മീൻ പിടിച്ചുകൊണ്ടുവരുന്ന തൊഴിലാളിക്ക് അതിന്റെ വില നിശ്ചയിക്കാനുള്ള അവകാശവും മീനിന് ഗുണനിലവാരം ഉറപ്പാക്കുകയുമാണ് ഓർഡിനൻസുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയമത്തിൽ ആശങ്കയെന്നുപറഞ്ഞ് പലരും രംഗത്തുവരുന്നുണ്ട്. അതിന് ഒരു അടിസ്ഥാനവുമില്ല. ലാൻഡിങ് സെന്ററുകളുള്ള സ്ഥലങ്ങളിൽ പ്രാഥമിക സംഘങ്ങൾക്കൊന്നും ഒരു കാര്യവുമില്ലെന്ന് പറയുന്നത് ശരിയല്ല. പ്രാഥമിക സംഘങ്ങളാണ് അവിടെ തൊഴിലാളികളുടെ കാര്യം തീരുമാനിക്കുന്നത്. ഒരു മത്സ്യത്തൊഴിലാളിസംഘത്തെയും നിഷേധിക്കുന്നില്ലെന്നുമാത്രമല്ല അവരെ ശാക്തീകരിക്കുകയാണ് നിയമംവഴി ചെയ്യുന്നത്. തൊഴിലാളിസംഘങ്ങൾക്ക് തീരുമാനമെടുക്കുന്നതിനും തൊഴിലാളിക്ക് അവരുടെ മീനിന്റെ
വില സംഘങ്ങൾവഴി അവരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കാനും കഴിയും. അവരുടെ സ്വന്തമല്ലാത്ത മത്സ്യബന്ധനോപകരണം സ്വന്തമാക്കാനും കഴിയുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.
നിയമം വരുന്ന പ്രാഥമികസംഘങ്ങളെ ഒഴിവാക്കുമെന്ന് പറയുന്നതും അടിസ്ഥാനമില്ല. നാട്ടിൻപുറത്തുള്ള ലാൻഡിങ് സെന്ററുകളിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രാഥമികസംഘങ്ങൾകൂടി ചേരുന്ന അവിടത്തെ സംവിധാനമാണ്. പരമ്പരാഗത തൊഴിലാളികൾക്ക് കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിൽ ഒരാശങ്കയും വേണ്ടാ. അവരുടെ പ്രസ്ഥാനമാണ് ഇക്കാര്യങ്ങൾ കൈകാര്യംചെയ്യുന്നത്. തരകന്മാർക്കല്ല, പ്രധാന പങ്ക് സംഘങ്ങൾക്കാണ്. സംഘം നിശ്ചയിക്കുന്നയാളാണ് ലേലക്കാരൻപോലും. അതിനാൽത്തന്നെ സംഘത്തിനാണ് പ്രധാന റോൾ. അതിൽ അത്യാവശ്യം ഉദ്യോഗസ്ഥർകൂടി ചേർന്ന് അവരെ സഹായിക്കും.
മാർക്കറ്റിൽ മറ്റൊരു സംവിധാനമാണ്. നിലവിൽ പഞ്ചായത്തുകൾ മാർക്കറ്റുകൾ ലേലം ചെയ്തുകൊടുക്കും. ലേലക്കാരൻ തൊഴിലാളിയിൽനിന്ന് പണം പിരിക്കും. എന്നാൽ, ചന്തകളിലെ ശുചീകരണവും പരിപാലനവും പഞ്ചായത്തുകൾ പലപ്പോഴും ചെയ്യാറില്ല. ഹാർബറുകളിലെപ്പോലെ മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി വന്നാൽ ഈ സ്ഥിതി മാറും. കമ്മിറ്റിയുെട അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡന്റാണ്. അംഗങ്ങൾ അനുബന്ധതൊഴിലാളികളുടെ പ്രതിനിധികളാണ്. അവർക്കാണ് ടോൾ നിശ്ചയിക്കാനുള്ള അവകാശം. അവരുടെ കൈയിലാണ് പണം വരുന്നത്. മാർക്കറ്റ് ശുചീകരിക്കാനും മറ്റും പഞ്ചായത്തിന്റെ പിറകേ നടക്കേണ്ടതില്ല. വരുമാനത്തിൽ എത്രപങ്ക് പഞ്ചായത്തിന് നൽകണമെന്നത് ആ കമ്മിറ്റിക്ക് തീരുമാനിക്കാം.
വ്യത്യസ്തമായ സാഹചര്യങ്ങൾ കൈകാര്യംചെയ്യാനുള്ള അവസരം ഒരുക്കിയാണ് നിയമം പാസാക്കിയിട്ടുള്ളത്. ബോട്ടുടമകൾ, അനുബന്ധ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, അവരുടെ സംഘടനകൾ എന്നിവരുമായെല്ലാം ചർച്ചചെയ്തിരുന്നു. അങ്ങേയറ്റം ജനാധിപത്യപരമായി ചർച്ചചെയ്തെടുത്ത തീരുമാനത്തിൽ വിയോജിപ്പുള്ളത് ഒരുപറ്റം തരകന്മാർ നിയോഗിക്കുന്ന ലേലക്കാർക്ക് മാത്രമാണ്. അവർക്ക് യഥേഷ്ടം പിരിക്കാൻ ഇനി പറ്റില്ല. സെസ് എന്ന സംഭവമേ ഇതിലില്ല. സർക്കാരിലേക്ക് പണം പോകുന്നുവെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.