‘‘സ്വതന്ത്രമായ വിജ്ഞാനത്തിന്റെ വളർച്ചയിൽ ആർക്കും കൈകടത്താനുള്ള  അവസരം ലഭിക്കാൻ പാടില്ല. കേരള യൂണിവേഴ്‌സിറ്റി ശ്രീശങ്കരനെയോ  ബുദ്ധദേവനെയോ ഐൻസ്‌െറ്റെനെയോ കാറൽ മാർക്സിനെയോ സൃഷ്ടിക്കട്ടെ’’ -1957-ൽ കേരള സർവകലാശാലാനിയമം നിയമസഭയിൽ ചർച്ചചെയ്ത വേളയിൽ സഭയിൽ പ്രകമ്പനംകൊണ്ട പി.കെ. കോരുവിന്റെ വരികളാണിവ. ഇന്നത്തെ ഒരു സർവകലാശാലയിൽ യഥാർഥത്തിൽ ഇൗ മഹാവ്യക്തികൾ ഗവേഷകരായോ  ഗുരുക്കന്മാരായോ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന്‌  ചിന്തിച്ചുനോക്കിയാൽ സർവകലാശാലകളെക്കുറിച്ച്‌ ഒരു തിരിച്ചറിവ്‌ പെട്ടെന്നുണ്ടാകും.  ഞാൻ മനക്കണ്ണുകൊണ്ടത്‌ കാണാൻ ശ്രമിക്കുന്നു:  ബുദ്ധദേവനും ശ്രീശങ്കരനും മൃദുമന്ദസ്മിതങ്ങളോടെ അന്യോന്യം  വേദാന്തചർച്ചകളിൽ മുഴുകിയിതാ സർവകലാശാലാ  മണിമന്ദിരങ്ങളിലെത്തിയിരിക്കുന്നു.  ഐൻസ്‌െറ്റെനും മാർക്സും ജർമൻ രാഷ്ട്രീയവും വൈരുധ്യാത്മകഭൗതികവാദത്തിന്റെ ശാസ്ത്രീയവ്യാഖ്യാനവും തർക്കിച്ച്‌ സുസ്മേരവദനരായി എത്തുന്നു. പ്രഭാഷണങ്ങൾ നടത്താനായി സദസ്സ്‌  സംഘടിപ്പിക്കാനുള്ള അനുമതിക്കായും പ്രാഗിലും പ്രയാഗിലും കശ്മീരിലും യാത്രചെയ്യാനുള്ള അനുമതിക്കായും അവരതാ ഭരണസമിതിയംഗങ്ങളെ കാണാനായി കാത്തിരിക്കുന്നു. 
നീണ്ട കാത്തിരിപ്പിനുശേഷം ഇതാ അധികാരത്തിന്റെ വാതിൽ തുറക്കുന്നു. ലോകോത്തര വിദ്യാപീഠങ്ങളിലെ  നടക്കാവുകളിലൂടെ ഒരിക്കൽപ്പോലും നടന്നിട്ടില്ലാത്ത, ആ കാമ്പസുകളിൽ പാണ്ഡിത്യത്തിനുമുന്നിൽ അധികാരം നിഷ്‌പ്രഭമാണെന്ന്‌ അറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം അധികാരികൾ അവരെ സ്വീകരിക്കുന്നു. അവരുടെ അധികാരഗർവിനെ ബുദ്ധദേവനും ശ്രീശങ്കരനും നിർമമതയോടെ കണ്ടേക്കാം. ഐൻസ്‌െറ്റെനും കാറൽമാർക്സും പ്രതിഷേധിച്ച്‌ പ്രതികരിച്ചേക്കാം.  ഇവരെ ഭരിക്കാൻ ശ്രമിക്കുന്നത്‌  ചിന്തിക്കാൻപറ്റാത്ത   അപരാധമെന്ന്‌ തിരിച്ചറിഞ്ഞ്‌ ആ ഭരണസമിതിയിൽനിന്ന്‌ ചിലരെങ്കിലും സ്വയം പിരിഞ്ഞുപോയേക്കാം.

 മികവിന്റെ കേന്ദ്രങ്ങളാവാൻപ്രഖ്യാപനങ്ങൾ പോരാ
നമ്മുടെ സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ   പ്രഖ്യാപനങ്ങൾകൊണ്ട്‌  ഒരിക്കലും സാധിക്കില്ല. അവയുടെ നടത്തിപ്പ്‌ അന്താരാഷ്ട്ര മികവുള്ളവരെ ഏൽപ്പിക്കണം.  നമ്മുടെ നാട്ടിൽത്തന്നെ ഇന്ത്യൻ നൊബേൽ സമ്മാനമെന്ന്‌ പേരുകേട്ട ഇൻഫോസിസ്‌ പ്രൈസ്‌ നേടിയ ശാസ്ത്രജ്ഞനെ ‘എമിനന്റ്‌ പേഴ്‌സൺ’ എന്ന ഗണത്തിൽപ്പെടുത്താൻ വിട്ടുപോവുകയും അക്കാദമിക്‌ രംഗത്ത്‌ നവാഗതരായവരെപ്പോലും ‘എമിനന്റ്‌’ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു നയപ്രഖ്യാപനമാണ്‌. അതിനുനേരെ   പ്രതികരിക്കാതെയുള്ള ഉന്നതവിദ്യാഭ്യാസ ചർച്ച ആത്മാർഥതയില്ലാത്തതാകും.
 

‘ഇന്നൊവേഷൻ’ ഇന്ന്‌ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള പദമാണ്‌.    കേരളത്തിൽ ഒരുവർഷം ഫയൽ ചെയ്യപ്പെടുന്ന പേറ്റന്റുകളിൽ  വിരളമായാണ്‌ സർവകലാശാലകളിൽ നിന്നുള്ളവ ഉണ്ടാവാറ്‌. ഒരു  ശരാശരി അമേരിക്കൻ സർവകലാശാല ഇരുന്നൂറോ മുന്നൂറോ   പേറ്റന്റുകൾ ഫയൽചെയ്യുമ്പോൾ നമ്മുടെ സർവകലാശാലകൾ  വിരലിലെണ്ണാവുന്നവ ഫയൽചെയ്താൽത്തന്നെ ഭാഗ്യം. (അമേരിക്കൻ  പേറ്റന്റുകളുടെ പകുതിയും  ഇന്ത്യക്കാരന്റെയും ചൈനക്കാരന്റെയും  തലച്ചോറിൽനിന്നെന്നത്‌ എടുത്തുപറയേണ്ട കാര്യം) ലോകത്തെവിടെയും  സർവകലാശാലാ കാമ്പസുകൾ ബൃഹത്തായി നിലനിൽക്കുമ്പോൾ  നമ്മുടെ നാട്ടിൽ അത്‌ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ലോകോത്തര   സർവകലാശാലകളിൽ ചിലത്‌ 8000 ഏക്കറിൽ നിലകൊള്ളുന്നു.  ജെ.എൻ.യു. 1000 ഏക്കറും ബനാറസ്‌ ഹിന്ദുസർവകലാശാല 4000  ഏക്കറും ഉള്ളപ്പോൾ കേരള സർവകലാശാല 600-ൽനിന്ന്‌ 350-ലേക്ക്‌  ചുരുങ്ങി. ഒരു ഹാഡ്രോൺ കൊളൈഡറോ ഒരു സാറ്റലൈറ്റ്‌ വിക്ഷേപണ കേന്ദ്രമോ ഒരു കേരള ഗ്രാമമോ ഒക്കെ വന്ന്‌ സർവകലാശാല   വികസിക്കണമെങ്കിൽ അത്തരം സ്വപ്നങ്ങൾക്കുള്ള ഇടം കരുതണം. അത്‌ ഇതിനകംതന്നെ ഇല്ലാതായി. സ്വപ്നങ്ങൾ ടെക്‌നോപാർക്കുകളുടെ  ചുറ്റുമായി വളരുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽനിന്ന്‌  സർവകലാശാലാ കാമ്പസിലേക്ക്‌ കാറോടിച്ചാൽ വിമാനത്തിലെ  ബിസിനസ്‌ ക്ളാസിൽനിന്ന്‌ ഇക്കോണമിക്ളാസിലേക്ക്‌ കടന്ന പ്രതീതിയാണ്‌. അന്താരാഷ്ട്ര കാമ്പസിനുവേണ്ട പ്രൗഢി നൽകാൻ ഇനിയുമായിട്ടില്ല നമുക്ക്‌. ക്രെഡിറ്റ്‌ ട്രാൻസ്ഫർ പദ്ധതികളിലൂടെ അമേരിക്കൻ വിദ്യാർഥികളെ എത്തിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ സാധിച്ചിട്ടുണ്ട്‌. അത്‌ വിപുലീകരിക്കണമെങ്കിൽ കാമ്പസ്‌ വികസനം അനിവാര്യമാണ്‌.

എങ്ങനെയാവണംപരിഷ്‌കരണം
സർവകലാശാലാ നിയമം ആട്‌ ഇലകടിക്കുന്നതുപോലെ പരിഷ്കരിച്ചിട്ട്‌ കാര്യമില്ല. ലോകോത്തര സർവകലാശാലയാകണമെങ്കിൽ  ആ വീക്ഷണം തന്നെ മാറണം. 1857-ൽ മദ്രാസ്‌ സർവകലാശാല മെട്രിക്കുലേഷൻ പരീക്ഷ എന്നപേരിൽ പ്രവേശനപ്പരീക്ഷ  നടത്തിയിരുന്നു. എസ്‌.എസ്‌.എൽ.സി. വന്നപ്പോൾ ആ പരീക്ഷ വേണ്ടെന്നുവെച്ചു. അതിന്റെ വരുമാനം നഷ്ടപ്പെടുന്നതിൽ  സർവകലാശാല പരാതിപ്പെട്ടപ്പോൾ പരീക്ഷയില്ലാതെതന്നെ ഫീസ്‌ വാങ്ങിക്കൊള്ളാൻ അനുമതി ലഭിച്ചു. ഇല്ലാത്ത പരീക്ഷയുടെ ഫീസ്‌ നാം ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്നു. ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകൾ, ട്രിപ്പിൾ മെയിൻ കോഴ്‌സുകൾ തുടങ്ങിയ പുതിയ സമ്പ്രദായങ്ങളും ക്രെഡിറ്റ്‌, ഗ്രേഡ്‌ എന്നീ അക്കാദമിക്‌ രീതികളും വന്നതറിയാതെ 50 വർഷംമുമ്പ്‌  പാസാക്കിയ കോഴ്‌സ്‌ റെക്കഗ്‌നിഷൻ റെഗുലേഷൻ സർവകലാശാല  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 

സർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളാണ്‌  സർവകലാശാലയെ മികവുറ്റതാക്കുന്നത്‌. യു.ജി.സി.യുടെ നാക്‌ അക്രഡിറ്റേഷനാകട്ടെ ദേശീയ റാങ്കിങ്‌ ഫ്രെയിംവർക്കാകട്ടെ (എൻ.ഐ.ആർ.എഫ്‌.) അന്താരാഷ്ട്ര റാങ്കിങ്ങുകളാകട്ടെ  (ടി.എച്ച്‌.ഇ.എസ്‌.) ഒന്നുംതന്നെ അഫിലിയേറ്റഡ്‌ കോളേജുകളെ  പരിഗണിച്ചല്ല സർവകലാശാലയെ വിലയിരുത്തുന്നത്‌. എന്നാൽ, നമ്മുടെ നാട്ടിൽ സർവകലാശാലയുടെ ഭൂരിഭാഗം സമയവും ഊർജവും  വിനിയോഗിക്കപ്പെടുന്നത്‌ കോളേജുകളുമായി ബന്ധപ്പെട്ടാണ്‌. അഫിലിയേഷനുമാത്രമായി ഒരു സർവകലാശാല കൊണ്ടുവന്ന്‌ എല്ലാ കോളേജുകളെയും അതിനുകീഴിൽ കൊണ്ടുവന്നുകൂടെ? മെഡിക്കൽ, എൻജിനീയറിങ്‌ ഒക്കെ അങ്ങനെയാക്കിയല്ലോ? അതുമാത്രമാണ്‌  സർവകലാശാലാ കാമ്പസുകളെ വളരാൻ അനുവദിക്കാനുള്ള   ഏകമാർഗം. അതുസാധിച്ചില്ലെങ്കിൽ ഒരേ സർവകലാശാലയിൽത്തന്നെ രണ്ട്‌ സിൻഡിക്കേറ്റ്‌ രണ്ട്‌ സെനറ്റ്‌ എന്നിവ കൊണ്ടുവരിക,  സർവകലാശാലാ വകുപ്പുകളും അഫിലിയേറ്റഡ്‌ കോളേജുകളും രണ്ടു സംവിധാനങ്ങൾക്ക്‌ കീഴിലാക്കുക.
മേൽസൂചിപ്പിച്ച കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞാൽ പിന്നെയും ചെയ്യാനേറെ. പക്ഷേ, മികവിന്‌ നിലമൊരുക്കാൻ ഇത്രയെങ്കിലും വേണം.

(കേരള സർവകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ്‌ ബയോ ഇൻഫോർമാറ്റിക്‌സ്‌ വകുപ്പിൽ പ്രൊഫസറായ ലേഖകൻ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്‌)