സ്വന്തം പാട്ടുകേൾക്കാൻ  പോയി ടിക്കറ്റുകിട്ടാതെ മടങ്ങിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട്  യശഃശരീരനായ ഗായകൻ പി.ബി. ശ്രീനിവാസ്. 1980-കളിൽ ഒരു സിങ്കപ്പൂർ യാത്രക്കിടെയുണ്ടായ രസികൻ അനുഭവം. സുഹൃത്തിനൊപ്പം  കാറിൽ നഗരംചുറ്റവേ തന്റെ മുഖമുള്ള പോസ്റ്ററുകൾ നിരനിരയായി ഒരു ഹാളിനുപുറത്ത്‌ പ്രദർശിപ്പിച്ചുകണ്ടപ്പോൾ തോന്നിയ കൗതുകമാണ്.  അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയപ്പോൾ ഏതോ കൊമ്പൻമീശക്കാരന്റെ കൊച്ചുചിത്രംകൂടിയുണ്ട് പോസ്റ്ററിൽ. താഴെ വലിയ അക്ഷരങ്ങളിൽ തമിഴിൽ ഒരറിയിപ്പും: ‘പ്രണയഗാനങ്ങളുടെ ചക്രവർത്തിയായ സിങ്കപ്പൂർ പി.ബി. ശ്രീനിവാസിന്റെ ഗാനമേള.’

അന്തംവിട്ടുപോയി ശ്രീനിവാസ്. അസ്സൽ പി.ബി.എസ്. ആയ താൻ പുറത്ത്. പകർപ്പുമാത്രമായ ‘സിങ്കപ്പൂർ പി.ബി.എസ്.’ അകത്തും. ടിക്കറ്റ് നേരത്തേ വിറ്റുതീർന്നതിനാൽ   ഗാനമേള കേൾക്കാനുള്ള മോഹം ഉപേക്ഷിക്കേണ്ടിവന്നു പി.ബി.എസിന്. തന്റെ യഥാർഥ ഐഡന്റിറ്റി അദ്ദേഹമൊട്ട്‌ വെളിപ്പെടുത്തിയതുമില്ല. ‘‘വർഷങ്ങളായി എന്റെ ഹിറ്റ്പാട്ടുകൾ പാടി ഗാനമേള നടത്തുന്നയാളാണ് ഈ സിങ്കപ്പൂർ ശ്രീനിവാസ് എന്നാണ്  അന്വേഷണത്തിൽ അറിഞ്ഞത്. ഗാനമേളകളിൽനിന്നുമാത്രം ലക്ഷങ്ങളുണ്ടാക്കിയയാളാണത്രെ. ആഡംബരവസതിയിലാണ് താമസം. യാത്രചെയ്യുന്നത് ആഡംബരക്കാറുകളിൽ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞശേഷം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന വെറുമൊരു ഓട്ടോറിക്ഷായാത്രികൻ മാത്രമായ ഈ ഞാനെവിടെ, എന്റെ പാട്ടുകൾപാടി ജീവിതത്തിലെ സൗഭാഗ്യങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ച ഈ മനുഷ്യനെവിടെ? വിധിവൈരുധ്യം എന്നല്ലാതെ എന്തുപറയാൻ?’’ എങ്കിലും പരാതിയൊന്നുമില്ലായിരുന്നു പി.ബി.എസിന്. ‘‘ഞാൻ മാത്രമല്ലല്ലോ ആ പാട്ടുകളുടെ സ്രഷ്ടാവ്. കണ്ണദാസനെപ്പോലുള്ള കവികളും എം.എസ്. വിശ്വനാഥനെയും കെ.വി. മഹാദേവനെയും പോലുള്ള മഹാസംഗീതകാരന്മാരുമൊക്കെ ചേർന്നുണ്ടാക്കിയ പാട്ടുകളാണ്. അവർക്കൊന്നുമില്ലാത്ത ആവലാതി എനിക്കെന്തിന്?’’  

മറ്റൊരു അനശ്വര ഗായകനെക്കുറിച്ച് പറഞ്ഞുകേട്ട കഥ ഇങ്ങനെ: അവസാനകാലത്ത് ജീവിതദുരിതങ്ങളിൽനിന്ന് രക്ഷനേടാനായി ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വീടുകളിൽ ഹാർമോണിയംവായിച്ച്‌ പാടിനടന്ന പാട്ടുകാരനോട് ഗൃഹനാഥൻമാരിലൊരാൾ ചോദിക്കുന്നു: പാട്ടുകൾ കൊള്ളാം. പക്ഷേ, ഒരു സംശയം. നിങ്ങളെന്താ മെഹബൂബിന്റെ പാട്ടുകൾമാത്രം പാടുന്നത്?’’  ചോദ്യത്തിനുമുന്നിൽ ഒരു നിമിഷം പകച്ചുനിൽക്കുന്നൂ  ഗായകൻ. പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറയുന്നു: ‘‘ഞാൻ മെഹബൂബായതുകൊണ്ടുതന്നെ. എനിക്ക് എന്റെ പാട്ടല്ലേ പാടാൻ പറ്റൂ...’’ മെഹബൂബിനെക്കുറിച്ച് പ്രചാരത്തിലുള്ള ഈ കഥ പൂർണമായും വിശ്വസിക്കാമോ  എന്നറിയില്ല. എങ്കിലും അതിൽ സത്യത്തിന്റെ നേരിയ അംശമെങ്കിലുണ്ടാകുമെന്നുറപ്പ്. പാടുന്ന പാട്ടിന്‌ കണക്കുപറഞ്ഞ്‌ പ്രതിഫലം വാങ്ങുന്ന പതിവ് പണ്ടേയില്ല മെഹബൂബിന്. ജീവിതം സംഗീതത്തിനും സൗഹൃദങ്ങൾക്കുംവേണ്ടി ഹോമിച്ച ആ അനുഗൃഹീതഗായകന് അവസാനനാളുകളിൽ വിധി കരുതിവെച്ചിരുന്നത് ദാരിദ്ര്യംമാത്രം. 

പി.ബി.എസിന്റെയും മെഹബൂബിന്റെയും അനുഭവങ്ങൾ  ഒറ്റപ്പെട്ടവയാകാനിടയില്ല. സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും കാര്യത്തിൽ ഈ ഗതികേട് കൂടുതൽ പ്രകടമായിരിക്കുമെന്നുമാത്രം. പ്രശസ്തങ്ങളായ സ്വന്തം സൃഷ്ടികൾക്കുപിന്നിൽ പലപ്പോഴും അജ്ഞാതരായി മറഞ്ഞിരിക്കാനാണല്ലോ അവർക്ക് യോഗം. സിനിമയുടെ പുറമ്പോക്കിൽ ചെന്നൊടുങ്ങിയ  നാളുകളിൽ ഒഴിഞ്ഞ വയറുമായി നഗരവീഥിയിലൂടെ നടന്നുപോകവേ, സ്വന്തം ഗാനം റേഡിയോയിൽനിന്ന്‌ ഒഴുകിവരുന്നത്  കണ്ണീരോടെ  റോഡരികിൽ കേട്ടുനിന്ന കഥ സംഗീതസംവിധായകൻ കണ്ണൂർ രാജൻ വിവരിച്ചുകേട്ടിട്ടുണ്ട്. ആത്മഹത്യാചിന്തയിൽനിന്നുപോലും രാജനെ പിന്തിരിപ്പിക്കാൻ ആ അനുഭവം ധാരാളമായിരുന്നു.  ‘‘എന്റെ ഏറ്റവും വലിയ ദൗർഭാഗ്യം, ഞാൻചെയ്ത പാട്ടുകൾ പലതും എന്റേതാണെന്ന് അധികമാർക്കും അറിയില്ല എന്നതാണ്. ആ പാട്ടുകൾ മറ്റുപലരുടെയും ക്രെഡിറ്റിൽ വരുമ്പോൾ ദുഃഖംതോന്നും. നൊന്തുപെറ്റ കുഞ്ഞിനെ വല്ലവരും തട്ടിക്കൊണ്ടുപോകുമ്പോൾ അമ്മയ്ക്കുതോന്നുന്ന അതേ മനോവികാരംതന്നെ’’ -കളിയും കാര്യവും ഇടകലർത്തി രാജൻ പറഞ്ഞ വാക്കുകൾ.  ‘ദശരഥ’ത്തിലെ പ്രശസ്തമായ ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’ എന്ന ഗാനത്തിന്റെ പിതൃത്വം അടുത്തിടെ  ഒരു മെഗാഷോ  അവതാരക ‘തൈക്കുടം ബ്രിഡ്ജ്’ എന്ന സംഗീതബാൻഡിന്   ചാർത്തിക്കൊടുക്കുന്നതുകേട്ടപ്പോൾ സങ്കടംതോന്നി. എഴുതിയ പൂവച്ചൽ ഖാദറും ചിട്ടപ്പെടുത്തിയ ജോൺസണും എത്രയെളുപ്പമാണ് ചിത്രത്തിൽനിന്ന് മാഞ്ഞുപോയത്. പ്രശസ്തമായ പല റീമിക്സ് ഗാനങ്ങളുടെയും യഥാർഥ ശില്പികളുടെ ദുരവസ്ഥ  ഇതുതന്നെയല്ലേ?

പകർപ്പവകാശനിയമലംഘനത്തിന്റെ  പേരിൽ എസ്.പി. ബാലസുബ്രഹ്മണ്യത്തെയും ചിത്രയെയും കോടതികയറ്റാനുള്ള ഇളയരാജയുടെ നീക്കം ആ പഴയ ചോദ്യം വീണ്ടും ഉയർത്തുന്നു. സത്യത്തിൽ ആരാണ് പാട്ടിന്റെ യഥാർഥ യജമാനൻ? എഴുതിയ കവിയോ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകനോ പാടിയ ഗായകനോ അഭിനയിച്ച നടീനടന്മാരോ  ചിത്രീകരിച്ച സംവിധായകനോ  പണം മുടക്കിയ നിർമാതാവോ അതോ ഇവരെല്ലാവരുമോ? ആത്യന്തികമായി പാട്ട് സംഗീതസംവിധായകന്റേതാണെന്ന്‌ സമ്മതിച്ചാൽത്തന്നെ മറ്റൊരു ചോദ്യമുയരുന്നു. അങ്ങനെയെങ്കിൽ പാട്ടിന് പൂർണമായി വാദ്യവിന്യാസം നിർവഹിക്കുകയും മനോഹരമായി അത് പാക്കേജ്ചെയ്ത് ജനങ്ങളിൽ എത്തിക്കുകയുംചെയ്ത ഓർക്കസ്ട്ര അറേഞ്ചർക്ക് ഈ ദൗത്യത്തിൽ പങ്കൊന്നുമില്ലേ? ഒരു കാലത്ത് മലയാള  സിനിമാഗാനങ്ങളുടെ ശില്പഭദ്രതയ്ക്കുപിന്നിൽ പ്രവർത്തിച്ച മാന്ത്രികകരങ്ങൾ ആർ.കെ. ശേഖർ എന്ന അറേഞ്ചറുടേതായിരുന്നെന്ന് ആർക്കാണറിയാത്തത്. ദേവരാജൻ, എം.ബി. ശ്രീനിവാസൻ എന്നിവരുൾപ്പെടെ  വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ സ്വന്തമായി നൊട്ടേഷൻ എഴുതി ശേഖറിനെക്കൊണ്ട് അത് അക്ഷരംപ്രതി പ്രാവർത്തികമാക്കിയിരുന്നവരിൽ.  

തീർന്നില്ല. ഇനിയുമുണ്ട് നാം മറന്നുകൂടാത്തവർ. അനശ്വരമെന്ന് ഘോഷിക്കപ്പെടുന്ന  ഗാനങ്ങൾക്കുപിന്നിൽ നിശ്ശബ്ദരായിരുന്ന്  വാദ്യോപകരണങ്ങൾ കൈകാര്യംചെയ്ത പ്രതിഭാധനർ. വീണാപാർഥസാരഥിയുടെ ഐന്ദ്രജാലികമായ വിരൽസ്പർശമില്ലാതെ  ‘കാറ്റത്തെ കിളിക്കൂടി’ലെ ‘ഗോപികേ നിൻവിരൽ തുമ്പുരുമ്മി...’ എന്ന മനോഹരഗാനമുണ്ടോ?  ആയിരക്കണക്കിന് അപൂർവസുന്ദരഗാനങ്ങളെ പുല്ലാങ്കുഴൽ നാദംകൊണ്ട് ധന്യമാക്കുകയും ഒടുവിൽ ആരോരുമറിയാതെ എരിഞ്ഞുതീരുകയുംചെയ്ത ഗുണസിങ്ങിനെ എത്രപേർ ഓർക്കുന്നു ഇന്ന്? ഒരിക്കലും മുഖ്യധാരയിൽ നിറഞ്ഞുനിൽക്കാൻ യോഗമുണ്ടാവാത്ത ഈ  പ്രതിഭകളുടേതുകൂടിയല്ലേ ഓരോ പാട്ടും? ഇന്നിപ്പോൾ കമ്പ്യൂട്ടർ വിദഗ്ധരും  പ്രോഗ്രാമർമാരും വന്നതോടെ ഇത്തരം കലാകാരന്മാർക്ക് പ്രസക്തി നഷ്ടപ്പെട്ടു. പ്രോഗ്രാമിങ്ങായി ഗാനസംവിധാനത്തിലെ ഏറ്റവും വലിയ വെല്ലുവിളി.  മികച്ച ഗാനത്തിന്റെ ശില്പിയെ  നിശ്ചയിക്കുമ്പോൾ അതിന്‌ പ്രോഗ്രാമിങ്‌ നിർവഹിച്ചയാളെക്കൂടി അംഗീകരിക്കേണ്ടതല്ലേ എന്ന ചോദ്യമുയരുന്നത് ഇവിടെയാണ്.  

കൗതുകമുള്ള ഒരനുഭവം ഓർമവരുന്നു.  ‘സ്വർഗം’ എന്ന പഴയ ചിത്രത്തിനുവേണ്ടി എം.എസ്. വിശ്വനാഥൻ ചിട്ടപ്പെടുത്തിയ ‘പൊന്മകൾ വന്താൽ...’  എന്ന പ്രശസ്ത ഗാനത്തിന്റെ റീമിക്സ് വെർഷൻ ‘അഴകിയ തമിഴ് മകൻ’ എന്ന  ചിത്രത്തിലൂടെ ഹിറ്റായി നിൽക്കുന്ന സമയം. ആലങ്കുടി സോമുവിന്റെ  വരികളെ റാപ്പിന്റെ ശബ്ദഘോഷംകൊണ്ട് പൊതിഞ്ഞിരിക്കയാണ്  സംഗീതസംവിധായകൻ. എം.എസ്.വി.യുടെ ആരാധകർക്കിടയിൽ പരക്കെ പ്രതിഷേധമുയർത്തിയ പരീക്ഷണം. ഒരുദിവസം നേരിട്ട് എം.എസ്.വി.യെ വിളിച്ച്‌ പ്രതികരണമാരാഞ്ഞപ്പോൾ മെല്ലിശൈ മന്നന്റെ മറുപടി: ‘ഞാനെന്തു പറയാൻ? സോമു അതെഴുതി. ഞാൻ  ചിട്ടപ്പെടുത്തി. സൗന്ദരരാജൻ പാടി. ഞങ്ങളുടെ ചുമതല അതോടെ തീർന്നു. പുറത്തിറങ്ങിയ നിമിഷം മുതൽ അത് ജനങ്ങളുടെ സ്വത്താണ്. അവർ സ്വീകരിച്ചില്ലെങ്കിൽ അതാരും ഓർക്കുകപോലുമില്ലായിരുന്നല്ലോ.  ജനങ്ങൾ എന്ത് നിശ്ചയിക്കുന്നോ അതാണതിന്റെ ശരി...’’ 

അതുതന്നെയല്ലേ അതിന്റെ ശരി?  സിനിമാപ്പാട്ടിന്റെ യഥാർഥ അവകാശി ജനമല്ലെങ്കിൽപ്പിന്നെ മറ്റാര്? പാട്ട് ഹൃദയത്തിലേറ്റുവാങ്ങി മൂളിനടന്ന് ഹിറ്റും സൂപ്പർ ഹിറ്റുമാക്കി മാറ്റിയ ജനത്തോട് അതുകേൾക്കാൻ പാടില്ലെന്ന് ആജ്ഞാപിക്കാൻ ആർക്കുണ്ട് അധികാരം?