നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ചുള്ള രഹസ്യരേഖകളുടെ ആദ്യഘട്ടം കഴിഞ്ഞ ജനുവരി 23ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രേഖകള്‍ പുറത്തു കൊണ്ടുവരാന്‍ പരിശ്രമിച്ച നേതാജി കുടുംബാംഗങ്ങള്‍ക്കും ഈ ലേഖകന്‍ ഉള്‍പ്പെട്ട മിഷന്‍ നേതാജിക്കും പ്രസ്തുത ദിവസത്തെ ഔദ്യോഗിക ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. ആദ്യഘട്ടത്തിലെ 100 രേഖകള്‍ക്കു പുറമേ മറ്റുള്ള രേഖകള്‍ പ്രതിമാസം 25 എന്ന കണക്കില്‍ പുറത്തുവിടും എന്നാണ് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാട്ടര്‍ ഫില്‍റ്റര്‍
നേതാജിക്ക് എന്തു സംഭവിച്ചിരിക്കാം എന്നതിന് മൂന്നു സാധ്യതകളാണ് നിലവിലുള്ളത്. അദ്ദേഹം തായ്‌വാനില്‍ ഒരു വിമാന അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കാം. അതല്ല, സോവിയറ്റ് റഷ്യയില്‍ തടവറയില്‍ കൊല്ലപ്പെട്ടിരിക്കാം, അതുമല്ല പതിറ്റാണ്ടുകള്‍ക്കുശേഷം സ്വതന്ത്ര ഭാരതത്തില്‍ സ്വാഭാവികമരണം സംഭവിച്ചിരിക്കാം എന്നിവയാണ് ആ സാധ്യതകള്‍. ഇതില്‍ മിഷന്‍ നേതാജിയുടെ പതിനൊന്നു വര്‍ഷത്തെ ഗവേഷണത്തില്‍ ഏറ്റവും സംഭാവ്യമായി കാണുന്നത് നിസ്സാരമെന്നു തോന്നാമെങ്കിലും മൂന്നാമത്തെ സാധ്യതയാണ്.
1950കളില്‍ ഇന്ത്യയില്‍ എത്തുകയും ഉത്തര്‍ പ്രദേശിലെ ലക്‌നൗ, നൈമിശാരണ്യ, സീതാപൂര്‍, ബസ്തി, അയോധ്യ, അവസാനം ഫൈസാബാദ് എന്നിവിടങ്ങളില്‍ വളരെ ഗോപ്യമായി ജീവിക്കുകയും ചെയ്തിരുന്ന ഭഗ്‌വാന്‍ജി എന്ന സന്യാസി നേതാജി ആയിരുന്നു എന്നതിനുള്ള സാധ്യതകള്‍ വളരെ ശക്തമാണ്. നാമമില്ലാത്ത സന്യാസി എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഗുംനാമി ബാബ എന്ന പേരിലാണ് അറിയപ്പെട്ടത്.
ഹെന്‍സോള്‍ട്ട് വെറ്റ്സ്ലര്‍ ബൈനോക്കുലര്‍
1985 സെപ്റ്റംബര്‍ 16ന് ബാബ മരിച്ചതോടെ ഫൈസാബാദിലെത്തിയ നേതാജിയുടെ അനന്തിരവള്‍ ലളിത ബോസ് ബാബയുടെ വസ്തുക്കള്‍ തന്റെ അമ്മാവന്‍ സുഭാഷിന്റേതാണെന്ന് തിരിച്ചറിയുകയും അലഹബാദ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ക്കു ശേഷം 2013 ജനുവരിയില്‍ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ സുപ്രധാന വിധിയില്‍ ബാബ നേതാജി തന്നെ ആയിരുന്നിരിക്കാനുള്ള സാധ്യതകള്‍ പ്രഥമദൃഷ്ട്യാ ശക്തമാണെന്ന് കണ്ടെത്തി. ആയതിനാല്‍ ബാബയുടെ വസ്തുക്കള്‍ പ്രത്യേകം മ്യൂസിയത്തിലാക്കി സംരക്ഷിക്കുവാനും ബാബ ആരായിരുന്നുവെന്ന് കണ്ടെത്താനും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ കോടതി ചുമതലപ്പെടുത്തി.
വിധി വന്ന് രണ്ടര വര്‍ഷത്തിനു ശേഷം ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ ബാബയുടെ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂസിയം തയ്യാറാക്കാന്‍ ഒന്നരക്കോടി രൂപ വകയിരുത്തി. തുടര്‍ന്ന് ബാബയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നേതാജി കുടുംബാംഗങ്ങളേയും മിഷന്‍ നേതാജി അംഗങ്ങളേയും ലക്‌നൗവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു.
അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന്.
ഫെബ്രുവരി 13നു നടന്ന കൂടിക്കാഴ്ചയില്‍ മ്യൂസിയം പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പു നല്‍കി. ബാബയെപ്പറ്റിയുള്ള ഔദ്യോഗിക അന്വേഷണത്തെ കുറിച്ച് പിന്നാലെ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബാബയുടെ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫൈസാബാദിലെ തന്നെ രാം കഥാ മ്യൂസിയം തിരഞ്ഞെടുത്തിട്ടുണ്ടെന്നും യാദവ് അറിയിച്ചു. ഇതേത്തുടര്‍ന്ന്, ഫൈസാബാദ് ട്രഷറിയിലെ അടച്ചിട്ട മുറിയില്‍ പ്രത്യേകം സൂക്ഷിച്ചിരുന്ന ബാബയുടെ വസ്തുക്കള്‍ പുറത്തെടുക്കുകയും അവ മ്യൂസിയത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു.
മുപ്പതോളം പെട്ടികളിലായി ഏതാണ്ട് മൂവായിരത്തോളം സാധനങ്ങളാണ് ബാബ താമസിച്ചിരുന്ന രാം ഭവന്‍ എന്ന വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നത്. അതില്‍ വളരെ കുറച്ചു പെട്ടികള്‍ മാത്രമാണ് ഇതുവരെ തുറന്നത്. അവയില്‍ ഉള്ള വസ്തുക്കള്‍ തന്നെ ആള്‍ക്കാരില്‍ കൗതുകം ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഇതുവരെ തുറന്ന പെട്ടികളില്‍ നിന്നും കണ്ടെത്തിയത് ഒമേഗ, റോളക്‌സ് വാച്ചുകള്‍, ഐ.എന്‍.എ. യൂണിഫോം ഉള്‍പ്പടെയുള്ള വസ്ത്രങ്ങള്‍, വൃത്താകൃതിയിലുള്ള കണ്ണട, ഇംഗ്ലണ്ടില്‍ നിര്‍മ്മിതമായ എംപയര്‍ കൊറോണ ടൈപ്പ് റൈറ്റര്‍, വിദേശ നിര്‍മ്മിത ലൈറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഫിലിപ്‌സ് ട്രാന്‍സിസ്റ്റര്‍, നേതാജിയുടേയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടേയും അപൂര്‍വ ചിത്രങ്ങള്‍, പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ജാപ്പനീസ് അലങ്കാര പാത്രങ്ങള്‍, രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ നിര്‍മ്മിത ഹെന്‍സോള്‍ട്ട് വെറ്റ്സ്ലര്‍ ബൈനോക്കുലര്‍, എച്ച് എം.വി. ഡിസ്‌ക് പ്ലേയറുകള്‍, പോര്‍ട്ടബിള്‍ വാട്ടര്‍ ഫില്‍ട്ടര്‍, നൂറു കണക്കിന് പുസ്തകങ്ങള്‍ എന്നിവയാണ്.
ഫൈസാബാദിലെ ഗുപ്താര്‍ ഘട്ടില്‍ ഗുംനാമി ബാബയുടെ സമാധിസ്ഥലത്ത് ലേഖകന്‍.
പുസ്തകങ്ങളില്‍ ലിയനാര്‍ഡ് മോസ്ലിയുടെ ദി ലാസ്റ്റ് ഡേയ്‌സ് ഓഫ് ദി ബ്രിട്ടീഷ് രാജ്, ആര്‍.സി. മജുംദാര്‍ എഴുതിയ ഹിസ്റ്ററി ഓഫ് ദി ഫ്രീഡം മൂവ്‌മെന്റിന്റെ മൂന്ന് വാല്യങ്ങള്‍, മൗലാന ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം, നന്ദ മുഖര്‍ജിയുടെ നേതാജി ത്രൂ ജര്‍മ്മന്‍ ലെന്‍സ്, ജോണ്‍ ഡാല്‍വിയുടെ ഹിമാലയന്‍ ബ്ലണ്ടര്‍, ചാള്‍സ് ഡിക്കന്‍സിന്റെ അനേകം പുസ്തകങ്ങള്‍, ആര്‍ എച്ച് ഷെപ്പേര്‍ഡ് തയ്യാറാക്കിയ ഡിക്കന്‍സിന്റെ പ്രസംഗങ്ങള്‍, വില്‍ ഡ്യുറന്റ്, ഏരിയല്‍ ഡ്യുറന്റ് എന്നിവര്‍ ചേര്‍ന്നെഴുതിയ ദി ലെസണ്‍സ് ഓഫ് ഹിസ്റ്ററി, ഭഗവത് ഗീത, ഉത്തര്‍ പ്രദേശ് പൊലീസ് മാനുവല്‍ എന്നിവ ഉള്‍പ്പെടുന്നു.
നേതാജിയുടെ തിരോധാനത്തെപ്പറ്റിയും ബാബയെപ്പറ്റിയും 1999 മുതല്‍ 2005 വരെ അന്വേഷിച്ച ജസ്റ്റിസ് മുഖര്‍ജി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ബാബ നേതാജിയാണെന്ന് തെളിയിക്കാനുള്ള സുവ്യക്തമായ ഒരു തെളിവിന്റെ അഭാവം ഉണ്ടായിരുന്നു എന്നാണ്. ബാബയുടേത് എന്നു സംശയിക്കപ്പെട്ട ഏതാനും പല്ലുകള്‍ ഡി.എന്‍.എ. ടെസ്റ്റിനു വിധേയമാക്കിയെങ്കിലും ഒരു സര്‍ക്കാര്‍ ലാബില്‍നിന്നും നെഗറ്റീവ് റിപ്പോര്‍ട്ടും മറ്റൊരു സര്‍ക്കാര്‍ ലാബില്‍നിന്നും വ്യക്തതയില്ലെന്നുമാണ് കമ്മീഷനു ലഭിച്ച വിവരം. എന്നാല്‍ ബാബയുടേയും നേതാജിയുടെയും കൈപ്പടകള്‍ തമ്മിലുള്ള സാദൃശ്യം ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടു. 2010ല്‍ ഒരു ഡോക്യുമെന്ററി അഭിമുഖത്തില്‍ മുഖര്‍ജി പറഞ്ഞു - ''ആ ബാബ നേതാജി തന്നെയായിരുന്നുവെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. എന്നാല്‍ അത് തെളിയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും നേതാജി കുടുംബത്തിലെ ചില അംഗങ്ങളും തടസ്സം സൃഷ്ടിച്ചു.''
എന്തായാലും മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ ഗുംനാമി ബാബ ആരായിരുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവും. അപ്പോള്‍ ഒരു അന്വേഷണം നടത്താന്‍ യു.പി. സര്‍ക്കാര്‍ സ്വാഭാവികമായും നിര്‍ബന്ധിതമായിത്തീരും. ഒരു പക്ഷെ നേതാജിയുടെ തിരോധാനത്തിന്റെ ദുരൂഹതകള്‍ നീക്കിയ ഭരണാധികാരി എന്ന നിലയിലായിരിക്കും ചരിത്രം അഖിലേഷ് യാദവിനെ രേഖപ്പെടുത്തുന്നത്. അതിനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പക്കലുള്ളത്.
നേതാജി രേഖകളുടെ രണ്ടാം ഘട്ടം ഫെബ്രുവരി 23ന് പുറത്തുവിടാന്‍ തയ്യാറാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും യാദവുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചക്കു ശേഷം രേഖകള്‍ പുറത്തു വിടുന്നത് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയാണ്. നേതാജി രഹസ്യം ആരാദ്യം തെളിയിക്കും എന്ന കാര്യത്തില്‍ നരേന്ദ്ര മോദിയും അഖിലേഷ് യാദവും തമ്മില്‍ ആരോഗ്യകരമായ ഒരു മല്‍സരം തന്നെയുണ്ടാകുന്നത് ചരിത്രപ്രേമികള്‍ക്ക് കൗതുകകരം ആയേക്കും. അടക്കിപ്പിടിച്ച ശ്വാസത്തോടെ ചരിത്രം ഫൈസാബാദില്‍ നില്‍ക്കുകയാണ്; ഗുംനാമി ബാബയുടെ പെട്ടികളിലേക്ക് കണ്ണും നട്ട്.
(ലേഖകന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ടെക്‌നിക്കല്‍ ഡൊക്യുമെന്റേഷന്‍ മാനേജറും ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ നേതാജി എന്ന ഗവേഷണസംഘത്തിന്റെ സ്ഥാപകാംഗവുമാണ്. ഈമെയില്‍ - Sreejith@MissionNetaji.Org)