ചികിത്സാ സഹായധനം സമാഹരിക്കാനായി ബിരിയാണി ചലഞ്ച് ഇപ്പോൾ നാട്ടിൽ ട്രെൻഡായിട്ടുണ്ട്. എന്നാൽ, കണ്ണൂരിലെ  കതിരൂർ  ചുണ്ടങ്ങാപ്പൊയിലിൽ സി.പി.എം. പ്രവർത്തകർ  ബിരിയാണി ചലഞ്ച് നടത്തിയത് ബോംബുനിർമാണത്തിനിടെ പരിക്കേറ്റവരെ സഹായിക്കാനായിരുന്നു. പോസ്റ്ററൊട്ടിച്ച് പ്രചാരണമൊന്നും നടത്തിയില്ലെങ്കിലും പാർട്ടിപ്രവർത്തകരുടെ വീട്ടിലെല്ലാം നാലും അഞ്ചും പൊതി ബിരിയാണിയെത്തിച്ച് പണം സമാഹരിച്ചു. കണ്ണിനു പരിക്കേറ്റവർക്ക് കോയമ്പത്തൂരിൽവരെ കൊണ്ടുപോയി വിദഗ്ധചികിത്സയും നൽകി.

കഴിഞ്ഞ സെപ്റ്റംബറിലാണ് കതിരൂരിന്റെ സമീപപ്രദേശമായ പൊന്ന്യത്ത് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്‌.  ഒരാളുടെ രണ്ടു കൈകളും അറ്റുപോയിരുന്നു.  കൊലപാതകക്കേസിൽപ്പെട്ട് ജയിലിലായാലും കൊല്ലപ്പെട്ടാലുമൊക്കെ അവരുടെ കുടുംബത്തെ പാർട്ടിയേറ്റെടുക്കുന്നതാണ് കണ്ണൂരിലെ രീതി. അവരുടെ വീട്ടിൽനടക്കുന്ന വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം നേതാക്കളുൾപ്പെടെയുള്ളവർ പങ്കെടുക്കും. സാമ്പത്തികമായി സഹായിക്കാനും പാർട്ടി ഘടകങ്ങൾക്ക് നിർദേശം ലഭിക്കാറുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്വമാണ് അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കൽ.

പാർട്ടി ഇടപെട്ടിട്ടും പരിഹരിക്കാനാകാതെ

സി.പി.എം. എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ആശയങ്ങളും ആദർശവും അറിയാതെ ചില നേതാക്കളിൽ മാത്രം ആകൃഷ്ടരായി, അവരുടെ തണൽതേടി മാത്രം കൂടെച്ചേർന്നവരാണ് ഗുണ്ടകൾ. നേതാവ് പറഞ്ഞാൽ അനുസരണയുള്ള അണി എന്നനിലയിൽനിന്ന് ചിലർ കൂട്ടംതെറ്റിപ്പോകും.  ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ ചിലർ ചേരിതിരിഞ്ഞ് പരസ്പരം അടിച്ചതും അതിൽ ഇടപെട്ട് നേതാവ് നാണംകെട്ടതും ഏതാനും വർഷംമുമ്പാണ്. കൂട്ടത്തിലൊരാൾ ജയിലിൽനിന്നിറങ്ങിയപ്പോൾ സൂക്ഷിക്കാൻ മറ്റൊരാൾ മുഖേന 12 ലക്ഷം നൽകി. ഈ തുക പറഞ്ഞതുപോലെ വിനിയോഗിക്കാതെ കക്ഷി ധൂർത്തടിച്ച് തീർത്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുകിട്ടാതെവന്നതോടെ അയാളെ കുരുക്കാൻ ജയിലിൽനിന്ന് കൂട്ടുപ്രതിതന്നെ ക്വട്ടേഷൻ നൽകി. ഇത് തടയാനും നേതാവ് ശ്രമിച്ചു. ഫലമുണ്ടായില്ല. നെടുമ്പ്രത്തെ ഒരു വീട്ടിലേക്ക് മറ്റൊരു ആവശ്യത്തിന്റെപേരിൽ ഇയാളെ വരുത്തി. ഈ ക്വട്ടേഷൻ ലഭിച്ചവർ ജയിലിൽനിന്നിറങ്ങിയ പ്രതിയെ മർദിക്കുകയും കാലൊടിക്കുകയും ചെയ്തു.

(ക്വട്ടേഷനിലെ കൊടിയടയാളങ്ങള്‍ എന്ന പരമ്പരയുടെ നാലാം ഭാഗത്ത് നിന്നും)

പരമ്പര പൂര്‍ണ രൂപത്തില്‍ വായിക്കാന്‍

 ക്വട്ടേഷനിലെ കൊടിയടയാളങ്ങള്‍: പ്രതികൾക്കായി ബിരിയാണി ചലഞ്ച്, ഗുണ്ടയിൽനിന്ന് ദേശീയനേതാവിലേക്ക്