ഒരാൾക്കും സംഭവിക്കരുതേയെന്ന് ആരും ചിന്തിച്ചുപോകുന്നക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛനാണ് ബദരീനാഥ് സിങ്. ലോകം നിർഭയയെന്ന് വിളിച്ച പെൺകുട്ടിയുടെ പിതാവ്. അപ്രതീക്ഷിത ദുരന്തത്തിൽ മരവിച്ചിരിക്കുന്നതിന് മകളുടെ നീതിക്കായി ഏഴുവർഷം പോരാടിയ ഈ അച്ഛന് സമൂഹത്തോട് പറയാനുള്ളത് കേൾക്കാം. മാതൃഭൂമി പ്രതിനിധി ഷൈൻ മോഹന് അനുവദിച്ച അഭിമുഖത്തിൽനിന്ന്

?നമ്മുടെ നാട്ടിൽ ഇപ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഏറെ വർധിച്ചു. തെരുവുവിളക്കുകളും മറ്റുസംവിധാനങ്ങളുമെല്ലാം. എന്നിട്ടും പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടിവരുന്നതിന് ആരാണ് ഉത്തരവാദി

നോക്കൂ, അത്തരം സുരക്ഷകൾകൊണ്ടൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പുറത്ത് സുരക്ഷ വർധിപ്പിക്കാനേ സർക്കാരിന് സാധിക്കൂ. വീട്ടിനകത്തു നടക്കുന്ന അതിക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി. ബന്ധുക്കൾതന്നെ പെൺകുട്ടികളെ ഉപദ്രവിക്കുമ്പോൾ എവിടെയാണ് സുരക്ഷ? അതിനാൽ നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്. നമ്മൾ ഒരാൾ മാറിയാൽ അയൽക്കാരും മാറും. അങ്ങനെ സമൂഹം മാറും. ഇന്ന് ആളുകൾക്ക് ഉറങ്ങാൻപോലും സമയമില്ല. എപ്പോഴും മൊബൈലിലാണ്. പൈസയെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. പണ്ട് ഇത്രയൊന്നും സുരക്ഷയുണ്ടായിരുന്നില്ല. ഇപ്പോൾ സുരക്ഷയുണ്ടെങ്കിലും അതുകൊണ്ട് കാര്യവുമുണ്ടാകുന്നില്ല.

? നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ ഏറെ വൈകിയെന്ന വാദമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥകൾ വളരെ വൈകിയാണോ നീതി നടപ്പാക്കുന്നത്

നമ്മുടെ ജുഡീഷ്യറിക്ക് ഏറെ പരിമിതികളുണ്ട്. ഈ കേസിൽത്തന്നെ നോക്കൂ, മാധ്യമങ്ങൾ ഇത്രയധികം ഇടപെട്ടു. ജനങ്ങൾ തെരുവിലിറങ്ങി. അതുകൊണ്ടാകാം വൈകിയെങ്കിലും ഇത്രയെല്ലാം സംഭവിച്ചത്. ഒട്ടേറെ ബലാത്സംഗങ്ങളും പീഡനങ്ങളും നടക്കുന്നു. കോടതികൾക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത്?

? കുറ്റവാളികളെ തൂക്കിലേറ്റരുതെന്ന തരത്തിൽ വിവാദങ്ങളുണ്ടായിരുന്നില്ലേ, അടുത്തിടെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് പോലും അങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. എന്തു തോന്നി

ഇന്ദിരാ ജെയ്‌സിങ് മാത്രമല്ല. മറ്റുപലരുമുണ്ട് അങ്ങനെ പറയുന്നവർ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രതികളെ തൂക്കിലേറ്റുന്നത് കൊലപാതകമാണെന്ന് അവർ പറയുന്നു. അതുകേട്ടാൽത്തോന്നും 2012 ഡിസംബർ 16-ന് രാത്രി പ്രതികൾ രാമായണവും മഹാഭാരതവും കാണുകയായിരുന്നുവെന്ന്.

? പ്രതികളുടെ മനുഷ്യാവകാശത്തെക്കുറിച്ച് ചിലർ പറയുന്നുണ്ടല്ലോ

മനുഷ്യാവകാശത്തിന്റെ അർഥമെന്താണ്? അത് മനുഷ്യർക്കുള്ളതാണ്. ഇവർ രാക്ഷസന്മാരാണ്. ഭീകര രാക്ഷസന്മാർ. അവർക്കെങ്ങനെയാണ് മനുഷ്യാവകാശമുണ്ടാവുക? നോക്കൂ, ഈ മനുഷ്യാവകാശം പറയുന്നവരെല്ലാം കുറ്റവാളികളെക്കുറിച്ചാണ് പറയുന്നത്. അവർ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചല്ല. വിദേശത്തുനിന്നുപോലും പണം വാങ്ങി കുറ്റവാളികൾക്കുവേണ്ടി ചെലവാക്കുന്നു.

? ഇപ്പോഴത്തെ രക്ഷിതാക്കളോട് എന്താണ് പറയാനുള്ളത്

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ കാണണം. അംഗീകരിക്കണം. പണ്ടുകാലത്ത് ആൺകുട്ടികൾക്കായിരുന്നു എല്ലാം ലഭിച്ചിരുന്നത്. ഭക്ഷണം മുതൽ വിദ്യാഭ്യാസം വരെ എല്ലാം. അതുപാടില്ല. ആൺകുട്ടികളെ എത്രത്തോളം അംഗീകരിക്കുന്നോ അത്രതന്നെ പെൺകുട്ടികളെയും അംഗീകരിക്കണം. ശരിയാണ്, അവൾ മറ്റു കുടുംബങ്ങളിൽ ചെന്നു കയറേണ്ടവരാണ്. എന്നാൽ, അതുപോലെ നമ്മുടെ കുടുംബത്തിലും മറ്റൊരുവീട്ടിൽനിന്ന് ആരെങ്കിലും വരില്ലേ?

ഞങ്ങൾ ടാറ്റയോ ബിർളയോ ഒന്നുമല്ല. തികച്ചും സാധാരണ കുടുംബത്തിൽ നിന്നാണ്. എന്നിട്ടും മക്കളെ പഠിപ്പിച്ചു. ദൗർഭാഗ്യംകൊണ്ട് മക്കൾക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ, അത് പെൺകുട്ടിക്കാണെങ്കിലും ആൺകുട്ടിക്കാണെങ്കിലും അവർക്കൊപ്പം നിൽക്കണം. ദുരനുഭവമുണ്ടായത് അവരുടെ തെറ്റുകൊണ്ടല്ല. അതിനാൽ അവർക്ക് പിന്തുണ നൽകണം. സമൂഹം എന്തുപറയുമെന്നോർത്ത് മിണ്ടാതിരിക്കരുത്. അപ്പോഴാണ് സമൂഹം തെറ്റിദ്ധരിക്കുക, നമ്മളും എന്തോ തെറ്റു ചെയ്തുവെന്ന്. ചിലർ പറഞ്ഞു, മകളുടെ പേര് പുറത്തുപറയരുതെന്ന്. എന്തിനാണ് പറയാതിരിക്കുന്നത്. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റുചെയ്തവരാണ് നാണിക്കേണ്ടത്.

? പെൺകുട്ടികൾ വൈകിയെത്തിയാൽ മാത്രം ചോദ്യംചെയ്യുന്നത് ശരിയാണോ

ഒട്ടുമല്ല, പെൺകുട്ടികളെ ചോദ്യംചെയ്യുന്നുണ്ടെങ്കിൽ അതുപോലെ ആൺകുട്ടികളോടും ചോദിക്കണം. അവർ വൈകിവന്നാലും എവിടെയെന്ന് അറിയണം. സ്ത്രീകളും പുരുഷന്മാരും തെറ്റുകൾ ചെയ്യുന്നുണ്ട്. തെറ്റുചെയ്യുന്ന സ്ത്രീകളെ മാത്രം വെറുതേവിടേണ്ട കാര്യവുമില്ല.

Content Highlights: Human rights are only for Humans, not for devils- Nirbhaya's Father