കുറച്ചുദിവസങ്ങൾക്കുമുമ്പാണ് യു.എ.ഇ.യും ഇസ്രയേലുമായി ഒരു ചരിത്രപ്രധാനമായ കരാർ രൂപവത്‌കരിച്ചത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനുശേഷം ഇന്ത്യ-യു.എ.ഇ. ബന്ധം ശക്തമാകുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ധാരാളം നിക്ഷേപം നടത്താനും അവരുടെ എണ്ണ ഇന്ത്യയിൽ സൂക്ഷിക്കാനും യു.എ.ഇ. തീരുമാനിച്ചു. ഇന്ത്യ-ഇസ്രയേൽ ബന്ധങ്ങളും ശക്തമായി വളരുകയാണ്. ഈ സാഹചര്യത്തിൽ പുതിയ യു.എ.ഇ.-ഇസ്രയേൽ കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പാകിസ്താനെ പുറത്താക്കിക്കൊണ്ടാണ് യു.എ.ഇ., ഇന്ത്യയുമായി ഭീകരവാദത്തിനെതിരായി സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചത്. കള്ളക്കടത്തും കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റവും എല്ലാം തെറ്റാണെങ്കിലും ഇക്കാരണംകൊണ്ട് യു.എ.ഇ.യുമായുള്ള ബന്ധം തകർക്കാൻ ഇന്ത്യൻസർക്കാർ അനുവദിക്കുകയില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ അവസാനിപ്പിച്ച് ഇവിടെയുള്ള കുറ്റവാളികളെ ശിക്ഷിക്കുകയാണ് കേരളം ചെയ്യേണ്ടത്.
സംസ്ഥാനങ്ങൾ വിദേശനയത്തിൽ ഇടപെടുമ്പോൾ
വിദേശനയത്തിന്റെ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കും ഒരു പങ്കുണ്ടായിരിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് മോദിയായിരുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് അവയുടെ അതിർത്തിക്കടുത്തുള്ള വിദേശരാജ്യങ്ങളിൽ പ്രത്യേക സ്വാധീനമോ, താത്‌പര്യമോ ഉണ്ടെങ്കിൽ ആ സംസ്ഥാനങ്ങൾ യൂണിയൻ സർക്കാരിന് നയപരമായ ഉപദേശം നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. അതിനായി വിദേശകാര്യമന്ത്രാലയത്തിൽ ഒരു പ്രത്യേകവിഭാഗം തുറക്കുകയുമുണ്ടായി. എന്നാൽ, അതിനാവശ്യമായ വൈദഗ്ധ്യം സംസ്ഥാനങ്ങളിൽ സൃഷ്ടിക്കാത്തതുകൊണ്ട് പ്രശ്നങ്ങളുണ്ടായി.വിദേശനയത്തിന്റെ ചരിത്രംപരിശോധിച്ചാൽ ചില സംസ്ഥാനങ്ങൾ വിദേശകാര്യങ്ങളിൽ ഇടപെട്ട അനുഭവങ്ങൾ അത്ര സുഖകരമായിരുന്നില്ല. ശ്രീലങ്കൻപ്രശ്നം കൂടുതൽ സങ്കീർണമാക്കിയത് തമിഴ്‌നാട് രാഷ്ട്രീയമാണെന്നതിന് സംശയമില്ല.ബംഗ്ലാദേശുമായി ഒപ്പിടാനിരുന്ന ടീസ്റ്റാ നദീകരാർ തകർത്തത് ബംഗാൾ സർക്കാരായിരുന്നു. ഭാഗ്യവശാൽ പാകിസ്താന്റെയും ചൈനയുടെ കാര്യത്തിൽ അതിർത്തിസംസ്ഥാനങ്ങളുടെ ഇടപെടൽ അനുവദിച്ചിരുന്നില്ല.
കേരളവും യു.എ.ഇ.യുംഇതിലെല്ലാം വ്യത്യസ്തമായി കേരളസർക്കാർ യു.എ.ഇ.യുമായുള്ള ബന്ധം പലതരത്തിൽ ശക്തിപ്പെടുത്തി. അവിടെ സ്വാധീനമുള്ള മലയാളികളെ ഉപയോഗിച്ച് കേരള മുഖ്യമന്ത്രിമാർ പലകാര്യങ്ങളും സാധിച്ചിരുന്നു. വ്യാപാരത്തിലും നിക്ഷേപത്തിലും പാർട്ടിവ്യത്യാസമില്ലാതെ കേരള സർക്കാരുകൾക്ക് നേട്ടങ്ങളുണ്ടായി. ഇതിൽ ഏറ്റവും നാടകീയമായ വിജയം ഷാർജാ ഭരണാധികാരി കേരളം സന്ദർശിച്ചപ്പോൾ 149 ഇന്ത്യക്കാരെ മോചിപ്പിക്കാൻ പിണറായി വിജയനുമായി കരാറുണ്ടാക്കിയതായിരുന്നു. ഇതിൽ കേരളീയരല്ലാത്ത ഇന്ത്യക്കാരും ഉണ്ടായിരുന്നു. കേരളം ഈ തീരുമാനം ആഘോഷിച്ചപ്പോൾ ഡൽഹിയിൽ ഇതിനെപ്പറ്റി ചില ആശങ്കകൾ ഉണ്ടായി.
കേരള-യു.എ.ഇ. ബന്ധം വളരെ ശക്തമായ സമയത്താണ് 2018-ലെ വെള്ളപ്പൊക്കം ഉണ്ടായത്. നൂറുവർഷത്തിനുശേഷം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയ വെള്ളപ്പൊക്കമായിരുന്നു അത്. കേന്ദ്രം ഇടക്കാലാശ്വാസമായി 500 കോടി രൂപ പ്രഖ്യാപിച്ച ദിവസം യു.എ.ഇ. കേരളത്തിന് 700 കോടി രൂപ തരാൻ സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യ ദുരന്തസമയത്ത് വിദേശസഹായം സ്വീകരിക്കുകയില്ല എന്നും ഏതെങ്കിലും രാജ്യം സഹായം വാഗ്ദാനം ചെയ്താൽ കേന്ദ്രം തീരുമാനമെടുക്കുമെന്നും ഡൽഹിയിൽനിന്ന് അറിയിച്ചു. ഇത് യു.എ.ഇ.യെ അമ്പരപ്പിക്കുകയും അങ്ങനെ ഒരു വാഗ്ദാനം നൽകിയിട്ടില്ലെന്ന് ആ രാജ്യത്തിന്റെ എംബസി പ്രഖ്യാപിക്കുകയും ചെയ്തതോടെ കേരളത്തിന് സഹായം കിട്ടാതായി. അത് കേരളസർക്കാരും കേന്ദ്രവുമായി വാഗ്വാദത്തിനും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമായി. എന്നാലും അവിടത്തെ ഇന്ത്യക്കാരോട് സഹായം ചോദിക്കാനായി മുഖ്യമന്ത്രിക്ക് യു.എ.ഇ. സന്ദർശിക്കാൻ അനുവാദം നൽകുകയും മുഖ്യമന്ത്രി കുറെ പണം സംഭരിക്കുകയുംചെയ്തു.
ഔചിത്യമില്ലാത്ത ഇടപെടലുകൾ
ഈ വർഷം ജൂലായ് 5-ാം തീയതി 30 കിലോഗ്രാം സ്വർണം യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗിൽ കടത്താനുള്ള ശ്രമമുണ്ടായി. സ്വർണം പിടിച്ചെടുത്തപ്പോൾ യു.എ.ഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ എയർപോർട്ടിലെത്തി ബാഗ് ഡിപ്ലോമാറ്റിക് ആണെന്നും അത് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. കസ്റ്റംസ് അന്വേഷണം തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു വനിതയും കൂട്ടുകാരും പിടിയിലായി. അതിനുശേഷം കേരളസർക്കാരുമായ ബന്ധപ്പെട്ട ചിലരും കോൺസുലേറ്റുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ വാർത്തകൾ വന്നു. അവരെ സഹായിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു എന്ന സംശയവും ശക്തമായി. തുടർന്ന് പുറത്തുവന്ന വാർത്തകളെല്ലാം യു.എ.ഇ.യെ കുറ്റപ്പെടുത്തുന്നവയായിരുന്നു. കോൺസുലേറ്റ് കുറ്റം ചെയ്തുവെന്നും നയതന്ത്രസംരക്ഷണത്തിന്റെ പേരിൽ രക്ഷപ്പെടുകയാണുണ്ടായതെന്നും എല്ലാവരും വിശ്വസിക്കുന്നു. അതിനിടയിൽ കോൺസുലേറ്റ് ഒരു മന്ത്രിയെ സ്വാധീനിച്ച് പ്രോട്ടോകോളിനെതിരായി സഹായധനവും വിശുദ്ധഗ്രന്ഥവും ചില കേന്ദ്രങ്ങളിൽ വിതരണംചെയ്തുവെന്നും തെളിവുകളുണ്ടായി.
വെള്ളപ്പൊക്കത്തിനുശേഷം കൊടുക്കാൻ സാധിക്കാത്ത സഹായധനം ചട്ടങ്ങൾ ലംഘിച്ചും കമ്മിഷൻ കൊടുത്തും കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ ലംഘിച്ചും നടത്തിയെന്നതാണ് കോൺസുലേറ്റിനെതിരായുള്ള ഏറ്റവും പുതിയ ആരോപണം. യു.എ.ഇ.യിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധസംഘടനയും കേരള സർക്കാരുമായി ഒരു കരാറുണ്ടാക്കിയതായും അതിനുശേഷം കോൺസുലേറ്റ് ഒരു പ്രൈവറ്റ് കമ്പനിയുമായി ചേർന്ന് വീടുകൾ പണിയാൻ തുടങ്ങി എന്നും തെളിവുകൾ പുറത്തുവന്നു. ഇതെല്ലാം നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശമന്ത്രാലയത്തിന് വ്യക്തമാക്കേണ്ടിവന്നു. പ്രതിപക്ഷ പാർട്ടികൾ ഇവയൊക്കെ മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കാനാണ് ഉയർത്തുന്നതെങ്കിലും അതോടൊപ്പം തന്നെ യു.എ.ഇ.യെയും പ്രതിക്കൂട്ടിൽ നിർത്തുന്നു എന്നു ശ്രദ്ധിക്കുന്നില്ല. സ്വർണക്കടത്തിൽ നിന്നുണ്ടാക്കിയ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു എന്നുവന്നാൽ യു.എ.ഇ.-ഇന്ത്യ ബന്ധം വഷളാക്കാനുള്ള സാധ്യതയുണ്ട്. അതറിയാതെയാണ് യു.എ.ഇ.യെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.
കേന്ദ്രത്തിന്റെ ആശങ്കകൾ
പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇന്ത്യക്ക് സഹായകരമായി വരുമെന്ന പ്രതീക്ഷയാണുള്ളത്. യു.എ.ഇ.യും ഇസ്രയേലും സൗദി അറേബ്യയുമെല്ലാം ഒന്നിച്ചു പ്രവർത്തിക്കുകയും ഇന്ത്യയുമായി സൗഹൃദം പുലർത്തുകയും ചെയ്താൽ ചൈനയും ഇറാനും തമ്മിലുള്ള ചങ്ങാത്തത്തെയും പാകിസ്താൻ-ചൈന അച്ചുതണ്ടിനെയും ചെറുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. അതിനാൽ കേരളത്തിലെ കേസുകൾ യു.എ.ഇ.യുടെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്. ശ്രദ്ധ തിരിക്കേണ്ടത് ഇന്ത്യൻ പൗരന്മാരുടെ പങ്കിനെപ്പറ്റി ആയിരിക്കണം എന്നും കോൺസുലേറ്റിന്റെ കുറ്റങ്ങൾ ഗുരുതരമായി കണക്കാക്കേണ്ടതില്ലെന്നുമാണ് വിദേശമന്ത്രാലയത്തിന്റെ അഭിപ്രായം. അതിനാലാണ് നിയമപ്രകാരം കാര്യങ്ങൾ ചെയ്യാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് വിദേശമന്ത്രാലയം പ്രസ്താവിച്ചത്.
കേരളരാഷ്ട്രീയം ഇന്ത്യയുടെ വിദേശനയത്തിന് തടസ്സങ്ങൾ ഉണ്ടാക്കിക്കൂടാ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു നമ്മുടെ നേതാക്കൾ
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ)
Content Highlights: Gold smuggling case, India-UAE Bilateral Relations