ത്‌പാദനമേഖലകളുമായി ബന്ധപ്പെടുത്തി വേണം ഉന്നതവിദ്യാഭ്യാസം വളരേണ്ടത്‌ എന്ന കാഴ്ചപ്പാട്‌ താത്ത്വികമായി തെറ്റാണ്‌. ഉത്‌പാദന മേഖലയ്ക്കുവേണ്ട തൊഴിൽശക്തിയെ നിർമിക്കുന്നതിന്‌ മറ്റു തൊഴിൽപരിശീലന സ്ഥാപനങ്ങൾ തുടങ്ങണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവാണ്‌. അറിവിന്റെ പ്രതിബദ്ധത അറിവിനോട്‌ മാത്രമായിരിക്കണം. 

ആഭ്യന്തരപരിഷ്‌കരണത്തിന്‌ വിധേയമാകണം
കേരളത്തിലെ സർവകലാശാലകൾ തകർച്ചയിലേക്കെന്നല്ല. കേരളത്തിലെ എല്ലാ സർവകലാശാലകളും തകർന്നു കഴിഞ്ഞു. ഇതിന്റെ കാരണം ഘടനാപരമാണ്‌. ഒരുതരത്തിലുള്ള ആഭ്യന്തര പരിഷ്കരണത്തിനും വിധേയം ആകാത്തതാണ്‌ നമ്മുെട സർവകലാശാലകളുടെ ഘടന. നമ്മുടെ സർവകലാശാലകളെല്ലാം ഒരുതരം യൂണിറ്ററിയും അഫിലിയേഷനും ചേർന്ന രണ്ടുംകെട്ട അവസ്ഥയിലാണ്‌. ഓരോ സർവകലാശാലയുടെയും ഗവേഷണപഠനവിഭാഗങ്ങളെ പ്രത്യേകം പുതിയ യൂണിറ്ററി സർവകലാശാലയായി മാറ്റണം. അഫിലിയേഷൻ നടത്തുന്ന സർവകലാശാലകളിൽ കുറെയൊക്കെ ജനാധിപത്യനിയന്ത്രണമാകാം. എന്നാൽ, പഠനഗവേഷണവിഭാഗങ്ങളാകുന്ന സർവകലാശാലകളുടെ ഭരണം പൂർണമായ സ്വയംഭരണത്തിന്‌ വിടണം. അതായത്‌, കേരളത്തിലെ അഫിലിയേഷൻ സർവകലാശാലകളിൽനിന്നും ആ സർവകലാശാലകളുടെ പഠനഗവേഷണ വിഭാഗങ്ങളെ സ്വതന്ത്രമാക്കണം. അവയെ പുതിയ സർവകലാശാലകളാക്കി നിയമനിർമാണം നടത്തണം.

കേരള സർവകലാശാലയിലെ പഠനഗവേഷണ വിഭാഗങ്ങളിലെ പോലും പഠന സിലബസ്‌ തീരുമാനിക്കുന്നത്‌ ആ വകുപ്പുകളിലെ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത അധ്യാപകരാണ്‌. അഫിലിയേറ്റഡ്‌ കോളേജുകളിലെ പഠന ഉള്ളടക്കം തീരുമാനിക്കാനായി രൂപപ്പെടുത്തിയ ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ സർവകലാശാലാ പഠനഗവേഷണ വിഭാഗങ്ങളിൽ അനാവശ്യമാണ്‌. സർവകലാശാലാ പഠനഗവേഷണ വിഭാഗങ്ങളിലെ ബോർഡ്‌ ഓഫ്‌ സ്റ്റഡീസുകളെല്ലാം പിരിച്ചുവിടണം. തീരുമാനങ്ങളെടുക്കാനുള്ള അധികാരം പൂർണമായും ഡിപ്പാർട്ട്‌മെന്റ്‌ കൗൺസിലുകൾക്ക്‌ വിടണം. പുതിയ സിലബസുകളും കോഴ്‌സുകളും നിർദേശിക്കാനുള്ള അധ്യാപകരുടെ സ്വാതന്ത്ര്യത്തെ ഒരുതരത്തിലും തടയരുത്‌. സിലബസുകൾ സംബന്ധിച്ച്‌ ചില പൊതു മാനദണ്ഡങ്ങൾ കൊണ്ടുവരണം. അത്‌ മാത്രമേ ആയിരിക്കാവൂ നിയന്ത്രണങ്ങൾ.

വേണ്ടതെന്ത്‌?
കേരളത്തിലെ മറ്റേതൊരു മേഖലയിൽനിന്നും വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധികാരം കൈയാളുന്നത്‌ ആ മേഖലയിലെ വിദഗ്‌ധരല്ല. ജോലിചെയ്തിരുന്ന കാലത്ത്‌ സംഘടനാ പ്രവർത്തകരായിരുന്ന അധ്യാപകർക്ക്‌ കൊടുക്കുന്ന സ്ഥാനങ്ങളായി മാറിയിരിക്കുകയാണ്‌ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രധാനസ്ഥാനങ്ങളെല്ലാം. സിൻഡിക്കേറ്റിലേക്ക്‌ എല്ലാ സർക്കാരുകളും നാമനിർദേശം ചെയ്യുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ്‌. ഇതിന്‌ മാറ്റം വരുത്തുന്നതിന്‌ രാഷ്ട്രീയ പാർട്ടികളെല്ലാം കൂട്ടായി തീരുമാനിക്കണം.

കേരളത്തിലെ സർവകലാശാലകളിലെ എല്ലാ കോഴ്‌സുകളുടെയും മൂല്യനിർണയരീതി സമഗ്രമായി പരിഷ്കരിക്കണം. വിഷയാനുസൃതം ആയിരിക്കണം മൂല്യനിർണയ രീതി. എല്ലാ കോഴ്‌സുകളുടെയും അധ്യാപന-അധ്യയന-പ്രകടന നിർണയത്തിന്‌ പൊതുവായ തത്തുല്യതാ മാനദണ്ഡം കൊണ്ടുവരണം. അതായത്‌, ഒരു സർവകലാശാലയിലെ വിദ്യാർഥിക്ക്‌ ഏതു സർവകലാശാലയിൽനിന്നും കോഴ്‌സ്‌ ചെയ്യാനുള്ള സൗകര്യം സാങ്കേതികമായി ഉറപ്പാക്കുകയും അത്‌ തന്റെ ബിരുദബിരുദാനന്തര കോഴ്‌സിലേക്ക്‌ ഉൾപ്പെടുത്താനും കഴിയണം.

മലയാളികളല്ലാത്തവരും ഇതര ഭാഷാ കോഴ്‌സുകൾ പഠിക്കുന്നവരും ഒഴിച്ച്‌ എല്ലാ വിദ്യാർഥികളും ഗവേഷകരും തങ്ങളുടെ എം.എ., എം.ഫിൽ, പിഎച്ച്‌.ഡി. പ്രബന്ധങ്ങൾ ഇംഗ്ലീഷിനോടൊപ്പം മലയാളത്തിലും സമർപ്പിക്കണം. ഗവേഷണവിഷയത്തിൽ മലയാളത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കേണ്ടത്‌ ഗവേഷണബിരുദത്തിന്‌ നിർബന്ധമാക്കണം. എല്ലാ സർവകലാശാലകളിലും േകാളേജുകളിലും അക്കാദമിക്‌ റൈറ്റിങ്‌ സെന്ററുകൾ സഥാപിക്കണം. എല്ലാ ബിരുദബിരുദാനന്തര ഗവേഷകവിദ്യാർഥികളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അക്കാദമിക്‌ റൈറ്റിങ്ങിൽ പരിശീലനം നേടണം.

എല്ലാ സർവകലാശാലകളിലും ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിക്കണം. സർവകലാശാല കോളേജ്‌ അധ്യാപകരുടെ നിയമനവും തുടർന്നുള്ള ഉദ്യോഗക്കയറ്റവും പരിപൂർണമായും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സർവകലാശാല കോളേജ്‌ അധ്യാപകർക്കും ഗ്രേഡിങ്‌ ഏർപ്പെടുത്തണം.

ഒരു മേഖലയിലും തൊഴിൽ ലഭിക്കാൻ കഴിവില്ലാത്ത ഒരു വലിയ വിഭാഗം ചെറുപ്പക്കാരെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ കേരളത്തിലെ സർവകലാശാലാ കാമ്പസുകൾ. സർവകലാശാലാ കാമ്പസുകളിലേക്കുള്ള വിദ്യാർഥി ഗവേഷകപ്രവേശനത്തിനുള്ള മാനദണ്ഡം സമ്പൂർണമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു.
സർവകലാശാലകളിലെ ഭരണസർവീസിലേക്കായി ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ബിരുദാനന്തരബിരുദം ആയിരിക്കണം. അതിലേക്കായി ഒരു കേരളാ അക്കാദമിക്‌ സർവീസ്‌ (കെ.എ.എസ്‌.) ആരംഭിക്കണം. കെ.എ.എസ്‌. പാസാകുന്നവരെ മാത്രമേ ഈ സർവീസിലേക്ക്‌ നിയമിക്കാവൂ.

(ആന്ധ്രാപ്രദേശിലെ ദ്രാവിഡ സർവകലാശാലയിലെ ഭാഷാശാസ്ത്ര അധ്യാപകനാണ്‌ ലേഖകൻ)