‘‘രാഷ്ട്രീയക്കാർ ഒന്നും ഈട ബെര്ത്തില്ലപ്പാ’’ -കാസർകോട് നഗരസഭ 36-ാം വാർഡിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സുജാത, സുശീല, ലക്ഷ്മി, ബേബി, ഭാനു, ഷൈജ, നിമ്മി എന്നിവരുടേതാണ് ഈ പരാതി. ആണുങ്ങൾക്ക് ജോലിയും വരുമാനവും കുറഞ്ഞതോടെ സ്ത്രീകൾ ജോലിക്കിറങ്ങുന്നു, മീൻവിൽപ്പനയും അടുക്കളപ്പണിയും. സ്വകാര്യധനകാര്യസ്ഥാപനങ്ങളിൽനിന്ന് പണം കടമെടുക്കുന്നു. പലരുടേയും പൊന്ന് പണയത്തിലാണ്. പത്ത് സ്ത്രീകളുള്ള ഗ്രൂപ്പിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ ഒരാൾക്ക് 20,000 രൂപവെച്ച് വായ്പനൽകും. ആഴ്ചയിൽ 430 രൂപവെച്ച് 52 ആഴ്ചകൊണ്ട് തിരിച്ചടയ്ക്കണം. 23,000-ത്തോളം രൂപ. അടച്ചില്ലെങ്കിൽ ജപ്തിനോട്ടീസ്. കുടുംബശ്രീ, രൂപതകൾ, മഠങ്ങൾ എന്നിവയും പലിശവ്യവസ്ഥയോടെ വായ്പകൾ നൽകുന്നു. വർഷങ്ങളോളമായി ഇങ്ങനെ കടത്തിലാണ് പലയിടത്തും  ജീവിതം. സർക്കാർ വായ്പപദ്ധതിയുള്ളതൊന്നും പലർക്കും അറിയില്ല. കൃത്യമായി പറഞ്ഞുകൊടുക്കാൻ ആരുമില്ല. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കരിക്കാടി ചെമ്മീൻ തൊലിയുരിക്കുകയാണ് എലിസബത്ത്, സ്റ്റെല്ല, വിക്ടോറി എന്നിവർ. ഹാർബറിൽനിന്ന് ഒരു പെട്ടിക്ക് 2000 മുതൽ 4000 രൂപവരെ കൊടുത്ത് വാങ്ങുന്ന ചെമ്മീൻ തൊലിയുരിച്ച് സ്വകാര്യകമ്പനിക്ക് നൽകിയാൽ കിലോക്ക് 250 മുതൽ 320 രൂപവരെ ലാഭം കിട്ടും. കയറ്റുമതി കമ്പനികൾക്കായി കൂന്തൾ തൊലിയുരിക്കുന്ന മേരിക്ക് 250 രൂപയാണ്‌ ഒരുദിവസം കിട്ടുന്നത്‌.സ്ത്രീകൾ ജീവിതോപാധിക്കായി വഴിയരികിലും ഹാർബർ, ചന്ത പരിസരങ്ങളിലും മീൻവിൽക്കാനിരിക്കുന്നു. എന്നാൽ, പോലീസും ഉദ്യോഗസ്ഥരും കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞ്‌ വിൽപ്പന തടയുന്ന സംഭവം ആറ്റിങ്ങലിലും കരമനയിലും പാരിപ്പള്ളിയിലും അടുത്തിടെ ഉണ്ടായി.കാസർകോട് ഹൊസബെട്ടു മത്സ്യഗ്രാമത്തിലെ കോളനിയിൽ 500 വീടുകളിലെ സ്ത്രീകൾ പലരും ബീഡിതെറുത്താണ് കുടുംബം പോറ്റുന്നത്. 1000 ബീഡി തെറുത്തുനൽകിയാൽ 200 രൂപ കിട്ടും. 
 

വഴിപാടായി സുനാമി ഫ്ളാറ്റുകൾ
‘‘ഈ കക്കൂസ്‌വെള്ളോം കുടിക്കാനുള്ള വെള്ളോം കലർന്ന് കുഞ്ഞുങ്ങക്ക് സൂക്കേട് വരുമോന്നാ പേടി’’ -കൊല്ലം മയ്യനാട് തവളക്കുഴി സുനാമി കോളനിയിലെ വീട്ടമ്മമാർ ആശങ്കപ്പെടുന്നു. 2004-ൽ സുനാമി വീശിയെറിഞ്ഞ കുടുംബങ്ങളെ പുനരവധിവസിപ്പിച്ചിരിക്കുന്ന ഫ്ളാറ്റ്‌സമുച്ചയങ്ങളിലൊന്നാണിത്. 168 ഫ്ളാറ്റുകളിൽ ഒരു കുടുംബത്തിൽ ആറോളം പേർ. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികൾ. വാടി കടപ്പുറത്തേക്ക് ബസിൽപ്പോയി കടലിൽ ജോലിക്കിറങ്ങുന്നു. ഇപ്പോൾ കാര്യമായ ജോലിയില്ല. സ്ത്രീകൾ കൂലിപ്പണിക്കും വീട്ടുജോലിക്കും മീൻകച്ചവടത്തിനും പോയി ജീവിതം കൂട്ടിമുട്ടിക്കുന്നു. സർക്കാർ തരുന്ന കിറ്റ് ഒരാഴ്ചത്തേക്കുമാത്രം. റേഷനരി കഴിച്ച് എത്രനാൾ... വിക്ടോറി, ബെല്ല, ജെൻസി, സെൽവി, സബിത, ലേഖ, ആശ, വിധു എന്നിവർ പരാതികളുടെ കെട്ടഴിക്കുന്നു.
നിറഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് പുറത്തുനിന്ന് വാടകയ്ക്ക് വണ്ടിവിളിച്ച് സ്വന്തം ചെലവിലെന്ന് താമസക്കാരനും സി.പി.എം. അംഗവുമായ അനിൽകുമാർ. മഴവെള്ളസംഭരണിയുണ്ട്, പ്രയോജനമില്ല. ജപ്പാൻ കുടിവെള്ള പദ്ധതിപ്രകാരം വെള്ളമുണ്ട്. പക്ഷേ, പൈപ്പുകൾ പൊട്ടി. വീടുകൾ ചോരുന്നു. ചുമരുകൾ നനഞ്ഞ് വിണ്ടുകീറി. തിരഞ്ഞെടുപ്പു സമയമാവുമ്പോൾ രാഷ്ട്രീയക്കാർ വരും. പിന്നെ തിരിഞ്ഞുനോക്കില്ല.കണ്ണൂർ പഴയങ്ങാടി മാടായി പഞ്ചായത്തിലെ ഏരിപ്ര സുനാമി കോളനിയിൽ 40 വീടുകളുള്ള ഫ്ളാറ്റ് സമുച്ചയത്തിന് പുറത്ത് കല്ലുകൂട്ടി അടുപ്പുണ്ടാക്കിയിരിക്കുന്നു.  ഫ്ളാറ്റുകളിൽ ചോർച്ചയാണ്‌. ആറുവർഷമായി അറ്റകുറ്റപ്പണിയൊന്നുമില്ലെന്ന് നിവാസികൾ. കാസർകോട് കോയിപ്പാടി സുനാമി കോളനിയിൽ ബാലവാടിയും കളിസ്ഥലവും പുല്ലുനിറഞ്ഞുകിടക്കുന്നു...  നിറഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക്, വീട് ചോരുന്നു, രാത്രി വെളിച്ചമില്ല...
കേരളത്തിലെ എല്ലാ സുനാമിക്കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല. കടലിന്റെ വിശാലതയിൽ വളർന്ന കടലിന്റെ മക്കളെ ഫ്ളാറ്റുകളുടെ ഇടുങ്ങിയ ചുമരുകളിലേക്കൊതുക്കുന്നതിന്റെ മാനസികവ്യഥ എല്ലായിടത്തും പ്രകടം.സുനാമിയെത്തുടർന്ന് കേന്ദ്രസർക്കാർ അനുവദിച്ച 1440 കോടിരൂപ വകമാറി ചെലവഴിച്ചു എന്ന ആരോപണം ശക്തമാണ്. 

ലക്ഷ്യം കൂടുതൽ ഉയരം
കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന കായികമുദ്രാവാക്യം പ്രാവർത്തികമാക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറ. മൂന്നുവർഷംമുമ്പ് സന്തോഷ് ട്രോഫി മത്സരത്തിന് വിവിധ ടീമുകൾക്കായി ഒമ്പതുപേരാണ് പൊഴിയൂർ മേഖലയിൽനിന്ന് അണിനിരന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലും ഇവിടെനിന്നുള്ള ഫുട്‌ബോൾ കളിക്കാരുണ്ട്. ദേശീയ കായികമേളയിൽ സമ്മാനിതരായ വി.ഡി. അഞ്ജലി, ആൻസി സോജൻ, പി.ഡി. അഞ്ജലി, അതുല്യ എന്നിവർ തൃശ്ശൂർ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചവരോ പഠിക്കുന്നവരോ ആണ്.കായികമേഖലയിൽ മാത്രമല്ല, മറ്റു വിഷയങ്ങൾ പഠിച്ച് ജോലിനേടുന്നതിലേക്കും പുതുതലമുറ തിരിയുന്നു. ആർമിയിൽ, നേവിയിൽ, സ്വകാര്യബാങ്കുകളിൽ, വിദേശത്തൊക്കെ ജോലിനേടിയവർ ഏറെ. മീൻപിടിത്തവും ബന്ധപ്പെട്ട ജോലികളുമായി അധികകാലം മുന്നോട്ടുപോവാനാവില്ല എന്ന തോന്നൽകൂടിയാവാം മറ്റുമേഖലകളിലേക്ക് തിരിയാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. ഫിഷറീസ് സ്കൂളുകളിലെ മറൈൻ ഫിഷറീസ് സീഫുഡ് പ്രൊസസിങ്, അക്വാകൾച്ചർ, മറൈൻ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകൾ പഠിക്കാൻ കുട്ടികൾ കുറവ്. കണ്ണൂർ അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അപേക്ഷ ക്ഷണിച്ചിട്ട് കുട്ടികളെ കിട്ടാനില്ല. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷൻ സ്റ്റഡീസി(കുഫോസ്)ൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണമുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് അടക്കമുള്ള മത്സരപരീക്ഷകൾക്ക് വിദ്യാതീരം പദ്ധതിയിലൂടെ ഫിഷറീസ് വകുപ്പ് പരിശീലനം നൽകുന്നു. ലംപ്‌സം ഗ്രാന്റ് നൽകുന്നു. കരിയർ ഗൈഡൻസ് ക്ലാസുകളും നടത്തുന്നു.