സമ്മർദത്തിൽ പെടുത്തരുത്

# ഡോ. പി.എൻ. സുരേഷ് കുമാർ

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തുന്നവർ പഠിക്കാൻ നല്ല കഴിവുള്ളവരായിരിക്കാം; പ്രത്യേകിച്ചും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിൽ.  പെട്ടെന്നൊരു പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന അക്കാദമിക് സമ്മർദം വലുതായിരിക്കും. എങ്ങനെ പഠിക്കണം എന്തു പഠിക്കണം എന്നു പറഞ്ഞുകൊടുക്കാനോ ആരും ഉണ്ടാവില്ല. ഒറ്റയ്ക്ക് ഇതെങ്ങനെ പഠിക്കുമെന്ന ഭയം അത്‌ കുട്ടിയിലുണ്ടാക്കും. ഇത് എല്ലാ കുട്ടികൾക്കും ഉണ്ടാകുന്ന പ്രശ്നമാണ്. കേരളത്തിനു പുറത്തേക്കാണ് പഠിക്കാൻ പോകുന്നതെങ്കിൽ സംസ്കാരം, ഭാഷ എന്നിവയിൽ മാറ്റം തീർച്ചയായും ഉണ്ടാകും. അങ്ങനെ മൊത്തത്തിൽ പുതിയൊരു അന്തരീക്ഷത്തിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന അങ്കലാപ്പാണിത്. ഇതിനെ അഡ്ജസ്റ്റ്‌മെന്റ് ഡിസോർഡർ എന്നു പറയും. ആദ്യത്തെ കുറച്ചുമാസം മാത്രമേ ഇതുണ്ടാകൂ. ഇത് പരിഹരിക്കാനാവാതെ നീണ്ടുപോയാലാണ് കുട്ടി വിഷാദത്തിലേക്കു പോകുക. അത് പിന്നീട് ആത്മഹത്യാചിന്തയിലേക്കോ പഠനം ഉപേക്ഷിക്കുന്നതിലേക്കോ നയിക്കും. അല്ലെങ്കിൽ മദ്യത്തിലോ മയക്കുമരുന്നിലോ അഭയം തേടും.

കുട്ടികളെ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുക മാത്രമാണ് നമ്മളിപ്പോൾ ചെയ്യുന്നത്. എന്നാൽ, പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവരെ മാനസികവും ശാരീരികമായും തയ്യാറാക്കുക എന്നൊരു പ്രക്രിയ ഇവിടെ നടക്കുന്നില്ല.

അധ്യാപകരും മനസ്സിലാക്കുന്നില്ല

മാറിയ സാഹചര്യത്തിൽ കുട്ടി നേരിടുന്ന പ്രശ്നങ്ങൾ അധ്യാപകരും മനസ്സിലാക്കുന്നില്ല. ഉയർന്ന മാർക്കുനേടി വരുന്ന കുട്ടികളെന്ന നിലയ്ക്ക് അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്ത് വളരാൻ കുട്ടിക്കാകാതെ വരുമ്പോൾ അവർ അറിയാതെ തന്നെ കുട്ടികൾക്കുമേൽ സമ്മർദം ചെലുത്തും. ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യും. പ്രശ്നം നേരിടുന്ന കുട്ടികളെ തിരിച്ചറിയാനോ വേണ്ട ശ്രദ്ധ നൽകാനോ ഉള്ള സംവിധാനം അധ്യാപകർക്കിടയിലും ഇല്ല. സമ്മർദം കൂടുംതോറും കുട്ടി വീണ്ടും താഴേക്കുപോകും. ഹെൽത്തി കോപ്പിങ് ടെക്‌നിക്സ്‌ ഇല്ലാത്ത കുട്ടികൾ പഠിക്കാൻ ബഹുമിടുക്കരാണെങ്കിലും  ചെറിയ പ്രശ്നങ്ങളിൽപ്പോലും തളർന്നുപോകുന്നവരാകും.

വിഷാദത്തിൽ വീണുപോകുമ്പോൾ

അഡ്ജസ്റ്റ്‌മെന്റ് ഡിസോഡർ പരിഹരിക്കാതെ നീണ്ടുപോകുമ്പോൾ കുട്ടി വിഷാദത്തിലേക്കെത്തും. അതോടെ കുട്ടി പൂർണമായി തകരും. ഗുരുതരമായ അവസ്ഥയാണിത്. ഈ അവസ്ഥയിൽ കുട്ടിയുടെ ചിന്തയും വികാരങ്ങളുമെല്ലാം നെഗറ്റീവാകും. എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് ഭാവിയില്ല തുടങ്ങിയ ചിന്തകളിലായിരിക്കും അവർ. ഇത് അവരിൽ ഉറക്കക്കുറവുണ്ടാക്കും. മറ്റു കുട്ടികളുമായുള്ള ഇടപെടൽ കുറഞ്ഞ് ഉൾവലിയുന്നതായും കാണാം. അവിടെയാണ് ആത്മഹത്യാചിന്തകളും പ്രവണതയും ഉടലെടുക്കുക. അവർ പരോക്ഷമായി ഇതാരോടെങ്കിലും സൂചിപ്പിക്കുന്നുണ്ടാകും. മുതിർന്നവർ ഇതുകാര്യമായി എടുക്കാറില്ല. എന്നാൽ, ഇത്തരം സൂചന കിട്ടിയാലുടൻ അതു പരിഹരിക്കാനുള്ള സംവിധാനമുണ്ടാക്കണം.

കൗൺസലിങ് സെന്ററുകൾ വേണം

കുട്ടികളിലെ മാനസിക പിരിമുറുക്കം പരിഹരിക്കാൻ ഓരോ സ്ഥാപനങ്ങളിലും കൗൺസലിങ് സെന്ററുകളുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടങ്ങളിൽ ഉണ്ടെങ്കിലും അതൊക്കെ പേരിനുമാത്രമാണ്. ഏറ്റവും കൂടുതൽ സമ്മർദം കുട്ടികൾക്കുണ്ടാകാൻ സാധ്യതയുള്ളയിടങ്ങളാണ് ഐ.ഐ.ടി., എൻ.ഐ.ടി., മെഡിക്കൽകോളേജുകൾ എന്നിവ. ഇവിടെയെല്ലാം മികച്ച മാനസികവിദഗ്ധരുടെ സേവനം ആവശ്യമാണ്.

(കെ.എം.സി.ടി. മെഡിക്കൽകോളേജിൽ സൈക്യാട്രി വിഭാഗത്തിൽ പ്രൊഫസറാണ്‌ ലേഖകൻ)

മാഞ്ഞുപോകുന്നവർ

# അനൈഡ ഡേവിസ്

മികച്ച ഉന്നതവിദ്യാഭ്യാസത്തിനായി വീടും നാടുംവിട്ട് ഇതരസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർഥികൾ കടന്നുപോകുന്നത് സാംസ്കാരികാഘാതം, മാനസികസമ്മർദം എന്നിങ്ങനെയുള്ള വെല്ലുവിളികളിലൂടെയാണ്.

അടുത്തിടെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ വിദ്യാർഥികൾ മാനസികസമ്മർദങ്ങൾക്കടിപ്പെട്ട് ആത്മഹത്യചെയ്യുന്ന  സംഭവങ്ങൾ ഓർമിപ്പിച്ചത്, ബെംഗളൂരുവിലെ ബിരുദപഠനകാലത്ത് ഹോസ്റ്റലിൽ മുറിപങ്കിട്ടിരുന്ന കൂട്ടുകാരിയെയാണ്. പ്ലസ്ടുവരെ നാട്ടിൽ മലയാളം മീഡിയത്തിൽ പഠിച്ച്, മുൻനിര കോളേജിലെ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്ന സഹപാഠികൾക്കൊപ്പം എത്തിച്ചേരാനുള്ള പ്രയത്നങ്ങളിൽ ആദ്യകാലങ്ങളിൽ ഞങ്ങളൊരുമിച്ചായിരുന്നു. നീണ്ട പരിശ്രമത്തിലൂടെ ഞങ്ങളതിൽ വിജയം കണ്ടെത്തുകയും ചെയ്തു. എന്നാൽ, രണ്ടാംവർഷ മിഡ് സെമസ്റ്റർ പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റത് പ്ലസ് ടുവിന് മികച്ച വിജയശതമാനത്തോടെ പാസായ അവളെ തളർത്തി. പതിയെ അവൾ മാറുന്നത് ഞങ്ങൾ കണ്ടു. രാവിലെ കോളേജിലേക്ക് പുറപ്പെടുമെങ്കിലും അവൾ ക്ലാസിൽ കയറാറില്ലെന്ന് സഹപാഠികളും അധ്യാപകരും പരാതിപ്പെട്ടുതുടങ്ങി. പലപ്പോഴും കാന്റീനിൽ തനിയേ ഇരിക്കുന്ന അവളെക്കുറിച്ച് ആവലാതിപ്പെട്ട അന്നത്തെ സോഷ്യോളജി വിഭാഗം തലവൻ, ഞങ്ങൾ സുഹൃത്തുക്കളെ വിളിച്ച് വിവരമന്വേഷിക്കുകവരെയുണ്ടായി. അന്നുവരെ ഊർജസ്വലയായിരുന്ന അവൾ പതിയെ ആരോടും മിണ്ടാതായി. അവൾ വിഷാദത്തിലേക്ക് വീഴുകയാണെന്ന് ഭയന്ന ഞങ്ങൾ അവളുടെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ആദ്യമൊന്നും അദ്ദേഹമത് കാര്യമാക്കിയതേയില്ല.

ആരോ തന്നെ പിന്തുടരുന്നുണ്ടെന്നുപറഞ്ഞ്  ഒരു ദിവസം അവൾ മുറിയുടെ ജനാലകൾ കൊട്ടിയടച്ച് പത്രക്കടലാസൊട്ടിച്ച് മറച്ചു. പിന്തുടരുന്നവർ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ പുറത്തിറങ്ങാൻ ഭയമാണെന്നുപറഞ്ഞ് മുറിയടച്ചിരിക്കാൻ ആരംഭിച്ചു. മകൾക്ക് കുഴപ്പമൊന്നുമില്ലെന്നും പരീക്ഷയിൽ തോറ്റതിന്റെ വിഷമം മാത്രമാണെന്നുമായിരുന്നു അച്ഛന്റെ ആദ്യപ്രതികരണം. ആ സംഭവത്തോടെ ഞങ്ങളെ ശത്രുക്കളായി കണ്ടുതുടങ്ങിയ അവൾ ഹോസ്റ്റൽ മാറി.ആ സെമസ്റ്ററിലെ പരീക്ഷയിൽ അവൾ ഒന്നിലേറെ വിഷയങ്ങളിൽ പരാജയപ്പെട്ടു. ഹാജർ ശതമാനവും പരിധികഴിഞ്ഞ് താഴ്ന്നതോടെ  കോളേജ് അധികൃതർ അച്ഛനമ്മമാരെ വിളിപ്പിച്ചു. ഒടുവിൽ രണ്ടാം വർഷാവസാനത്തിൽ കോഴ്‌സ്  ഉപേക്ഷിച്ച അവളെയുംകൂട്ടി അച്ഛൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൈവിട്ടുപോയെന്നുകരുതിയ  ആ കൂട്ടുകാരി നാട്ടിൽ മറ്റൊരു കോഴ്‌സിൽ ചേർന്ന് പഠനം പുനരാരംഭിച്ച വാർത്തയാണ് പിന്നീട്  സുഹൃത്തുക്കൾക്ക് അല്പമെങ്കിലും ആശ്വാസമായത്.
 

(ബെംഗളൂരു ക്രൈസ്റ്റ് കോളേജ് മുൻ വിദ്യാർഥിനി)

ഫാത്തിമ ലത്തീഫിന്റെ മരണം: അധ്യാപകരുടെ പീഡനമോ? നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നു? ഈ വിഷയത്തില്‍ വായനക്കാര്‍ക്കും പ്രതികരിക്കാം...