ചരക്കുലോറികൾമുതൽ പാഴ്‌സലായിവരെ -കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്ത് പല മാർഗങ്ങളിലാണ്. ആ വഴിയിലൂടെ ടീം മാതൃഭൂമി അന്വേഷണം.

ആന്ധ്ര, തെലങ്കാന, ഛത്തീസ്ഗഢ് വനമേഖലകൾ. മാവോവാദിസാന്നിധ്യംകൊണ്ട് ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന പ്രദേശം. ഇവിടെയെല്ലാം ഇപ്പോൾ ഒരു ഇടുക്കി ടച്ച് ഉണ്ട്. ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന കഞ്ചാവിന്റെ മണമുണ്ട്. മലയാളികളാണ് ഇവിടത്തെ കഞ്ചാവുകൃഷിക്കു പിന്നിലെന്ന് എക്സൈസ് സംഘം പറയുന്നു.ഇടുക്കി ജില്ലയിൽ നിന്നുള്ളവരാണ്‌ കൂടുതലും. കേരളത്തിൽ നിലവിൽ കൃഷിയില്ലെന്നാണ് എക്സൈസ് സംഘം പറയുന്നത്. അതിനാൽ മികച്ച ‘കഞ്ചാവ് കർഷകർ’ ചുവപ്പ് ഇടനാഴിയിലേക്ക് കളംമാറ്റി. ഏജന്റുമാർ വഴിയാണ് കൃഷിക്കായി ആളുകളെ കൊണ്ടുപോകുക.

കൃഷിഭൂമി തയ്യാറാക്കൽമുതൽ വിളവെടുക്കൽവരെ അവരുടെ ചുമതലയാണ്. ആറുമാസത്തേക്ക് ഇവർക്ക് പുറംലോകവുമായി ബന്ധം ഉണ്ടാകില്ല. വീട്ടുകാരെ ഫോൺവിളിക്കാൻപോലും അനുമതിയില്ല. ആവശ്യത്തിന് പണവും ലാഭവിഹിതവും കൈമാറും. കൃഷിചെയ്യുന്നത് എവിടെയാണെന്നോ, ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ അറിയിക്കില്ല. ആറുമാസത്തിനുശേഷം ജോലിതീർത്ത് ഇവർ നാട്ടിലേക്ക് മടങ്ങും. പിന്നീട് അടുത്ത സീസണിൽ പോകും.

കഞ്ചാവിലുമുണ്ട് കരിഞ്ചന്ത

ആന്ധ്ര, തെലങ്കാന, ഛത്തീസ്ഗഢ് വനമേഖലകളിൽനിന്നാണ് കേരളത്തിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് എത്തുന്നതെന്ന് എക്സൈസ് പറയുന്നു. കഞ്ചാവ് വിൽപ്പനയിലുമുണ്ട് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും. മൊത്തമായി കഞ്ചാവ് എടുക്കുമ്പോൾ കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ കിട്ടും. ഇത് കേരളത്തിൽ എത്തിച്ച് വിവിധ സ്ഥലങ്ങളിലായി ഒളിപ്പിക്കും. ആവശ്യക്കാർ ഏറുന്ന സമയങ്ങളിൽ കിലോയ്ക്ക് ഒരു ലക്ഷംരൂപയിലേറെ കിട്ടുംവിധം കച്ചവടമുറപ്പിക്കും. ചാക്കുകണക്കിന് കഞ്ചാവ് പിടിക്കാനാകുന്നത് ഇതുമൂലമാണ്. കഴിഞ്ഞവർഷംമാത്രം 5000 കിലോ കഞ്ചാവാണ് ഇങ്ങനെ വിവിധയിടങ്ങളിൽനിന്നായി പിടികൂടിയത്.

മാവോവാദി സാന്നിധ്യത്തിൽ കാടിനുള്ളിലാണ് കൃഷിയും വിളവെടുപ്പും പാക്കിങ്ങുമെല്ലാം. മാവോവാദികൾക്ക്‌ കൃത്യമായ ഹഫ്‌ത നൽകണം. ആന്ധ്രയിലെ പാടേരു കഞ്ചാവുകൃഷിക്ക് കുപ്രസിദ്ധമാണ്. ഇവിടെ മലയാളി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. കഞ്ചാവ് വാങ്ങാൻ പാടേരുവിലെത്തി കഞ്ചാവ് കൃഷിക്കാരുമായി ബന്ധം സ്ഥാപിച്ചെടുക്കും. പിന്നീട് കഞ്ചാവ് കൈമാറുന്ന ഏജന്റുമാരായി മാറും. സാംപിൾ നൽകി കച്ചവടം ഉറപ്പിക്കുന്നത് ഈ ഏജന്റുമാരാണ്. ശേഷം കഞ്ചാവ് വാങ്ങാൻ വന്നവരുടെതന്നെ വാഹനവുമായി ഇയാൾ വനത്തിലേക്കു പോകും. ലോഡ് കയറ്റിയശേഷം തിരികെ കൊണ്ടുവന്ന് നൽകുന്നതാണ് രീതി. കഞ്ചാവ് വാറ്റിയുള്ള ഹാഷിഷ് ഓയിലും ഇത്തരത്തിൽ ഇവിടെ നിന്നെത്തുന്നുണ്ട്.

കമ്പംമേട്ടിലെ നൂറുകേസുകൾ

കേരളത്തിലേക്കുള്ള ലഹരികടത്തിന്റെ സുവർണപാതയാണ് ഇടുക്കി കമ്പംമേട്‌. ബൈക്ക് യാത്രാപ്രിയരായ റൈഡർ ഗാങ്ങുകളെന്ന വ്യാജേനയാണ് കടത്തുകളേറെയും. ചില്ലറ വിൽപ്പനക്കാരിൽ ഭൂരിഭാഗവും ഇത്തരക്കാരാണ്. കമ്പം, തേനി ഭാഗങ്ങളിലേക്കാണ് ഇവരുടെ യാത്ര. ഇടുക്കിയിലെ കമ്പംമേട്‌ ചെക്‌പോസ്റ്റിൽ മാത്രം രജിസ്റ്റർചെയ്യുന്ന കേസുകളുടെ എണ്ണവും പ്രതിമാസം നൂറിനടുത്താണ്.എറണാകുളം ജില്ലയിലേക്കുമാത്രം കഞ്ചാവ് എത്തിക്കാൻ അൻപതോളം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. യുവതികളും വിദ്യാർഥികളും ഇവരിലുണ്ട്. കമ്പത്തുനിന്നും തേനിയിൽനിന്നും സാധനം വാങ്ങി സുരക്ഷിതമായി എത്തിച്ചാൽ വൻതുകയാണ് പ്രതിഫലം.

പുറമേനിന്നുള്ള വരവ്

തമിഴ്‌നാട്ടിൽ കൃഷിചെയ്യുന്ന കഞ്ചാവെത്തുന്നത് കുറഞ്ഞിട്ടുണ്ട്. നിലവിൽ വരുന്നതെല്ലാം ആന്ധ്ര-ഒഡിഷ അതിർത്തിയിലെ വനമേഖലയിൽ നിന്നാണ്. കേരളത്തിലേതു പോലെ എൻഫോഴ്‌സ്‌മെന്റ് ആക്ടിവിറ്റികൾ അവിടെ നടക്കുന്നില്ല. മാവോവാദിസാന്നിധ്യം ഉള്ള മേഖലയിലാണ് കൃഷി നടക്കുന്നത്. ഇവർക്ക് പണം നൽകി ഇവരുടെ സഹായത്തോടെ ഇടുക്കിയിലുള്ളവരും മറ്റും വനമേഖലയിൽ കൃഷി നടത്തുന്നുണ്ട്.
- കെ.എ. നെൽസൺ, ജോയന്റ് കമ്മിഷണർ, എക്സൈസ് ക്രൈംബ്രാഞ്ച്

കേരളത്തിൽ പ്രധാനമായും അഞ്ചുമാർഗങ്ങളിലൂടെയാണ് മയക്കുമരുന്ന് വിതരണത്തിനെത്തുന്നത്

ചരക്കുവണ്ടികളിൽ

കൂടുതലും കടത്തുന്നത് കഞ്ചാവ്. വരുന്നത് ആന്ധ്ര, തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയിടങ്ങളിൽനിന്ന്. വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിൽ രഹസ്യ അറ നിർമിച്ച്, പാക്കുചെയ്ത കഞ്ചാവ് ഒളിപ്പിച്ചുതരും. ചെന്നൈ-കോയമ്പത്തൂർ-പാലക്കാട് വഴിയാണ് വരവ്

വിമാനത്താവളം

കൊക്കെയിനും ഹെറോയിനും. ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളെ ഉപയോഗിച്ചാണ് കടത്ത്. കുറഞ്ഞപ്രതിഫലംമതി ഇവർക്ക്. പുറംരാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഇവരുടെ ഇഷ്ടവും മുതലെടുക്കും. കൊച്ചി വിമാനത്താവളത്തിൽമാത്രം ഈയടുത്ത് പിടികൂടിയത് നാലുപേരെ. ഗർഫ് രാജ്യങ്ങളിൽനിന്ന് സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള കടത്തുമുണ്ട്

പാഴ്‌സലായി

ബെംഗളൂരുവിൽനിന്ന് പാഴ്‌സലായി. ഇതിനായിത്തന്നെ ഏജൻസികളുണ്ട്. സമ്മാനമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ളതാണ് ഇവരുടെ കടത്തുരീതി. ചോക്ലേറ്റ് മിഠായിയാണെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് സമ്മാനപ്പൊതിപോലെ അയച്ചുവിടും. ഒന്നോ രണ്ടോ ഗ്രാം മാത്രമാണ് അയക്കുക. അതിനാൽ പിടിക്കാൻ പ്രയാസം

ഓൺലൈൻ ഡെലിവറി

ഓൺലൈൻ ഡെലിവറിയാണിപ്പോൾ പ്രധാനവഴി. ആവശ്യക്കാരിൽനിന്ന് ഓർഡർ കിട്ടുമ്പോൾ ഫുഡ് ഡെലിവറി ബാഗിൽ പാഴ്‌സൽ ഭക്ഷണത്തോടൊപ്പം സാധനവും എത്തിക്കും. തിരുവനന്തപുരം നെടുമങ്ങാട്ട് ഇത്തരം ഓൺലൈൻ ഡെലിവറിക്കാരെ പിടികൂടിയിരുന്നു.

കൂറിയർ

കളിപ്പാട്ടങ്ങളുടെയും തുണിത്തരങ്ങളുടെയും മറവിൽ. 10 ഗ്രാമിൽ താഴെയും മറ്റും സിന്തറ്റിക് ലഹരിവസ്തുക്കളാകും അയക്കുക. ഇവ കണ്ടെത്തുക അസാധ്യം.

തയ്യാറാക്കിയത്

 

അനു അബ്രഹാം 
രാജേഷ് കെ. കൃഷ്ണൻ
കെ.പി. ഷൗക്കത്തലി
കെ.ആർ. അമൽ
പ്രദീപ് പയ്യോളി

content highlights:idukki in chhattisgarh ganja inflow to kerala