കേരളം വീണ്ടും ഏറക്കുറെ ഒരു പ്രളയാനുഭവത്തിലൂടെ കടന്നുപോയിരിക്കുന്നു. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി ജീവനാശം, സ്വത്തുനഷ്ടം, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച തുടങ്ങിയവയുമുണ്ടായി. മഴ കേരളത്തിന്‌ പുതുമയല്ലെങ്കിലും 2018-ലെ പ്രളയം സംസ്ഥാനത്തിന്റെ മനസ്സിലേൽപ്പിച്ചത് മായാത്ത മുറിപ്പാടാണ്. ‘നൂറ്റാണ്ടിലൊരിക്കൽമാത്രം സംഭവിക്കുന്നത്’ എന്നാണ് അന്ന് അതിനെപ്പറ്റി പലരും പറഞ്ഞത്. അങ്ങനെയെങ്കിൽ തൊട്ടടുത്ത കൊല്ലവും സമാനാനുഭവം ഉണ്ടായതെന്തേ? 

ആഗോളതാപനം കാലാവസ്ഥയെ അപ്രവചനീയമാക്കുകയും ‘നൂറ്റാണ്ടിലൊരിക്കൽ’ സംഭവിക്കേണ്ട പ്രതിഭാസങ്ങളെ അടിക്കടിയാക്കുകയും ചെയ്തിരിക്കുന്നു. രണ്ടോ അതിലധികമോ കൊല്ലങ്ങൾ തുടർച്ചയായി പ്രളയമുണ്ടാവാം; അടുത്ത പത്തോ അതല്ലെങ്കിൽ അമ്പതോ കൊല്ലത്തേക്ക് ഉണ്ടായില്ലെന്നുംവരാം. പക്ഷേ, ആഗോളതാപനം ഇമ്മട്ടിൽ തുടരുമ്പോൾ കനത്തമഴയും അനുബന്ധദുരന്തങ്ങളും നാം അടിക്കടി പ്രതീക്ഷിക്കേണ്ടിവരും.

 മനുഷ്യപ്രവൃത്തികളുടെ അനന്തരഫലം
ആഗോളതാപനം ഒരു പ്രാദേശിക പ്രതിഭാസംകൂടിയാണ്. ആഗോളതലത്തിലെ ശരാശരി താപനില വർധിക്കുമ്പോൾ, ചില പ്രദേശങ്ങളിൽ ചൂട് കൂടുതൽ വേഗം വർധിക്കുന്നു; ഉദാഹരണത്തിന് ഇന്ത്യാ മഹാസമുദ്ര-അറബിക്കടൽ മേഖലകൾ. ഇത്തരം പ്രാദേശിക താപനങ്ങൾക്ക് പ്രാദേശികമായ അനന്തരഫലങ്ങളാണുണ്ടാവുക. ആഗോളതാപനം മുഖ്യമായും ഹരിതഗൃഹവാതക നിർഗമനത്തിന്റെ ഫലമാണ്. വനനശീകരണവും നഗരവത്കരണവുംപോലുള്ള മനുഷ്യപ്രവൃത്തികൾ ഇതിന്റെ ആഘാതം വർധിപ്പിക്കുന്നു. 

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും സമ്പന്നമായ ജൈവവൈവിധ്യവും കേരളത്തിന്റെ സൗഭാഗ്യങ്ങളാണ്. പ്രളയദുരന്തമുണ്ടാവുമ്പോൾ, ജൈവവൈവിധ്യത്തെ തകർക്കുന്നതിന്റെ അപായങ്ങൾ ചൂണ്ടിക്കാട്ടിയ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചകളിൽ ഉയർന്നുവരുന്നത് സ്വാഭാവികം. പക്ഷേ, ആഗോളതാപനത്തിന്റെ പ്രാദേശിക അനന്തരഫലങ്ങൾ നമ്മുടെ നിയന്ത്രണത്തിൽനിൽക്കുന്നതല്ല. ഉദാഹരണത്തിന്, അറബിക്കടൽമേഖലയിൽ ചൂട് ആഗോള ശരാശരിയെക്കാൾ 40 ശതമാനത്തോളം വേഗത്തിൽ വർധിക്കുമ്പോൾ ഇന്ത്യയിലേക്ക് കൂടുതൽ ഈർപ്പം ഇരച്ചുകയറുന്നു.

കാലവർഷത്തിന്റെ ഗതി
മാർച്ചിൽ മഡഗാസ്‌കർ തീരത്തുനിന്നു പുറപ്പെടുന്ന കാറ്റ് വടക്കുകിഴക്കുദിശയിൽ വീശി ഭൂമധ്യരേഖ കടന്ന് ഇന്ത്യയിലെത്തുമ്പോൾ തെക്കുപടിഞ്ഞാറൻ കാലവർഷം പിറവികൊള്ളുന്നു. 200 ലക്ഷം കോടി ബക്കറ്റിൽ കൊള്ളുന്നത്ര വെള്ളമാണ് വർഷകാലത്ത് ഇന്ത്യയിൽ മഴയായി പെയ്യുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം വടക്കുകിഴക്കുദിശയിൽ മുംബൈ ഭാഗത്തേക്കും കിഴക്കോട്ട് കേരളത്തിലേക്കും ബംഗാൾ ഉൾക്കടലിലേക്കുമൊക്കെ നീങ്ങുകയുംചെയ്യും.  

ചില കൊല്ലങ്ങളിൽ കാലവർഷം കേരളത്തിൽ കനത്തമഴയ്ക്കു നിമിത്തമാവുമ്പോൾ, പശ്ചിമഘട്ടത്തിന്റെ വടക്കൻ മേഖലയിലും മുംബൈയിലും മഴ കുറവായിരിക്കും. മറ്റു ചില വർഷങ്ങളിൽ നേരെ തിരിച്ചാവും സ്ഥിതി. 2018-ൽ കേരളം മഹാപ്രളയത്തിലകപ്പെട്ടപ്പോൾ മുംബൈയിൽ മഴ കമ്മിയായിരുന്നു. ഇക്കൊല്ലമാവട്ടെ, മുംബൈയിൽ മഴ തകർത്തുപെയ്തസമയത്ത് കേരളം മഴയ്ക്കു കാത്തുനിൽപ്പായിരുന്നു. കാലവർഷം പിന്നീട് കിഴക്കോട്ട് നീങ്ങുകയും ഓഗസ്റ്റായപ്പോഴേക്ക് കേരളത്തിൽ വെള്ളപ്പൊക്കങ്ങളുണ്ടാവുകയുംചെയ്തു. ആഗോളതാപനംമൂലം കാലവർഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇത്തരം തീവ്രസാഹചര്യങ്ങൾക്കിടയാക്കുന്നത്.

താപനത്തിന്റെ ഫലമായി അന്തരീക്ഷം വെള്ളം വലിച്ചെടുക്കുന്ന സ്‌പോഞ്ചുപോലെ പ്രവർത്തിക്കുന്നു. ഈ കുതിർന്ന സ്‌പോഞ്ച് ആരോ പിഴിഞ്ഞ് ഒന്നോ രണ്ടോ ഇടങ്ങളിൽമാത്രം മഴപെയ്യിക്കുന്നതുപോലുള്ള പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്; എല്ലായിടത്തും ഒരുപോലെ മഴ കിട്ടുന്നില്ല എന്നർഥം. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഗതിയിൽ വിലങ്ങനെ നിലയുറപ്പിക്കുന്നതിനാൽ പശ്ചിമഘട്ടം വായുവിനെ ഉയർത്തിവിടുന്നു. ഇങ്ങനെ ഉയരുന്ന വായു വികസിക്കുകയും തണുക്കുകയുംചെയ്യുന്നു. ‘സ്‌പോഞ്ച്’ ആരോ അമർത്തിപ്പിഴിയുന്നതുപോലെ മഴ ചില പ്രദേശങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്യുന്നത് ഇതുകൊണ്ടാണ്.

തീവ്രമഴയും തീവ്രവരൾച്ചയും ഉണ്ടാവും
അപ്പോൾ നമുക്ക് ഇനിയെപ്പോഴും മഴ കിട്ടുമെന്നും അത് അതിശക്തമായി പെയ്യുന്നതിനെക്കുറിച്ചുമാത്രമോർത്ത് ജാഗ്രതപ്പെട്ടാൽമതിയെന്നും കരുതിയെങ്കിൽ തെറ്റി. തീവ്രമഴ മാത്രമല്ല, തീവ്രവരൾച്ചയും ഉണ്ടായിക്കൊണ്ടിരിക്കും. ചിലയിടങ്ങളിൽ കിട്ടേണ്ട മഴ കിട്ടാതിരിക്കുമ്പോഴാണ് മറ്റു ചിലേടങ്ങളിൽ അളവറ്റ മഴപെയ്യുന്നത്. ഇക്കൊല്ലം ഇതുവരെ പെയ്ത മഴയുടെ കണക്ക് പരിശോധിക്കുമ്പോൾ, പടിഞ്ഞാറൻ തീരത്ത് അധികമഴ പെയ്യുകയും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും ആവശ്യത്തിന് മഴ കിട്ടാതെവരുകയുംചെയ്തതായി കാണാനാവും. കേരളത്തിൽത്തന്നെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും മറ്റു ചിലേടങ്ങളിൽ മഴക്കമ്മിയാണ് അനുഭവപ്പെട്ടത്. നാടിന്റെ പർവതപ്രൗഢിക്ക് കേരളം നൽകേണ്ടിവരുന്ന വിലയാണിത്; അറബിക്കടലിന്റെ ഭാഗത്തുനിന്നുവരുന്ന കാലവർഷത്തിനു കുറുകെ പശ്ചിമഘട്ടം തലയുയർത്തിനിൽക്കുന്നതുകൊണ്ടു സംഭവിക്കുന്നത്. അന്തരീക്ഷമലിനീകരണവും വനനശീകരണവും ചുരുക്കി, ഭൂവിനിയോഗം കുറ്റമറ്റതാക്കി ആഗോളതാപനത്തെ നേരിടാനും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനും കഴിയുംവിധമുള്ള നഗരാസൂത്രണവും അടിസ്ഥാനസൗകര്യവികസനവും നടത്താനും കേരളത്തിനു സാധിക്കണം. അപ്രവചനീയമായ കാലവർഷത്തെക്കരുതി കാർഷിക, ജലവിനിയോഗരീതികൾ പുനരാവിഷ്‌കരിക്കാനും ശ്രമിക്കണം. 

ഹ്രസ്വ (ഒന്നുമുതൽ മൂന്നുദിവസംവരെ), ഇടക്കാല (മൂന്നുമുതൽ പത്തു ദിവസംവരെ), ദീർഘ
(രണ്ടുമുതൽ നാല് ആഴ്ചവരെ) വേളകളിലേക്കുള്ളതും അതുകൂടാതെ, കാലങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാലാവസ്ഥാപ്രവചനങ്ങൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട് എന്നതാണ് സന്തോഷകരമായ കാര്യം. ഇത്തരം പ്രവചനങ്ങൾക്ക് അർഹമായ ശ്രദ്ധകൊടുക്കാനും അതനുസരിച്ച് നടപടികൾ കൈക്കൊള്ളാനുമുള്ള പരിശീലനം ഭരണനിർവഹണരംഗത്തുള്ളവർക്കും പൊതുജനങ്ങൾക്കും നൽകുകകൂടിവേണം. 
വർഷകാലത്ത് രാജ്യത്താകെ പെയ്യുന്ന മഴയുടെ തോത് വർധിക്കുന്നതായി ശാസ്ത്രീയസൂചനകളുണ്ട്. എന്നാൽ, മഴലഭ്യതയിലെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതാവുമെന്ന ഒരു സൂചനയുമില്ലതാനും. ആഗോളതാപനം ഒരു പ്രാദേശിക പ്രതിഭാസം കൂടിയാണ്‌ എന്നതാണു കാരണം. ആഗോളതാപനത്തെ നേരിടാനുള്ള എല്ലാ പരിശ്രമങ്ങളും പ്രാദേശിക, മേഖലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ ഏകോപിപ്പിക്കേണ്ടതുണ്ട്. സമീപകാലത്തു നാം അനുഭവിച്ച പ്രളയങ്ങൾ നൽകുന്ന പാഠവും അതുതന്നെയാണ്. 

(അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽ  അറ്റ്‌മോസ്‌ഫിറിക് ആൻഡ് ഓഷ്യാനിക് സയൻസസ് വകുപ്പിൽ പ്രൊഫസറാണ് ലേഖകൻ)