രിധികളില്ലാതെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനത്തിന് തിങ്കളാഴ്ചയാണ് ഗൂഗിൾ ഫോട്ടോസ് അന്ത്യംകുറിച്ചത്. ഇതോടെ ജൂൺ രണ്ടുമുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓരോ വ്യക്തിക്കും അനുവദിച്ചിട്ടുള്ള 15 ജി.ബി.യുടെ പരിധിയിൽവരും. അധികസ്ഥലം ആവശ്യമെങ്കിൽ പണം നൽകേണ്ടിവരും. ഫോട്ടോസിനു പുറമേ ജീമെയിൽ, ഗൂഗിൾ ഡ്രൈവ് സേവനങ്ങളും സംഭരണപരിധിയിൽ ഉൾപ്പെടും. അതിനാൽ പരിധി കടക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

വ്യക്തതയില്ലാത്ത ചിത്രങ്ങൾ, ദൈർഘ്യമേറിയ വീഡിയോകൾ, സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ളവ നീക്കംചെയ്ത് സംഭരണപരിധി കടക്കാതെ സൂക്ഷിക്കണമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. ഇങ്ങനെ പരിധി കടക്കാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനുമുള്ള ചില മാർഗങ്ങൾ:

പരിധി കടക്കാതിരിക്കാൻ ചെയ്യേണ്ടത് എന്ത്?

ഗൂഗിൾ ഫോട്ടോസ് ഓപ്പൺ ചെയ്യുക വലതുഭാഗത്തെ അക്കൗണ്ട് ഐക്കൺ ക്ലിക്ക് ചെയ്യുക അക്കൗണ്ട് സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കുക. മാനേജ് സ്റ്റോറേജിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ഫോട്ടോസിൽ ശേഖരിച്ചിട്ടുള്ള വ്യക്തതയില്ലാത്ത ചിത്രങ്ങളും വീഡിയോകളും നമുക്ക് കാണാനാകും. ആവശ്യമില്ലാത്തത് തിരഞ്ഞെടുത്ത് നശിപ്പിക്കാം.

ഗൂഗിൾ വണ്ണും ഉപയോഗിക്കാം

ഗൂഗിൾ വൺ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്‌ മാനേജ് സ്റ്റോറേജ് അല്ലെങ്കിൽ ഫ്രീ അപ്പ് അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക ഇവിടെ ഗൂഗിൾ ഡ്രൈവിൽനിന്ന്‌ നീക്കം ചെയ്ത ഫയലുകൾ, വലിയ ഫയലുകൾ കൂട്ടിച്ചേർത്തിട്ടുള്ള ഇ-മെയിലുകൾ, അനാവശ്യമായ ഇ-മെയിലുകൾ എന്നിവ കാണാനും നീക്കംചെയ്യാനും ആകും.

പരിധിവിട്ടാൽ?

15 ജി.ബി. സൗജന്യ പരിധിയെക്കൂടാതെ അധികസ്ഥലം പണം നൽകി സ്വന്തമാക്കാം. ആവശ്യത്തിനനുസരിച്ചുള്ള പ്ലാനുകൾ ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ബദൽമാർഗങ്ങൾ

ഫ്ളിക്കർ പ്രൊ

പ്രതിമാസം 580 രൂപയോ 
പ്രതിവർഷം 5200 രൂപയോ നൽകിയാൽ പരിധിയില്ലാതെ സേവനങ്ങൾ ലഭിക്കും.

ആപ്പിൾ ഐ ക്ലൗഡ്

ഐ ഫോൺ ഉപഭോക്താക്കൾക്ക്  75 രൂപയ്ക്ക് 50 ജി.ബി.യും 219 രൂപയ്ക്ക് 200 ജി.ബി.യും ലഭിക്കും. 2 ടി.ബി.ക്ക് 749 രൂപയാണ്.

ആമസോൺ ഫോട്ടോസ്

പ്രൈം അംഗത്വമുള്ളവർക്ക്  ആമസോൺ ഫോട്ടോസ്  ഫ്രീയാണ്. അല്ലാത്തവർക്ക് 100 ജി.ബി.ക്ക്‌ 150 രൂപ പ്രതിമാസം നൽകണം.