യുവജനദിന വെബിനാർ
സമൂഹത്തിന് അനുഗുണമാകുന്ന തരത്തില്‍ കേരളത്തിലെ വികസനസാധ്യതാ മേഖലകള്‍ കേന്ദ്രീകരിച്ച് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അവസരം നല്‍കുന്ന നോളജ്‌സെന്ററുകള്‍ സര്‍വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കുമെന്ന പ്രത്യാശാനിര്‍ഭരമായ കാഴ്ചപ്പാടാണ് ധനമന്ത്രി തോമസ് ഐസക് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പങ്കുവെച്ചത്‌. ഈ പശ്ചാത്തലത്തില്‍ മാതൃഭൂമി യുവജനദിനത്തോടനുബന്ധിച്ചു നടത്തിയ ചര്‍ച്ച കൂടുതല്‍ പ്രസക്തമാവുകയാണ്


പ്രശ്നങ്ങൾ അംഗീകരിക്കുക, തിരുത്തുക
# ഡോ. ആഷ്‌ലി എൻ.പി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെക്കുറിച്ച് അത്രനല്ല അഭിപ്രായമല്ല വ്യക്തിപരമായി എനിക്കുള്ളത്. കേരളത്തിലെ വിദ്യാഭ്യാസരീതി പിന്തുടരുന്ന വിദ്യാർഥി ലാംഗ്വേജ് സ്കില്ലിൽ വളരെ പിന്നിലാണ് എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാഭ്യാസനിലവാരം താഴേക്കുപോയി.
കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ലക്ഷങ്ങൾ വാങ്ങിയുള്ള വിദ്യാഭ്യാസക്കച്ചവടമാണ് നടക്കുന്നത്.

അധ്യാപകതസ്തികകളിലേക്കും പണം വാങ്ങിയുള്ള നിയമനമാണ് നടക്കുന്നത്. എന്റെ അറിവിൽ വളരെക്കുറച്ച് കോളേജുകളിൽമാത്രമാണ് പണംവാങ്ങാതെ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ ഇങ്ങനെയായതുകൊണ്ട് ഡൽഹിയിൽ കോളേജ് പ്രവേശനംതേടുന്ന പലരും എത്ര കാശ് കൊടുത്താൽ മാനേജ്‌മെന്റ് സീറ്റ് നേടാനാകും എന്നുചോദിച്ചുവരാറുണ്ട്. ഇവിടെ അങ്ങനെയൊരു സംഗതിയേ ഇല്ല എന്നതാണ് ശരി.

കേരളം ഒരു ഹൈപ്പർ കൺസ്യൂമറിസ്റ്റ് സമൂഹമാണ്. കോവിഡ് കാലത്തെ കാര്യമെടുത്താൽ കേരളത്തിൽനിന്നുള്ള ഒരുപാട് വിദ്യാർഥികൾ പലരാജ്യങ്ങളിലായി കുടുങ്ങിപ്പോയിരുന്നു. എന്നാൽ, കേരളത്തിലായിപ്പോയ എത്ര വിദേശവിദ്യാർഥികളുണ്ട്.  മുന്പ് സർവകലാശാലകളിലും കോളേജുകളിലും കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുൾപ്പെടെ പ്രഗല്ഭരായ അധ്യാപകരുണ്ടായിരുന്നു. ഇന്ന് എല്ലാ സർവകലാശാലകളിലും പ്രാദേശികവാദം വല്ലാതെ വേരാഴ്ത്തിയെന്നുപറയുന്നതാണ് ശരി. കേരളത്തിലെ അധീശത്വസമുദായങ്ങളും സമ്പന്നവർഗവും വിദ്യാഭ്യാസരംഗത്തെ കൈയടക്കി. ഇങ്ങനെ കഴിഞ്ഞ 20 കൊല്ലംകൊണ്ട് ഒരു തലമുറയെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞ ഒരു സമ്പ്രദായം ഇവിടെയുണ്ടായിപ്പോയിട്ടുണ്ട്. അക്കാര്യത്തിൽ അങ്ങേയറ്റം നിരാശയുണ്ട്.
ഐ.ടി.യായാലും സയൻസായാലും നമുക്കൊരു സുവർണകാലമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണംപറഞ്ഞ സോഷ്യൽ സയിന്റിസ്റ്റുകൾ കേരളത്തിലായിരുന്നു.  പ്രഗല്‌ഭരായ ഇംഗ്ലീഷ് അധ്യാപകർ ഇവിടെയുണ്ടായിരുന്നു. ഇന്നുപക്ഷേ, അതല്ല സ്ഥിതി. എവിടെയോ നമുക്ക് പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യമുണ്ടാകേണ്ടത്. അതില്ലാതെ കാര്യമില്ല.

നമ്മുടെ അക്കാദമികസംസ്കാരം താഴേക്കുപോകുകയും നല്ല അധ്യാപകർ ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ‘നാക്കി’ന്റെ അക്രഡിറ്റേഷനുവേണ്ടി വിവരങ്ങൾ കൊടുക്കാനും പരീക്ഷാനടത്തിപ്പിനുംവേണ്ടിയുള്ള ക്ലാർക്കുമാരായി അധ്യാപകർ മാറി.

രാഷ്ട്രീയവും ബ്യൂറോക്രസിയും ജാതീയതയും അഴിമതിയുമെല്ലാം ചേർന്നുള്ള സംവിധാനമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിക്കുന്നതെന്നുപറയാം. അഴിമതിയോട് നോ പറയുക എന്നതാണ് പ്രധാനം. ഇവിടെ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. പിന്നീടാണ് അത് പരിഹരിക്കാൻ ശ്രമിക്കേണ്ടത്. അറിവിനെക്കാൾ മികച്ചതാണ് തിരിച്ചറിവ്.

അസി. പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, സെയ്ന്റ് സ്റ്റീഫൻസ് കോളേജ്, ന്യൂഡൽഹി


കാഴ്ചപ്പാടിന്റെ അപര്യാപ്തത
# ഡോ. ജിഷ്ണു നാരായൺ

കേരളത്തിൽ മെന്റർമാരുടെ അല്ലെങ്കിൽ മികച്ച അധ്യാപകരുടെ അഭാവം വലിയ രീതിയിലുണ്ട്. ഒരാൾക്ക് ഗവേഷണപാടവമുണ്ടെങ്കിലും മറ്റൊരാൾക്ക് വഴികാട്ടിയാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടാവണമെന്നില്ല. അധ്യാപനവും ഗവേഷണവും രണ്ടാെണങ്കിലും വിദ്യാർഥികൾക്ക് പ്രചോദനംനൽകാനുള്ള കഴിവുകൂടി അവരിൽ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

ചോദ്യങ്ങളുന്നയിക്കാനുള്ള കുട്ടികളുടെ ചോദനയെ ചെറുപ്പത്തിലേ നശിപ്പിച്ചുകളയുന്നൊരു സംവിധാനമാണ് കേരളത്തിലുള്ളത്. വീടുകളിൽനിന്ന് അത് തുടങ്ങുന്നു. മുതിർന്നവരെ ചോദ്യംചെയ്യാൻ പാടില്ല എന്നതിൽനിന്ന് അധ്യാപകരെ ചോദ്യംചെയ്യാൻ പാടില്ല എന്നതിലേക്കെത്തുന്നു. ചോദ്യംചെയ്യാൻ തുടങ്ങിയാൽ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നമുണ്ടെന്ന രീതിയിലേക്കാണ് സമൂഹത്തിന്റെ ചിന്ത. ഒരു വൺവേ മാധ്യമത്തിലൂടെയാണ് ഇവിടത്തെ അറിവിന്റെ വിതരണം എന്നുപറയാം. നമ്മളുണ്ടാക്കിവെച്ചിട്ടുള്ള വിദ്യാഭ്യാസചട്ടക്കൂടിന്റെ പ്രശ്നമാണത്.

ഗവേഷണത്തിന്റെ അഭാവവും കാഴ്ചപ്പാടിന്റെ അപര്യാപ്തതയുമാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ. പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുക. കാലഹരണപ്പെട്ട സംവിധാനങ്ങളെ പൊളിച്ചുമാറ്റി പുതിയകാലത്തിന് അനുസരിച്ച് മാറാൻ ശ്രമിക്കുക.

നെതർലൻഡ്‌സ് ടി.യു. ഡെൽഫ്റ്റ് സർവകലാശാലയിൽനിന്ന് ട്രാൻസ്പോർട്ടേഷൻ പ്ലാനിങ്ങിൽ പിഎച്ച്‌.ഡി. എടുത്തശേഷം അവിടെത്തന്നെ  പോസ്റ്റ്‌ ഡോക്ടറൽ റിസർച്ച് ചെയ്യുന്നു


ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് കേരളത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതിന് ധാരാളം തെളിവുകൾ നമ്മുടെ മുമ്പിലുണ്ട്.  നമ്മുടെ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ഉന്നത ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുടെ അഭാവവുംമറ്റും  ഈ തോന്നലിന് ആക്കംകൂട്ടുന്നുണ്ട്. ഒരുകാലത്ത്  വിദേശരാജ്യങ്ങളിൽനിന്നുപോലും അധ്യാപകർ നമ്മുടെ കോളേജുകളിൽ പഠിപ്പിച്ചിരുന്നു. പല സർവകലാശാലയിലും മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള പ്രഗല്ഭരായ അധ്യാപകരുടെയും  ഗവേഷകരുടെയും സാന്നിധ്യം നമുക്കുണ്ടായിരുന്നു. വിജ്ഞാനവിനിമയവും വിജ്ഞാനനിർമാണവും മുഖ്യകർമപദ്ധതിയായിരുന്ന നമ്മുടെ സർവകലാശാലകളും കോളേജുകളും ഇന്നിപ്പോൾ ഒരു യാഥാസ്ഥിതികത്വത്തിന്റെ  കൈപ്പിടിയിലൊതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന  യാഥാസ്ഥിതികത്വം പുതിയ മാറ്റങ്ങളെ വിദ്യാഭ്യാസരംഗത്ത് പരീക്ഷിക്കുന്നതിൽനിന്ന്‌  നമ്മെ പിന്നോട്ടുവലിച്ചു. ജൈവികമായ അനുഭവങ്ങളുടെ അഭാവത്തിലൂടെ അക്കാദമിക് ദന്തഗോപുരങ്ങളിൽനിന്ന്‌ യാഥാർഥ്യബോധമില്ലാത്ത വിദ്യാർഥികളെ നാം ഫാക്ടറിയിൽനിന്ന് ഉത്‌പന്നങ്ങൾകണക്കെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ, വളരെ പ്രഗ്‌മറ്റിക് എന്നുതോന്നാവുന്ന രീതിയിൽ അറിവിന്റെ സമ്പാദനവും അതിന്റെ മൂല്യനിർണയവും അതുവഴി ഒരു സർട്ടിഫിക്കറ്റ് സമ്പാദനവും എന്ന രീതിയിലേക്ക് ഉന്നതവിദ്യാഭ്യാസം ചുരുക്കപ്പെട്ടു. ഇതുവഴി ഏറ്റവുമധികം തിരിച്ചടി നേരിട്ടത് നാളിതുവരെ നമ്മുടെ പ്രൗഢപാരമ്പര്യമെന്ന് കരുതിയിരുന്ന വൈജ്ഞാനികതയ്ക്കും അതിന്റെ ഫലമായി നാം ഈ കാലഘട്ടത്തിൽ ആർജിക്കേണ്ടിയിരുന്ന ഉത്കൃഷ്ടമായ ഗവേഷണസംസ്കാരത്തിനുമാണ്.

നമുക്ക് എന്നോ നഷ്ടമായിപ്പോയ നമ്മുടെ വൈജ്ഞാനികപാരമ്പര്യത്തെ തിരിച്ചുപിടിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കൊപ്പംതന്നെ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പിന്തുണയുണ്ടായാൽമാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഉന്നതവിദ്യാഭ്യാസത്തിന്റെതന്നെ വ്യത്യസ്തമേഖലകളെ പ്രതിനിധാനംചെയ്യുന്ന യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്ന ഈ ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

# ഡോ. അമൃത് കുമാർ, കേന്ദ്രസർവകലാശാല


യാഥാർഥ്യബോധത്തിന്റെ അഭാവം
# ലക്ഷ്മിഗിരീഷ് കുറുപ്പ്
കുറെ പുസ്തകങ്ങൾ കാണാതെ പഠിച്ച് അത് പേപ്പറിലേക്ക് പകർത്തിയുള്ള വിദ്യാഭ്യാസരീതിയാണ് കേരളത്തിലേത്. യാഥാർഥ്യബോധത്തിന്റെ അഭാവം നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടെന്നത് പ്രകടമാണ്. റെപ്രസന്റേഷണൽ റിയാലിറ്റി എന്നൊരു സംഗതിയിലൂടെ നമ്മുടെ വിദ്യാർഥികൾ കടന്നുപോകുന്നതേയില്ല. ജീവിതത്തോട്‌ ചേർന്നുനിൽക്കുന്ന ഒരു പഠനരീതിയല്ല നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തിന്.

ഒരു വിദ്യാർഥി ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനുമുമ്പായി തന്റെ സ്‌ട്രെങ്ത് എന്താണ്, വീക്ക്‌നെസ് എന്താണ്, ഭാവിയിൽ എന്തൊക്കെ അവസരങ്ങളുണ്ടാകും, എന്തൊക്കെ ഭീഷണികളാണ് നേരിടേണ്ടിവരുക എന്നതിനെക്കുറിച്ച് സ്വോട്ട് (SWOT) അനാലിസിസ് നടത്തുന്നില്ലെന്ന് വ്യക്തമാണ്. സുരക്ഷിതമായ ഒരു ജോലി സമ്പാദിക്കാനായി ഒരു കോഴ്‌സ് പഠിച്ചിറങ്ങുന്നു അത്രമാത്രം.

യു.കെ.യിലെ ബെഡ്‌ഫോഷയർ സർവകലാശാലയിൽ നിന്ന്‌ എം.എ. എം.സി.ജെ., പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, സോഫ്റ്റ് സ്കിൽ ആൻഡ്
കമ്യൂണിക്കേഷൻ ട്രെയിനർ


ഗവേഷണസംസ്കാരം കൊണ്ടുവരണം
# രാകേഷ് എം. കൃഷ്ണൻ
ഒന്നാമത്തെ കാര്യം ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാവർക്കും കിട്ടുന്നില്ല. അതിന്റെ വിതരണം തുല്യമല്ല എന്ന്‌ പറയേണ്ടിവരും. ഉന്നതവിദ്യാഭ്യാസം ഇപ്പോഴും ആഡംബരമായിത്തുടരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. സ്റ്റൈപ്പൻഡുൾപ്പെടെയുള്ള കാര്യങ്ങൾ വന്നതിനുശേഷമാണ് കഴിഞ്ഞ നാലോ അഞ്ചോ കൊല്ലംകൊണ്ട് എല്ലാവരും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്‌. ഈ പശ്ചാത്തലം മനസ്സിലാക്കിക്കൊണ്ടുമാത്രമേ കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥിതിയെക്കുറിച്ച് ചർച്ചചെയ്യാനാകൂ. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴ്ന്നതാണെന്ന അഭിപ്രായം എനിക്കില്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലായിരുന്നു എന്റെ ഡിഗ്രി പഠനം. അവിെടനിന്ന് ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലേക്കെത്തുമ്പോൾ ഭാഷാപരമായ ബുദ്ധിമുട്ടുണ്ടായിട്ടില്ല. കേരളത്തിൽനിന്നുള്ള മറ്റുവിദ്യാർഥികൾക്കും അങ്ങനെയുണ്ടായിട്ടില്ല എന്നാണ് കരുതുന്നത്.

എന്തുകൊണ്ടാണ് അങ്ങനെയൊരു പരിസരം കേരളത്തിനുള്ളിൽ നിർമിച്ചെടുക്കാൻ നമുക്ക് കഴിയാത്തത് എന്നതാണ് ചോദ്യം. കേരളത്തിന് ശക്തമായൊരു റിസർച്ച് കൾച്ചർ ഇല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം, നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസം ഏതെങ്കിലും ഇൻഡസ്ട്രിയെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നൂതനസംവിധാനത്തെയോ ലക്ഷ്യമിട്ടുള്ളതല്ല. സുരക്ഷിതമായ സർക്കാർ ജോലി എന്ന ഒരൊറ്റ ലക്ഷ്യംമാത്രമേയുള്ളൂ ഇവിടത്തെ ഉന്നതവിദ്യാഭ്യാസത്തിന്. നിർമിതബുദ്ധിപോലെയുള്ള കാര്യങ്ങളിൽ വളരെ പിന്നിലാണ് നമ്മൾ. ഭാവിയിലെ സാധ്യതകൾ  മുന്നിൽക്കണ്ട് നമ്മൾ തയ്യാറെടുക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

ഈ മേഖലയിൽ കക്ഷിരാഷ്ട്രീയമുണ്ടെന്നത് സത്യമാണ്. നമ്മുടെ വിദ്യാഭ്യാസസംവിധാനം ദുർബലമായിപ്പോയതിന്റെ പ്രത്യാഘാതമായി ഉണ്ടായിവന്നതാണത്. അതുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസമേഖല സമുദായസമ്പന്ന വർഗങ്ങൾ കൈയടക്കിയത്. പക്ഷേ, ഇതുമാത്രമാണോ ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാനം പിന്നിലേക്കുപോകുന്നതിന്റെ കാരണം. ഇവിടെ വൈജ്ഞാനികതയുണ്ടെങ്കിലും അത് വളരെ കൃത്രിമമാണ്. നല്ല റിസർച്ച് കൾച്ചർ ഉണ്ടാക്കിയെടുക്കുകയെന്നതും കേരളത്തിനൊരു റിസർച്ച് സെന്റർ കൊണ്ടുവരാനുള്ള ശ്രമങ്ങളുമാണ് വേണ്ടത്.

പുണെ ആസ്ഥാനമാക്കിയ ഹിസ്റ്റോറിക്കൽ സോഷ്യോളജിസ്റ്റ്, അധ്യാപകൻ, ഗവേഷകൻ


പുതിയ ലോകത്തെ കാണാനാവണം
# ഡോ. ശ്രീകല മുല്ലശ്ശേരി
സാമ്പ്രദായിക വിദ്യാഭ്യാസരീതിയോടുമാത്രമാണ് ഇന്നും നമ്മുടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താത്പര്യം. ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഇന്റർഡിസിപ്ലിനറി കോഴ്‌സുകൾ പ്രോത്സാഹിപ്പിക്കപ്പെടണം. ജോലിനേടാൻ അല്ലെങ്കിൽ ഡോക്ടറേറ്റ് നേടാൻവേണ്ടിമാത്രം പഠനം എന്നതിനപ്പുറം അക്കാദമിക് താത്പര്യത്തിന്‌ മുൻതൂക്കമുണ്ടാകണം. അധ്യാപകരുടെ കാര്യമെടുത്താലും ഇന്ന് കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗമായി അവർ മാറിക്കൊണ്ടിരിക്കുന്നു.

അറിവിന്റെ ഉത്പാദനവും വിതരണവുമാണല്ലോ സർവകലാശാല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതനുസരിച്ചാണെങ്കിൽ ഗവേഷണത്തെയാണ് നമ്മൾ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്. ഇവിടെ അറിവിന്റെ ഉത്പാദനം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഗൈഡുകളുടെ അഭാവം വലിയ പ്രശ്നമായി നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും കാലിക്കറ്റ് സർവകലാശാലപോലെ സ്ഥിരം ഫാക്കൽറ്റികൾക്ക് ക്ഷാമം നേരിടുന്നയിടങ്ങളിൽ ഗവേഷണവിദ്യാർഥികൾക്കും ഗൈഡിനെ കിട്ടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. സ്ഥിരം ഫാക്കൽറ്റികളില്ലാത്തതുകൊണ്ട് ചില വിഷയങ്ങൾതന്നെ എടുത്തുകളഞ്ഞിട്ടുണ്ട്. അഞ്ചുവർഷംകഴിഞ്ഞും ഗവേഷണം പൂർത്തിയാക്കാൻ ഭൂരിഭാഗം കുട്ടികളും എക്സ്റ്റെൻഷൻ വാങ്ങുകയാണ്. അവർക്കുമുന്നിലുള്ള അവസരങ്ങൾ പലതും അതോടെ ഇല്ലാതാക്കപ്പെടുന്നു.
 അധ്യാപകരുടെ മനോഭാവമാണ് മറ്റൊന്ന്. അധ്യാപകർ തങ്ങളുടെ കാഴ്ചപ്പാടുകൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ച് ഗവേഷണത്തെ അവരുടെ വഴിക്ക് കൊണ്ടുവരാനാണ് നോക്കുന്നത്. വിദ്യാർഥിയുടെ ജീവിതവുമായോ സമൂഹവുമായോ ഒരുതരത്തിലും ബന്ധമില്ലാത്ത വിഷയങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നു. ഗവേഷണം പാതിവഴിയിൽ അവസാനിപ്പിച്ചുപോയ എത്രയോ കുട്ടികളുണ്ട്. പ്രത്യേകിച്ചും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവർ. വിദ്യാർഥികളും അധ്യാപകരും പരസ്പരം മനസ്സിലാക്കിയുള്ള സഹവർത്തിത്വമാണുണ്ടാവേണ്ടത്.

ഉടച്ചുവാർക്കലുകൾ സർവകലാശാലകളിൽ നടപ്പാക്കുന്നതിനും പ്രായോഗികബുദ്ധിമുട്ടുണ്ട്. സർവകലാശാല ഉന്നതവിദ്യാഭ്യാസനിയമങ്ങളിലെ നൂലാമാലകളും കൂടാതെ കക്ഷിരാഷ്ട്രീയതാത്പര്യങ്ങളുമെല്ലാം ചേർന്ന് അത്തരം ചിന്തകളെ മുളയിലേ ഇല്ലാതാക്കിക്കളയും. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയേതീരൂ. സമൂഹവും രാഷ്ട്രീയവും ചേർന്ന് പുതിയ ലോകത്തെ കാണാനും അതിനനുസരിച്ച് മാറാനും പഠിക്കണം.

അസി. പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് റഷ്യൻ,ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, കാലിക്കറ്റ് സർവകലാശാല