രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിയെന്നനിലയിൽ രൂപപ്പെടുത്തി, 2013-ൽ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാനിയമം സെപ്റ്റംബർ 10-ന് ഏഴാംവർഷത്തിലേക്ക് കടക്കുന്നു. 2009-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഭക്ഷ്യസുരക്ഷ.
ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിലെ ശക്തമായ വ്യവസ്ഥകൾമൂലമാണ് കോവിഡ് മഹാമാരിക്കിടയിൽ രാജ്യം പൂട്ടിയിട്ടപ്പോൾ ജനങ്ങളെ പട്ടിണിക്കിടാതെ എല്ലാവിഭാഗം ജനങ്ങൾക്കും മുട്ടില്ലാതെ അന്നം കൊടുക്കാൻ കഴിഞ്ഞത്.
ലോകത്തൊരിടത്തും ഭക്ഷണം നിയമംമൂലം പൗരന്റെ ജന്മാവകാശമായി നിഷ്കർഷിക്കപ്പെട്ടിട്ടില്ല. ഒരു രാജ്യവും ഈ വഴിക്ക് ചിന്തിച്ചിട്ടില്ല. ആരോഗ്യമുള്ള സമൂഹത്തെ വളർത്തിയെടുത്ത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. പോഷകസമൃദ്ധമായ ഭക്ഷണം സർക്കാരുകളുടെ ഔദാര്യം എന്നതിൽനിന്ന് ജനങ്ങളുടെ അവകാശമാക്കി മാറ്റാൻ നിയമത്തിലൂടെ കഴിഞ്ഞു.
പ്രതിവർഷം 312.3 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായും ഒന്നേകാൽലക്ഷം കോടി രൂപയുടേത് സബ്‌സിഡിയുമാണ് അന്ന് കണക്കാക്കിയിരുന്നത് . വർഷങ്ങൾ പിന്നിട്ടതോടെ ഇതിൽ മാറ്റംവന്നു. പട്ടിണിരഹിതമായ ജനതയെന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഒരുക്കിയ ഭക്ഷ്യസുരക്ഷാനിയമം ഏറെ സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരുന്നു.
• ബി.പി.എൽ. കാർഡുകളിൽ, ഒരാൾക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങൾ, അരി കിലോഗ്രാമിന് മൂന്നുരൂപ, ഗോതമ്പ് രണ്ടുരൂപ, മറ്റുധാന്യങ്ങൾ ഒരുരൂപ നിരക്കിൽ.
• ഭക്ഷ്യസുരക്ഷാനിയമത്തിൻകീഴിൽ ഗ്രാമപ്രദേശത്തെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങൾ ഉൾപ്പെട്ടു. (ഗ്രാമങ്ങളിൽ 63 കോടി, നഗരങ്ങളിൽ 18 കോടി ജനങ്ങൾ).
• അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യം.
• ഗർഭിണികൾക്ക് പ്രതിമാസം 1000 രൂപവീതം ആറുമാസം സഹായധനം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക ഭക്ഷണം.
• ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടിവഴി പോഷകമൂല്യമുള്ള സൗജന്യഭക്ഷണം.
• മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് ലഘു പ്രഭാതഭക്ഷണവും പോഷകമൂല്യമുള്ള ഉച്ചഭക്ഷണവും.
• ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം.
• കുടുംബത്തിലെ മുതിർന്ന സ്ത്രീ റേഷൻകാർഡിലെ ആദ്യ പേരുകാരി.
• പൊതുവിതരണമേഖലയിൽ സമ്പൂർണ കംപ്യൂട്ടർവത്കരണം.
• ഭക്ഷ്യധാന്യവിതരണത്തിന് കുറ്റമറ്റസംവിധാനം.
2008 ജൂൺ നാലിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീൽ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ജനക്ഷേമപദ്ധതിക്ക് രൂപംനൽകി പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള കഠിനപരിശ്രമത്തിന് എനിക്ക് പ്രേരണയായത്
‘അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ’
എന്ന ശ്രീ നാരായണഗുരു സൂക്തമായിരുന്നു.
Content Highlights: Food Safety Act