സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചനിരക്ക്‌ 5.7 ശതമാനത്തിൽനിന്ന്‌ 6.3 ശതമാനമായി വർധിച്ചു എന്നത്‌ വളരെയേറെ പ്രതീക്ഷനൽകുന്നതാണ്‌. ഈ വളർച്ചനിരക്ക്‌ പക്ഷേ, എത്രമാത്രം വിശ്വാസമർപ്പിക്കാവുന്നതാണ്‌? വളർച്ചയുടെ സ്വഭാവവും സ്രോതസ്സുകളും പരിഗണിക്കുമ്പോൾ അമിതപ്രതീക്ഷവേണ്ട എന്നു കാണാൻ വിഷമമില്ല. അതുകൊണ്ടുതന്നെ ഈ വളർച്ചയെ മുന്നോട്ടുകൊണ്ടുപോകത്തക്കവിധം നയങ്ങളിലും പരിപാടികളിലും സർക്കാരിന്റെ ഇടപെടൽ തുടരുകതന്നെവേണം.

വളർച്ചനിരക്കിൽ ദോഷൈകദൃക്കാവുന്നതിന്‌ ഒരു പ്രധാനകാരണം വ്യാവസായിക മേഖലയുടെ മോശം പ്രകടനമാണ്‌. വ്യാവസായികോത്‌പാദന സൂചിക ഈ പാദത്തിൽ 2.2 ശതമാനം മാത്രമേ വളർച്ചകാണിച്ചിട്ടുള്ളൂ. ദേശീയവരുമാന വളർച്ചയിൽ പക്ഷേ, കഴിഞ്ഞ പാദത്തിലെ 1.2 ശതമാനം വളർച്ചനിരക്കിൽനിന്ന്‌ വ്യവസായമേഖല ഏഴു ശതമാനത്തിലേക്ക്‌ ഉയർന്നു എന്നാണ്‌ സൂചിപ്പിക്കുന്നത്‌. ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേട്‌ താത്‌കാലം അവഗണിക്കാം. പക്ഷേ, കയറ്റുമതി വളർച്ചയും അറച്ചുനിൽക്കുകയാണെന്ന്‌ ഓർക്കണം. അപ്പോൾ ഒരുകാര്യം വ്യക്തമാണ്‌. വ്യവസായമേഖലയിലെ ചില മേഖലകളുടെ പ്രകടനമാണ്‌ ഇപ്പോൾ കാണുന്ന വളർച്ചയുടെ ചാലകശക്തി. ഇത്‌ സുസ്ഥിരമാകണമെങ്കിൽ കയറ്റുമതി വർധിക്കുകതന്നെവേണം. ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്‌ തൊഴിലും വരുമാനവും സൃഷ്ടിക്കുന്നത്‌. ചരക്ക്‌-സേവന നികുതി സൃഷ്ടിച്ച പ്രശ്നങ്ങളിൽനിന്ന്‌ ചെറുകിട-ഇടത്തരം മേഖലകൾ ഇനിയും കരകയറിയിട്ടില്ല. 

നവംബർ 11-ലെ ജി.എസ്‌.ടി. കൗൺസിൽ യോഗം കുറേ തിരുത്തൽനടപടികൾ എടുത്തിട്ടുണ്ട്‌. ഈ മേഖലയിലെ സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിച്ച്‌ വേണ്ട മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ട്‌.
ബിസിനസ്‌ ചെയ്യാനുള്ള എളുപ്പത്തിന്റെ സൂചികയിൽ ഉണ്ടായിട്ടുള്ള കുതിപ്പ്‌ (130-ൽനിന്ന്‌ 100-ാം സ്ഥാനത്തേക്ക്‌) വരുംമാസങ്ങളിൽ വ്യവസായ മുതൽമുടക്കിൽ പ്രതിഫലിക്കുമോ എന്നതാണ്‌ കണ്ടറിയേണ്ടത്‌. ഈ സൂചികയിലും മൂഡീസ്‌ റേറ്റിങ്ങിലും ഉണ്ടായിട്ടുള്ള വർധന പ്രതീക്ഷനൽകുന്നതാണ്‌. നിലവിൽ സ്വകാര്യ വ്യവസായ മുതൽമുടക്ക്‌ ഒച്ചിഴയുന്ന വേഗത്തിലാണ്‌. നമ്മുടെ ഗ്രാമീണമേഖലയിലെ ചോദനത്തിൽ കാര്യമായ വർധനയുണ്ടായാലേ വ്യവസായമേഖലയുടെ ആത്മവിശ്വാസം വർധിക്കുകയുള്ളൂ. നിർഭാഗ്യവശാൽ കാർഷികമേഖലയിലെ പൊതുമുതൽമുടക്ക്‌ വർധിക്കുന്നില്ല. കാർഷികമേഖലയിലെ മരവിപ്പ്‌ തുടരുകയാണെങ്കിൽ അത്‌ ഭക്ഷ്യോത്‌പന്നങ്ങളുടെ ക്ഷാമത്തിലേക്കും പണപ്പെരുപ്പത്തിലേക്കും നയിച്ചുകൂടായ്‌കയില്ല.

വളർച്ചയെ സുസ്ഥിരമാക്കത്തക്കവിധമുള്ള ഇടപെടലുകൾക്ക്‌ കേന്ദ്രസർക്കാരിന്‌ പരിമിതികളുണ്ടെന്ന കാര്യവും ഓർക്കണം. ധനകമ്മിയെ സംബന്ധിച്ച സാമ്പത്തികവർഷത്തിന്റെ ലക്ഷ്യത്തിൽ 96.1 ശതമാനം ഇപ്പോഴേ എത്തിക്കഴിഞ്ഞു. ഇതിനർഥം ലക്ഷ്യം പുനർനിർണയിക്കേണ്ടിവരും എന്നുതന്നെയാണ്‌. ധനകമ്മിയുടെ സിംഹഭാഗവും നിത്യനിദാനചെലവുകൾക്കായി മാറ്റിവയ്ക്കേണ്ടിവരുമ്പോൾ മൂലധനചെലവുകൾ കുറയാതെതരമില്ല. ധനകമ്മിയെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട്‌ മാറ്റിവെച്ച്‌ പൊതുമുതൽമുടക്ക്‌ വർധിപ്പിക്കുക മാത്രമാണ്‌ ഇവിടെ കരണീയമായിട്ടുള്ളത്‌.

ചുരുക്കത്തിൽ സാമ്പത്തികവളർച്ചയിൽ ദൃശ്യമായിട്ടുള്ള ഉണർവിൽ ഒരുപാട്‌ ഊറ്റംകൊള്ളേണ്ടതില്ല. അതുപോലെതന്നെ ഓഹരിവിപണിയിലെ കുതിപ്പിനെ ഇതുമായി ബന്ധിപ്പിച്ചു കാണേണ്ടതുമില്ല. സാമ്പദ്‌വ്യവസ്ഥയുടെ നില ജനങ്ങളുടെ ദൈനംദിന ജീവിതനിലവാരവുമായി ബന്ധപ്പെടുത്തിയാണ്‌ വിലയിരുത്തേണ്ടത്‌. ഇന്ത്യയിലെ ലക്ഷക്കണക്കായ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളുടെയും കാർഷികമേഖലയുടെയും പ്രകടനമായിരിക്കും ഇപ്പോൾ ദൃശ്യമായിട്ടുള്ള വളർച്ചയെ നിർണായകമായി സ്വാധീനിക്കുക. ഇക്കാര്യത്തിൽ വരുംമാസങ്ങളിൽ കേന്ദ്രസർക്കാർ എടുക്കുന്ന നടപടികൾ കാത്തിരുന്നു കാണുകതന്നെവേണം.

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലെ ഫാക്കൽറ്റിയംഗമാണ്‌ ലേഖകൻ)