.

 ചില നിലപാടുകൾ
ഇന്ത്യയിലെ ജനാധിപത്യത്തെപ്പറ്റി പലവിദേശരാജ്യങ്ങളും ആശങ്കപ്രകടിപ്പിക്കുന്നു എന്നതാണ്‌ മറ്റൊരു വെല്ലുവിളി. ഫ്രീഡം ഹൗസ്‌ എന്ന അമേരിക്കൻസ്ഥാപനം ചരിത്രത്തിലാദ്യമായി ഇന്ത്യയെ ‘ഭാഗിക ജനാധിപത്യരാജ്യ’മെന്നും  ‘തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’മെന്നും വിശേഷിപ്പിച്ചു. അമേരിക്കയിലെ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങൾ വ്യക്തമാണെങ്കിലും ഇന്ത്യയെ ഇക്കാര്യത്തിൽ ആക്രമിക്കാൻ അമേരിക്കക്കാർക്ക്‌ മടിയില്ല. ഇന്ത്യ ഈ ആക്രമണങ്ങളെ ചെറുക്കുക തന്നെയാണ്‌. എന്നാലും ഇന്ത്യയിലെ ജനാധിപത്യരീതികളെപ്പറ്റി അമേരിക്കൻ കോൺഗ്രസും ബ്രിട്ടീഷ് പാർലമെന്റും ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഉഭയകക്ഷിബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.ഇന്ത്യയുടെ വിദേശനയത്തിന് വളരെയധികം വെല്ലുവിളിയുണ്ടാകുന്നത് പ്രതിപക്ഷ പാർട്ടികൾ അവരവരുടെ താത്പര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടേണ്ടതാണെന്ന ഒരു അഭിപ്രായം പ്രതിപക്ഷനേതാവ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, ഈ വെല്ലുവിളികളെ നേരിടാനുള്ള ശക്തിയും തയ്യാറെടുപ്പുമുണ്ടെന്നുതന്നെയാണ് ഇന്ത്യ ഉറപ്പുനൽകുന്നത്.
അമേരിക്കയും ചൈനയുമായുള്ള ശീതയുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അവിടെ ഇന്ത്യയുടെ സ്ഥാനം അമേരിക്കയ്ക്കൊപ്പംതന്നെയാണ്. എന്നാൽ, അതിൽനിന്ന് ഒഴിഞ്ഞുമാറി നമ്മുടേതായ ഒരു സുഹൃദ്‌വലയം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. എന്നാൽ, ചൈനയുടെ വെല്ലുവിളി നിലനിൽക്കുന്നിടത്തോളം അമേരിക്കയോട് ചേർന്നുനിൽക്കേണ്ടത് അനിവാര്യമാണ്.